‘സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് കമ്മീഷൻെറ അഭാവം ജനാധിപത്യത്തില്‍ സൃഷ്ടിച്ചത് ആഴത്തിലുള്ള ക്ഷതങ്ങള്‍’

അഡ്വ. കാളീശ്വരം രാജിന്റെ ‘ഓര്‍മ്മയിലെ ഋതുഭേദങ്ങള്‍’ എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം.
ഭരണഘടനാജനാധിപത്യത്തിന്റെ നിലനില്‍പ്പും വിജയവും ഭരണനിര്‍വ്വഹണ, നീതിന്യായ, നിയമനിര്‍മാണ വിഭാഗങ്ങളുടെ കെട്ടുറപ്പിലും കാര്യക്ഷമതയിലും ശരിയായ പ്രവര്‍ത്തനത്തിലും മാത്രം ആശ്രയിച്ചാണിരിക്കുന്നത് എന്ന യാഥാസ്ഥിതികബോധം കാലഹരണപ്പെട്ടതാണ്. ഈ 'ത്രിത്വ'ത്തിനപ്പുറം നാലാമത്തെ ശാഖയില്‍പ്പെടുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അവയുടെ അധിപന്മാരുടെ തിരഞ്ഞെടുപ്പുരീതിയും ജനാധിപത്യത്തില്‍ അതിപ്രധാനമായ വിഷയങ്ങളാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍, കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, പബ്ലിക് സര്‍വിസ് കമ്മീഷന്‍ എന്നിവയെല്ലാം നാലാം ശാഖയില്‍പ്പെടുന്ന സ്ഥാപനങ്ങളാണ്. ഇവയുടെ സ്വതന്ത്രവും സത്യസന്ധവും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്തിയാലേ ജനാധിപത്യസംവിധാനത്തെ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. അതിനാലാണ് താരതമ്യേന പുതിയ ഭരണഘടന നിലവിലുള്ള ദക്ഷിണാഫ്രിക്കയും മറ്റും നാലാം ശാഖാ സ്ഥാപനങ്ങള്‍ക്ക് മതിയായ പ്രാധാന്യം നല്‍കുന്നത്.
എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഈ വിഷയത്തില്‍ ന്യൂനതകളും പരിമിതികളുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള അധികാരം ഫലത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കുതന്നെ നല്‍കുന്ന വിധത്തിലാണ് ഭരണഘടനയുടെ 324-ാം അനുച്ഛേദം രൂപകല്‍പ്പന ചെയ്തത്. പാര്‍ലമെന്റ് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു നിയമം ഉണ്ടാക്കുന്നതുവരെ രാഷ്ട്രപതിക്കാണ് നിയമനാധികാരം എന്നാണ് 324(2) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നത്. രാഷ്ട്രപതി ഒപ്പുവെക്കുന്നുവെങ്കിലും നിയമനം നടത്തുന്നത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ അഥവാ മുന്നണിയുടെ താത്പര്യമനുസരിച്ചായിരിക്കും.
പ്രധാനമന്ത്രിയും മറ്റൊരു കാബിനറ്റ് മന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകള്‍ നടക്കണമെങ്കില്‍ സ്വതന്ത്രരും നിഷ്പക്ഷരുമായ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉണ്ടാകണം. അവരെ സ്വതന്ത്രമായും നിഷ്പക്ഷമായും കണ്ടെത്താനും തിരഞ്ഞെടുക്കാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. ഇതിന്റെ അഭാവം ഇന്ത്യന്‍ ജനാധിപത്യത്തില്‍ സൃഷ്ടിച്ച ക്ഷതങ്ങള്‍ ആഴത്തിലുള്ളവയാണ്.
ഇക്കാര്യത്തില്‍ വന്ന കേസാണ് അനൂപ് ബാരണ്‍വാളിന്റേത് (2023). ഭരണഘടനയിലെ ഈ 'കുറവ്' പാര്‍ലമെന്റ് നിയമമുണ്ടാക്കുന്നതുവരെയുള്ളതാണ് എന്നത് നേരുതന്നെ. എന്നാല്‍, ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള കക്ഷിയോ മുന്നണിയോ തയ്യാറാകില്ല എന്നത് ഒരു ഇന്ത്യന്‍ അനുഭവമാണ്. ഭരണകക്ഷിക്കുള്ള നിയമനാധികാരം ഇല്ലാതാക്കുന്ന ഒരു നിയമം ഏത് ഭരണകക്ഷിയാണ് നിര്‍മിക്കുക? ഇക്കാര്യം ഭരണഘടനാശില്‍പ്പികള്‍ക്ക് മുന്‍കൂട്ടിക്കാണാനായില്ല. ഒരുപക്ഷേ, ഇക്കാര്യത്തില്‍ അവര്‍ അതിരുകവിഞ്ഞ ശുഭാപ്തിവിശ്വാസം വെച്ചുപുലര്‍ത്തിയിരിക്കാം.
ഏതായാലും അനൂപ് ബാരണ്‍വാളിന്റെ കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇക്കാര്യം ആഴത്തില്‍ പരിശോധിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധബോസ്, ഹൃഷികേശ് റോയ്, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഹരജിക്കാരെ പിന്തുണച്ചുകൊണ്ട് വാദിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു സമിതി വേണം തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നിശ്ചയിക്കുവാന്‍ എന്നതായിരുന്നു ഹരജിക്കാരുടെ വാദത്തിന്റെ ഉള്ളടക്കം. ഭരണകക്ഷിയുടെ താളത്തിനൊത്തു തുള്ളുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ജനാധിപത്യത്തിന്റെ താളംതെറ്റിക്കുമെന്ന് കോടതി മുമ്പാകെ വ്യക്തമാക്കി. അതിനാല്‍, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്കു പുറമേ ഇന്ത്യന്‍ ചീഫ് ജസ്റ്റിസുകൂടി ഉള്‍പ്പെട്ടതാകണം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതി എന്നതായിരുന്നു നിര്‍ദേശം.
ഗോപാല്‍ ശങ്കരനാരായണനും പ്രശാന്ത്ഭൂഷണും ഒപ്പമായിരുന്നു, ഈ കേസില്‍ ഞാന്‍ വാദിച്ചത്. ഭാവിയില്‍ പാര്‍ലമെന്റ് ഇത്തരം കാര്യങ്ങളില്‍ ശരിയായ നിയമം കൊണ്ടുവരുമെന്ന അമിതമായ ആത്മവിശ്വാസം ഭരണഘടനാനിര്‍മ്മാണവേളയില്‍ ഉണ്ടായിട്ടുണ്ടാവാം. എന്നുവെച്ച് ഭരണഘടനയുടെ ഈ ശൂന്യസ്ഥലികളെ അധികാരത്തിലിരിക്കുന്നവര്‍ തങ്ങള്‍ക്കനുകൂലമായി ദുരുപയോഗം ചെയ്യുന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല. സര്‍ക്കാരിന്റെ മുന്‍കൈയില്‍ ന്യായാധിപനിയമനം നടന്ന പഴയ അവസ്ഥ മാറി ചീഫ് ജസ്റ്റിസിനും കൊളീജിയത്തിനും പ്രാമാണ്യമുള്ള പുതിയ നിയമനരീതി സുപ്രീംകോടതിയാണ് കൊണ്ടുവന്നത്.
ജഡ്ജസ് കേസുകളിലെ (1993, 1998, 2015) വിധികളിലൂടെ സുപ്രീംകോടതി ഉന്നത കോടതികളിലെ ന്യായാധിപ നിയമനകാര്യത്തില്‍ ഭരണകക്ഷിക്കുള്ള മേധാവിത്വം ഇല്ലാതാക്കി. സമാനമായ രീതിയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയമനത്തിനുള്ള കമ്മിറ്റിയും മാറണം. ശ്രീലങ്ക അടക്കമുള്ള ഇതരരാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനസമിതി താരതമ്യേന മെച്ചപ്പെട്ടതാണ് എന്ന കാര്യവും ഞാന്‍ ഭരണഘടനാ ബെഞ്ച് മുമ്പാകെ ചൂണ്ടിക്കാണിച്ചു.
ഈ വാദങ്ങള്‍ അംഗീകരിക്കപ്പെട്ടു. 2023 മാര്‍ച്ച് രണ്ട്, ഭരണഘടനാ ബെഞ്ച് കേസില്‍ വിധി പറഞ്ഞു. പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമേ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് കൂടി അംഗമായ സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സി.ബി.ഐ., വിജിലന്‍സ് കമ്മീഷന്‍ നിയമനങ്ങളില്‍ രാഷ്ട്രീയാതിപ്രസരവും അധികാരാതിപ്രസരവും ഒഴിവാക്കുന്നതിനായി സുപ്രീംകോടതി മുന്‍കാലങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ ഭരണഘടനാ ബെഞ്ച് മുമ്പാകെ ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള സത്യന്‍ നരവൂര്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനുവേണ്ടിയായിരുന്നു ഈ കേസില്‍ ഞാന്‍ ഹാജരായത്.
വിപ്ലവകരമായ വിധിയായിരുന്നു, അനൂപ് ബാരണ്‍വാള്‍ കേസിലേത്. നിര്‍ഭാഗ്യകരമെന്നു പറയട്ടേ, ഈ വിധിയെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. അവര്‍ തിരഞ്ഞെടുപ്പ് സമിതിയില്‍നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെത്തന്നെ പ്രതിഷ്ഠിക്കുന്ന വിധത്തില്‍ പുതിയ നിയമം കൊണ്ടുവന്നു. ആ നിയമത്തെ ഡോ. ജയാ ഠാകുറും മറ്റും ചേര്‍ന്ന് ചോദ്യംചെയ്തു. അതിനിടെ പുതിയ സമിതി പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കുകയും നിയമിക്കുകയും ചെയ്തു. 2023ല്‍ത്തന്നെ കൊണ്ടുവന്ന ഈ നിയമത്തിലെ 7(1) വകുപ്പ് അനൂപ് ബാരണ്‍വാളിന്റെ കേസിലെ വിധിയുടെ അന്തസ്സത്തയ്ക്കെതിരാണെന്നായിരുന്നു വാദം. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സ്റ്റേ ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. 2024 മാര്‍ച്ച് 22ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കുര്‍ ദത്തയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ ഇടക്കാല ഹരജി തള്ളുകയാണുണ്ടായത്.
2024-ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തനമില്ലായ്മയും രാജ്യവ്യാപകമായിത്തന്നെ വിമര്‍ശിക്കപ്പെട്ടു. പൂര്‍ണ്ണമായും സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പായിരുന്നില്ല അത്. പ്രധാനമന്ത്രിയടക്കം നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ കാര്യത്തില്‍ കമ്മീഷന്റെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിച്ച് ഞാനും തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ കമ്മീഷന്റെ നിലപാടുകളും നടപടികളും പ്രതിപക്ഷകക്ഷികളാല്‍ ചോദ്യംചെയ്യപ്പെട്ടു. ഇതിനെല്ലാം പുറമേയാണ് സാമ്പത്തികകാര്യത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ക്കിടയിലുണ്ടായ പ്രകടമായ അന്തരം. അതിനാല്‍ത്തന്നെ തുല്യമായ പരിഗണന ഉറപ്പുവരുത്തുന്ന സ്വതന്ത്രമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് മുമ്പെന്നത്തെക്കാള്‍ ആവശ്യമായ ലോക്സഭാതിരഞ്ഞെടുപ്പാണ് 2024-ല്‍ നടന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ സുപ്രീംകോടതി ഇടപെട്ട് അനൂപ് ബാരണ്‍വാളിന്റെ കേസിലെ വിധിയുടെ താത്പര്യം ഉയര്‍ത്തിപ്പിടിച്ചിരുന്നുവെങ്കില്‍, ഒരുപക്ഷേ, 2024ലെ തിരഞ്ഞെടുപ്പുഫലംതന്നെ വ്യത്യസ്തമാകുമായിരുന്നു. ടി.എന്‍. ശേഷനെപ്പോലെ നിര്‍ഭയനും സ്വതന്ത്രനുമായ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഇന്ത്യയുടെ തിരഞ്ഞെടുപ്പുരംഗം മൊത്തത്തില്‍ മാറ്റിമറിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും ചില ഗുണപരമായ മാറ്റങ്ങളെങ്കിലും കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നല്ലോ. അത്തരമൊരു 'അമ്പയറിങ്ങി'ന്റെ അഭാവം 2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും കുറച്ചൊന്നുമല്ല ബാധിച്ചത്.
ഈ ദുരവസ്ഥയ്ക്ക് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ നേരത്തേ പറഞ്ഞ സ്റ്റേ ആവശ്യം നിരാകരിച്ചുകൊണ്ടുള്ള ഉത്തരവും കാരണമായി എന്നത് ഒരു ജനതയുടെതന്നെ നിര്‍ഭാഗ്യമായി പരിണമിച്ചു. ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നീതിബോധത്തെ പാര്‍ലമെന്റിന്റെ നിയമനിര്‍മാണാധികാരം സംബന്ധിച്ച യാഥാസ്ഥിതികബോധത്തിന്റെ പേരില്‍ നിരാകരിച്ച രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ഒരു നിയമദുരന്തത്തെയാണ് തത്കാലത്തേക്കെങ്കിലും അരക്കിട്ടുറപ്പിച്ചത്.
എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തിലുണ്ടായ സുപ്രീംകോടതിയുടെ പരസ്പരവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ഈ സമീപനങ്ങള്‍ ഒറ്റപ്പെട്ടവയോ വൈയക്തികമോ ആണെന്നു കരുതരുത്. ഭരണഘടനാ ജനാധിപത്യങ്ങളില്‍ ഉന്നതകോടതികള്‍ ഭരണകൂടത്തോടു കാണിക്കുന്ന മനോഭാവം, ഒരു നീതിന്യായപ്രവണതയെന്ന നിലയില്‍ത്തന്നെ വിലയിരുത്തപ്പെടേണ്ടതാണ്. ഭരണഘടനയെത്തന്നെ അട്ടിമറിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്ന ഭൂരിപക്ഷവാദത്തിലും ജനപ്രിയതയിലും അധിഷ്ഠിതമായ 'തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യങ്ങള്‍' ഇന്ന് പല രാജ്യങ്ങളിലും നിലവിലുണ്ട്. റഷ്യയും പോളണ്ടും ഇറ്റലിയും ഹംഗറിയും ഫിലിപ്പീന്‍സും വെനിസ്വേലയുംപോലെ നിരവധി രാജ്യങ്ങളില്‍ ഭരണഘടനാജനാധിപത്യം വന്‍ പ്രതിസന്ധിയെ നേരിടുന്നുണ്ട്.
ഭരണഘടനയെ നിര്‍വീര്യമാക്കുന്ന അഥവാ അട്ടിമറിക്കുന്ന സര്‍ക്കാരുകളെ ചിലപ്പോള്‍ ഭരണഘടനാ കോടതികള്‍തന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇതുവഴി കോടതികള്‍തന്നെ ഭരണഘടനയെ അട്ടിമറിക്കുന്ന സ്ഥിതിവിശേഷത്തെക്കുറിച്ച് ഡേവിഡ് ലന്റാവുവും റോസലിന്റ് ഡിക്സനും ചേര്‍ന്ന് നടത്തിയ പഠനം വിശകലനം ചെയ്യുന്നുണ്ട്. ആഗോളതലത്തില്‍ നടന്ന ഈ പഠനം ഭരണഘടനാ രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യങ്ങളെക്കൂടി വെളിപ്പെടുത്തുന്നതാണ്.
ഇന്ത്യയില്‍ 2018 മുതല്‍ 2022 വരെ നടന്നത് ഒരുതരം ഭരണഘടനാ നിര്‍മ്മാര്‍ജ്ജനമായിരുന്നുവെന്നും ഭൂരിപക്ഷവര്‍ഗീയതയില്‍ വേരുകളിറക്കിയ അധികാരരാഷ്ട്രീയം നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറതന്നെ ഇളക്കിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്നതാണ് കോണ്‍സ്റ്റിറ്റിയൂഷനല്‍ കണ്‍സേണ്‍സ് (Constitutional Concerns) എന്ന എന്റെ പുസ്തകം. ഇക്കാലയളവില്‍ വ്യത്യസ്ത വിഷയങ്ങളില്‍ എങ്ങനെയാണ് സുപ്രീംകോടതിയും ചില ഹൈക്കോടതികളും ഇടപെട്ടതെന്ന് പരിശോധിക്കുന്ന അധ്യായങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. ഒപ്പം, സര്‍ക്കാരും നിയമനിര്‍മാണസഭയും എങ്ങനെയാണ് ഭരണഘടനയെ വെല്ലുവിളിച്ചതെന്നു വ്യക്തമാക്കുന്ന അദ്ധ്യായങ്ങളും ഇതിലുണ്ട്.
വാസ്തവത്തില്‍ ഭരണഘടനാപരമായ ഈ ആകുലതകള്‍ ഇംഗ്ലീഷ് പത്രങ്ങളിലെ വിവിധ ലേഖനങ്ങളിലൂടെ ഞാന്‍ അതത് സമയം പ്രകടിപ്പിച്ചവതന്നെയായിരുന്നു.
പിന്നീട് പിന്‍വലിക്കപ്പെട്ട കാര്‍ഷികനിയമങ്ങള്‍, ഒരുമിച്ചുള്ള മുത്തലാഖിന്റെ ക്രിമിനല്‍വത്കരണം, 'ലവ് ജിഹാദ്'(?) വിരുദ്ധ നിയമങ്ങള്‍, തീവ്രവാദ വിരുദ്ധ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ എന്നിവയെല്ലാം ഈ ലേഖനങ്ങളുടെ പ്രതിപാദ്യവിഷയമായിരുന്നു. ഒപ്പം, കോടതികള്‍ക്കകത്തെ അഴിമതിയും തെറ്റായ പ്രവണതകളും ന്യായാധിപരുടെ പെരുമാറ്റദൂഷ്യവും റിട്ടയര്‍മെന്റിനുശേഷമുള്ള ചില ന്യായാധിപരുടെ പുനരധിവാസവുമെല്ലാം ലേഖനവിഷയങ്ങളായി. രാഷ്ട്രീയവും നിയമപ്രക്രിയയും തമ്മിലുള്ള നാഭീനാളബന്ധം വ്യക്തമാക്കാന്‍ ശ്രമിച്ചവയായിരുന്നു മറ്റു ചില ലേഖനങ്ങള്‍. ഇവയെല്ലാം വെറുതേ കൂട്ടിച്ചേര്‍ക്കുന്നതിനു പകരം സമഗ്രമായി എഡിറ്റ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും പ്രസാധകരായ തൂലിക ബുക്സിലെ (ഡല്‍ഹി) ഇന്ദു ചന്ദ്രശേഖറും ഹോബം ബസന്താ റാണിയും സഹായിച്ചു. രണ്ടാം മോദി ഭരണകാലത്തെ ഇന്ത്യന്‍ അവസ്ഥയുടെ ഒരു നേര്‍ച്ചിത്രം ഭരണഘടനയുടെ ലെന്‍സിലൂടെ കാണാന്‍ വായനക്കാരെ ക്ഷണിക്കാനാണ് പുസ്തകത്തിലൂടെ ശ്രമിച്ചത്.
സ്ഥിരമായി ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതിപ്പോന്നത് ഇപ്പറഞ്ഞ പുസ്തകരചനയെ എളുപ്പമാക്കി. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് ചെലമേശ്വറില്‍നിന്നും ഹിന്ദുവിന്റെ എന്‍. റാം ആണ് പുസ്തകം ഔപചാരികമായി സ്വീകരിച്ചത്. ഏഷ്യന്‍ കോളജ് ഓഫ് ജേണലിസത്തില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും സാമാന്യം നല്ലൊരു സംവാദവും ഉണ്ടായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും ഈ സംവാദങ്ങളെ കാമ്പുള്ളതാക്കിത്തീര്‍ത്തു. ജസ്റ്റിസ് ചെലമേശ്വറും പ്രസംഗത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചു.
നേരേത്ത പറഞ്ഞ, കോടതികള്‍തന്നെ ജനാധിപത്യത്തിനെതിരാകുന്ന അവസ്ഥ ഇന്ത്യയിലും ചിലപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയമനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ഫലത്തില്‍ വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്ത സമീപനത്തിലൂടെയായിരുന്നു ഇന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമവും അതു സൃഷ്ടിച്ച ദുരവസ്ഥയും സ്വീകരിക്കപ്പെട്ടത്.
ആയിടെ (2024) ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാതിരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ സംബന്ധിച്ച വിമര്‍ശനമുണ്ടായി. ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടന്നുവെന്ന് തെളിയിക്കാന്‍ സാധാരണപൗരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് നേരാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് യന്ത്രങ്ങളുടെയും തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നുവെന്നത് തികച്ചും നിര്‍ഭാഗ്യകരവും നിരാശാജനകവുമായ കാര്യമാണ്. 2024-ലെ ലോക്സഭാതിരഞ്ഞെടുപ്പിനു മുമ്പുതന്നെ ഈ അവസ്ഥ ഉണ്ടായിരുന്നു. വോട്ടിങ് മെഷീനുകള്‍ ഒഴിവാക്കി പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യം സുപ്രീംകോടതി തുടര്‍ച്ചയായി നിരാകരിച്ചത് തികച്ചും തെറ്റായിപ്പോയി. പേപ്പര്‍ ബാലറ്റിന്റെ വിശ്വാസ്യത വോട്ടിങ് യന്ത്രത്തിനില്ല എന്നതാണ് ലോകരാജ്യങ്ങളുടെ അനുഭവം.
ഏറ്റവുമൊടുവില്‍, ബിഹാറില്‍ കോടിക്കണക്കിന് ആളുകളെ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താക്കുന്ന നടപടിക്ക് നേതൃത്വം നല്‍കിയതും തിരഞ്ഞെടുപ്പ് കമ്മീഷന്‍തന്നെ. ഇതേ നടപടി കമ്മീഷന്‍ രാജ്യത്തൊട്ടാകെ നടപ്പാക്കാനിടയുണ്ടെന്നും കേള്‍ക്കുന്നു.
ഉന്നതകോടതികള്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന അവസരങ്ങളും നിഷേധിക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ സാധ്യതകളുടെ സുപ്രീംകോടതിയാണ് ഇന്ത്യയിലേത് എന്നാണെന്റെ പക്ഷം. അത് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തില്‍ പിന്നീടുണ്ടായ പ്രതിലോമകരമായ വിധിക്കു നേരേ വിപരീതമാണ് ഇലക്ടറല്‍ ബോണ്ടിന്റെ ഭരണഘടനാവിരുദ്ധത വ്യക്തമാക്കിയ സുപ്രീംകോടതി വിധി. ഇത്തരം സാധ്യതകളെ നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. ഇത്തരം സാധ്യതകളെ അതുവഴി ഒരു ജനതയുടെ പ്രതീക്ഷകളെ നിലനിര്‍ത്തുകയാണ് ഭരണഘടന ചെയ്യുന്നത്. അതിനൊപ്പം നില്‍ക്കുകയെന്നത് അഭിഭാഷകരുടെ മാത്രമല്ല, ജനങ്ങളുടെയാകെ ചുമതലയാണ്.
Content Highlights: Explore the impact of unqualified Election Commissioners on Indian democracy. Supreme Court rulings and the ongoing debate about fair appointments and the future of Indian elections.