'സഹസംവിധായകരായ ഒരുപാട് ചെറുപ്പക്കാര്‍ നന്നായി വായിക്കും; പുസ്തകം അവര്‍ തപ്പിയെടുത്തുകൊള്ളും'

#ജി.ആര്‍. ഇന്ദുഗോപന്‍
ജി.ആര്‍. ഇന്ദുഗോപന്‍, പുസ്തകത്തിന്റെ കവര്‍ | Mathrubhumi
ജി.ആര്‍. ഇന്ദുഗോപന്‍, പുസ്തകത്തിന്റെ കവര്‍ | Mathrubhumi

രഞ്ജു കിളിമാനൂരും ലിജിന്‍ ജോണും ചേര്‍ന്നെഴുതിയ 'ബി.സി. 261' എന്ന നോവലിന് ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ അവതാരിക വായിക്കാം...

മലയാളത്തില്‍ ഉദ്വേഗരചനയിലേക്ക് ഒരുപാട് ചെറുപ്പക്കാര്‍ വന്നിറങ്ങുന്നുണ്ട്. വലിയ കാര്യമാണ്. ഒരു ഭാഷയെയും സാഹിത്യത്തെയും തിടംപിടിപ്പിക്കാന്‍ രസകരമായ വായനയ്ക്കുതകുന്ന കുറെ കൃതികളുണ്ടാകണം. ബുദ്ധിജീവികള്‍ മാത്രം വായിച്ച് ജീവിച്ചാല്‍ പോര. സാമാന്യധാരണയുള്ള മനുഷ്യര്‍ക്കും നാലക്ഷരം വായിച്ചുമാറാന്‍ അവസരം വേണം. അതിനുള്ള രചനകളുണ്ടാകണം. അല്‍പ്പംകൂടി മുതിര്‍ന്നയാള്‍ എന്ന നിലയിലും, ഇത്തരത്തിലുള്ള ഴോണറില്‍ ചില രചനകള്‍ നടത്തി 'ഇതില്‍ അസ്പൃശ്യതയൊന്നുമില്ല' എന്ന് കൂസലില്ലാതെ പറഞ്ഞ ആളെന്ന നിലയിലും എനിക്കത് സംശയമില്ലാതെ പറയാന്‍ കഴിയും. അത് സാമാന്യവായനക്കാര്‍ ഏറ്റെടുക്കും. അപ്പോള്‍ത്തന്നെ ഈ ശ്രേണിയുടെ നിലവാരം തകരാതെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം ഞാനുള്‍പ്പെടെ ഇത്തരം രചനകളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍ എനിക്കുതോന്നുന്ന ചില കാര്യം പറയാം.

രചനകള്‍ ഒരിക്കലും സിനിമയെ മുന്‍നിര്‍ത്തിയാകരുത്. വായനക്കാര്‍ക്ക് അങ്ങനെ സ്വയമേ തോന്നുന്നെങ്കില്‍ ആയിക്കൊള്ളട്ടെ. എഴുത്തുകാര്‍ അത് മനഃപൂര്‍വമായി കുത്തിച്ചെലുത്താന്‍ ശ്രമിക്കരുത്. സിനിമക്കാര്‍ തേടിയെത്തും എന്ന ആഗ്രഹത്തില്‍ രചന നിര്‍വഹിക്കരുത്. അതിന് സാധ്യത വളരെ കുറവാണ്. സിനിമക്കാരുടെ ബോധ്യങ്ങള്‍ വേറെയാണ്. തക്ക ഐറ്റമുണ്ടെങ്കില്‍ അങ്ങോട്ട് ചെല്ലാതെ ഇങ്ങോട്ട് അന്വേഷിച്ചുവരും അവര്‍. ആ പുതുമ എങ്ങനെ തിട്ടപ്പെടുത്തുമെന്നറിയില്ല. പക്ഷേ, നമുക്കുതന്നെ എഴുതിവരുമ്പോള്‍ ചില സന്തോഷം, ഉത്സാഹം, ഉണര്‍വ് അനുഭവപ്പെടണം. കഥാഗതിയില്‍ ട്വിസ്റ്റ്, അഥവാ വളവുതിരിവുകള്‍ കുത്തിച്ചേര്‍ക്കരുത്. അതങ്ങനെ തന്നത്താന്‍ വന്നുകൊള്ളുന്നതേ സ്വീകരിക്കാവൂ.

പുസ്തകത്തിന്റെ കവര്‍

സഹസംവിധായകരായുള്ള ഒരുപാട് ചെറുപ്പക്കാര്‍ നന്നായി വായിക്കുന്നവരാണ്. ഒരു പുസ്തകം സിനിമയാക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ അവര്‍ തപ്പിയെടുത്തുകൊള്ളും. എഴുത്തുകാരന്‍ മനസ്സിലാക്കുന്ന ഭാഷയിലായിരിക്കില്ല അവരത് മനസ്സിലാക്കുന്നതെന്ന് ഓര്‍ക്കണം. അവരുടെ ടൂള്‍, മാനദണ്ഡം വേറെയാണ്. അങ്ങനല്ലായിരുന്നെങ്കില്‍ ജനപ്രിയമാസികകളില്‍ വരുന്ന നോവലുകളൊക്കെ സിനിമയായി മാറുമായിരുന്നല്ലോ. അതിനര്‍ഥം സിനിമയുടെ തോതുവെച്ചെഴുതുന്ന രചനകളല്ല, സിനിമക്കാര്‍ക്ക് വേണ്ടത്. പുതുമയുള്ള ഒരു ത്രെഡ്, ആ കഥയ്ക്ക് മനുഷ്യായുസ്സുപോലെ നാഡീഞരമ്പുകളുണ്ടാകണം. ആ കഥാതന്തുവിന് വളര്‍ന്ന് പ്രായപൂര്‍ത്തിയെത്താനുള്ള ഊര്‍ജ്ജമുണ്ടാകണം. അതിന്റെ യാത്രാപാതയില്‍ അപ്രതീക്ഷിതമായ ഒന്നുരണ്ടു സംഭവങ്ങളോ കഥാഗതിയില്‍ ചില്ലറ മാറ്റങ്ങളോ, വളവിനപ്പുറം എന്ത് എന്നതുപോലെയുള്ള ചില നിഗൂഢതകളോ ഒക്കെയും ഉണ്ടാകണം. ആകയാല്‍ എഴുത്തുകാരന് എഴുതിമുന്നേറുമ്പോള്‍തന്നെ കഥാപാത്രഗതിയുടെ സൂക്ഷ്മതയെ അനുധാവനം ചെയ്യാനുള്ള ശേഷി വേണം. വായനക്കാര്‍ സ്വയമറിയാതെ പുസ്തകത്തില്‍ മുഴുകണം. അതിന് സ്വാഭാവികത വേണം കഥാഗതിയില്‍. അങ്ങനെയെങ്കില്‍ കഥ സിനിമയാക്കാന്‍ ആരും വന്നില്ലെങ്കില്‍ പുസ്തകത്തിന് പുസ്തകത്തിന്റേതായ നിലനില്‍പ്പുണ്ടാകും. അതിനാണ് ആദ്യം ഈ ശ്രേണിയില്‍ എഴുതുന്നവര്‍ ശ്രമിക്കേണ്ടത്. അന്തര്‍ലീനമായിരിക്കുന്ന ഒരു അനുഭവതലമുണ്ട്. അത് വായനക്കാരിലേക്ക്, അയാള്‍ സ്വയമറിയാതെ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കണം. നിരന്തരമായി ശ്രമിച്ചാല്‍ അറിയാതെ വന്നുകൊള്ളും.

ഇത് രഞ്ജു കിളിമാനൂരും ലിജിന്‍ ജോണും ചേര്‍ന്നെഴുതിയ പുസ്തകമാണ്. രണ്ടുപേര്‍ ചേര്‍ന്ന് ഒരു കഥ പറയാന്‍ ശ്രമിച്ചിരിക്കുകയാണ്. ആ ശ്രമം ചെറുതല്ല. പുതുമയുള്ളതുമാണ്. പുതിയ ഒരു ഊര്‍ജ്ജം നമ്മളിലുണ്ടെന്ന് ഉദ്‌ഘോഷിക്കുന്ന ഒന്നാണ്. ഇത്തരം ഊര്‍ജ്ജത്തിലൂടെ ലോകസാഹിത്യത്തോട് കിടപിടിക്കുന്ന തരത്തിലുള്ള ജനപ്രിയ ഉദ്വേഗരചനകള്‍ മെല്ലെ നമ്മുടെ ഭാഷയിലുണ്ടാകാം. അതിന് ഇത്തരം വലിയ ശ്രമങ്ങള്‍ വളരെ ഗുണപരമാകും. അത്തരം ശ്രമങ്ങളെന്ന നിലയില്‍ ഈ പുസ്തകങ്ങള്‍ക്ക് ചരിത്രത്തില്‍ സ്ഥാനവുമുണ്ടായിരിക്കും.

സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് ലളിതമായി അവതരിപ്പിക്കുക എന്നത് ധൈര്യം വേണ്ട കാര്യമാണ്. അത് ഈ ചെറുപ്പക്കാര്‍ക്കുണ്ട്. രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് മഗധയില്‍നിന്നാണ് കഥ തുടങ്ങുന്നത്. അവിടുന്ന് സമകാലികകാലം വരെ. കാലത്തിന്റെ ആഴം ഉദ്വേഗത്തിന്റെ പരപ്പ് വര്‍ധിപ്പിക്കും. ചില സങ്കല്‍പ്പങ്ങള്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളവതന്നെയാണെങ്കിലും അവയില്‍ പുതുമ കൈവരിക്കുക, കഥാഗതിയില്‍ ഇണക്കിച്ചേര്‍ക്കുക എന്നത് ശ്രമകരമാണ്. ഇവിടെ വളരെ ശാന്തമായി, കൈയടക്കത്തോടെ എത്തിക്കാന്‍ കഥാകൃത്തുക്കള്‍ വിജയകരമായി ഉദ്യമിച്ചിട്ടുണ്ട്. തലതൊട്ടപ്പന്മാരില്ലാതെ എഴുത്തുകാരാകണം എന്നുകരുതി കഠിനാധ്വാനം ചെയ്യുന്ന ചെറുപ്പക്കാരെന്ന നിലയില്‍ രഞ്ജുവും ലിജിനും ഭാവിയുണ്ട്. അവരുടെ കൈയില്‍ ഭാഷയുണ്ട്. എഴുതിവരുമ്പോള്‍ കൂടുതല്‍ ഉരുത്തിരിയലുകള്‍ക്ക് വിധേയമായി വന്ന്, അവര്‍ കൂടുതല്‍ക്കൂടുതല്‍ ഉരുത്തിരിയുമെന്ന് വിശ്വസിക്കുന്നു. ആശംസിക്കുന്നു.


 

Content Highlights: G.R. Indugopan, B.C. 261, Lijin John, Ranju Kilimanoor, Novel, Mathrubhumi books