'എവറസ്റ്റ് കയറാന്‍ ആഗ്രഹം മാത്രം പോരല്ലോ ചേട്ടാ?'; വീട്ടില്‍പ്പോലും പറയാതെയായിരുന്നു അവളുടെ സോളോ ട്രിപ്പ്

പ്രതീകാത്മക ചിത്രം | Screengrab/Youtube/Shaikh Hassan Khan
പ്രതീകാത്മക ചിത്രം | Screengrab/Youtube/Shaikh Hassan Khan

ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികള്‍ കയറിയ ആദ്യ മലയാളിയായ ഷെയ്ഖ് ഹസന്‍ ഖാന്റെ ജീവിതകഥയാണ് 'ഒരു മനുഷ്യന്‍ ഏഴു കൊടുമുടികള്‍'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിലെ ചില ഭാഗങ്ങള്‍ വായിക്കാം. 

വഴികള്‍ ഒറ്റയടിപ്പാതകളാണ്. താഴ്വാരങ്ങളിലും മലഞ്ചരിവുകളിലും ബൂട്ടുകള്‍ അമര്‍ന്നുണ്ടായ വഴികളെ ചിലയിടങ്ങളില്‍ പൊഴിഞ്ഞ ഇലകള്‍ മറച്ചുകളഞ്ഞിട്ടുണ്ട്. അതിനിടയില്‍ എത്രപേരുടെ മോഹങ്ങളും മോഹഭംഗങ്ങളും ഉണ്ടാകും?

വഴിയുടെ വീതിയെ തള്ളിമാറ്റിക്കൊണ്ട് ഞങ്ങളുടെ സംഘം ട്വങ്ബോച്ചെ ലക്ഷ്യമാക്കി നീങ്ങി. ഒരു മലഞ്ചരിവ് കയറുന്നതിനിടെ ഞങ്ങളുടെ സംഘത്തിനു വഴിയൊരുക്കാന്‍ ഒരു പെണ്‍കുട്ടി ഓരത്തേക്ക് ഓടിമാറുന്നതു കണ്ടു. ഞങ്ങളുടെ ചവിട്ടിപ്പറിച്ചുള്ള വരവു കണ്ട് മാറിനിന്നതാകും. അവള്‍ നന്നേ ക്ഷീണിതയാണ്. ഈ നാട്ടുകാരിയല്ല. പര്‍വ്വതാരോഹകയുമല്ലെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലായി. പൊടുന്നനേയായിരുന്നു അവളുടെ ചോദ്യം:
''ആര്‍ യു ആന്‍ ഇന്ത്യന്‍?''
''അതെ,'' മലയാളത്തിലായിരുന്നു എന്റെ മറുപടി.
''നിങ്ങള്‍ മലയാളിയാണോ?''

അപ്പോഴേക്കും എന്റെ സംഘത്തിന്റെ ബൂട്ടടിശബ്ദം അകന്നുപോയിരുന്നു. ലോകത്തിന്റെ ഏതു കോണില്‍വെച്ചും മലയാളിയെ കണ്ടാല്‍ കൂടെയുള്ളവരെ മറന്നുപോകുന്നതു സ്വാഭാവികം. ഒരു സുഹൃത്തിനെ കിട്ടിയെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. പരിചയപ്പെട്ടു. മലപ്പുറം താനൂര്‍ സ്വദേശിയാണ് വിനീത. എവറസ്റ്റ് ബേസ് ക്യാമ്പ് കയറാനുള്ള പോക്കാണ്.

കാഠ്മണ്ഡുവില്‍നിന്ന് പരമ്പരാഗത വഴിയിലൂടെയാണ് വിനീതയുടെ സഞ്ചാരം. അതും ഒറ്റയ്ക്ക്. കാഠ്മണ്ഡുവില്‍നിന്ന് ബസ്സില്‍ സല്ലേരി വരെ, പിന്നീട് ജീപ്പില്‍ തംതാണ്ഡാ ഗ്രാമത്തിലെത്തി. അവിടെനിന്ന് കാല്‍നടയായി പരമ്പരാഗത പാതയിലൂടെ ചരിത്രയാത്ര ചെയ്തുവരികയാണ് വിനീത. ആദ്യമായിട്ടായിരിക്കും ഒരു മലയാളി പെണ്‍കുട്ടി ഒറ്റയ്ക്ക് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ഇങ്ങനെയൊരു യാത്ര നടത്തുന്നത്. അവളെക്കുറിച്ച് എനിക്കഭിമാനം തോന്നി. വീട്ടില്‍പ്പോലും പറയാതെയായിരുന്നു അവളുടെ സോളോ ട്രിപ്പ്.

പുസ്തകത്തിന്റെ കവര്‍ പേജ്

വിനീതയെപ്പോലെ ഒരു മലയാളിയെ അവിടെ കണ്ടതില്‍ വലിയ സന്തോഷം തോന്നി. എന്നെപ്പോലെ ഭ്രാന്തുള്ളവര്‍ നാട്ടില്‍ വേറെയും ഉണ്ടല്ലോ! സംസാരത്തിനിടെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. എവറസ്റ്റ് ബേസ് ക്യാമ്പ് ദൗത്യത്തിന് അത്യാവശ്യം വേണ്ടതൊന്നും വിനീതയുടെ കൈവശമില്ല. ഒരു സ്വെറ്റര്‍ ധരിച്ചിട്ടുണ്ട്. ഇട്ടിരിക്കുന്ന ബൂട്ട് പാകമല്ല. ചെറിയൊരു ബാഗ് മാത്രമേ കൈവശമുള്ളൂ. ചോദിച്ചപ്പോള്‍ എന്നെപ്പോലെ കാഠ്മണ്ഡുവില്‍നിന്ന് ജാക്കറ്റും ബൂട്ടുമൊക്കെ വാങ്ങാമെന്നു കരുതി വന്നതായിരുന്നു. കടകളിലെ തിരക്കു കാരണം അളവിനൊത്തതൊന്നും കിട്ടിയില്ല. പിന്നീട് എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിങ് കഴിഞ്ഞ് ഇറങ്ങിവന്ന ഒരു സുഹൃത്ത് കാഠ്മണ്ഡുവില്‍വെച്ച് നല്‍കിയ ജാക്കറ്റും ബൂട്ടുമാണ് ധരിച്ചിരിക്കുന്നതെന്ന് വിനീത പറഞ്ഞു.
''ചേട്ടനും ബേസ് ക്യാമ്പിലേക്കാണോ?''
''അല്ല, എവറസ്റ്റ് കയറാന്‍ പോവുകയാണ്.''
''ചേട്ടാ, ശരിക്കും?''
ക്ഷീണം കെട്ടിനിന്ന മുഖത്തു പെട്ടെന്നു തിളക്കം വെച്ചു. അദ്ഭുതത്തോടെ എന്നെ നോക്കിയിട്ടു പറഞ്ഞു: ''എനിക്കും എവറസ്റ്റ് കയറണമെന്നായിരുന്നു ആഗ്രഹം. അതു നടക്കില്ലെന്നു മനസ്സിലാക്കിയപ്പോഴാണ് ബേസ് ക്യാമ്പെങ്കിലും കയറാമെന്നു തീരുമാനിച്ചത്.''

സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
മരം കയറി നടന്ന കുട്ടിക്കാലത്താണ് വിനീതയുടെ മനസ്സിലേക്ക് ബുക്കിന്റെ പുറംചട്ടയിലെ ആ വെളുത്ത പര്‍വ്വതരാജന്‍ കയറിക്കൂടിയത്. അവള്‍ വളര്‍ന്നതിനൊപ്പം മനസ്സിലെ ആ പര്‍വ്വതരാജനും വളര്‍ന്നു. മഞ്ഞണിഞ്ഞ വെളുത്ത സ്വപ്നത്തെ അവള്‍ മനസ്സില്‍ത്തന്നെ ഒളിപ്പിച്ചു. ആരോടും പറയാനുള്ള ധൈര്യം വന്നില്ല. സ്‌കൂള്‍ക്കാലത്ത് ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന അധ്യാപകരോടുപോലും മനസ്സുതുറന്നില്ല. ആരെങ്കിലും വട്ടാണെന്നു പറഞ്ഞാലോയെന്നായിരുന്നു അവളുടെ പേടി. ഡയറിയുടെ താളുകളില്‍ ആ സ്വപ്നം ഒരു മയില്‍പ്പീലിയായി ഒളിപ്പിച്ചുവെച്ചു.

എവറസ്റ്റെന്ന സ്വപ്നം പുറത്തു പറയാതിരുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. പ്ലസ്ടുവിനു പഠിക്കുന്ന സമയത്താണ് എവറസ്റ്റ് കയറുന്നതിനെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കുന്നതും പണമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നു തിരിച്ചറിയുന്നതും. വിനീതയുടെ അച്ഛന്‍ അന്ന് താനൂരില്‍ പാര്‍ട്ണര്‍ഷിപ്പില്‍ നടത്തിയിരുന്ന തിയേറ്റര്‍ ബിസിനസ് ഒപ്പമുണ്ടായിരുന്നവരുടെ ചതിപ്രയോഗത്തില്‍ തകര്‍ന്നു. സാമ്പത്തികമായി നന്നേ ബുദ്ധിമുട്ടിയ ഞങ്ങള്‍ക്കു കിടപ്പാടംപോലും നഷ്ടമായി. അതോടെ എന്റെ എവറസ്റ്റ് സ്വപ്നവും കുഴിച്ചുമൂടപ്പെട്ടു. അച്ഛന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, എനിക്ക് എവറസ്റ്റ് കയറാന്‍ കഴിഞ്ഞേനേയെന്ന് അവള്‍ പറഞ്ഞു. എവറസ്റ്റ് ബേസ് ക്യാമ്പെങ്കിലും നടന്നുകയറണമെന്ന് അവള്‍ അന്നേ മനസ്സില്‍ കുറിച്ചിട്ടതാണ്. ആ മഞ്ഞണിഞ്ഞ സ്വപ്നം ഉപേക്ഷിച്ചെങ്കിലും യാത്രയോടുള്ള അഭിനിവേശത്തിനു കുറവൊന്നും വന്നിരുന്നില്ല. കാല്‍നടയ്ക്ക് കാശുകൊടുക്കേണ്ടതില്ലല്ലോ. അങ്ങനെ പോയ യാത്രകള്‍ക്കു വീട്ടില്‍നിന്ന് സമ്മാനമായി തല്ലും വാരിക്കൂട്ടിയിരുന്നു.
 

ഉന്നതപഠനത്തിനുശേഷം പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്തപ്പോഴായിരുന്നു എവറസ്റ്റ് ബേസ് ക്യാമ്പെന്ന ആഗ്രഹം പൊടിതട്ടിയെടുത്തത്. ഒരു വര്‍ഷത്തെ ശമ്പളത്തില്‍നിന്നു സ്വരുക്കൂട്ടിയ മുപ്പതിനായിരം രൂപയുമായി ആരോടും പറയാതെ അവള്‍ പുറപ്പെട്ടു, ഡല്‍ഹിയിലേക്ക് ട്രെയിനിലെത്തിയശേഷം അവിടെനിന്നും റോഡുമാര്‍ഗ്ഗം കാഠ്മണ്ഡുവിലേക്ക്. സാധാരണ എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിങ്ങിനുണ്ടാകുന്ന ഗൈഡിനെയും പോര്‍ട്ടറെയും പണമില്ലാത്തതിനാല്‍ വേണ്ടെന്നുവെച്ചു. അതു മാത്രമല്ല, ബ്രേക്ക് ഫാസ്റ്റും ചെലവുചുരുക്കലില്‍ ഉള്‍പ്പെടുത്തി. നാട്ടില്‍നിന്നു കൊണ്ടുവന്ന കശുവണ്ടിപ്പരിപ്പാണു രാവിലത്തെ ഭക്ഷണം. അതിരാവിലെ എഴുന്നേറ്റു നടക്കുമ്പോള്‍ ചിലപ്പോള്‍ വഴിതെറ്റിപ്പോകും. പിന്നീടേതെങ്കിലും സംഘത്തിനു പുറകെ പിടിക്കും. അവരില്‍നിന്നു നിശ്ചിത ദൂരം പാലിച്ചു വഴിതെറ്റാതെ മുന്നോട്ടുപോകും. രാത്രിയില്‍ ഏറ്റവും ചെലവുകുറഞ്ഞ താമസസൗകര്യം കണ്ടുപിടിക്കും. അങ്ങനെയൊക്കെയാണ് ഇവിടെവരെ എത്തിയതെന്ന് അവള്‍ പറഞ്ഞു.

എവറസ്റ്റ് സ്വപ്നം നടക്കില്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ മനസ്സില്‍ കുറച്ചിട്ടതായിരുന്നു മഞ്ഞുപെയ്യുന്ന എവറസ്റ്റിന്റെ താഴ്‌വരയിലേക്കൊരു യാത്ര. കുട്ടിക്കാലത്ത് ബുക്കിന്റെ പുറംചട്ടയില്‍ കണ്ട ആ വെളുത്ത സ്വപ്നത്തെ അടുത്തുനിന്നെങ്കിലും കാണാമല്ലോ. മനസ്സുകൊണ്ടെങ്കിലും എവറസ്റ്റിന്റെ നെറുകയില്‍ ഒന്നു തൊട്ടുവരാമല്ലോ.

''എവറസ്റ്റ് കയറാന്‍ ആഗ്രഹം മാത്രം പോരല്ലോ ചേട്ടാ?'' കണ്ണീര്‍ പുരണ്ട ചിരിയോടെ അവള്‍ ചോദിച്ചു.
''അതു മാത്രം മതി വിനീത, ആഗ്രഹമുണ്ടെങ്കില്‍ എവറസ്റ്റ് നിങ്ങള്‍ക്കും കയറാം. എന്നെ നോക്കൂ. ആഗ്രഹത്തിന്റെ പുറത്താണ് ഈ യാത്ര,'' ഞാന്‍ പറഞ്ഞു.
''അതല്ല ചേട്ടാ. എവറസ്റ്റ് ദൗത്യത്തിനു വലിയൊരു തുക വേണ്ടേ?'' എന്റെ കൈയിലും പൈസയൊന്നും ഉണ്ടായിരുന്നില്ല, ഞാന്‍ അവളോട് എന്റെ കഥ പറയാന്‍ തുടങ്ങി. 

കഥകളും വിശേഷങ്ങളും വഴിയരികിലെ കാഴ്ചകളും ആസ്വദിച്ച്
ട്വങ്ബോച്ചെ വരെ ഞാന്‍ വിനീതയുടെ സഹയാത്രികനായി. ഞങ്ങളുടെ അന്നത്തെ വിശ്രമകേന്ദ്രം ട്വങ്ബോച്ചെയാണ്. ഉച്ചയോടെ അവിടെയെത്തിയ ഞാന്‍ ലഗ്പാദായി ഷെര്‍പ്പയ്ക്കും സംഘത്തിലെ മറ്റുള്ളവര്‍ക്കും വിനീതയെ പരിചയപ്പെടുത്തി. കാറ്റത്ത് എവിടെനിന്നോ വന്ന അപ്പൂപ്പന്‍താടിപോലൊരു പെണ്‍കുട്ടി. അവള്‍ക്കിനിയും ഏറെ ദൂരം നടക്കാനുണ്ട്. എവറസ്റ്റ് ബേസ് ക്യാമ്പില്‍വെച്ചു കാണാമെന്നു പറഞ്ഞ് എന്നെ അവിടെ വിട്ട് അവള്‍ ദബൂച്ചെ ലക്ഷ്യമാക്കി നടന്നുനീങ്ങി. 

Content Highlights: Read excerpts from Hasan Khan`s autobiography,` featuring the inspiring solo trek of Vineetha to Everest Base Camp.