പരാജയം അപമാനമല്ല; തോല്‍ക്കാനും പഠിക്കണം!

തോല്‍വിയെയും തിരിച്ചടിയുടെ ദുഃഖത്തെയും വിമര്‍ശനങ്ങളെയും ഭയന്ന് തിരിഞ്ഞോടുകയോ ഒഴിഞ്ഞുമാറുകയോ അല്ല വേണ്ടത്. അഭിമുഖീകരിക്കുക. അതിജീവിക്കുക. ആനന്ദിക്കുക. നിത്യജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനും വിജയിക്കാനും സ്പോര്‍ട്‌സ് എങ്ങനെ സഹായിക്കും എന്ന് വിശദമാക്കുന്നു തോല്‍ക്കാനും പഠിക്കണം എന്ന പുസ്തകം. പ്രമുഖ ക്രിക്കറ്റ് പരിശീലകനും സ്‌പോര്‍ട്‌സ് എഴുത്തുകാരനുമായ പി. ബാലചന്ദ്രന്‍ എഴുതിയ പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
2017 ഓഗസ്റ്റില്‍ ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലിന്റെ ഫലത്തെക്കുറിച്ച് ആര്‍ക്കും ആശങ്കയുണ്ടായിരുന്നില്ല. കൊടുങ്കാറ്റുപോലെ കുതിക്കുന്ന ഉസൈന്‍ ബോള്‍ട്ട് ഓടുന്നുണ്ട്. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മത്സരവുമാണത്. അജയ്യനായ ബോള്‍ട്ട് അവസാനമത്സരവും വിജയിക്കുമെന്ന് ആരാധകര്‍ കരുതി. എന്നാല്‍ പ്രവചനങ്ങളെ ഞെട്ടിച്ചുകൊണ്ട് ബോള്‍ട്ടിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ സ്വര്‍ണം നേടി. മത്സരത്തിനു ശേഷം ഗാറ്റ്‌ലിന്‍ ആദ്യം ചെയ്തത് ബോള്‍ട്ടിന് മുന്നില്‍ മുട്ടുകുത്തി വണങ്ങുകയായിരുന്നു. ഒരുപക്ഷേ, കായികലോകത്ത് മാത്രം കാണാവുന്ന അപൂര്‍വമായ കാഴ്ചയാണത്. ബോള്‍ട്ടിന്റെ അവസാന മത്സരത്തിലെ പരാജയം അയാളുടെ അതുവരെയുള്ള പ്രകടനത്തിന്റെ ആകത്തുകയല്ല. ആ പരാജയം കൊണ്ട് ബോള്‍ട്ട് എന്ന കായികതാരത്തിന്റെ ശോഭ കെടുകയുമില്ല. മറിച്ച് കുറേ വിജയങ്ങള്‍ക്കൊപ്പം ഒരു പരാജയം കൂടി അദ്ദേഹത്തിന്റെ അക്കൗണ്ട് ബുക്കില്‍ ഉള്‍പ്പെടുമെന്നുമാത്രം. ജയം മാത്രമുള്ള ജീവിതം എത്ര വിരസമായിരിക്കും! പരാജയം അ പമാനമല്ലെന്ന് ആദ്യം മനസ്സിലാക്കണം. ഇന്ത്യ തോല്‍ക്കുമ്പോള്‍ നാണംകെട്ടു എന്നൊക്കെ പത്രങ്ങളില്‍ തലക്കെട്ടുണ്ടാകാറുണ്ട്. അത് തോല്‍വിക്ക് നല്‍കുന്ന പ്രതിഭാഷ മാത്രമാണ്. അതുകൊണ്ട് ഇന്ത്യയ്ക്ക് ഒരു നാണക്കേടും വന്നിട്ടില്ലെന്ന് നമുക്കറിയാമല്ലോ! മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും വലിയ താരങ്ങളല്ല. മെഡല്‍ നേടിയവരെക്കാള്‍ എത്രയോ കൂടുതലാണ് അത് നേടാത്തവരുടെ എണ്ണം. കളികളില്‍ പങ്കെടുക്കുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമാണ് ദേശീയതാരങ്ങള്‍ പോലുമാകുന്നതെന്ന കാര്യം എപ്പോഴും മനസ്സിലുണ്ടായിരിക്കണം.
തോല്‍വിയുണ്ടാകാം. അത് സ്വാഭാവികമാണ്. എന്നാല്‍ അതില്‍ തളരുകയോ തകരുകയോ ചെയ്യരുത്. നടത്തുന്ന ശ്രമം ഒരിക്കല്‍ പരാജയപ്പെട്ടാല്‍ അത് ഉപേക്ഷിച്ചുപോകുന്നവര്‍ ഏറെയാണ്. എത്രയോ ക്യാമ്പുകളില്‍ ഞാന്‍ ഇത്തരക്കാരെ കണ്ടിട്ടുണ്ട്. ചെറിയ പരാജയങ്ങള്‍പോലും ഇപ്പോഴത്തെ കുട്ടികള്‍ക്ക് താങ്ങാനാവുന്നില്ല. കഠിനമായ ജീവിതാനുഭവങ്ങളിലൂടെ അവര്‍ കടന്നുപോകാത്തതുകൊണ്ടായിരിക്കാം ഇത്. ഒരു ടീമിലേക്ക് 15 പേരെയോ 20 പേരെയോ മാത്രമേ തിരഞ്ഞെടുക്കാനാകൂ. അങ്ങനെ സെലക്ഷന്‍ കിട്ടാതെ കളി അവസാനിപ്പിക്കുന്നവര്‍ തങ്ങളുടെ വിഡ്ഢിത്തം മനസ്സിലാക്കുന്നില്ല. സെലക്ഷന്‍ കിട്ടാത്തവര്‍ അടുത്ത തവണ അതിനായി ശ്രമിക്കുകയാണ് വേണ്ടത്. ശ്രീലങ്കയുടെ ക്യാപ്റ്റനും ഓപ്പണറുമായിരുന്ന മര്‍വന്‍ അട്ടപ്പട്ടു ഇക്കാര്യത്തില്‍ വലിയൊരു മാതൃകയാണ്. 20-ാം വയസ്സില്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച അട്ടപ്പട്ടു ആദ്യ മൂന്ന് ടെസ്റ്റുകളിലെ ആറ് ഇന്നിങ്‌സുകളിലായി നേടിയത് കേവലം ഒരു റണ്ണാണ്. അഞ്ചെണ്ണത്തില്‍ 'സംപൂജ്യന്‍'. അതോടെ കളി നിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിലോ? ഓര്‍ക്കുക, ഒരു പരാജയംകൊണ്ട് നമുക്കൊന്നും സംഭവിക്കുന്നില്ല. പിന്നീട് അട്ടപ്പട്ടു ശ്രീലങ്കയുടെ നായകന്‍ വരെയായി! - പരാജയത്തില്‍നിന്ന് കരകയറാനുള്ള തീരുമാനം നമ്മള്‍ സ്വ യമെടുക്കേണ്ടതാണ്. നമ്മുടെ പരാജയം നമ്മളെ മാത്രമല്ല നമ്മുടെ പ്രിയപ്പെട്ടവരെയും വേദനിപ്പിക്കും. അത്തരം വേദന ഉള്ളിലൊതുക്കി വെറുതെയിരിക്കാതെ തിരിച്ചുവരവിനായി കഠിനമായി യത്‌നിക്കണം.
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന നവ്‌ജോത് സിങ് സിദ്ദു ഒരു പ്രഭാഷണത്തില്‍ തന്റെ അനുഭവം സൂചിപ്പിച്ചതിങ്ങനെയാണ്: 'വിജയത്തിലേക്ക് കുറുക്കുവഴികളൊന്നുമില്ല. കഠിനപരിശ്രമം മാത്രമാണ് ഏകവഴി. 1983-ല്‍ ഞാന്‍ രണ്ട് മത്സരം കളിച്ചു. പ്രകടനം മോശമായതിനാല്‍ ടീമില്‍നിന്ന് പുറത്തായി. ഒരു ദിവസം ഞാന്‍ കുളി കഴിഞ്ഞ് കുളിമുറിയില്‍നിന്നിറങ്ങിയപ്പോള്‍ അച്ഛന്‍ കുട്ടികളെപ്പോലെ കരയുന്നത് കണ്ടു. അഡ്വക്കേറ്റ് ജനറലും എം.പിയും എം.എല്‍.എയുമായ അദ്ദേഹം മുമ്പൊരിക്കലും കരയുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നെ കണ്ടയുടന്‍ അദ്ദേഹം കൈയിലിരുന്ന പത്രം തലയണയ്ക്കടിയില്‍ ഒളിപ്പിച്ചു. അദ്ദേഹം പോയയുടനെ ഞാന്‍ ആ പത്രം എടുത്തു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഒന്നാം പേജായിരുന്നു അത്. അതില്‍ പ്രശസ്ത കായികനിരൂപകന്‍ രാജന്‍ ബാലയെഴുതിയ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ദു: ദ സ്‌ട്രോക്ക്‌ലെസ് വണ്ടര്‍ (സ്‌ട്രോക്കുകളില്ലാത്ത വിസ്മയം) എന്നായിരുന്നു തലക്കെട്ട്. 40 വരി വരുന്ന ചെറിയൊരു വാര്‍ത്ത. പക്ഷേ, അതെന്നെ മുറിവേല്‍പ്പിച്ചു, എന്നെ കശക്കിയെറിഞ്ഞു. എന്റെ അഭിമാനം മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞു. ഞാനൊരു കുട്ടിയെപ്പോലെ കരഞ്ഞു. ഞാനെന്റെ അച്ഛനെ വേദനിപ്പിച്ചുവെന്നെനിക്ക് തോന്നി. കാരണം അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ഇന്ത്യന്‍ ടീമില്‍ കയറിയത്. അദ്ദേഹം രാവിലെ അഞ്ചു മണിക്ക് പരിശീലനത്തിനായി വിളിച്ചുണര്‍ത്തിയാലും ഞാന്‍ മറ്റെവിടെയെങ്കിലും പോയി കിടന്നുറങ്ങുമായിരുന്നു. എന്നാല്‍ ആ നിമിഷം ഇന്ത്യന്‍ ടീമില്‍ വീണ്ടും കയറുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു.
ഞാന്‍ എക്‌സ്പ്രസിലെ ആ വാര്‍ത്ത വെട്ടിയെടുത്ത് അലമാരയില്‍ ഒട്ടിച്ചു. പിന്നീട് എല്ലാ ദിവസവും അലാറമൊന്നുമില്ലാതെ തന്നെ രാവിലെ 3.30-ന് എഴുന്നേറ്റു. ഒറ്റയ്ക്ക് പോയി മൈതാനം നനച്ചു. മൈതാനത്തിനു ചുറ്റും പതിവായി ഓടി. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഉറങ്ങും. അതിനുശേഷം സിക്‌സര്‍ പരിശീലനം. എല്ലാ ദിവസവും 126 സിക്‌സസ് ഞാന്‍ അടിക്കും. കൈ മുഴുവന്‍ ചോരയായിരിക്കും. മൂന്നുമാസംകൊണ്ട് എന്റെ കൈ ഇരുമ്പുപോലെയായി. ഒരു സന്ന്യാസിയെപ്പോലെയുള്ള ചിട്ടയായിരുന്നു അന്നെനിക്ക്. പുറത്ത് കറക്കമൊന്നുമില്ല. ചിന്ത ഇതു മാത്രം. ഒരു ദിവസം അച്ഛനെ തട്ടിവിളിച്ചപ്പോള്‍ അനക്കമില്ല. അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. പിന്നെ പത്തിരുപത് ദിവസം എനിക്കെന്താണ് ചെയ്യേണ്ടതെന്ന് അറിയാതെയായി. അച്ഛന്റെ സ്വപ് നം സാധ്യമാക്കാന്‍ നീ ഇന്ത്യന്‍ ടീമില്‍ കയറണമെന്ന് ചിലര്‍ പറഞ്ഞു. ഒന്നര വര്‍ഷത്തോളം അതേ ജീവിതം ഞാന്‍ തുടര്‍ന്നു. ലോകത്ത് നടക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും എനിക്ക് ചിന്തയുണ്ടായിരുന്നില്ല.
അപ്പോഴാണ് ശീശ് മഹല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം കിട്ടുന്നത്. ഞാന്‍ ഏഴ് സെഞ്ച്വറിയാണതില്‍ അടിച്ചത്. പിന്നെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് അര്‍ധ സെഞ്ച്വറികള്‍ തുടര്‍ച്ചയായി അടിച്ചു. 26 സിക്‌സസുകളായിരുന്നു ഞാനടിച്ചത്. പിന്നീട് ഷാര്‍ജയില്‍ കളിക്കാനായി വിമാനത്തില്‍ പോകുമ്പോള്‍ രവി ശാസ്ത്രി എന്റെയടുത്തെത്തി. താങ്കളെപ്പറ്റി ഗംഭീര ഒരു വാര്‍ത്ത ഇന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പത്രം നീട്ടി. ഖലീജ് ടൈംസാണ് പത്രം. ദുബായിയിലെ നമ്പര്‍ വണ്‍ പത്രം. അതില്‍ വലിയൊരു വാര്‍ത്ത. എഴുതിയിരിക്കുന്നത് അതേ പഴയ രാജന്‍ ബാല! തലക്കെട്ട് 'സിദ്ദു: (ഫ്രം സ്‌ട്രോക്ക്‌ലെസ് വണ്ടര്‍ ടു എ പാംഗ്രോവ് ഹിറ്റര്‍' (സ്‌ട്രോക്ക് കളിക്കാത്ത വിസ്മയത്തില്‍ നിന്ന് പനതോട്ടത്തിലെ പ്രഹരക്കാരനിലേക്ക് ). പിന്നീട്
എം.പിയായും മന്ത്രിയായും ടെലിവിഷന്‍ അവതാരകനായുമൊക്കെ മാറാന്‍ സിദ്ദുവിന് പ്രേരണയായത് പരാജയത്തില്‍നിന്ന് ഉയിര്‍ത്തെണീറ്റ ആ അനുഭവ മാണ്. വിമര്‍ശനങ്ങളില്‍ ഒരു കളിക്കാരന്റെ മനസ്സിലെ കനല്‍ തീജ്ജ്വാലയായി മാറുകയാണ് ചെയ്യുക.
നിരവധി പരാജയങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ഇടയില്‍ കിട്ടുന്ന ചെറിയ വിജയങ്ങളും അതിലൂടെ കിട്ടുന്ന സന്തോഷങ്ങളും പ്രതീക്ഷയുമൊക്കെയാണ് ഒരു കായികതാരത്തെ മുന്നോട്ടുകുതിക്കാന്‍ പ്രരിപ്പിക്കുന്നത്. പരാജയത്തിന്റെ കയ്പ്പുനീര്‍ ആവോളം കുടിക്കുവാനും മനസ്സുകെടാതെ തിരിച്ചുവരാനും എല്ലാം സമചിത്തതയോടെ നേരിടാന്‍ കഴിയുകയുമൊക്കെയാണ് കായിക രംഗത്തെ നിലനില്‍പ്പുമന്ത്രം. ഇതുതന്നെയല്ലേ ജീവിതവേദാന്തവും! തിരിച്ചടികളുടെയും ദുഃഖാനുഭവങ്ങളുടെയും ഇടയില്‍ കൊച്ചു സന്തോഷങ്ങളെയും ചെറിയ വിജയങ്ങളെയും അകമഴിഞ്ഞ് ആസ്വദിക്കുക എന്നതല്ലേ ആത്മീയാചാര്യന്‍മാരും കരിയര്‍ ഗൈഡന്‍സുകാരുമൊക്കെ ഉപദേശിക്കുന്ന ജീവിതമന്ത്രവും.
വിജയത്തിനുവേണ്ടി കഠിനമായി പരിശ്രമിക്കുക. വിജയിച്ചാല്‍ അല്‍പ്പനേരം മാത്രം സന്തോഷിക്കുക. പരാജയപ്പെട്ടവരെ അഭിനന്ദിക്കുക, അവരുടെ പ്രയത്‌നത്തെ അംഗീകരിക്കുക. ചെറിയൊരു വിശ്രമത്തിനോ ഇടവേളയ്‌ക്കോ ശേഷം അടുത്ത മത്സരത്തിനായി തയ്യാറെടുക്കുക. പരാജയപ്പെട്ടാലും സങ്കടം അല്‍പ്പനേരത്തേക്ക് മതി. വിജയിച്ചവരെ അംഗീകരിക്കുകയും വേണം.
എത്ര വലിയ കായികതാരമായാലും എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ പരാജയങ്ങളുടെ എണ്ണമായിരിക്കും വിജയത്തെക്കാള്‍ കൂടുതല്‍. ഓരോ പരാജയവും ഓരോ പാഠമാണെന്ന് മനസ്സിലാക്കി തെറ്റുതിരുത്തി മുന്നോട്ടുപോകുന്ന പ്രക്രിയയാണ് സ്‌പോര്‍ട്‌സിന്റെ സത്ത. പത്തുപേര്‍ മത്സരിച്ചോടുമ്പോള്‍ ഒരാളേ ജയിക്കൂ. മറ്റ് ഒമ്പതുപേര്‍ക്കും ഇവിടെ പ്രാധാന്യം മങ്ങുന്നില്ല. ജീവിതദര്‍ശനവും ഇതുതന്നെ. വിജയികള്‍ക്കും പരാജിതര്‍ക്കും പണ്ഡിതര്‍ക്കും പാ മരര്‍ക്കുമെല്ലാം സമൂഹത്തില്‍ അവരവരുടേതായ സ്ഥാനമുണ്ട്. പരാജയം അപമാനമല്ല!
Content Highlights: excerpts from the book tholkkanum padikkanam by p balachandran mathrubhumi books