ഗര്‍ഭച്ഛിദ്രനിയമം, കുട്ടികളെ ഉപയോഗിച്ചുള്ള പെണ്‍വാണിഭം, കള്ളപ്പണം; കമലാഹാരിസ് നേരിട്ട വെല്ലുവിളികള്‍

#ഡോ. എം. ലീലാവതി
കമലാഹാരിസ്‌
കമലാഹാരിസ്‌

കമല രണ്ടാം തവണ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ പദവിയിലേക്ക് അനായാസമായി തെരഞ്ഞെടുക്കപ്പെട്ടു. 2015 ജനുവരി അഞ്ചാംതീയതി സത്യപ്രതിജ്ഞ. മൂന്നു ദിവസത്തിനുശേഷം സെനറ്റര്‍ ബാര്‍ബറ ബോക്സര്‍ താന്‍ 2016-ലെ തെരഞ്ഞെടുപ്പ് മത്സരത്തില്‍നിന്ന് പിന്‍വാങ്ങുമെന്ന് പ്രസ്താവന ചെയ്തു. 1992 മുതല്‍ അവര്‍ സെനറ്ററായിരുന്നു. രണ്ടാം തവണ അറ്റോര്‍ണി ജനറല്‍ സ്ഥാനം പൂര്‍ത്തിയാക്കിയതിനുശേഷം ഗവര്‍ണര്‍ പദവിയിലേക്കു മത്സരിക്കണമോ അതോ 2016-ല്‍ നടക്കാനിരിക്കുന്ന സെനറ്റര്‍ പദവിയിലേക്കു മത്സരിക്കണമോ എന്ന് കമല ആലോചിച്ചു. ഗവര്‍ണര്‍ ആയതിന്നുശേഷമാണ് കൂടുതല്‍ ഉയര്‍ന്നതായ സെനറ്റര്‍ പദവിയിലേക്ക് ആളുകള്‍ കണ്ണുവെക്കുക പതിവ്. തന്റെ ഭാവിപരിപാടികളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ കമല പ്രചാരണസമിതിയിലെ അംഗങ്ങളായിരുന്ന ഏയ്സ് സ്മിത്ത് (Ace Smith), സീന്‍ ക്ലെഗ്ഗ് (Sean Clegg), ഡാന്‍ ന്യൂമാന്‍ (Dan Newman) എന്നിവരെ വിളിച്ചുകൂട്ടി. യുനൈറ്റഡ് സ്റ്റേറ്റ്സിലെ നൂറ് സെനറ്റ് അംഗങ്ങളിലൊരാളാവുന്നത് അറ്റോര്‍ണി ജനറലോ അതിനും മുകളിലുള്ള ഗവര്‍ണറോ ആയിരിക്കുന്നതിനെക്കാള്‍ ജനസേവനത്തിന്നു കൂടുതല്‍ സഹായകമായിരിക്കില്ലേ? കുടിയേറ്റക്കാര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും അവരര്‍ഹിക്കുന്ന അംഗീകാരവും സഹായവുമെത്തിക്കാന്‍ സെനറ്റര്‍ പദവി കൂടുതല്‍ ഉപകരിക്കുകയില്ലേ? തന്റെ ഉപദേശക സംഘത്തിന്റെയും ടോണി വെസ്റ്റിന്റെയും മായയുടെയും എംഹോഫിന്റെയും ഏകോപിത നിര്‍ദേശമനുസരിച്ച് സെനറ്റര്‍ പദവിയിലേക്ക് മത്സരിക്കാന്‍ തന്നെ നിശ്ചയിച്ചു. രണ്ടാം വട്ടം അറ്റോര്‍ണി ജനറലായി എട്ടുദിവസമേ പിന്നിട്ടിരുന്നുള്ളൂ, 2016-ല്‍ സെനറ്ററുടെ മത്സരത്തിലേക്കിറങ്ങുമെന്നു പ്രഖ്യാപിക്കുമ്പോള്‍. ഒബാമ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുമ്പോള്‍ പ്രചാരണത്തിനുവേണ്ടി നാടുനീളെ സഞ്ചരിച്ച് പ്രഭാഷണങ്ങള്‍ നടത്തി 'പെണ്‍ഒബാമ' എന്നൊരു പ്രസിദ്ധിയും ഉണ്ടായിക്കഴിഞ്ഞിരുന്നു. രണ്ടുപേര്‍ക്കും തമ്മില്‍ പല സദൃശതകളുമുണ്ട് എന്ന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ടല്ലോ. വര്‍ഗവിവേചനമുക്തമായ ഒരു ഏകീകൃത അമേരിക്കയാണ് രണ്ടുപേരുടെയും സുന്ദരസ്വപ്നം. പ്രശസ്തരായ പല സെനറ്റര്‍മാരും പിന്തുണ വാഗ്ദാനം ചെയ്തു. സെനറ്റര്‍ എലിസബത്ത് വാറന്‍ (Elizabeth Warren) പ്രസ്താവനയിറക്കിയതില്‍ 'Smart tough and experienced prosecutor who consistently stood up to Wall Street' എന്നു വിശേഷിപ്പിച്ചിരുന്നു. ബാങ്ക്സംഘത്തോടേറ്റുമുട്ടിയതിലെ ധീരത അത്യസാധാരണമെന്ന് എല്ലാവരും അംഗീകരിച്ചിരുന്നു. സെനറ്റര്‍ കോറി ബുക്കര്‍ (Cory Booker) തന്റെ അനുയായികളെ കമലയ്ക്കുവേണ്ടി ഫണ്ടുപിരിക്കാന്‍ പ്രേരിപ്പിച്ചു. കിഴ്സ്റ്റണ്‍ ഗില്ലി ബ്രാന്‍ഡ് (Kirsten Gilli Brand) 'സെനറ്റില്‍ ഉണ്ടായേ തീരൂ എന്ന വിഭാഗത്തിലുള്‍പ്പെട്ട രാഷ്ട്രീയ നേതാവെ'ന്നു കമലയെ വിശേഷിപ്പിച്ചു.

അറ്റോര്‍ണി ജനറല്‍മാര്‍ക്ക് വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനത്തില്‍ നിയമലംഘനമുണ്ടായെന്നു ബോധ്യപ്പെട്ടാല്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അധികാരമുണ്ട്. ഇത് ദുര്‍വിനിയോഗം ചെയ്താലും ചോദ്യം ചെയ്യപ്പെടുകയില്ല എന്നതിനാല്‍ സത്യസന്ധതയുള്ളവര്‍ വിരളമായേ അത്തരം സാഹസങ്ങള്‍ക്കു പുറപ്പെടൂ. കമലാ ഹാരിസ് ആ അധികാരം ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ അത്യന്തം വിരളമാണ്. ആ സന്ദര്‍ഭങ്ങളിലാകട്ടെ ചെയ്തതു ശരിയാണെന്നു ജനഗണത്തിന് വിശ്വാസം വരത്തക്കവണ്ണം അനിഷേധ്യമായ തെളിവുകളുണ്ടായിരുന്നുതാനും. കമല സ്വയം വളര്‍ത്തിയെടുത്ത നീതിമതിയെന്ന നേതൃപ്രതിച്ഛായ കമലയുടെ ജൈത്രയാത്രക്കു കെടാത്ത ഇന്ധനമായി.

നിയമങ്ങള്‍ ധിക്കരിക്കാന്‍ എത്ര ഉന്നതരായാലും ആര്‍ക്കും അവകാശമില്ലെന്ന പക്ഷത്തു നില്‍ക്കേണ്ടവരാണല്ലോ അറ്റോര്‍ണിമാര്‍. നിയമത്തെ അനുസരിക്കേണ്ടത് പൗരന്റെ കടമയായിരിക്കുന്നതുപോലെ നിയമങ്ങള്‍ പൗരന്റെ മനുഷ്യത്വപരമായ അവകാശങ്ങളെ ഉല്ലംഘിക്കുമ്പോള്‍ അതിനെ അവഗണിക്കാനുള്ള സ്വാതന്ത്ര്യവും പൗരന്നവകാശപ്പെട്ടതാണെന്ന പക്ഷത്താണ് കമല എന്നും നിലയുറപ്പിച്ചത്. ആ വകുപ്പില്‍പ്പെട്ടതാണ് ജനകത്വാസൂത്രണമെന്ന് പ്രഖ്യാപിച്ച് അതിനെന്നതിരെയുള്ള നിയമം ലംഘിക്കുന്നതിനുവേണ്ടി (Planned Parenthood-നുവേണ്ടി)യുള്ള പോരാട്ടം കമല ഏറ്റെടുത്തു. കാലിഫോര്‍ണിയയിലെ നാലുകോടിയോളം വരുന്ന ജനസംഖ്യയില്‍ ഇതിന്നെതിര്‍പക്ഷത്തു നിലയുറപ്പിച്ചവര്‍ നന്നേ കുറച്ചുമാത്രമായിരുന്നു; എങ്കിലും ആ കുറച്ചുപേരില്‍ ചിലര്‍ ഗൗരവപ്പെട്ട ചില ഹേതുക്കളുന്നയിച്ചു. അതിലൊന്ന് ഗര്‍ഭച്ഛിദ്രം നടത്തി ഭ്രൂണത്തിന്റെ അവയവങ്ങള്‍ കച്ചവടം നടത്തുന്നുവെന്നായിരുന്നു. ഈ വ്യാപാരം നിയമവിരുദ്ധമാണെന്ന് ഗര്‍ഭച്ഛിദ്രത്തിനനുകൂലമായവരും സമ്മതിക്കുമല്ലോ. ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയാല്‍ വ്യാപാരം തടയാനാവില്ലെന്നായിരുന്നു എതിരാളികളുടെ വാദം.

ഡേവിഡ് ഡാലിഡെന്‍ (David Daleiden) സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസ് എന്നൊരു സ്ഥാപനം നടത്തിയിരുന്നു. ജനകത്വാസൂത്രണത്തിന്റെ വക്താക്കള്‍ ആയ ചിലര്‍ ഈ വ്യാപാരത്തിന്നനുകൂലമായി സംസാരിക്കുന്നതിന്റെ ചിത്രം (വീഡിയോ) ആ സ്ഥാപനം പുറത്തുവിട്ടു. സ്വകാര്യ ഭാഷണത്തിന്റെ വീഡിയോ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും പത്രപ്രവര്‍ത്തകനായ തനിക്ക് അതു ബാധകമല്ലെന്ന് ഡേവിഡ് വാദിച്ചു. വീഡിയോ കൃത്രിമമായിരുന്നെങ്കിലും അതു തെളിയിക്കല്‍ എളുപ്പമല്ല. എങ്കിലും ഇത്തരം ആരോപണങ്ങള്‍ ഗര്‍ഭച്ഛിദ്രത്തിന്നും ജനകത്വാസൂത്രണത്തിന്നും ഗര്‍ഭനിരോധകസാമഗ്രികളുപയോഗിക്കുന്നതിന്നും ഉള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന നിയമമുണ്ടാക്കുന്നതിനെ സാധൂകരിക്കുകയില്ലെന്ന അചഞ്ചലമായ നിലപാട് ഭൂരിപക്ഷം വരുന്ന ജനങ്ങളെപ്പോലെ കമലയും കൈക്കൊണ്ടു. ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്കു തീകൊടുക്കാനും ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിക്കാനും എതിരാളികള്‍ മടിച്ചില്ല.

ജനകത്വാസൂത്രണ നിയമമുണ്ടായതിന്റെ പ്രബല ഹേതുക്കള്‍ ഗര്‍ഭധാരണത്തിന്റെ ബഹുത്വംകൊണ്ട് സ്ത്രീകള്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുക, കൗമാരത്തില്‍ ഗര്‍ഭധാരണമുണ്ടായിപ്പോയാല്‍ അത് നീക്കംചെയ്ത് കുട്ടികളെ രക്ഷിക്കുക, സംയോഗംവഴി പടരുന്ന രോഗങ്ങളില്‍നിന്ന് സ്ത്രീകളെ മുക്തരാക്കുക, കീടനാശിനിപ്രയോഗങ്ങളുടെ ഫലമായോ മറ്റു കാരണങ്ങളാലോ മാറാരോഗങ്ങളോടെ കുഞ്ഞുങ്ങള്‍ പിറക്കുന്നത് ഒഴിവാക്കുക എന്നിങ്ങനെ ഒട്ടേറെയുണ്ട്. അഹിംസ എന്ന തത്ത്വമാണ് ഗര്‍ഭച്ഛിദ്രത്തിന്റെ എതിരാളികള്‍ മുറുകെപ്പിടിക്കുന്നതെന്ന വാദത്തിലും കാമ്പില്ല. അഹിംസയെ പൊക്കിപ്പിടിക്കുന്നവര്‍ നാനാതരം ജീവികളെ കൊന്ന് നിത്യേന മാംസം ഭുജിക്കുന്നുണ്ട്. ഭ്രൂണഹത്യ നരഹത്യയാണെന്ന് പൂര്‍ണാര്‍ത്ഥത്തില്‍ സ്ഥാപിക്കാവുന്നതല്ല. ഗര്‍ഭത്തിന്റെ പ്രാഥമികഘട്ടങ്ങളില്‍ 'ജീവി' എന്നു നിര്‍വചിക്കാവുന്ന അവസ്ഥയില്ല. ഇച്ഛിക്കപ്പെടാത്ത ഗര്‍ഭത്തെ ആദ്യത്തെ രണ്ടുമൂന്ന് മാസങ്ങള്‍ക്കുള്ളില്‍ അലസിപ്പിക്കുന്നതില്‍ ഹിംസാപ്രശ്നമില്ല. 'ഗര്‍ഭച്ഛിദ്രത്തിന്നെതിര്‍നിന്നുവെന്നതിന്‍പേരില്‍ സ്വര്‍ഗത്തിലിരിക്കുന്ന ഭ്രൂണങ്ങള്‍ എന്നോട് നന്ദിയുള്ളവരായിരിക്കും.' എന്ന് അവകാശപ്പെട്ട ഡേവിഡ് ഡെലിഡന്റെ യുക്തിബോധത്തെപ്പറ്റിയോ ശാസ്ത്രീയചിന്തയെപ്പറ്റിയോ ഒന്നും പറയേണ്ടതില്ലല്ലോ. ഇത്തരക്കാരെ പരസ്യമായി എതിര്‍ക്കാനൊന്നും മിനക്കെടാതെ സ്ത്രീകളുടെ ആരോഗ്യം എന്ന അടിസ്ഥാനവസ്തുതയുടെയും സ്വന്തം ശരീരത്തിന്റെ പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാന്‍ സ്ത്രീക്കുണ്ടാകേണ്ട സ്വാതന്ത്ര്യത്തിന്റെയും പേരിലാണ് കമല വാദങ്ങള്‍ സ്വരൂപിച്ചത്. ഇവയെ ആസ്പദമാക്കി ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുവേണ്ടി ഡോക്ടര്‍മാരും നഴ്സുമാരും ക്ലിനിക്കുകളില്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നതിന്നാവശ്യമായ ആശയപ്രചാരണത്തില്‍ നിസ്സന്ദേഹം കമല ഏര്‍പ്പെട്ടു. അത് വോട്ടുനേടാന്‍ വേണ്ടിയാണെന്ന് എതിരാളികള്‍ വാദിച്ചേക്കും. മാനുഷികതയോടുള്ള കാരുണ്യവും ആദരവും അപ്രകാരം അപവദിക്കപ്പെടുന്നത് ലോകസാധാരണമാണല്ലോ.

യാഥാസ്ഥിതിക മതവിശ്വാസികള്‍ എവിടെയും ഏതുകാലത്തും കൊടും പാപങ്ങളിലൊന്നായിട്ടാണ് ഗര്‍ഭച്ഛിദ്രത്തെയും ജനകത്വാസൂത്രണത്തെയും കരുതിവരുന്നത്. അവരെ പ്രീണിപ്പിക്കണമോ സ്ത്രീകളെ അവരുടെ ദേഹപ്രകൃതിയുടെ ഫലമായി സംഭവിക്കുന്ന കെടുതികളില്‍നിന്ന് മോചിപ്പിക്കണമോ എന്നു ചിന്തിക്കുമ്പോള്‍ മനുഷ്യസ്നേഹികള്‍ രണ്ടാമത്തേതില്‍ മനസ്സൂന്നുമല്ലോ. ഫ്രീഡം, അക്കൗണ്ടബിലിറ്റി, കോംപ്രിഹെന്‍സീവ് കേയര്‍, ട്രാന്‍സ്പാരന്‍സി (Freedom, Accountability, Comprehensive Care, Transperency) എന്നീ പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ FACT എന്ന ACT (നിയമം)-ല്‍ ഗവര്‍ണര്‍ ജറി ബ്രൗണ്‍ 2015 ഒക്ടോബര്‍ ഒമ്പതിന്ന് ഒപ്പുവെച്ചപ്പോള്‍ കമല ഇങ്ങനെ ഘോഷിച്ചു: 'I am proud to have co-sponsored the reproductive FACT Act which ensures that all women have equal access to comprehensive reproductive health care services and that they have the facts they need to make informal decision about their health and their lives.'

എന്നാല്‍ ഡേവിഡ് ഡാലിഡെനെപ്പോലുള്ളവര്‍ മാത്രമല്ല എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളളതെന്നും യു.എസ്. സുപ്രീംകോര്‍ട്ടിലെ ജസ്റ്റിസുമാര്‍വരെ എതിര്‍പക്ഷത്തുണ്ടെന്നും കമലയ്ക്ക് നന്നായറിയാമായിരുന്നു. രാഷ്ട്രീയഭാവി മാത്രമാണ് കമല ലാക്കാക്കിയിരുന്നതെങ്കില്‍ 'ഫാക്ടി'ന്റെ പിറവിയില്‍ അത്രയേറെ ഉത്സാഹം പ്രത്യക്ഷമായി പ്രകടിപ്പിക്കുമായിരുന്നില്ല. National Institute of Family and Life Advocates എന്നൊരു സംഘടന വിര്‍ജീനിയയില്‍ ഉണ്ടായിരുന്നു- NIFLA. ആ സംഘടന FACT-ന്ന് എതിരായി സുപ്രീം കോടതിയില്‍ കേസുകൊടുത്തു. അവിടെ അന്തിമവിധി വന്നത് NIFLA-യ്ക്ക് അനുകൂലമായിട്ടാണ്. 54 ആയിരുന്നു ജഡ്ജിമാരുടെ അനുകൂലമായും പ്രതികൂലമായുമുള്ള വിധിപ്രസ്താവന.

അറ്റോര്‍ണി ജനറല്‍ ഒന്നാംവട്ടക്കാലത്ത് കുട്ടികളെയും സ്ത്രീകളെയും കച്ചവടച്ചരക്കാക്കുന്നവര്‍ക്കെതിരെ കമല ചെയ്ത ഐതിഹാസിക യുദ്ധത്തിന്റെ അധ്യായം കമലയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നാണ്.

'Human trafficking is a modern form of slavery. It involves controlling a person through force fraud and coercion to exploit the victim for forced labour, sexual exploitation or both' എന്ന് കമല ഒരു റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചു. ഓണ്‍ലൈന്‍ ആയി ഈ വാണിഭം പടര്‍ന്നുപിടിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. 'ബാക്ക്പേജ് കോം' (Backpage.com) എന്നു പേരുള്ള ഒരു ഏജന്‍സിയെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചു.

ഓണ്‍ലൈനായി പെണ്‍വാണിഭം (pimping) പ്രസ്ഥാനം വ്യാപിപ്പിച്ചിരുന്ന ഒരു കൂറ്റന്‍ കമ്പനിയാണ് ബാക്ക്പേജ് കോം. ഒരു സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും വ്യഭിചാരത്തിന്ന്, 'മുട്ടിയാലുടനെത്തുറന്നുകൊടുക്കുന്ന' വാതില്‍. അതിന്ന് ലോകമൊട്ടുക്ക് പ്രചാരമുണ്ടായിരുന്നു. തൊണ്ണൂറ്റേഴ് രാജ്യങ്ങളിലായി 943 കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. കൊല്ലത്തില്‍ നൂറു ദശലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കിയിരുന്ന വമ്പന്‍ കമ്പനി.

ബാക്ക്പേജ് പിറവിപൂണ്ടത് 1960-70 കാലഘട്ടത്തിലാണ്. മുഖ്യധാരാ പത്രങ്ങള്‍പോലെ ആള്‍ട്ടര്‍നേറ്റിവ് പത്രങ്ങള്‍ ഉദയംകൊണ്ടത് അക്കാലത്താണല്ലോ. അവയും വരുമാനത്തിന്ന് ആലംബമായിക്കണ്ടത് ക്ലാസിഫൈഡ് പരസ്യങ്ങളെത്തന്നെയായിരുന്നു. 2004-ല്‍ ക്രെയ്ഗ് ന്യൂമാര്‍ക്ക് പുതിയ വെബ്സൈറ്റിലൂടെ ചെലവില്ലാതെ പരസ്യങ്ങള്‍ കൊടുക്കാവുന്ന സ്ഥിതിയുണ്ടാക്കി. ഈ ഭീഷണിയെ നേരിടാനാണ് ഫീനിക്സ് ന്യൂ ടൈംസ് നടത്തിയിരുന്ന മൈക്കേയ്ല്‍ ലാസിയും ജേയ്ംസ് ലാര്‍ക്കിനുംകൂടി ബാക്ക്പേജ് കോം തുടങ്ങിയത്. അവര്‍ പല രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. വമ്പന്‍ സുഖവാസകേന്ദ്രങ്ങള്‍ പല രാജ്യങ്ങളിലും പടുത്തുയര്‍ത്തി. സാന്‍ഫ്രാന്‍സിസ്‌കോവില്‍ പ്രകൃതിരമണീയമായ ഒരു സ്ഥലത്ത് സ്ഥാപിച്ച കേന്ദ്രത്തിന്റെ മതിപ്പുവില പതിനാലു ദശലക്ഷം ഡോളറായിരുന്നു. സെന്റ് പൊലനയിലെ ഒരു അഞ്ച് കിടപ്പുമുറിക്കെട്ടിടത്തിന്റെ മതിപ്പുവില മൂന്നരലക്ഷത്തോളം.
അറ്റോര്‍ണി ജനറല്‍ സ്ഥാനത്തെത്തി എട്ടുമാസം പിന്നിട്ട കാലത്ത് (2011) 45 സ്റ്റേറ്റ് അറ്റോര്‍ണിമാര്‍ ഒപ്പിട്ട ഒരു നോട്ടീസില്‍ കമലയും ഒപ്പുവെച്ചിരുന്നു. മനുഷ്യക്കടത്തിന്നെതിരെ, വിശേഷിച്ചും പ്രായപൂര്‍ത്തിയെത്താത്തവരെ കച്ചവടച്ചരക്കാക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നാണ് ബാക്ക്പേജിന്റെ അറ്റോര്‍ണിക്ക് നല്‍കപ്പെട്ട നോട്ടീസില്‍ പ്രസ്താവിച്ചിരുന്നത്. ബാക്ക്പേജ് അത്തരം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന് കണ്ടെത്തിയതായി വെളിപ്പെടുത്തിയിരുന്നു. കമ്പനി നോട്ടീസ് ഗൗനിച്ചില്ല.

1995-ല്‍ പ്രസിഡന്റ് ക്ലിന്റണ്‍ അംഗീകരിച്ച നിയമമാണ് 'കമ്യൂണിക്കേഷന്‍സ് ഡീസെന്‍സി ആക്ട്.' അതനുസരിച്ച് അശ്ലീല വാഗ്വ്യാപാരം കുഞ്ഞുങ്ങളുടെ കാഴ്ചപ്പാടിലെത്തിക്കുന്നത് വിലക്കിയിരുന്നു. വിലക്ക് ജലരേഖയായിപ്പരിണമിച്ചു. മുന്‍പറഞ്ഞ സി.ഡി. ആക്റ്റ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍ മുതലായവയ്ക്ക് ഒരുവക നിരോധവും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇവയുടെ മറവിലാണ് ബാക് പേജ് കോം പ്രവര്‍ത്തിച്ചിരുന്നതെന്നതിനാലാണ് അറ്റോര്‍ണി ജനറല്‍മാരുടെ നോട്ടീസിനെ അവര്‍ പുല്ലുപോലെ അവഗണിച്ചത്. അതിദാരുണമായ ദുരന്തങ്ങള്‍ നിരന്തരം അരങ്ങേറിക്കൊണ്ടിരുന്നു. ഫ്ളോറിഡയിലെ ഒരു 'പിമ്പിങ്' പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ കണ്‍പോളകളില്‍ തന്റെ പേര് ടാറ്റൂ ചെയ്തു. (മായാത്ത രേഖ കൊത്തിവെക്കല്‍) അവള്‍ തന്റെ സ്വത്താണെന്നു സ്ഥാപിക്കാന്‍. ബാക്ക്പേജ് വില്പനച്ചരക്കാക്കിയ ഒരു പെണ്‍കുഞ്ഞിനെ തോക്കുചൂണ്ടി പേടിപ്പിച്ച് വദനസുരതം ചെയ്യിച്ചു ശ്വാസം മുട്ടിച്ചു. കൂട്ടബലാത്സംഗത്തിന്നിരയാക്കി. പതിനഞ്ചു വയസ്സുമാത്രമുള്ള ഒരു കുമാരിയെ ഇളയച്ഛനും സുഹൃത്തുക്കളും കൂടി വ്യാപാരം ചെയ്തത് മണിക്കൂറില്‍ 200 ഡോളര്‍ നിരക്കില്‍. പലപല ഹോട്ടലുകളില്‍ അവളെ ബലാത്കാരത്തിന്നിരയാക്കി. ടെക്സാസില്‍ വില്ക്കപ്പെട്ട ഒരു പെണ്‍കിടാവിനെ വാങ്ങിയവന്‍ കൊലചെയ്ത് ദേഹം ചുട്ടുകരിച്ചു.

2011-ല്‍ ബാക്പേജിനു കൊടുത്ത നോട്ടീസ് അവര്‍ നിസ്സാരമാക്കിത്തള്ളിയതിന്നുശേഷം നാല്പത്തൊമ്പത് അറ്റോര്‍ണി ജനറല്‍മാര്‍ ഒപ്പിട്ടിരുന്ന നിവേദനം യു.എസ്. നിയമസഭയിലും സെനറ്റിലും സമര്‍പ്പിച്ചിരുന്നു, നടപടിയൊന്നുമുണ്ടായില്ല.

ഒടുവില്‍ കമല തന്റേതായ ഒരു വഴി തേടി. മാഗി ക്രെല്‍ (Maggy Krell) എന്നു പേരായ ഒരു ഡെപ്യൂട്ടി ഡിസ്റ്റ്രിക്റ്റ് അറ്റോര്‍ണിയുടെ സഹായത്തോടെ ഒരു പദ്ധതി ആവിഷ്‌കരിച്ചു. 2003-ല്‍ U.C. Davis School of Law യില്‍നിന്ന് നിയമബിരുദമെടുത്തശേഷം സാന്‍ ജോക്വിന്‍ കൗണ്ടിയിലായിരുന്നു അവര്‍ ആദ്യം പ്രാക്റ്റീസ് ചെയ്തത്. പിന്നീട് കാലിഫോര്‍ണിയാ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിലേക്കു മാറി. ഉഴിച്ചല്‍ കേന്ദ്രങ്ങള്‍ (Massage Parlour) എന്ന പേരില്‍ സ്ഥാപനങ്ങള്‍ നടത്തി കുട്ടികളെയും സ്ത്രീകളെയും ലൈംഗികചൂഷണത്തിനിരകളാക്കുന്ന കുറ്റവാളികള്‍ക്കെതിരെ കേസ്സുകള്‍ നടത്താന്‍ കാലിഫോര്‍ണിയാ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസില്‍ അവര്‍ മുന്‍കയ്യെടുത്തിരുന്നത് കമലയ്ക്കറിയാമായിരുന്നു. അന്താരാഷ്ട്ര വൈപുല്യമുണ്ടായിരുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണം ചുഴിഞ്ഞു ചുഴിഞ്ഞു ചെല്ലുമ്പോള്‍ എത്തിയിരുന്നത് ബാക്ക്പേജ് എന്ന അടിസ്ഥാനശിലയിലാണ്. ചൂഷണം ചെയ്യപ്പെടുന്ന ബാലികമാരുടെയും യുവതികളുടെയും അവസ്ഥ ജയില്‍പ്പുള്ളികളെപ്പോലെയായിരുന്നു. തോക്കുവില്പനക്കാര്‍ക്കും മയക്കുമരുന്നുവില്പനക്കാര്‍ക്കും ചരക്കുകള്‍ ഒരിക്കല്‍ മാത്രമാണല്ലോ വില്‍ക്കാന്‍ കഴിയുക. പെണ്‍വാണിഭ റാക്കറ്റുകള്‍ക്ക് കൗമാരം പിന്നിടാത്ത കുട്ടികളെയും യുവതികളെയും പലതവണ വില്ക്കാം.

മാഗി ക്രെല്ലിനെക്കൊണ്ട് ഈ പെണ്‍വാണിഭച്ചന്തയിലെ വമ്പന്മാരെ തളയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതിന്ന് അവരുടെ അറ്റോര്‍ണിപദത്തെ ഉപയോഗപ്പെടുത്താമെന്നു കമല നിശ്ചയിച്ചു.

മൂന്നു കൊല്ലമായി നടന്നിരുന്ന ഒരു വിപണന വീരനുള്‍പ്പെട്ട കേസ്സ് എത്രത്തോളമായി എന്ന് കമല മാഗിയോടന്വേഷിച്ചു. വാണിഭത്തിന്റെ ഇരകളില്‍ മൈനര്‍മാരെത്രയുണ്ട്, തങ്ങളുടെ ദയനീയസ്ഥിതിയെപ്പറ്റി മൊഴികൊടുക്കാന്‍പറ്റുന്നമട്ടില്‍ അവരെ സ്വതന്ത്രരാക്കാന്‍ കഴിയുമോ എന്നെല്ലാമാണ് കമലയ്ക്ക് അറിയേണ്ടിയിരുന്നത്. നാഷനല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്റ് എക്സ്പ്ലോയ്റ്റഡ് ചില്‍ഡ്രന്‍ എന്ന ഏജന്‍സിയില്‍നിന്ന് മാഗി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബാക്ക്പേജിലെ പരസ്യങ്ങള്‍വഴി കെണിയില്‍പ്പെട്ടവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

ബാക്ക്പേജ് പരസ്യം വഴി സ്ത്രീകളെയും കുട്ടികളെയും വ്യഭിചാരത്തൊഴിലിന്റെ കെണിയില്‍പ്പെടുത്തുന്നതിന്നു തെളിവുണ്ടാക്കുന്നതിന്നുവേണ്ടി 'സര്‍വീസ്' നല്കുന്നവരായി അഭിനയിക്കാന്‍ ഏജന്റുകളെ മാഗി ഏര്‍പ്പാടുചെയ്തു, അവര്‍ പരസ്യത്തിന്നു പണമടച്ചു. 'സോഫ' 'എസ്‌കോര്‍ട്ട്' എന്നീ കോഡുകളാണ് ഉപയുക്തമായത്. നാല്പത്തെട്ടു മണിക്കൂറിന്നുള്ളില്‍ 'എസ്‌കോര്‍ട്ട്' സര്‍വീസ് ആവശ്യപ്പെട്ടുകൊണ്ടുള്ള 803 വിളികള്‍ പുരുഷന്മാരില്‍നിന്നുണ്ടായത്രെ. ബാക്ക്പേജിലെ പരസ്യമനുസരിച്ച് 'സര്‍വീസ്' നല്കാന്‍ ഹാജരാക്കപ്പെട്ട പല സ്ത്രീകളെയും കുട്ടികളെയും 'ആവശ്യക്കാരുടെ' വേഷം കെട്ടിയ ഏജന്റുമാര്‍ റോക് ലിനിലെ ഒരു ഹോട്ടല്‍ റൂമിലേക്കെത്താന്‍ ക്ഷണിച്ചു. അവരില്‍ ഇരുപതുകാരും പതിനഞ്ചുകാരുമുണ്ടായിരുന്നു. ഒരു പതിമൂന്നുകാരിയുടെ കഥ മറ്റു കുട്ടികള്‍ പറഞ്ഞു. ആ കുട്ടിയുടെ ചിത്രം ബാക്ക്പേജിലുണ്ടായിരുന്നു. അവളെ കൂട്ടിക്കൊടുപ്പുകാരനിലേക്കെത്തിച്ചത് അവള്‍ വിശ്വസിച്ച രക്ഷിതാവായിരുന്നു. തീരെ ഉയരം കുറഞ്ഞ അവളെ ചെറിയ കുട്ടികളുടെ ഉടുപ്പുവില്പനവിഭാഗത്തിലേക്ക് കൂട്ടിക്കൊടുപ്പുകാരന്‍ കൊണ്ടുപോയി. അവളെ പിന്നീട് ആരും കണ്ടിട്ടില്ല.

തനിക്കു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 2016 സെപ്റ്റംബറില്‍ മാഗി ക്രെല്‍ ബാക്ക്പേജിന്റെ എക്സിക്യൂട്ടിവ് ഓഫീസറായ കാള്‍ ഫെറര്‍ 
(Carl Ferrer) മുഖ്യ ഉടമകളായ ലാസി, ലാര്‍കിന്‍ (Lacey, Larkin) എന്നിവരെ പ്രതികളാക്കി ക്രിമിനല്‍ കുറ്റക്കേസ് ഫയലാക്കി. മൂന്നുപേര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ടും ഫയല്‍ ചെയ്തു. ആംസ്റ്റര്‍ഡാമില്‍നിന്ന് വിമാനയാത്ര ചെയ്തു ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഫെറററെ കാലിഫോര്‍ണിയ സ്റ്റേറ്റ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ദള്ളാസിലെ ബാക്ക്പേജ് ഓഫീസുകളില്‍ പരിശോധനയും നടത്തി. ടെക്സാസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍ (Ken Paxton) ഏര്‍പ്പെടുത്തിയ ഏജന്റുമാരാണ് കാലിഫോര്‍ണിയ അധികൃതര്‍ക്ക് പരിശോധനയില്‍ ഉപകരണങ്ങളായത്. മൂന്നുപേരുടെയും അറസ്റ്റ് പ്രഖ്യാപിച്ചുകൊണ്ട് കെന്‍ പാക്സ്റ്റണ്‍ പത്രസമ്മേളനം നടത്തി. അറ്റോര്‍ണി ജനറല്‍ കമലാ ഹാരിസ് ഒരു പ്രസ്താവന പത്രത്തിന്നു നല്കിയതല്ലാതെ പ്രസ് കോണ്‍ഫറന്‍സ് നടത്തിയില്ല.

കോടതിമുറിയില്‍ ലൈംഗികചൂഷണത്തിന്നിരയായ കുട്ടികളുടെ ജനയിതാക്കളും അവരുടെ അഭിഭാഷകരും വന്‍തോതില്‍ സന്നിഹിതരായിരുന്നു. വര്‍ഷങ്ങളോളമായി അവര്‍ കാത്തുകാത്തിരുന്ന സംഭവമാണ്. ഇരകളായിപ്പോയ കുട്ടികളെ കണ്ടെത്താനും അവര്‍ക്ക് മാനസിക ചികിത്സ നല്‍കാനും മുതിര്‍ന്ന കാരിസ്സ ഫെല്‍പ്സിനെ (Carissa Phelps) കമലാ ഹാരിസ് പ്രത്യേകം പ്രശംസിക്കുകയുണ്ടായി.

നാല്പത്തൊമ്പത് അറ്റോര്‍ണി ജനറല്‍മാര്‍ ഒപ്പുവെച്ച നിവേദനംകൊണ്ടു സാധിക്കാതിരുന്ന ലക്ഷ്യമാണ് കമലാ ഹാരിസ് മറ്റൊരു ധീരയായ അറ്റോര്‍ണിയുടെ സഹായത്തോടെ നേടിയെടുത്തത്. അറ്റോര്‍ണി ജനറല്‍ സുശക്തമായ പ്രേരണയും പിന്തുണയും നല്കിയിരുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്കു മാഗി ക്രെല്ലിന് നേടാന്‍ കഴിയുമായിരുന്ന വിജയമല്ല അത്. കമലയുടെ ബുദ്ധിശക്തിയും അനുഭവജ്ഞാനവും തന്നെയാണ്, അജയ്യരായി വിലസിയിരുന്ന കൊടുംകുറ്റവാളികളുടെ പത്തികളിന്മേല്‍ നൃത്തം ചെയ്തത്.

ബാക്ക്പേജ് ഭരണക്കാരായ പ്രതികള്‍ വാദിച്ചത് റിസോര്‍ട്ടുകളിലെ സംഭവങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ്. കമ്യൂണിക്കേഷന്‍ ഡീസെന്‍സി നിയമമനുസരിച്ച് ഈ വാദം സാധൂകരിക്കാമായിരുന്നു. അങ്ങനെ കാലിഫോര്‍ണിയ സ്റ്റേറ്റ് ജഡ്ജി ബാക്ക്പേജിന്റെ അഭിഭാഷകരുടെ വാദത്തെ ആസ്പദമാക്കി കേസ് തള്ളുകയാണുണ്ടായത്. എങ്കിലും ബാക്ക്പേജ് ഓഫീസുകളില്‍ നടത്തിയ പരിശോധന വ്യര്‍ത്ഥമായില്ല. ഐസ്ലാന്റ്, ഹംഗറി മുതലായ ചില രാജ്യങ്ങളിലെ ബാങ്കുകളിലൂടെ ബാക്ക്പേജ് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതിന്നുള്ള രേഖകള്‍ കണ്ടെടുത്തിരുന്നു. അതിന്‍പേരില്‍ 2016 ഡിസംബര്‍ 23-ന്, സ്ഥാനമൊഴിഞ്ഞ് സെനറ്റര്‍ പദവിയാരോഹണത്തിന്നൊരുങ്ങുന്ന കമലയുടെ അനുഗ്രഹാശിസ്സുകളോടെ ആ മൂന്നു വമ്പന്മാര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റത്തിന്ന് അറ്റോര്‍ണി മാഗി ക്രെല്‍ കേസ് ഫയല്‍ ചെയ്തു. കമലാ ഹാരിസ് അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് ബാക്ക്പേജും പിന്തുണക്കാരും ആരോപണമുയര്‍ത്തി.

2017 ഓഗസ്റ്റ് 23-ന്, ലാര്‍കിന്‍, ലേസി, ഫെററര്‍ത്രിമൂര്‍ത്തികളുടെ പേരിലുള്ള പണം വെളുപ്പിക്കല്‍ കേസ് സാക്രമാന്റോവില്‍ സുപീരിയര്‍ കോര്‍ട്ട് ജഡ്ജി ലോറന്‍സ് സാധുവായി പ്രഖ്യാപിക്കയും തുടരാനനുവാദം നല്കയും ചെയ്തു. 2018 ഏപ്രിലില്‍ ഫെററര്‍ കുറ്റം സമ്മതിക്കുകയും തന്റെ ബോസ്സുമാരായിരുന്നവര്‍ക്കെതിരെ സാക്ഷിയാവാമെന്ന് ഏല്ക്കുകയും ചെയ്തു. 2018 ഏപ്രിലില്‍ ബാക്ക്പേജിന്റെ മറ്റ് ഏഴ് എക്സിക്യൂട്ടീവുകള്‍ക്കെതിരെ വ്യഭിചാരപ്രോത്സാഹനത്തിന്നും കള്ളപ്പണം വെളുപ്പിക്കലിന്നും ഫീനിക്സിലെ യു.എസ്. അറ്റോര്‍ണി ഓഫീസ് കേസ്സെടുത്തിട്ടുണ്ട്. 2018 ഏപ്രിലില്‍ ഫെഡറല്‍ അധികൃതര്‍ ബാക്ക്പേജ് പൂട്ടാന്‍ ഉത്തരവിറക്കി.

ബാക്ക്പേജ് പോലുള്ള ഭീമന്‍ കമ്പനികള്‍ക്കെതിരായ യുദ്ധത്തിന്നിറങ്ങല്‍ വലിയൊരു വെല്ലുവിളിയാണ്. വിശേഷിച്ചും കമ്യൂണിക്കേഷന്‍സ് ഡീസെന്‍സി ആക്റ്റ് പോലുള്ള നിയമങ്ങളിലൂടെ അവര്‍ക്കു രക്ഷപ്പെടാമെന്നിരിക്കെ. ബാക്ക്പേജിന്നെതിരായ കേസ്സു കുത്തിപ്പൊക്കിയത് സെനറ്റര്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന്നുവേണ്ടിയുള്ള നീക്കം മാത്രമാണെന്ന് കുറ്റവാളികളും സഹകാരികളും ആരോപണമുന്നയിച്ചു.

എന്നാല്‍ സെനറ്റു തെരഞ്ഞെടുപ്പില്‍ കമലയുടെ വിജയം ഈ കേസ് ഉയര്‍ന്നുവരുന്നതിന്നു മുമ്പെത്തന്നെ സുനിശ്ചിതമെന്ന് അംഗീകരിക്കപ്പെട്ടിരുന്നു.


 

Content Highlights: dr m leelavathi book about kamala harris excerpt mathrubhumi books