കേരളത്തിൽ പട്ടിയിറച്ചി കഴിക്കുമോ?; അവിശ്വസനീയമെങ്കിലും ചരിത്രം പറയുന്നത് ഇങ്ങനെയാണ്..

വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളോടെ ചരിത്രപാഠങ്ങളില് കടന്നുവരാറുള്ള മലബാര്സമരങ്ങള് മുഖ്യമായെടുത്ത്, യുദ്ധമുഖങ്ങളിലും മനുഷ്യജീവിതത്തില് പൊതുവേയും മൃഗങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും വിശകലനം ചെയ്യുന്ന കൃതി. കുതിരകള്, ആനകള്, കഴുതകള്, നായകള്, കന്നുകാലികള് തുടങ്ങി ആധുനിക കേരളസമൂഹ സൃഷ്ടിയില് മറ്റേതു തൊഴിലാളിവിഭാഗത്തെപ്പോലെയോ അല്ലെങ്കില് അതിലേറെയോ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങള് ചരിത്രത്തില്നിന്നും പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുന്ന പുസ്തകമാണ് മഹ്മൂദ് കൂരിയ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മൃഗകലാപങ്ങള്.ശാസ്ത്ര- ഗവേഷണ രംഗത്തെ മികവിന് നല്കുന്ന ഇന്ഫോസിസ് സയന്സ് ഫൗണ്ടേഷന്റെ (ഐ.എസ്.എഫ്.) 2024-ലെ പുരസ്കാരം ഹ്യുമാനിറ്റീസ് ആന്ഡ് സോഷ്യല് സയന്സ് വിഭാഗത്തില് പ്രൊഫ. മഹ്മൂദ് കൂരിയ നേടിയിരുന്നു.
പുസ്തകത്തിലെ ഒരു അദ്ധ്യായം
നായസമരങ്ങൾ
ചെന്നായയുടെയും കുറുക്കന്റെയും ജനുസ്സിൽപ്പെടുമെങ്കിലും മനുഷ്യരുമായി ഇടപഴകി വലിയ സ്നേഹവും വിശ്വസ്തതയും കൂറും പ്രകടിപ്പിക്കുന്ന നായകൾ ചിലപ്പോഴൊക്കെ രോഗവാഹകരായും അക്രമികളായും സൈ് രംകെടുത്തുകയും ചെയ്യുന്നു. ഘ്രാണശക്തിയും നായാടാനുള്ള മിടുക്കുംവഴി മാനവകുലത്തിന്റെ വികാസത്തിന് നൽകിയ സംഭാവനകളുടെ കൂടെ അവയുണ്ടാക്കിയ തലവേദനകളും ചെറുതല്ല. മനുഷ്യരും നായകളും തമ്മിലുള്ള സ്നേഹത്തിന്റെയും വെറുപ്പിന്റെയും കഥകൾ ഉഭയകക്ഷി ബന്ധങ്ങളുടെ സംഘർഷാത്മക പ്രതിഫലനങ്ങളായി മലബാർ സമരങ്ങളിലും കാണാം.
ഒരു യുദ്ധമൃഗമെന്ന രീതിയിൽ നായകളുടെ ഭാഗധേയങ്ങളെ വേണ്ടതുപോലെ ചരിത്രം അംഗീകരിച്ചിട്ടില്ലെന്ന് മാഞ്ചസ്റ്റർ മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റിയിലെ ജെർവെയ്സ് ഫിലിപ്സ് എഴുതിയിട്ടുണ്ട്. റോമൻ സൈന്യാധിപൻ മാർക്കസ് പൊംപോനിയസ് 231 ബി.സി.ഇയിൽ സാർഡിനിയ കീഴടക്കുന്ന സമയത്ത് ഉപയോഗിച്ച മുന്തിയതരം ഇറ്റാലിയൻ നായകൾ മുതൽ രണ്ടാംലോക മഹായുദ്ധം, വിയറ്റ്നാം യുദ്ധം എന്നിവ നടക്കുന്നതുവരെയും ശുനകസൈനികർ യുദ്ധമുഖങ്ങളിൽ കാവൽക്കാരായും തിരച്ചിലുകാരായും വേട്ടക്കാരായും ചുമട്ടുകാരായും സന്ദേശവാഹകരായും കർമസന്നദ്ധരായിരുന്നു. എന്നിട്ടും വിരളമായേ അവരുടെ സംഭാവനകളെപ്പറ്റി പഠനം നടന്നിട്ടുള്ളൂ.
ഇന്ത്യയിൽ കൊളോണിയൽ കാലത്തും അതിനുമുൻപും ശേഷവും നായകൾ സൈന്യത്തിലും പൊലീസിലുമായി നിരവധി ജോലികൾ ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്യുന്നുമുണ്ട്. യുദ്ധനായകളെ പരിശീലിപ്പിക്കാനായി 1917-ൽ സ്ഥാപിതമായ ബ്രിട്ടീഷ് വാർ ഡോഗ് സ്കൂളിന്റെ സ്ഥാപകനും ആദ്യ തലവനുമായിരുന്ന ഇ.എച്ച്. റിച്ചാർഡ്സൺ പടക്കളങ്ങളിൽ നായകളുടെ ഉപയോഗത്തെക്കുറിച്ച് വിശദമായി പഠനം നടത്തി 1920-ൽ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് വാർ ഡോഗ്സ് എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങൾ മനുഷ്യചരിത്രത്തിൽ പൊതുവേയും യുദ്ധരംഗങ്ങളിൽ പ്രത്യേകിച്ചും നായകൾ നൽകിയ സംഭാവനകളെക്കുറിച്ചാണ്. പുസ്തകത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ കൊളോണിയൽ ഇന്ത്യയിൽ സേവനം ചെയ്ത ഏതാനും നായകളെക്കുറിച്ചും ഇന്ത്യൻ അതിർത്തിപ്രദേശങ്ങളിലും സംഘർഷമേഖലകളിലും സൈന്യത്തിന്റെ സ്ഥിരാംഗങ്ങളായി കൂടുതൽ നായകളെ ഉപയോഗിക്കേണ്ടതിനെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷ് യുദ്ധനായ വിദ്യാലയത്തിൽ താൻ പരിശീലിപ്പിച്ച രണ്ടുനായകളെ ഗൂർഖാപട്ടാളത്തോടൊപ്പം അബോർയുദ്ധത്തിലേക്ക് അയച്ചതും അദ്ദേഹം പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ബ്രിട്ടീഷുകാരുടെ ആഗമനത്തിന് മുൻപേ നായകളെ സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഇന്ത്യക്കാർക്ക് പരിചിതമായിരുന്നു. യുദ്ധത്തിനായി പോകുന്ന വഴിയിൽ ഹർഷവർധനന്റെ കുതിരപ്പടയാളികൾ അവരുടെ പിന്നിൽ അനുഗമിക്കുന്ന നായകളോട് ഒച്ചവെച്ചെന്ന് ഹർഷചരിതത്തിലും മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നിവിടെയെല്ലാം ആഘോഷിക്കപ്പെടുന്ന കണ്ഡോബയുടെ വിശ്വസ്തതയുള്ള നായ, രാക്ഷസരോടുള്ള യുദ്ധത്തിൽ യജമാനനെ സഹായിച്ചെന്ന് മല്ലരി മഹാത്മ്യ, ജയാദ്രി മഹാത്മ്യ, മാർതാണ്ഡ് വിജയ് തുടങ്ങിയ പുരാണങ്ങളിലും കാണാം. കണ്ഡോബയെ മല്ലണ്ണ എന്ന പേരിലും ചില പ്രദേശങ്ങളിൽ വിളിച്ചിരുന്നു. മല്ലണ്ണയുടെ സൈന്യത്തിൽ ഏഴ് നായകളുണ്ടായിരുന്നെന്ന് ചിലയിടങ്ങളിൽ കാണാം. ഇതിന് സമാനമായി വിദേശികളും തദ്ദേശീയരുമായ നിരവധി നായകൾ വിവിധ ഇന്ത്യൻഭരണകൂടങ്ങളുടെ യുദ്ധമുന്നണികളിൽ സജീവമായിരുന്നു. എങ്കിലും ഇപ്പോഴും ഇന്ത്യയിലെ നായകളുടെ സൈനിക പങ്കാളിത്തചരിത്രം വേണ്ടരീതിയിൽ പഠനത്തിന് വിധേയമായിട്ടില്ല.
സൈന്യത്തിന്റെ ഭാഗമായ ഒരു യുദ്ധമൃഗം എന്നതിനെക്കാളേറെ മലബാർ സമരങ്ങളിൽ സാംസ്കാരികവും പ്രതിനിധാനപരവുമായി നായകളുടെ പങ്കാളിത്തം എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അന്വേഷണമാണ് ഈ അധ്യായം. വളർത്തുമൃഗങ്ങളായും തെരുവുനായകളായും അക്രമകാരികളായും അലങ്കാരാവശ്യത്തിനായും അധിക്ഷേപരൂപകങ്ങളായും നായകൾ എങ്ങനെ അപ്രതീക്ഷിതമായി മലബാറുകാരുടെയും ബ്രിട്ടീഷുകാരുടെയും ജീവിതങ്ങളിലേക്ക് സമരങ്ങൾ വഴി കടന്നുവന്നുവെന്ന് നോക്കാം.
തെരുവുനായകളും സമരക്കാരും
തെരുവുനായകളും സമരക്കാരും കൊളോണിയൽ ഗവൺമെന്റിന്റെ ദൃഷ്ടിയിൽ ഉന്മൂലനം ചെയ്യപ്പെടേണ്ട രണ്ട് വർഗങ്ങളായിരുന്നു. മലബാർ സമരങ്ങളുടെ പശ്ചാത്തലങ്ങളിൽ തെരുവുനായകളെ കൊല്ലുന്നതുപോലെയായിരുന്നു പലപ്പോഴും ബ്രിട്ടീഷ് സൈന്യം സമരക്കാരെ, വിശിഷ്യാ മാപ്പിളമാരെ, വേട്ടയാടിയിരുന്നത്. ഇതിനെതിരേ ഇംഗ്ലണ്ടിൽനിന്നുവരെ പ്രതിഷേധമുയർന്നിരുന്നു-1921-ലെ ബ്രിട്ടീഷ് ക്രൂരത ഉച്ചാവസ്ഥയിലെത്തുന്നതിനും എത്രയോ വർഷങ്ങൾക്കുമുൻപുതന്നെ. 1896 മാർച്ച് 15-ന് പ്രസിദ്ധീകരിച്ച ചാമ്പ്യൻ എന്ന ഇംഗ്ലീഷ് പത്രം അവരോട് അല്പം ദയ കാണിക്കണമെന്നും പേ പിടിച്ച നായകളെ കൊല്ലുന്നതുപോലെ അവരെ കൊല്ലരുതെന്നും ഗവൺമെന്റിനോട് ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു: 'അതിനിർഭാഗ്യരും നികൃഷ്ടരും (wretched) മതഭ്രാന്തരുമായ മാപ്പിളമാരെ കൊന്നൊടുക്കുന്നതിനെക്കുറിച്ച് ഞങ്ങൾ വളരെ ഞെട്ടലോടെയാണ് കേൾക്കുന്നത്. ഈ മാപ്പിളമാർ കൊലയാളിക്കൂട്ടങ്ങളോ ക്രൂരതകളുടെ പ്രതിരൂപങ്ങളോ ആയേക്കാം. എന്നാലും പേപ്പട്ടികളെയെന്നപോലെ ബ്രിട്ടീഷ് സൈന്യം അവരെ വളഞ്ഞിട്ട് വെടിവെച്ചിടുന്നതിനെക്കുറിച്ച് വായിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. അർഹിക്കുന്നുവെങ്കിൽ അവരെ ശിക്ഷിക്കുക. അവരുടെ വിധി അതാണെങ്കിൽ തൂക്കിലേറ്റുക. പക്ഷേ, ഏറ്റവും ചുരുങ്ങിയത് ശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാന്യത കാണിക്കണം.'
മാപ്പിളമാരെ പേപിടിച്ച നായകളോട് (mad dogs) ബ്രിട്ടീഷുകാർ ഉപമിക്കുന്നത് ഇതാദ്യമായിരുന്നില്ല. അല്പം ദയയോടെ പെരുമാറണമെന്ന അർഥത്തിൽ പേപ്പട്ടികളെ കൊല്ലുന്നതുപോലെ കൊല്ലരുതെന്നു പറയാനാണ് ഈ റിപ്പോർട്ട് രണ്ടുവിഭാഗങ്ങളെയും സമീകരിക്കുന്നതെങ്കിൽ, ഇതിന്റെ നാലരപ്പതിറ്റാണ്ടുകൾക്കുമുൻപ് യുദ്ധക്കളത്തിൽ വെട്ടേറ്റ മാപ്പിളമാരെ അടിയേറ്റ പേപ്പട്ടികളോടാണ് ഒരു പ്രമുഖ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ തുലനം ചെയ്തത്. 1849-ലെ മഞ്ചേരി കലാപത്തിൽ അങ്ങാടിപ്പുറത്തെ ക്ഷേത്രപരിസരത്തുവെച്ച് അറുപതിലധികം മാപ്പിളമാരെ കൊന്നൊടുക്കിയതിന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് സെക്രട്ടറിക്ക് അയച്ച പല റിപ്പോർട്ടുകളിലൊന്നിൽ മലബാറിന്റെ മജിസ്ട്രേറ്റ് ആയ എച്ച്.വി. കനോലി എഴുതുന്നു: 'മതഭ്രാന്തനായ മാപ്പിള തന്റെ ജീവൻ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, തന്റെ എതിരാളിക്ക് പരിക്കുകൾ ഏൽപ്പിക്കാൻ ആ സമയത്ത് അവന് കഴിയുമെങ്കിൽ. എന്നാൽ, അധികം നാശങ്ങൾ വരുത്താൻ കഴിയുംമുൻപ് ഭ്രാന്തുപിടിച്ച പട്ടിയെപ്പോലെ അവനെ വെടിവയ്ക്കുകയോ ബയനറ്റുകൊണ്ട് കുത്തിവീഴ്ത്തുകയോ ചെയ്താൽ അവന്റെ സാഹസകൃത്യങ്ങളുടെ വീരപരിവേഷം കെടുത്താൻ കഴിയുന്നു.' രണ്ടുവർഷം കഴിഞ്ഞ് കനോലി തന്നെ കൊളത്തൂരിൽ നടന്ന മറ്റൊരു കലാപാനന്തരവും മാപ്പിളമാരെ ഇതുപോലെ വിശേഷിപ്പിക്കുന്നുണ്ട്. പ്രദേശത്തെ മാപ്പിളമാർ പേ പിടിച്ച നായകളെപ്പോലെയാണ് പെരുമാറുന്നതെന്നും മുന്നിൽപ്പെടുന്ന ഹിന്ദുക്കളെയെല്ലാം അവർ ആക്രമിക്കുന്നുവെന്നും അദ്ദേഹം 1851 ഓഗസ്റ്റ് 24-ന് എഴുതി. കൊളോണിയൽ ഉദ്യോഗസ്ഥർ സമരക്കാരെ ഇത്തരത്തിൽ ഹിന്ദു-മുസ്ലിം ദ്വന്ദ്വങ്ങളിലേക്ക് ചുരുക്കുന്നതും മാപ്പിളമാരെ മതഭ്രാന്തർ എന്ന് നിരന്തരം വിശേഷിപ്പിക്കുന്നതും എത്രത്തോളം പ്രശ്നബന്ധിതമാണെന്ന് എം.ടി. അൻസാരിയെപ്പോലുള്ളവർ വിശകലനം ചെയ്തിട്ടുണ്ട്.
മാപ്പിളമാരെ കൊല്ലുന്നത് പേപ്പട്ടികളെ കൊല്ലുന്നതിനോട് പത്തൊമ്പതാം നൂറ്റാണ്ടിലെ പല ബ്രിട്ടീഷുകാരും ഉപമിക്കുന്നത് ബ്രിട്ടീഷുകാർക്കിടയിലും ഇന്ത്യക്കാർക്കിടയിലും നിലനിന്നിരുന്ന നായകളെ കൊല്ലുന്നതിനെയും കൈകാര്യം ചെയ്യുന്നതിനെയും കുറിച്ചുള്ള ധാരണകളെക്കൂടെയാണ് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് സ്രോതസ്സുകളിലാണ് ഇത്തരം വിവരണങ്ങൾ നാം അധികവും കാണുന്നത്. അതിനാൽത്തന്നെ, തദ്ദേശീയരുടെ സമീപനത്തെക്കാൾ കൊളോണിയൽ ഉദ്യോഗസ്ഥരുടെ മനോഭാവവും അനുഭവലോകവും എന്തായിരുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
സത്യത്തിൽ ഇന്ത്യയിൽ നല്ലൊരു വിഭാഗം ജനങ്ങളും നായകളെ വ്യാപകമായി കൊല്ലുന്നതിന് എതിരായിരുന്നു, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിവരെയെങ്കിലും. അവരുടെ എതിർപ്പുകൾ വകവയ്ക്കാതെ ബ്രിട്ടീഷുകാർ നായവേട്ട തുടർന്നപ്പോൾ അതിനെതിരേ ഒരു നായക്കലാപംതന്നെ നടന്നിട്ടുണ്ട്, 1832-ൽ ബോംബെയിൽ. പാഴ്സികളാണ് കലാപം തുടങ്ങിയതെങ്കിലും ഉടനടി ഹിന്ദുക്കളും മുസ്ലിംകളും ജൈനരും അവരുടെ കൂടെനിന്നു. ബോംബെ നഗരത്തിൽ നായകളെ മുൻപ് കൊന്നിരുന്നുവെങ്കിലും മുൻവർഷങ്ങളെക്കാളേറേ നായവേട്ട ശക്തമാക്കിയതും ഒരു നായയെ കൊല്ലുന്നവർക്ക് എട്ട് അണ പ്രതിഫലം പ്രഖ്യാപിച്ചതുമെല്ലാം പേവിഷം ബാധിച്ച നായകളെ മാത്രമല്ല, ഉടമകളില്ലാത്ത എല്ലാ പട്ടികളെയും തിരഞ്ഞുപിടിച്ച് വകവരുത്താൻ പല പൊലീസ് ഉദ്യോഗസ്ഥരെയും പട്ടിപിടിത്തക്കാരെയും പ്രേരിപ്പിച്ചു. ഇത് നിർത്തലാക്കണമെന്ന് നഗരത്തിലെ പല ഇന്ത്യക്കാരും ബ്രിട്ടീഷ് അധികാരികളോട് മുൻവർഷങ്ങളിലെന്നപോലെ അക്കൊല്ലവും ആവശ്യപ്പെട്ടിരുന്നെങ്കിലും അധികാരികൾ ചെവികൊണ്ടില്ല.
അതിനെത്തുടർന്നാണ് നായകളെ പിടിക്കാൻ പുറത്തിറങ്ങിയ ഏതാനും പൊലീസുകാരെ ഫോർട്ട് ഏരിയയിൽവെച്ച് പാഴ്സികളുടെ നേതൃത്വത്തിൽ നാട്ടുകാർ കൈകാര്യം ചെയ്യുന്നത്. 1832 ജൂൺ ആറിന് ഉച്ചതിരിഞ്ഞായിരുന്നു ആദ്യ ആക്രമണം. അന്ന് പാഴ്സികളുടെ ഒരു വിശേഷദിവസം കൂടിയായിരുന്നു. അതിനാൽ നായകളെ ഒരിക്കലും കൊല്ലരുതെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും തിരച്ചിലിനായി ചില പൊലീസുകാർ ഇറങ്ങിയതോടെയാണ് ഇരുനൂറിലധികംപേർ വരുന്ന ആൾക്കൂട്ടം പൊലീസുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ തുടങ്ങിയത്. സൊരാഷ്ട്രീയൻ മതത്തിൽ നായകൾക്കുള്ള വിശിഷ്ടസ്ഥാനം (വിധിനിർണയത്തിന്റെ പാലമായ ചിൻവദ് സംരക്ഷിക്കുന്നതും നന്മ ചെയ്ത ആളുകളെ പാലത്തിൽനിന്ന് സ്വർഗത്തിലേക്ക് ആനയിക്കുന്നതുമെല്ലാം നായകളാണ്) കണക്കിലെടുത്തുകൂടെയാണ് തങ്ങളുടെ വിശേഷദിനത്തിലെങ്കിലും അവയെ ആക്രമിക്കുന്നത് നിർത്തണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നത്.
വൈകുന്നേരത്തോടെ ബോംബെ നഗരത്തിലെ കടകളെല്ലാം അടപ്പിച്ചും അടുത്ത ദിവസത്തോടെ ഹർത്താൽ നടത്തിയും നഗരത്തിലേക്ക് വരുന്ന വണ്ടികളും മറ്റും തടഞ്ഞും ബോംബെ സുപ്രീംകോടതി ജഡ്ജിയുടെയും ഇതര ഉന്നത അധികാരികളുടെയുമെല്ലാം കുതിരവണ്ടികളിലേക്ക് ചത്ത എലികളും ചപ്പുചവറുകളും കല്ലുമെറിഞ്ഞും ആൾക്കൂട്ടം മുന്നേറി. രണ്ടാംദിവസം പതിനൊന്നുമണിയോടെ അഞ്ഞൂറോളം ഇന്ത്യക്കാർ ഫോർട്ട് സെൻട്രൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പിന്തിരിയാനുള്ള പൊലീസിന്റെ ആവശ്യം ആൾക്കൂട്ടം കേൾക്കാതായപ്പോൾ ബ്രിട്ടീഷുകാർ സൈന്യത്തെ ഇറക്കി. കലാപത്തിനെതിരെയുള്ള റയട്ട് ആക്ട് പ്രഖ്യാപിച്ചു. കലാപം പതിയെപ്പതിയെ കെട്ടടങ്ങിയെങ്കിലും തെരുവുനായകളെ നിഷ്കരുണം വകവരുത്തുന്നതിൽനിന്ന് ബ്രിട്ടീഷുകാർക്ക് അല്പസമയത്തേക്കെങ്കിലും പിന്തിരിയേണ്ടി വന്നു.
എന്നാൽ, ഈ നായക്കലാപം കഴിഞ്ഞ് ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ തെരുവുനായകളെ തേടിപ്പിടിച്ച് വകവരുത്തുന്നത് ബ്രിട്ടീഷുകാർ പൂർവാധികം ശക്തമാക്കി. പ്രത്യേകിച്ചും മദ്രാസ് പ്രവിശ്യയിൽ. 1832-ൽ ബോംബെയിൽ ഒരു നായയെ വകവരുത്തുന്നയാൾക്ക് എട്ടണയാണ് നൽകിയിരുന്നതെങ്കിൽ നാൽപ്പത് വർഷങ്ങൾ കഴിഞ്ഞ് 1873-ൽ മദ്രാസിലും ബോംബെയിലും ഓരോ പട്ടിക്ക് നാലണയും ഓരോ നായയ്ക്ക് രണ്ടണയും മാത്രമായിരുന്നു പ്രതിഫലം. ഇതിനർഥം പട്ടികളെ പിടിക്കുന്നത് അത്രമാത്രം വ്യാപകവും അതിന് പ്രതിഫലം നൽകുന്നത് ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ചെലവേറിയതുമായിത്തീർന്നിരിക്കണം എന്നാണ്. അതിനാലായിരിക്കുമല്ലോ പ്രതിഫലം ഗണ്യമായി കുറച്ചിരിക്കുക. 1873-ൽ എട്ട് മാസത്തിനുള്ളിൽ ഉടമകളില്ലാത്ത നായകളെയെല്ലാം വകവരുത്താനായിരുന്നു മദ്രാസ് പൊലീസ് കമ്മിഷണറായ മേജർ ബോവന്റെ കല്പന.
ഇരുപതാം നൂറ്റാണ്ടാകുമ്പോഴേക്ക് നായകളെ കൊല്ലുന്നതിനോട് ഇന്ത്യക്കാർ ഏറക്കുറെ സമരസപ്പെട്ടിരുന്നുവെന്നുവേണം മനസ്സിലാക്കാൻ. മലബാർ അടങ്ങുന്ന മദ്രാസ് പ്രവിശ്യയിൽ 1897 മുതൽ ഓരോ വർഷവും കൊല്ലപ്പെട്ട നായകളുടെ സ്ഥിതിവിവരക്കണക്ക് സൂക്ഷിച്ചിട്ടുണ്ട്. അത് സൂചിപ്പിക്കുന്നത് നായകളെ കൊല്ലുന്നത് കൂടുതൽ പ്രതിഷേധങ്ങൾ വിളിച്ചുവരുത്താത്ത സ്വാഭാവിക സംഭവമായിത്തീർന്നു എന്നാണ്.
മാപ്പിള നിലപാടുകൾ
'മതഭ്രാന്തരായ' മാപ്പിളമാർ 'ഭ്രാന്ത് പിടിച്ച' പട്ടികളിൽനിന്ന് വിഭിന്നമല്ല എന്ന ബ്രിട്ടീഷുകാരുടെ അലങ്കാരയുക്തിയിൽ ഭ്രാന്ത് ആണ് തുലന മാനദണ്ഡമെന്ന് പ്രഥമദൃഷ്ട്യാ തോന്നാം. എന്നാൽ, മാപ്പിളമാരെ നികൃഷ്ടരായി നിരന്തരം വിശേഷിപ്പിക്കുന്ന കൊളോണിയൽ രേഖകളിൽ പട്ടികളിൽനിന്നും മാപ്പിളമാരിൽനിന്നും ഭ്രാന്തിന്റെ ഘടകം ഒഴിച്ചുനിർത്തിയാൽപോലും രണ്ട് വിഭാഗങ്ങളെയും വീണ്ടും തുല്യനിലയിൽ ഭരണകൂടം വേട്ടയാടിയതായി കാണാം.
ഭരണകൂടത്തിന്റെ സമീപനത്തിനപ്പുറം സമരകാലങ്ങളിൽ മാപ്പിളമാർക്കിടയിൽ പട്ടികളോടും അവയെ കൊല്ലുന്നതിനോടുമുള്ള സമീപനം എന്തായിരുന്നു? മനുഷ്യരുടെ സൈ്വരജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്ത ഒരുജീവിയെയും ഭക്ഷണത്തിനല്ലാതെ കൊല്ലാൻ പാടില്ല എന്ന മതപരമായ വീക്ഷണം മുസ്ലിംകൾക്കിടയിൽ പ്രബലമായിരുന്നു.
നായ, പന്നി എന്നിവയെ തൊടുന്നത് പൊതുവേ അനുചിതമായാണ് മുസ്ലിംകൾ കാണുന്നതെങ്കിലും മനുഷ്യരെ ആക്രമിക്കാത്തിടത്തോളം കാലം അവയെ അകാരണമായി കൊല്ലാൻ പാടില്ല, എന്നുമാത്രമല്ല, ഖുർആനിൽ ബഹുമാനത്തോടെ ഒരു നായയെക്കുറിച്ച് പറയുന്നുമുണ്ട്. പ്രസ്തുത നായയുടെ ഖിത്വ്മീർ എന്ന പേര് മലബാറിലെ പല മുസ്ലിംവീടുകളിലും ആദരവോടെ എഴുതിവെച്ചിരുന്നു, ചില ചരിത്ര-വിശുദ്ധ മനുഷ്യരുടെ പേരുകളുടെ കൂടെ. ഈ നായയും വിശുദ്ധരും തങ്ങളുടെ വീടും സ്വത്തും ജീവനും സംരക്ഷിക്കുമെന്നായിരുന്നു വിശ്വാസം.
നായ തൊട്ടതെല്ലാം അശുദ്ധമാകുമെന്ന കർമശാസ്ത്രപരമായ വിശ്വാസം കേരളമുസ്ലിംകൾക്കിടയിൽ രൂഢമൂലമായത് ഭൂരിപക്ഷവും പിന്തുടരുന്ന ഇസ്ലാമിക നിയമവ്യവസ്ഥകളിലെ ശാഫിഈ ചിന്താധാരയനുസരിച്ചാണ്. ഇത്തരമൊരു അയിത്തനിലപാട് നായകളോട് ഉത്തരേന്ത്യൻ മുസ്ലിംകൾക്കില്ലാത്തത് അവർ അനുധാവനം ചെയ്യുന്ന ഹനഫീ ചിന്താധാര കാരണമായിരിക്കണം. ആ കാഴ്ചപ്പാട് പ്രകാരം നായ സ്പർശിച്ചു എന്ന കാരണംകൊണ്ടുമാത്രം ഒന്നും അശുദ്ധമാകില്ല. നക്കുകയോ ഉമിനീര് തട്ടുകയോ ചെയ്താൽമാത്രമാണ് ആചാരപരമായ വിമലീകരണം നിർബന്ധമാകുന്നത്. ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ മുസ്ലിംകൾക്കിടയിൽ നായകളെക്കുറിച്ചുള്ള കർമശാസ്ത്രപരമായ വീക്ഷണ വ്യത്യാസങ്ങളെക്കുറിച്ച് ഞാനെഴുതിയതിൽ വാസ്തവം ഇല്ലെന്നും രണ്ട് ചിന്താധാരയിലും നായ തൊട്ടാൽ അശുദ്ധമാകുമെന്നും ഒരു വായനക്കാരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്നു. കർമശാസ്ത്രങ്ങളിലെ പ്രാഥമിക ഭിന്നതകൾ അറിയാവുന്നവർക്കൊക്കെ വ്യക്തമായ ഒരു കാര്യമാണിത്. മുസ്ലിംകൾക്കിടയിലെ സുന്നിവിഭാഗങ്ങളായ ശാഫിഈ, ഹമ്പലി ധാരകളും ശീഈകളും നായയുമായി ബന്ധപ്പെട്ടതെല്ലാം അശുദ്ധമായി കാണുന്നവരാണ്. ഇതിന് നേർവിപരീതമാണ് മാലികീ ധാര. നായയുടേതൊന്നും അശുദ്ധമല്ലെന്നാണ് അവരുടെ വാദം. ഏറെക്കുറെ ഇതിന് അടുത്ത് നിൽക്കുന്നതാണ് ഉത്തരേന്ത്യയിൽ മിക്കവരും പിന്തുടരുന്ന ഹനഫികളു?െടയും വീക്ഷണം. നായയുടെ കൈയോ കാലോ തലയോ മുടിയോ സ്പർശിച്ചു എന്നതുകൊണ്ട് ഒന്നും അശുദ്ധമാകില്ല. അതിന്റെ ഉമിനീരും നനവുമാണ് പ്രശ്നം.
ചരിത്രാതീതമായ ഒരു നായയെ വിശുദ്ധമാക്കുകയും വീടുകളിൽ പേരുകൾ കുറിച്ചുവയ്ക്കുകയും ചെയ്യുന്ന നിലപാടിനോടൊപ്പം സാധാരണക്കാരായ നായകളെ ആട്ടിയോടിക്കാനുള്ള പ്രവണത മാപ്പിളമാർക്കിടയിൽ നിലനില്ക്കുന്നത് മനുഷ്യജീവിതത്തിൽ പൊതുവേ കാണാറുള്ള വിശ്വാസ-കർമ വൈരുധ്യങ്ങളുടെ അനുരണനമാണെന്ന് പറഞ്ഞാൽ തെറ്റാവില്ല.
പട്ടികളെ കൊല്ലുന്നപോലെ കൊല്ലുമെന്ന് ചില കൊളോണിയൽ ഉദ്യോഗസ്ഥർ മാപ്പിളമാരെ ഭീഷണിപ്പെടുത്തിയതായി കാണാം. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ (C. Collett) എഴുതുന്നത്, ഈ ഭീഷണി വലിയ ഫലംചെയ്തിരുന്നുവെന്നാണ്. അയാൾ എഴുതുന്നു: 'ഏറനാട് താലൂക്കിലെ കച്ചേരിയിൽ ഒരിക്കൽ ഒരാൾ വന്ന് അവിടത്തെ പ്യൂണിനെ കുത്തിപ്പരിക്കേല്പിച്ചപ്പോൾ അവിടെയുണ്ടായിരുന്ന തഹസിൽദാർ അയാളെ അവിടെ വെടിവെച്ചിട്ടു. ഇതും മറ്റ് കാര്യങ്ങളും പറഞ്ഞ് കുറച്ചാളുകൾ അധികാരികളെ ചോദ്യം ചെയ്യാൻവന്നു. അവരെയെല്ലാം ഈ തഹസിൽദാർ പട്ടികളെയെന്നപോലെ വെടിവെച്ചുകൊന്നു. ആരും അതിനെക്കുറിച്ച് പിന്നീട് ഒരക്ഷരം ചോദിക്കുകയോ പറയുകയോ ചെയ്തില്ല. ആ അനുഭവം പലർക്കുമറിയാവുന്നതിനാൽ പട്ടിയെ കൊല്ലുന്നപോലെ കൊല്ലുമെന്ന ഭീഷണിതന്നെ ഫലപ്രദമായിരുന്നു.'
കൊല്ലപ്പെട്ട നായകളുടെയും മാപ്പിളമാരുടെയും കണക്ക്
കൊളോണിയൽ സർക്കാറിന്റെ മാപ്പിളമാരോടും തെരുവുനായകളോടുമുള്ള സമാനമായ മനോഭാവം പ്രകടമാക്കുന്ന 1921-ലെ ഒരു സ്ഥിതിവിവരക്കണക്ക് ലഭ്യമാണ്. അന്ന് മദ്രാസ് നഗരത്തിൽ മാത്രം കൊല്ലപ്പെട്ട തെരുവുനായകളുടെ കണക്കിന് സമാനമാണ് ആ മാസങ്ങളിൽ മലബാർസമരങ്ങളിൽ കൊല്ലപ്പെട്ട മാപ്പിളമാരുടെ കണക്ക്. 9,937 തെരുവുനായകളെയാണ് ആ വർഷം lethal chamber കളിൽ കൊന്നത്. തൊട്ടുമുൻപത്തെ വർഷം കൊന്ന 8,192 നായകളെക്കാളും എത്രയോ അധികമായിരുന്നു ഇത്. ഇതേ റിപ്പോർട്ടിൽ മാപ്പിളസമരങ്ങളെക്കുറിച്ചും വിശദമായ വിവരണങ്ങളുണ്ടെങ്കിലും (pp. 14-17) എത്രപേരാണ് കൊല്ലപ്പെട്ടതെന്ന കണക്ക് അവിടെ നല്കുന്നില്ല. അത് നമുക്ക് കിട്ടുന്നത് മറ്റ് സ്രോതസ്സുകളിൽനിന്നാണ്. പതിനായിരംപേർ കൊല്ലപ്പെട്ടെന്നും പതിനായിരംപേരെ കാണാതായെന്നും ഇരുപതിനായിരംപേർ നാടുകടത്തപ്പെട്ടെന്നും അമ്പതിനായിരംപേർ അറസ്റ്റ്ചെയ്യപ്പെട്ടെന്നുമാണ് അനൗദ്യോഗിക കണക്ക്. ഇക്കൂട്ടത്തിൽ ഏറ്റവും ഉയർന്ന സംഖ്യയായ അറസ്റ്റ്ചെയ്യപ്പെട്ടവരുടെ എണ്ണത്തിൽ ഔദ്യോഗിക-അനൗദ്യോഗിക കണക്കുകൾ അടുത്തടുത്ത് വരുന്നതിനാൽ (വ്യത്യാസം ഒമ്പതുശതമാനം മാത്രം) അനൗദ്യോഗിക കണക്ക് ഏറെക്കുറെ വിശ്വാസയോഗ്യമാണെന്ന് കരുതാം. അതനുസരിച്ച്, 1921-ൽ മാത്രം മലബാറിൽ കൊല്ലപ്പെട്ട സമരക്കാരുടെ കണക്കും മദ്രാസ് നഗരത്തിൽ മാത്രം കൊല്ലപ്പെട്ട തെരുവുനായകളുടെ കണക്കും ഏകദേശം ഒന്നാണ്, പതിനായിരത്തോളം.
രണ്ട് സംഘടിതകൊലകളും ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ സമാധാന പരിപാലനസംരക്ഷകരായി നിയമിതരായ പൊലീസും സൈന്യവും അവരുടെ കാലാൾപ്പടകളും സംയുക്തമായി നടപ്പിലാക്കിയതായിരുന്നു. കൊളോണിയൽ സൈ്വരവിഹാരങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതിനാൽ നിഷ്കാസനം ചെയ്യപ്പെടേണ്ടവയായിരുന്നു അധികാരികളുടെ കണ്ണിൽ രണ്ട് വിഭാഗങ്ങളും. സ്വന്തം ജീവനും സ്വത്തിനും നിലനില്പിനും വേണ്ടി കൊല്ലപ്പെടുന്നതിനുമുൻപ് ഇരുവർഗ്ഗങ്ങളും അവരുടെ സഹജീവികളുമായി നടത്തിയ സമരങ്ങൾ അത്തരത്തിലുള്ള സമരസപ്പെടലുകളായി അംഗീകരിക്കപ്പെടാത്തതിന്റെ പരിണതഫലംകൂടിയാണിത്. തെരുവുനായകളെ കൊല്ലുന്നതുപോലെ മാപ്പിളമാരെ കൊല്ലരുതെന്ന് കാൽനൂറ്റാണ്ടുമുൻപ് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പരസ്യമായി എഴുതിയതിനും എത്രയോ വർഷങ്ങൾക്കുശേഷവും ഇതേ നിലപാട് ബ്രിട്ടീഷ് സൈനികർ ക്രമസമാധാനസംരക്ഷണത്തിന്റെ പേരിൽ തുടർന്നുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് അന്നത്തെ ബ്രിട്ടീഷുകാരുടെയോ അവരുടെ പിണിയാളുകളുടെയോ മനോഭാവം മാത്രമായിരുന്നില്ല. കേരളത്തിലെ വിവിധ ജനവിഭാഗങ്ങൾ താഴ്ന്നജാതിക്കാരോടും ഇതര മതസ്ഥരോടും സ്വീകരിച്ച നിലപാടുകളുടെ പ്രതിനിധാനംകൂടിയാണ്.
ജാതീയതയുടെ നായഭാവങ്ങൾ
തെരുവുനായകളെപ്പോലെ മാപ്പിളമാരെ നിഷ്കാസനം ചെയ്യണമെന്ന് മലബാറിലെ മിക്ക ജനങ്ങളും വിചാരിച്ചിരിക്കില്ലെങ്കിലും ഉന്നതകുലജാതർ മാപ്പിളമാരെയും താഴ്ന്ന ജാതിക്കാരെയും പലപ്പോഴും കൈകാര്യം ചെയ്തിരുന്നത് നായകളോട് ചേർത്തോ അവയുടെ താഴെയോ തൊട്ടുമുകളിലോ ആയിരുന്നു. വഴിനടക്കാൻ നായകൾക്കുള്ള അവകാശംപോലും പല മനുഷ്യവിഭാഗങ്ങൾക്കും കേരളത്തിൽ ഉണ്ടായിരുന്നില്ല.
പുലയരോട് കേരളം കാണിച്ച അതിനീചസമീപനങ്ങൾ കുപ്രസിദ്ധമാണല്ലോ. എന്നാൽ പുലയരെക്കാളും മോശമായി ട്രീറ്റ് ചെയ്യപ്പെട്ട നായ-മനുഷ്യബന്ധങ്ങളിൽ പ്രത്യേകം പരാമർശിക്കേണ്ട വിഭാഗമാണ് നായാടികൾ. കേരളത്തിലെ വളരെ കർക്കശമായ അയിത്ത നിയമങ്ങളനുസരിച്ച് പുലയർ അറുപത്തിനാല് അടി അകലത്തിലാണ് നടക്കേണ്ടിയിരുന്നതെങ്കിൽ നായാടികൾ എഴുപത്തിരണ്ട് അടി അകലം പാലിക്കണമായിരുന്നു. പുലയരുടെ മുകളിലുള്ള കണിശന്മാർ മുപ്പത്തിയാറ് അടിയും മുക്കുവർ ഇരുപത്തിനാല് അടിയും. ഇത്രയും ദൂരം കർക്കശമായി പിന്തുടരേണ്ടതുകൊണ്ട് മിക്കപ്പോഴും തങ്ങൾക്ക് പ്രധാന വീഥികളിലൂടെ നടക്കാനാകാറില്ലെന്ന് 1901-ൽ ഷൊർണൂരിൽ തങ്ങളെ കാണാനെത്തിയ മദ്രാസ് മ്യൂസിയത്തിന്റെ മേധാവി എഡ്ഗർ ഥെഴ്സ്റ്റണോട് (Edgar Thurston) നായാടികൾ പറയുന്നുണ്ട്. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലം അയിത്തവിധിയനുസരിച്ച് കടക്കാൻ തങ്ങൾക്ക് കഴിയില്ല. അതിനാൽ നിരവധി മൈലുകൾ താണ്ടി മറ്റൊരു വളഞ്ഞ വഴിയിലൂടെ മാത്രമേ പുഴ കടക്കാനാകൂ.
നായാടികളെക്കുറിച്ച് ഒരുപക്ഷേ, ആദ്യമെഴുതുന്ന കൊളോണിയൽ ഉദ്യോഗസ്ഥൻ വില്യം ലോഗനാണ്. നായകളെ ഭക്ഷിക്കുന്ന ഹിന്ദുസമുദായത്തിലെ ഏറ്റവും താഴ്ന്ന ഈ ജാതിക്കാരെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് അദ്ദേഹം എഴുതുന്നത്. ഇവരെ നായകളെ ഭക്ഷിക്കുന്നവരെന്ന് ലോഗൻ രണ്ടിടങ്ങളിൽ വിശേഷിപ്പിക്കുന്നുണ്ട്. ഈ വീക്ഷണം ഒന്നര പതിറ്റാണ്ടിനുശേഷം ഇവരെക്കണ്ട് അഭിമുഖം നടത്തി വിശദമായ കുറിപ്പെഴുതിയ ഥെഴ്സ്റ്റൺ നിഷേധിക്കുന്നില്ല.
നായാട്ട് പ്രധാന തൊഴിലായിരുന്നതിനാൽ പല ഉന്നതജാതിക്കാരും വേട്ടയ്ക്ക് പോകുമ്പോൾ ഇവരെ കൂടെ കൊണ്ടുപോയിരുന്നു. നായകളെ വേട്ടയ്ക്കായി പ്രത്യേകം പരിശീലിപ്പിച്ച് ഉപയോഗിക്കുന്നതിലെ ഇവരുടെ സാമർഥ്യം ജാതിപ്പേരിന് കാരണമായിരിക്കാം. എങ്കിലും നായകളെ അവർ വേട്ടയ്ക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഥെഴ്സ്റ്റൺ പറയുന്നില്ല. അവരുടെ പല വേട്ടായുധങ്ങളും മലബാർ സമരങ്ങളുടെ പശ്ചാത്തലത്തിൽ പാസാക്കിയ ആയുധ നിരോധനനിയമംമൂലം ഉപയോഗിക്കാൻ പറ്റാതായി എന്ന് മാത്രമല്ല, വേട്ടതന്നെ അവരുടെ പ്രധാന ജോലിയല്ലാതായിത്തീർന്നു.
നായകളെ തിന്നവർ
നായകളെ ഭക്ഷിക്കുന്നവരെന്ന ആരോപണം വില്യം ലോഗൻ നായാടികളെക്കുറിച്ച് ഉന്നയിക്കുന്നുവെങ്കിലും അവർ ശരിക്കും നായകളെ ഭക്ഷിച്ചിരുന്നോ എന്നതിന് മറ്റ് തെളിവുകൾ കണ്ടിട്ടില്ല. എന്നാൽ കേരളത്തിലും ദക്ഷിണേന്ത്യയിലും യുദ്ധസമയങ്ങളിൽ നായകളെ തിന്നാൻ നിർബന്ധിതരായവരെക്കുറിച്ച് രണ്ടിടത്തെങ്കിലും പരാമർശങ്ങൾ കണ്ടിട്ടുണ്ട്.
ഒന്ന്, സാമൂതിരി രാജാവിന്റെ നേതൃത്വത്തിൽ പോർച്ചുഗീസുകാരുടെ ചാലിയം കോട്ട 1571-ൽ ഉപരോധിച്ച സമയത്തായിരുന്നു. പൊന്നാനിയിൽനിന്ന് സാമൂതിരി നേരിട്ടെത്തി ഉപരോധത്തിന് നേതൃത്വം നല്കുകയും കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും അയച്ച ഭക്ഷണസാമഗ്രികളും മറ്റും പിടിച്ചെടുക്കുകയും ചെയ്ത അവസരത്തിൽ പോർച്ചുഗീസുകാർക്ക് നായകളെയും അതുപോലുള്ള മറ്റ് അശുദ്ധവും ഹീനവുമായ മൃഗങ്ങളെയും ജീവൻ നിലനിർത്താൻ ഭക്ഷിക്കേണ്ടിവന്നുവെന്ന് അന്നത്തെ ചരിത്രരചനയായ തുഹ്ഫതുൽ മുജാഹിദീൻ രേഖപ്പെടുത്തുന്നു: 'ഭക്ഷണസാധനങ്ങൾ തീർന്നപ്പോൾ, ആരും കഴിക്കാൻ ഇഷ്ടപ്പെടാത്ത നായപോലുള്ള ജീവികളുടെ ഇറച്ചികൾ അവർ കഴിക്കാൻ തുടങ്ങി.' മറ്റൊരു സമകാലീന രചനയായ ഫത്ഹുൽ മുബീനിലും ഇക്കാര്യം പറയുന്നുണ്ട്. സമാനമായ ഒരു അവസ്ഥ രണ്ട് നൂറ്റാണ്ടുകൾക്കപ്പുറം 1761-ൽ മയ്യഴി-പോണ്ടിച്ചേരിക്കുവേണ്ടിയുള്ള ബ്രിട്ടീഷ്-ഫ്രഞ്ച് യുദ്ധത്തിന്റെ അവസരത്തിൽ കാണാം. ബ്രിട്ടീഷുകാർ പോണ്ടിച്ചേരി ഫ്രഞ്ചുകാരിൽനിന്ന് പിടിച്ചടക്കുന്നതിന്റെ ഏതാനും വർഷങ്ങൾക്കുമുൻപ് അവിടത്തെ തദ്ദേശീയരുടെ ജീവിതനിലവാരം അതിദയനീയമായിരുന്നുവെന്നും പലരും നായകളെയും പൂച്ചകളെയും ആനകളെയും ഒട്ടകങ്ങളെയും തിന്നാൻ നിർബന്ധിതരായിരുന്നുവെന്നും കാണാം. ഇംഗ്ലീഷ് സ്രോതസ്സുകളിലാണ് ഈ വിവരം കാണുന്നത് എന്നതിനാൽ മറ്റൊരു സ്രോതസ്സ് കാണുന്നതുവരെ അല്പം സംശയത്തോടെ മാത്രമേ ഇത് സ്വീകരിക്കാവൂ. അന്നാട്ടിൽ ഒട്ടകംപോലുള്ള മൃഗങ്ങളുടെ ദൗർലഭ്യതമാത്രമല്ല കാരണം, ഫ്രഞ്ചുകാരടക്കമുള്ള അപരരിൽനിന്ന് സ്ഥലങ്ങൾ കൈക്കലാക്കാൻ തദ്ദേശീയരുടെ ദാരുണാവസ്ഥ പറയുന്നതും അവരെ രക്ഷിക്കൽ തങ്ങളുടെ ചുമതലയായിരുന്നുവെന്ന് വരുത്തിത്തീർക്കുന്നതും ബ്രിട്ടീഷ് അധിനിവേശകരുടെ പ്രധാന ഗീർവാണങ്ങളിലൊന്നായിരുന്നു.
മലബാർ കലാപങ്ങളിൽ നായകളുടെ പങ്ക് വ്യക്തമാക്കുന്ന ഏറ്റവും പ്രമാദമായ സംഭവം മലപ്പുറത്തെ പുല്ലങ്കോട് എസ്റ്റേറ്റ് ആക്രമിച്ച് സ്കോട്ടിഷ് ഉദ്യോഗസ്ഥനായ ഈറ്റണെ കലാപകാരികൾ കൊന്ന സമയത്താണ്. മാഞ്ചസ്റ്റർ ഗാർഡിയനിൽ (ഇന്നത്തെ പ്രമുഖ ബ്രിട്ടീഷ് പത്രമായ ഗാർഡിയന്റെ അന്നത്തെ പേര്) വരെ വാർത്ത വന്ന സംഭവമാണ്. സമരങ്ങൾ മൂർച്ഛിച്ച സമയത്ത് കോഴിക്കോട്ടേക്ക് സുരക്ഷാസ്ഥാനം തേടി എസ്റ്റേറ്റിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഈറ്റൺ. വേലക്കാരൻ പയ്യൻ ചൊക്രയെയും മൂന്ന് നായകളെയും കൂടെക്കൂട്ടിയിരുന്നു. എസ്റ്റേറ്റിലുണ്ടായിരുന്ന മിസ്റ്റർ ബ്രൗൺ, മിസ്റ്റർ കോൾബ്രൂക്ക് എന്നിവർ താമസിക്കുന്നിടത്തെത്തുകയായിരുന്നു ലക്ഷ്യം. രണ്ടുപേരും പ്രദേശത്തെ കലുഷിതാന്തരീക്ഷം കണ്ട് നേരത്തേ സ്ഥലംവിട്ടിരുന്നു. ഈറ്റൺ പുറപ്പെടാൻ അല്പം വൈകി. കോഴിക്കോട്ടേക്ക് സാധാരണ എല്ലാവരും ഉപയോഗിക്കുന്ന നേരിട്ടുള്ള വഴിക്കുതന്നെയാണ് അദ്ദേഹം പുറപ്പെട്ടത്.
'എല്ലാം മംഗളമായി നടന്നേനെ, നായകൾ എന്തോ കണ്ട് കുരച്ചില്ലായിരുന്നെങ്കിൽ,' എന്നാണ് സംഭവത്തെക്കുറിച്ച് മദ്രാസ് മെയിലിന്റെ വാർത്ത. നായകളുടെ കുര അദ്ദേഹത്തെ പറ്റിച്ചു. അപകടം മണത്ത ചൊക്ര ഞൊടിയിടയിൽ സമീപത്തുള്ള മരത്തിൽ കയറിപ്പറ്റി. തന്റെ യജമാനൻ കൊല്ലപ്പെടുന്നത് നിസ്സഹായനായി മുകളിൽനിന്ന് കണ്ടുനിൽക്കാനേ അവന് കഴിഞ്ഞുള്ളൂ. അക്രമകാരികൾക്കുനേരേ റിവോൾവറിൽനിന്ന് ഈറ്റൺ മൂന്നുതവണ വെടിയുതിർത്തെങ്കിലും അദ്ദേഹത്തെ കലാപകാരികൾ ഞൊടിയിടയിൽ കീഴ്പ്പെടുത്തി. തന്റെതന്നെ കൂലിപ്പണിക്കാരാണ് അദ്ദേഹത്തെ കൊന്നത്. കൊല്ലുന്ന വേളയിൽ, 'താൻ ഇന്നയാളെ അടിച്ചില്ലേ, ഇന്നാ പിടിച്ചോ, താൻ ഇങ്ങനെ ചെയ്തില്ലേ, ഇന്നാ പിടിച്ചോ' എന്നുപറഞ്ഞ് പരിഹസിച്ചും കൂക്കിവിളിച്ചുമാണ് ആൾക്കൂട്ടം അദ്ദേഹത്തെ വകവരുത്തിയതെന്നും, കൊന്നശേഷം തലയെടുത്ത് ഒരു വടിയിൽ കെട്ടി തെരുവിലൂടെ കൊണ്ടുപോയെന്നും പത്രങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
ഈ സംഭവം ഏറെ വ്യത്യാസങ്ങളോടെയാണ് മറ്റൊരു സമകാലികസ്രോതസ്സിൽ കാണുന്നത്. അതനുസരിച്ച് ചൊക്ര ഈറ്റൺ കൊല്ലപ്പെടുന്നത് നേരിട്ടു കണ്ടിട്ടില്ല. അവർ കോഴിക്കോട്ടേക്ക് പോവുകയുമായിരുന്നില്ല. സമരസമയത്ത് പ്രദേശത്തിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എൻ.ഇ.ക്യു. മെയിൻവാറിങ് (N.E.Q. Mainwaring) മദ്രാസിലെ തന്റെ ഐ.ജി.ക്കെഴുതിയ റിപ്പോർട്ടിൽ ചൊക്രയെ നേരിട്ടുദ്ധരിക്കുന്നു. താനും തന്റെ യജമാനനും മൂന്നുദിവസം മുൻപ് പുല്ലങ്കോട് ബംഗ്ലാവിൽ ഉച്ചയ്ക്ക് 12.30-ന് എത്തിയപ്പോൾ വലിയൊരു മാപ്പിളസംഘം അവിടെയെത്തി. ഉടനെ തങ്ങൾ അടുത്തുള്ള കാട്ടിലേക്കോടി. ചൊക്ര ഒരു മരത്തിൽ കയറിയൊളിച്ചു. ഈറ്റണിന്റെ പട്ടിയുടെ കുര മാപ്പിളമാർക്ക് സ്ഥാനം തിരിച്ചറിയാൻ സഹായകമായി. അല്പം കഴിഞ്ഞ് മൂന്ന് വെടിയൊച്ചകൾ കേട്ടപ്പോൾ യജമാനനെ മാപ്പിളമാർ കൊന്നെന്ന് മനസ്സിലായി. അന്നുരാത്രി തൊഴിലാളികൾ ഒഴിവാക്കിയ ഒരു പെട്ടിയിൽ താൻ കഴിച്ചുകൂട്ടി. അടുത്തദിവസം ഒരു തൊഴിലാളിയുടെ കുടിലിൽ ചെന്ന് യജമാനൻ കൊല്ലപ്പെട്ട വിവരം അറിയിച്ചെന്നും പക്ഷേ, ആരും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടില്ലെന്നും ചൊക്രയെ ഉദ്ധരിച്ച് ഈ റിപ്പോർട്ട് പറയുന്നു.
തന്റെ തൊഴിലാളികളോട് മോശമായി പെരുമാറിയതിന്, അവസരം ഒത്തുവന്നപ്പോൾ അവർ പ്രതികാരംചെയ്യുന്നതാണ് ഈ കൊല എന്നത് വ്യക്തമാണ്. സ്വന്തം കൂലിക്കാരാണ് ഇദ്ദേഹത്തെ കൊന്നതെന്ന കാര്യമാണ് മാഞ്ചസ്റ്റർ ഗാർഡിയൻ തലക്കെട്ടായിപ്പോലും നൽകുന്നത്. അതിലെ ശരിതെറ്റുകൾ അളക്കുന്നതിനെക്കാളേറെ ഈ രംഗത്തിലേക്ക് നയിച്ച നായകളാണ് ശ്രദ്ധയാകർഷിക്കുന്നത്. കൊലയ്ക്കിടെ ആ നായകൾക്ക് എന്തുസംഭവിച്ചെന്ന് രേഖകളൊന്നും വ്യക്തമാക്കുന്നില്ല. ഈറ്റണ് ഏറ്റവും വേണ്ടപ്പെട്ട നായകളായിരിക്കണം അവ. പത്രവാർത്തകൾ വിശ്വസിക്കാമെങ്കിൽ അപകടംപിടിച്ച സമയത്ത് അത്തരമൊരു വഴിയിലൂടെ സഞ്ചരിക്കുമ്പോൾ തനിക്ക് സുരക്ഷയൊരുക്കാൻ സഹായകമായേക്കുമെന്ന പ്രതീക്ഷയോടെയായിരിക്കണം അവയെയും ചൊക്രയെയും അയാൾ കൂടെക്കൂട്ടിയിരിക്കുക. അതുതന്നെയായിരിക്കണം നായകളും ചെയ്യാൻ മുതിർന്നിട്ടുണ്ടാവുക. പരിസരത്ത് കലാപകാരികളുടെ കാൽപ്പെരുമാറ്റമോ മണമോ മനസ്സിലാക്കിയായിരിക്കണം അവ കുരച്ചത്. അതുകേട്ട യജമാനന് പക്ഷേ, സ്വയംരക്ഷയ്ക്ക് തയ്യാറാകാനോ പ്രതിരോധസജ്ജമാകാനോ സമയം കിട്ടിയില്ല. അതിനാൽ കുരകൾ അപ്രതീക്ഷിതമായ വിപരീതഫലംചെയ്തു. കൂട്ടാകുമായിരുന്ന നായകൾ കൊലയാളികൾക്ക് തന്നിലേക്ക് വഴികാണിച്ചുകൊടുത്തു എന്ന ദാരുണമായ പരിണതി.
രണ്ടാമത്തെ റിപ്പോർട്ടിൽ ഡോഗ് ബഹുവചനമല്ല, അതിനാൽ ഒരു നായ മാത്രമായിരിക്കണം രംഗത്തെത്തിയിട്ടുണ്ടാവുക. അതിനെ ഈറ്റൺ കൂടെക്കൂട്ടിയതാവാനും വഴിയില്ല. ബംഗ്ലാവിലെത്തിയ ഉടനെ കലാപകാരികളെ ഭയന്ന് അവർ അടുത്തുള്ള കാട്ടിലെക്ക് ഓടുകയായിരുന്നല്ലോ. അത് സ്വയം അദ്ദേഹത്തെ പിന്തുടർന്നതോ എസ്റ്റേറ്റിൽ ആ ഭാഗത്ത് അലഞ്ഞുതിരിഞ്ഞതോ ആയിരിക്കണം. ഈ വിവരണമനുസരിച്ച് നായയുടെ സ്വയംകർതൃത്വം പരിമിതമാണ്.
പേപ്പട്ടി കടിച്ച ഹിച്ച്കോക്ക്
ഇതിനോട് ചേർന്നുനിൽക്കാവുന്ന മറ്റൊരു സംഭവംകൂടിയുണ്ട്. ഇതിലും കഥാപാത്രങ്ങൾ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനും ഒരു നായയുമാണ്. ജില്ലാ സൂപ്പറിന്റൻഡന്റ് ഓഫ് പോലീസ് ആർ. എച്ച്. ഹിച്ച്കോക്കിനെ സമരങ്ങളുടെ മൂർധന്യത്തിൽ ഒരു നായകടിച്ചു. ഏതാണ് ഈ നായയെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെതന്നെയായിരുന്നോ അതോ ഏതെങ്കിലും തെരുവുനായ ആയിരുന്നോ എന്ന് സ്രോതസ്സുകൾ പറയുന്നില്ല.
തുടർന്ന് ചികിത്സയ്ക്കായി ജൂലായ് രണ്ടാം പകുതിയോടെ കൂനൂരിലേക്ക് അദ്ദേഹം പോയ സമയത്താണ് മലബാർ സമരങ്ങളിൽ പ്രമാദമായ പൂക്കോട്ടൂർ യുദ്ധം നടക്കുന്നത്. അതുവരെ മലബാറിലെ സമരനേതാക്കളെ ഭീഷണിപ്പെടുത്തിയും അറസ്റ്റുചെയ്തും സമവായത്തിലൂടെയും സമരങ്ങളെ നിയന്ത്രിച്ചിരുന്ന ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പോലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ചികിത്സ കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തുന്നത് ഓഗസ്റ്റ് ഒൻപതിനാണ്. അപ്പോഴേക്കും പൂക്കോട്ടൂർ നിവാസികളെ നിഷ്ഠുരമായി അടിച്ചമർത്തിയിരുന്നു പോലീസ്. ജൂലായ് 31-ന് തുടങ്ങിയ പൂക്കോട്ടൂർ യുദ്ധവും ഓഗസ്റ്റ് മൂന്നിന് താനാളൂരിൽ നടന്ന കള്ളുഷാപ്പ് ഉപരോധവും അദ്ദേഹത്തിന്റെ അഭാവത്തിൽ നടന്ന രണ്ട് പ്രധാന സംഭവങ്ങളായിരുന്നു. ഹിച്ച്കോക്ക് തന്നെ എഴുതിയ മലബാർ സമരചരിത്രത്തിൽ രണ്ടുസംഭവങ്ങളും വിശദമായി വിവരിക്കുന്നുവെങ്കിലും രണ്ടും നടന്ന സമയത്ത് താൻ സ്ഥലത്തില്ലായിരുന്നുവെന്നോ ചികിത്സയ്ക്കായി കൂനൂരിലായിരുന്നെന്നോ ഒരു സൂചനപോലും അദ്ദേഹം നൽകുന്നില്ല. അതിനാൽത്തന്നെ, സ്വാഭാവികമായും, തനിക്ക് കിട്ടിയ പട്ടികടിയെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നുമില്ല.
ഇന്നത്തെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽപ്പെട്ട കൂനൂരിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. നായകടിയും പേവിഷബാധയും ചികിത്സിക്കാനായി സ്ഥാപിതമായ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ഥാപനമായിരുന്നു 1907-ൽ നിലവിൽവന്ന പാസ്റ്റ്യൂർ ഇൻസ്റ്റിറ്റ്യൂട്ട് (Pasteur Institute). അതുവരെ നായയുടെ കടിയേറ്റാൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പാരീസിലെ പാസ്റ്റ്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് പോയിരുന്നത്. വെള്ളം കുടിക്കാനുള്ള അടങ്ങാത്ത ദാഹവും എന്നാൽ, വെള്ളം കാണുമ്പോൾ അതിഭീകരമായ ഭയവും ഒരുമിച്ചെത്തുന്നതുപോലുള്ള, ദയനീയമായ രോഗലക്ഷണങ്ങളുള്ള പേവിഷബാധയ്ക്ക് അതുവരെ പ്രതിവിധികളുണ്ടായിരുന്നില്ല. ഫ്രാൻസിലെ പല ഗ്രാമപ്രദേശങ്ങളിലും പേവിഷബാധയേറ്റവരെ കിടക്കകൾക്കിടയിലിട്ട് ശ്വാസംമുട്ടിച്ച് ദയാവധംചെയ്യുകയായിരുന്നു പതിവെന്ന് ചരിത്രകാരി മാർഗരെറ്റ് മൾവിഹിൽ രേഖപ്പെടുത്തുന്നുണ്ട്. ഇതിന് പ്രതിവിധി കണ്ടെത്തിയ ഫ്രഞ്ച് രസതന്ത്രജ്ഞനും മൈക്രോ ബയോളജിസ്റ്റുമായ ലൂയി പാസ്റ്റ്യൂർ 1888-ൽ പാരീസിൽ സ്ഥാപിച്ച ഈ ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഒരു വ്യാഴവട്ടക്കാലം ലോകത്തെമ്പാടുമുള്ള പേവിഷബാധിതരുടെ ആശാകേന്ദ്രം. രോഗം മൂർച്ഛിക്കുന്നതിനുമുൻപ് പാരീസിലെത്തുകയെന്നത് വളരെ ശ്രമകരമായിരുന്നു. എന്നിട്ടും ഏഷ്യയിൽനിന്നും അമേരിക്കയിൽനിന്നും നിരവധിപേർ അവിടെയെത്തുകയും രോഗം ഭേദമായി തിരിച്ചുപോവുകയുംചെയ്തു.
ഇന്ത്യയിൽനിന്ന് ചികിത്സയ്ക്കായി അവിടെയെത്താൻ ഉദ്യോഗസ്ഥർക്കും സൈനികർക്കും ആവശ്യമായ ചെലവ് കൊളോണിയൽ സർക്കാർ പ്രത്യേക ഗ്രാന്റായി നൽകിയിരുന്നു. എങ്കിലും 1888-നും 1897-നുമിടയിൽ അവിടെ എത്താൻ കഴിയാതെയുംമറ്റുമായി ഇന്ത്യയിൽനിന്നുമാത്രം 23 ബ്രിട്ടീഷ് സൈനികർ നായകളുടെ കടിയേറ്റ് മരിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് സൈനികരുടെ കണക്ക് മാത്രമാണെന്നും തദ്ദേശീയരായ സാധാരണക്കാർ ഈ കണക്കുകളിൽ പെടില്ലെന്നും അവരെ ഫ്രാൻസിലേക്കെന്നല്ല, പിന്നീട് ഇന്ത്യയിൽ സ്ഥാപിതമായ കൂനൂരിലെയും കസൗളിയിലെയും പാസ്റ്റ്യൂർ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുപോലും കൊണ്ടുപോകുന്നത് അപൂർവമായിരുന്നുവെന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഏതായാലും ഹിച്ച്കോക്ക് ഉന്നത കൊളോണിയൽ പോലീസ് ഉദ്യോഗസ്ഥനായിരുന്നതിനാൽ അദ്ദേഹത്തിന് അവിടെയെത്താനോ മെച്ചപ്പെട്ട ചികിത്സ ലഭിക്കാനോ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
കൊല്ലപ്പെട്ട കാവൽനായ
സമരവേളയിൽ ചില കലാപകാരികൾ ഒരു നായയെ വകവരുത്തിയതായി കാണാം. പന്തല്ലൂർ അംശത്തിൽ 1915 നവംബറിൽ നാല് മാപ്പിളമാർക്കിടയിൽ തുടങ്ങിയ തർക്കം വികസിച്ച് അതിൽപ്പെട്ട രണ്ട് യുവാക്കൾ പ്രദേശത്തെ വീടുകൾ ആക്രമിക്കുകയും സ്വത്തുക്കൾ കവരുകയും ചെയ്യുകയുണ്ടായി. അതിന്റെ ഭാഗമായി ചക്കിങ്ങൽ ശങ്കരൻ എന്നയാളുടെ വീട്ടിലെത്തിയപ്പോൾ അവർ അവിടെയുണ്ടായിരുന്ന ഒരു നായയെ കൊന്നെന്ന് മലബാർ ജില്ലാ ജഡ്ജി എഫ്.ബി. ഇവാൻസ് നവംബർ 22-ന് ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിലെ ഗവൺമെന്റ് സെക്രട്ടറിയെ അറിയിക്കുന്നു. ആ വീട്ടിലെ തങ്ങളുടെ കവർച്ചാശ്രമങ്ങൾക്ക് വിഘാതമാകുമെന്ന് മനസ്സിലാക്കിയായിരിക്കണം അവർ കാവൽനായയെ ആദ്യം വകവരുത്തിയിട്ടുണ്ടാവുക.
മലബാറിൽ നടന്ന നിരവധി സമരങ്ങളിൽനിന്ന് പല കാരണങ്ങളാലും (തർക്കം തുടങ്ങിയത് മാപ്പിളമാർ പരസ്പരമാണെന്നതും അവർ ആദ്യം ആക്രമിച്ചത് ചേരിയിൽ അഹമ്മദ് കുട്ടി എന്ന ഒരു മാപ്പിളയെ ആണെന്നതും അദ്ദേഹത്തിന്റെ വീടിനും നെൽപ്പാടത്തിനും അവര് തീയിട്ടു എന്നതുമടക്കമുള്ള) വ്യത്യസ്തമായ പന്തല്ലൂരിലെ ഈ സംഭവങ്ങൾക്കിടയിൽ ഒരു നായയെ വകവരുത്തുന്നതും ഒറ്റപ്പെട്ട സംഭവമായി മുഴച്ചുനിൽക്കുന്നു.
തെറികളുടെ കലാപ ജനുസ്സുകൾ
നായ, പട്ടികൾ തുടങ്ങിയവ പല ഭാഷകളിലും ശക്തമായ തെറികളാണ്, മലയാളത്തിലും. അതിനാൽ സമര സമയങ്ങളിൽ ഈ പദങ്ങൾ എതിരാളികളെ അധിക്ഷേപിക്കാനായി പലരും ഉപയോഗിച്ചതായി കാണാം. ഒരു കലാപത്തിന് കാരണമായതുതന്നെ പള്ളിയിൽ സംഘടിച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രസംഗം നടത്തുകയായിരുന്ന മാപ്പിളമാരോട് നായകളെപ്പോലെ കുരച്ചിട്ടെന്താണ് കാര്യമെന്ന് ഏതാനും ഹിന്ദുക്കൾ അധിക്ഷേപിച്ചതായിരുന്നു എന്ന് ഹിച്ച്കോക്ക് എഴുതുന്നുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് വരുന്നതിനു മുമ്പ്, നായകളടക്കമുള്ള മൃഗങ്ങൾ എങ്ങനെയാണ് മനുഷ്യർക്കിടയിൽ തെറികളായി വർത്തിക്കുന്നത് എന്ന് നോക്കാം. കഴിഞ്ഞ അധ്യായങ്ങളിൽ ചർച്ച ചെയ്ത കഴുതകളും കുതിരകളും കന്നുകാലികളും മലയാളത്തിൽ അധിക്ഷേപസ്വരത്തിൽ മനുഷ്യരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരുകളാണ്. കുതിര, കന്നുകാലി, പോത്ത്, തുടങ്ങിയ പദങ്ങൾ അധിക്ഷേപമാണെങ്കിലും കഴുത എന്നത് തികഞ്ഞ അവഹേളനമാണ്. എന്നാൽ, അതിലും ഒരുപടി മുകളിൽ നില്ക്കുന്നതാണ് പട്ടി, നായ തുടങ്ങിയ വിളികൾ. അതിനാൽത്തന്നെയായിരിക്കണം കലാപവേളകളിൽ വിവിധ ചേരികളിലുള്ളവർ മറുഭാഗക്കാരെ പ്രകോപിപ്പിക്കാനും അവഹേളിക്കാനുമായി ഈ പദങ്ങൾ ഉപയോഗിച്ചിരുന്നത്. എന്നുമാത്രമല്ല, മറ്റു മൃഗങ്ങളുടെ പേരുകൾ തെറികളായി മലബാർ സമര പശ്ചാത്തലങ്ങളിൽ വ്യാപകമായി ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നായകളുടെയും പട്ടികളുടെയും കാര്യം അതല്ല. വളരെ വ്യാപകമായി അവയുടെ സാന്നിധ്യം കാണാം, മലബാറിലെ ജനങ്ങൾ പരസ്പരവും ബ്രിട്ടീഷുകാരോടും തിരിച്ചും മറ്റുമായി.
യുദ്ധപശ്ചാത്തലങ്ങളിൽ നായ ഒരു തെറിയായി കേരളത്തിൽ ആദ്യമായി ഉപയോഗിച്ചുകാണുന്നത് പോർച്ചുഗീസുകാർ അവരുടെ പ്രധാന എതിരാളികളായിരുന്ന കോഴിക്കോടൻ നാവികസേനയ്ക്കെതിരേയാണ്. സാമൂതിരിക്ക് കീഴിൽ പോർച്ചുഗീസുകാരോട് കടലിൽ യുദ്ധം ചെയ്തിരുന്നത് മാപ്പിളമാരായിരുന്നല്ലോ, കരയിൽ നായർപ്പടയും. മുസ്ലിംകളോട് പ്രത്യേകം വെറുപ്പ് സൂക്ഷിച്ചിരുന്നു പോർച്ചുഗീസുകാർ. അവർ മലബാറിൽ കാല് കുത്തുന്നതിന്റെ ആറ് വർഷങ്ങൾക്ക് മുൻപു മാത്രമാണ് ഐബീരിയൻ ഉപദ്വീപിൽ നിന്ന് മുസ്ലിംകളെയും ജൂതരെയും ക്രിസ്തീയ ഭരണകൂടം അതിനിഷ്ഠുരമായി പുറത്താക്കുകയോ നിർബന്ധിത മതപരിവർത്തനം നടത്തുകയോ ചെയ്തത്. മുസ്ലിംകളോടുള്ള വെറുപ്പ് അന്ന് സ്പെയിനിലും പോർച്ചുഗലിലും വ്യാപകമായിരുന്നു. അത് മുതലെടുത്താണ് കണ്ണൂരിന് സമീപം കോഴിക്കോടൻ സൈന്യത്തോട് 1506-ൽ ഏറ്റുമുട്ടുന്നതിന് തൊട്ടുമുൻപ് പോർച്ചുഗീസ് കമാൻഡർ (വൈസ്രോയിയായിരുന്ന ഫ്രാൻസിസ്കോ ഡ അൽമെയ്ഡയുടെ മകൻ ലോറൻസോ ഡ അൽമെയ്ഡ) തന്റെ എതിരാളികളെ നായകളെന്ന് വിളിച്ച് അധിക്ഷേപിച്ച് സൈനികരുടെ മതവികാരം ഉണർത്താൻ ശ്രമിക്കുന്നത്.
തന്റെ പടയാളികളെ അഭിമുഖീകരിച്ച് അദ്ദേഹം പറഞ്ഞു: 'മാന്യരേ, സഹോദരങ്ങളേ, ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങൾ നമ്മൾ നിർബന്ധമായും ഓർക്കേണ്ട ദിവസമാണിന്ന്. പാപികളായ നമ്മുടെ വിമോചനത്തിനായി എന്തെല്ലാം വേദനകളാണ് അദ്ദേഹം അനുഭവിച്ചത്... അത് മുൻനിർത്തി ഞാൻ നിങ്ങളോട് യാചിക്കുകയാണ്, ഈ നായകൾക്കെതിരേ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ നമ്മൾ പോരാടണം. എന്നാൽനമുക്ക് ദൈവം വിജയം നൽകും. തന്റെ വിശ്വാസം പരാജയപ്പെടാൻ അവൻ സമ്മതിക്കില്ല.'
ഈ വാക്കുകൾ ഉദ്ധരിച്ച ശേഷം തിയോഡർ ഗബ്രയേൽ എഴുതുന്നു: 'മുസ്ലിംകളോടുള്ള വെറുപ്പ് ഉത്പാദിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും പോർച്ചുഗീസുകാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ അക്കാലത്ത് ഏറെ പ്രശംസ നേടിയ അൽബുക്കർക്ക് പോലും ഗോവയിലെ നിരവധി മസ്ജിദുകളിൽ മുസ്ലിങ്ങളെ കൂട്ടത്തോടെ അടച്ചിട്ട് തീകൊടുത്തിരുന്നു. എവിടെക്കണ്ടാലും ഒരൊറ്റ മൂറിനെയും (മുസ്ലിമിനെയും) താൻ വെറുതെ വിട്ടിട്ടില്ല എന്നാണ് അദ്ദേഹം തന്റെ രാജാവിന് അയച്ച റിപ്പോർട്ടിൽ അഭിമാനത്തോടെ പറയുന്നത്.' ഈ മുസ്ലിംവിരുദ്ധ വികാരമാണ് അൽമെയ്ഡ തന്റെ എതിരാളികളെ നായകളെന്ന് അധിക്ഷേപിച്ച് ഉണർത്താൻ ശ്രമിക്കുന്നത്. അത് കരുതിയ ഫലം ചെയ്തിരിക്കണം. കാരണം ആ യുദ്ധത്തിൽ അവർ വിജയിക്കുകയും സാമൂതിരിയുടെ സൈന്യം പരാജയപ്പെടുകയും ചെയ്തു.
ഇതുപോലെ മാപ്പിളമാരെ നായകൾ എന്നുമാത്രമാണ് പോർച്ചുഗീസ് നാവികർ വിളിച്ചിരുന്നതെന്ന് ലുഡ്വികോ ഡി വർത്തേമയുടെ മലബാറിലെ പോർച്ചുഗീസ് യുദ്ധപശ്ചാത്തലങ്ങളിലുള്ള വിവരണങ്ങളിൽ നിന്ന് വ്യക്തമാണ്. അല്മെയ്ഡയുടെ പ്രസംഗത്തിലെ അധിക്ഷേപം അതിനാൽ ഒറ്റപ്പെട്ട ഒരു സംഭവമായി കാണാനാകില്ല.
''നായകളെപ്പോലെ കുരച്ചിട്ടെന്തു കാര്യം?''
നാല് നൂറ്റാണ്ടുകൾക്കിപ്പുറം മലബാർ സമരങ്ങളുടെ പശ്ചാത്തലങ്ങളിൽ നായ, പട്ടി തുടങ്ങിയ പദങ്ങൾ അസഭ്യങ്ങളായി തലങ്ങും വിലങ്ങും പ്രയോഗിക്കപ്പെടുന്നതായി കാണാം. ഇതിൽ ശ്രദ്ധേയം 1921-ൽ നടന്ന ഒരു സംഭവമാണ്. കോഴിക്കോട്ടുനിന്ന് പതിനഞ്ച് മൈലുകൾക്കപ്പുറത്ത് വയനാട് റോഡിന്റെ പടിഞ്ഞാറു വശത്ത് കിഴക്കോട്ട് അംശത്തിൽ നാട്ടിലെ ഒരു നായർ കോൽക്കാരന്റെ സഹോദരപുത്രനാണ് സമരപ്രവർത്തനങ്ങൾക്ക് നാന്ദികുറിക്കുന്നത്. സുഹൃത്തുക്കളായ ഏതാനും മാപ്പിളമാരെ കൂട്ടി മാർച്ച് മുപ്പതിന് ഒരു പ്രതിഷേധയോഗം നടത്താൻ അദ്ദേഹം തീരുമാനിച്ചു. വാഴക്കാട്ടു നിന്നുള്ള ഒരു മുസ്ലിയാരായിരുന്നു പ്രധാന പ്രഭാഷകനും യോഗത്തിന്റെ ആകർഷണവും. കിഴക്കോട്ട് അംശത്തിൽ ഭൂരിപക്ഷവും മുസ്ലിംകളായിരുന്നു. അവർക്കിടയിൽ അവിടുത്തെ ജന്മിയായ ഒരു സ്ഥാനി നായർ ഏറെ സ്വീകാര്യനും ബഹുമാന്യനുമായിരുന്നു. അതിനാൽ, പ്രതിഷേധയോഗത്തിൽ അധികംപേർ പങ്കെടുത്തില്ല. എന്നാൽ കൂടുതൽ ജനങ്ങളെ ആകർഷിക്കാനായി അടുത്ത ദിവസം സ്ഥലത്തെ പ്രധാന പള്ളിയായ പന്നൂർ പള്ളിയിൽ മറ്റൊരു യോഗം അവർ നടത്തി. ശ്രോതാക്കളായോ മറ്റോ പള്ളിയുടെ പുറത്ത് ഏതാനും ഹിന്ദുക്കളും തടിച്ചുകൂടി.
ഒരു നിശ്ചിത തിയ്യതിക്കുള്ളിൽ സ്വരാജ് നടപ്പിലാകുമെന്നും അതുവരെ കോടതികളും നികുതികളും ബഹിഷ്കരിക്കണമെന്നും മുസ്ലിയാർ പ്രസംഗിക്കുകയായിരുന്നു. അതിനിടെ പുറത്തുള്ള ഒരു ഹിന്ദു എന്തോ ചോദ്യം ചോദിച്ചു. ഉത്തരം കിട്ടാതായപ്പോൾ പള്ളിയുടെ അകത്തിരുന്ന് പട്ടിയെപ്പോലെ കുരച്ചിട്ടെന്താണ് കാര്യമെന്ന് അവർ ചോദിച്ചെന്നും അത് കേട്ട് പ്രകോപിതരായ മാപ്പിളമാർ കത്തികളും വടികളും കൊണ്ട് ഹിന്ദുക്കളെ ആക്രമിച്ചെന്നും എട്ടുപേർക്ക് നിസ്സാര പരിക്കുകളേറ്റെന്നും ഹിച്ച്കോക്ക് എഴുതുന്നു.
കിഴക്കോട്ട് കലാപകേസ് എന്ന പേരിൽ ഹിച്ച്കോക്ക് അവതരിപ്പിക്കുന്ന ഈ സമരം ഇവിടെ അവസാനിച്ചില്ല. ഇതിന്റെ അനുരണനങ്ങൾ ഏതാനും ദിവസങ്ങൾ പ്രദേശത്ത് തുടർന്നു. എങ്കിലും കാര്യമായ അത്യാഹിതങ്ങൾ ഒന്നും ഉണ്ടായില്ല. ഒരാളെ രണ്ട് മാസത്തേക്ക് കഠിനതടവിനും മുപ്പത്തഞ്ച് പേർക്ക് മുപ്പത് മുതൽ പത്ത് രൂപവരെ പിഴയടക്കാനും കോഴിക്കോട് സബ്ഡിവിഷണൽ മജിസ്ട്രേറ്റ് വിധിച്ചു. വാഴക്കാട് മുസ്ലിയാർ വടക്കേ മലബാറിലെ വളപട്ടണത്തേക്ക് ഒളിച്ചോടിയെന്നും അവിടെ ഒരു അറബിക് സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയെന്നും ഹിച്ച്കോക്ക് വിവരിക്കുന്നു.
നായയെപ്പോലെ കുരയ്ക്കുന്നു എന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തെ അധിക്ഷേപിച്ചതാണ് ശ്രോതാക്കളിൽ പലരെയും ചൊടിപ്പിച്ചത്. മുസ്ലിയാരെ നായയെന്ന് വിളിച്ചെന്നോ, അദ്ദേഹത്തിന്റെ പ്രസംഗത്തെ നായയുടെ കുരയോട് ഉപമിച്ചെന്നോ ഒക്കെ തുടർന്നുള്ള തർക്കത്തിൽ പ്രശ്നമായി വന്നിരിക്കണം. നായയും കുരയും മനുഷ്യരോടു ചേർത്ത് ഉപമിക്കുന്നത് ജനങ്ങളെ എത്രത്തോളം ചൊടിപ്പിക്കുന്നു, വിശിഷ്യാ കലാപാന്തരീക്ഷങ്ങളിൽ, എന്ന് ഇത് കാണിക്കുന്നു.
ഒറ്റുകാരെ വിളിക്കുന്ന തെറി
മാപ്പിളമാർ പരസ്പരവും ഇത്തരം തെറികൾ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ചും ബ്രിട്ടീഷുകാരോട് സഹകരിച്ച മാപ്പിളമാരെ അധിക്ഷേപിക്കാനായി. ഉദാഹരണത്തിന്, 1921 ഒക്ടോബർ അവസാനത്തിൽ സമരങ്ങൾ അടിച്ചമർത്തിക്കൊണ്ടിരുന്ന ബ്രിട്ടീഷ് സൈനിക മേധാവി മിസ്റ്റർ ലെഷർ മലബാറിന്റെ ഉൾനാടുകളിലൂടെ സമരക്കാരെയും തേടി സൈന്യസമേതം സഞ്ചരിക്കുന്ന സമയത്ത് വഴികാട്ടിയായി പെരകമണ്ണ എന്ന പ്രദേശത്തുനിന്ന് കോടങ്ങോടൻ വീരാൻ കുട്ടി ഹാജി എന്നയാളെ കൂടെക്കൂട്ടിയിരുന്നു.
ലെഷറും സൈനികരും അരീക്കോട് എത്തുന്നതിന് തൊട്ടുമുൻപ് നേരം ഇരുട്ടിത്തുടങ്ങി. അരണ്ടവെളിച്ചമായതിനാൽ പരസ്പരം ശരിക്കും കാണാൻ കഴിയാത്ത നേരമായിരുന്നു. സൈന്യം പ്രധാനവീഥിയിലൂടെ മുന്നോട്ട് നടക്കുമ്പോൾ ചുറ്റും മാപ്പിളമാർ തക്ബീർ ചൊല്ലുന്നുണ്ടായിരുന്നു. സന്ധ്യാനേരത്തെ പ്രാർഥനയുടെ മുന്നോടിയായുള്ള ദിക്റ് ആയിരിക്കണം. അതിനിടെ ആരോ വീരാൻകുട്ടി ഹാജിയെ തിരിച്ചറിഞ്ഞതും 'ടാ നായിന്റെ മോൻ വീരാൻകുട്ടീ' എന്ന് ആർത്തുവിളിച്ചു. എല്ലാവരുടെയും തക്ബീറുകൾക്ക് മുകളിൽ ഈ തെറി മുഴച്ചുകേട്ടുവെന്ന് ഹിച്ച്കോക്ക് എഴുതുന്നു.
സ്വന്തം സമുദായത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാരെ സഹായിച്ച ഒരാളെന്നതിലെ ധ്വനിയും പ്രതിഷേധവുമായിരിക്കണം സന്ധ്യാനേരത്തെ പ്രാർഥനാഭരിതമായ തക്ബീർധ്വനികൾക്കിടയിലും അയാളെ അധിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. മക്കയിൽ പോയി ഹജ്ജ് തീർഥാടനം ചെയ്തവർ എന്ന അർഥത്തിലുള്ള ഹാജി, ഹാജിയാർ തുടങ്ങിയ പദങ്ങൾ പേരിന്റെ അവസാനത്തിൽ കൊണ്ടുനടന്നവരെ ഏറെ ബഹുമാനത്തോടെ മാപ്പിളമാർ കണ്ടിരുന്ന കാലത്താണ് ഇദ്ദേഹത്തെ പരസ്യമായി തെറിവിളിക്കുന്നത്. നായിന്റെ മോൻ എന്നു വിളിച്ചപ്പോൾ അയാളുടെ പേരിനുശേഷം ഹാജി എന്നു പറയാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കണം. അനാദരവും ആദരവും ദേഷ്യത്തിൽ സമ്മേളിക്കണമെന്നില്ലല്ലോ. ഏതാനും ദിവസങ്ങൾക്കുശേഷം 1921 നവംബർ 26-ന് ഇദ്ദേഹത്തിന്റെ വീട് കത്തിച്ചുകളഞ്ഞു പെരകമണ്ണയിലെത്തന്നെ കുഞ്ഞിക്കോയ തങ്ങളും കൂട്ടരും.
പൊലീസിനെ എന്തുവിളിക്കും?
കൊളോണിയൽ സർക്കാരിൽ ജോലി ചെയ്തിരുന്ന നിരവധി പൊലീസുകാരെയും ഉദ്യോഗസ്ഥരെയും സമരക്കാർ നായകളെന്നും പട്ടികളെന്നും അധിക്ഷേപിച്ചിരുന്നു. ഖിലാഫത്ത്നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ തിക്തഫലങ്ങളെയും ഗാന്ധിജിയെയും നിശിതമായി വിമർശിക്കുന്ന സി. ശങ്കരൻ നായർ തന്റെ വിമർശനങ്ങൾക്ക് ശക്തികൂട്ടാനായി ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്, ഗാന്ധി ആൻഡ് അനാർക്കി എന്ന പുസ്തകത്തിൽ. മലബാറിന്റെ പശ്ചാത്തലത്തിലല്ലെങ്കിലും ഇന്ത്യയിലെമ്പാടുമുള്ള ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രത്യാഘാതങ്ങൾ കാണിക്കാനായി 1922 ജനുവരി 20-ന് ദ പയനീർ എന്ന പത്രത്തിൽ ലഖ്നൗവിൽനിന്ന് വന്ന ഒരു റിപ്പോർട്ടാണ് അദ്ദേഹം ഉദ്ധരിക്കുന്നത്: 'പൊലീസുകാരെ അവഹേളിക്കുകയും ഗവൺമെന്റ് ഉദ്യോഗസ്ഥരെ നായകൾ, പന്നികൾ എന്നിങ്ങനെ വിളിക്കുകയും ചെയ്തു.'
ഈ ആരോപണത്തിന്റെ ഒരു പ്രതിഫലനം മലബാറിൽ കാണാം. 1921 ഓഗസ്റ്റ് 22-ന് ഖിലാഫത്ത്നിസ്സഹകരണ പ്രസ്ഥാന പ്രവർത്തകർ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനും താലൂക്ക് ഓഫീസും സബ് മജിസ്ട്രേറ്റ് കോടതിയും ആക്രമിക്കുകയും രേഖകൾ നശിപ്പിക്കുകയും ചെയ്ത സമയത്ത്. പറമ്പോത്ത് അച്യുതൻകുട്ടി മേനോൻ, പട്ടാണി സയ്യിദ് അബ്ദുല്ല തങ്ങൾ, അരിപ്ര ഉണ്ണിക്കുഞ്ഞൻ തമ്പുരാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം സമരക്കാരാണ് ഉച്ചസമയത്ത് കച്ചേരി പരിസരത്തേക്ക് സംഘടിതമായി എത്തുന്നത്. അപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് ഹെഡ് കോൺസ്റ്റബിൾമാരാണ്. അതിലൊരാളായ കുട്ടികൃഷ്ണ പണിക്കർ കച്ചേരിയുടെ കവാടത്തിൽ അവരെ തടയാൻ ശ്രമിച്ചു. അന്നേരം അവർ അയാളോട് തട്ടിക്കയറി: 'ടാ നായിന്റെ മോനെ, ബ്രിട്ടീഷ് ഗവൺമെന്റിന്റെ അന്ത്യം അടുത്തിരിക്കുന്നു. കുറച്ചുസമയത്തേക്ക് ഇനി ഞങ്ങളാണ് രാജ്യം ഭരിക്കുക. ജീവൻ വേണമെങ്കിൽ നല്ലത് ആയുധങ്ങൾ ഇവിടെവെച്ച് ഓടുന്നതാണ്.'
പണിക്കർ കോടതിയിൽ നൽകിയ സാക്ഷിമൊഴിയിലാണ് ഇക്കാര്യം പറയുന്നത്. പൊലീസുകാർ വ്യാപകമായി ഉപയോഗിച്ചിരുന്ന ഇത്തരത്തിലുള്ള തെറിയും ഭാഷയും സമരക്കാർ പറഞ്ഞതായാണ് അദ്ദേഹം കോടതിയെ ബോധിപ്പിക്കുന്നത്. രണ്ടായിരത്തോളം വരുന്ന സമരക്കാരിൽ ആരാണിതു പറഞ്ഞതെന്നോ തന്നെ തെറിവിളിച്ചതെന്നോ കോടതിവ്യവഹാരത്തിൽനിന്ന് ലഭ്യമായ മൊഴിയിലില്ല. ആ സമയത്ത് അവിടെ നടന്നിരിക്കാവുന്ന ചൂടേറിയ വാഗ്വാദമോ പോലിസുകാരനെതിരെയുള്ള സമരക്കാരുടെ ഭീഷണിയോ അദ്ദേഹം തന്റേതായ ഭാഷയിൽ വിവർത്തനം ചെയ്തതായിരിക്കാം. എങ്കിലും പ്രകോപിതരായ ഒരു ആൾക്കൂട്ടത്തിൽനിന്ന് ആരെങ്കിലും ഇത്തരത്തിൽ അധിക്ഷേപം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
രണ്ടാണെങ്കിലും, ദേഷ്യം വരുമ്പോൾ ആളുകൾ പരസ്പരവും അധികാരമുള്ളവർ അധികാരമില്ലാത്തവരെയും താഴെക്കിടയിലുള്ളവരെയും അധിക്ഷേപത്തോടെ അഭിമുഖീകരിക്കാൻ 'നായ', 'നായയുടെ മക്കൾ' തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിക്കുന്നതിന്റെ മലബാർ സമരപശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രതിനിധാനമാണ് ഈ മൊഴിയും സമാനമായ തെറിവിളികളുമെല്ലാം. പുതുതായി അധികാരം കിട്ടുന്നവരും ഒരിടത്ത് തങ്ങൾക്കാണ് അധികാരമെന്ന് കരുതുന്നവരും തങ്ങളുടെ മേൽക്കൈ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഇത്തരം തെറികളിലൂടെയാണെന്നതിന്റെ വേറെയും തെളിവുകൾ കാണാം. കലാപസമയത്ത് കാസർഗോഡ് നിന്ന് അരീക്കോട്ടുവന്ന ഗോവിന്ദന് എമ്പ്രാന്തിരി എന്നയാൾ തന്നെ സമരക്കാർ പിടിച്ചുവെച്ചതിനെക്കുറിച്ച് നൽകിയ പ്രസ്താവനയിൽ പറയുന്ന തെറികൾ മറ്റൊരു ഉദാഹരണം.
അധിക്ഷേപവും അധികാരവും അതിനാൽ പരസ്പര പൂരകങ്ങളായി നിൽക്കുന്നു, ചില അധികാര വർഗ്ഗങ്ങൾക്കിടയിൽ. അവരുടെ വീക്ഷണത്തിൽ മൃഗങ്ങൾക്കിടയിൽ ഏറ്റവും താഴേത്തട്ടിലുള്ളതായി പരിഗണിക്കുന്ന നായയും നായകളുടെ മക്കളും തങ്ങളുടെ ചൊൽപ്പടിക്ക് കീഴിൽ വരുത്തേണ്ട മനുഷ്യരെ അഭിമുഖീകരിക്കാനുള്ള സമഗ്രവും അഭിജാതവുമായ അസഭ്യങ്ങളാണ്. ഉടമയോട് എപ്പോഴും വിധേയത്വം കാണിക്കുന്ന നായകളെപ്പോലെ തന്നോട് വിധേയത്വം കാണിക്കാൻ അധിക്ഷേപിക്കപ്പെടുന്നവർ ബാധ്യസ്ഥരാണെന്നും അവരുടെ മേൽ ഉടമകളെന്ന രീതിയിൽ തങ്ങൾക്കുള്ള മേൽക്കൈ മനസ്സിലാക്കണമെന്നുമുള്ള പ്രഖ്യാപനം അതിവൈകാരികതയിൽ ബഹിർഗ്ഗമിക്കുന്നത് നായ, നായിന്റെ മോൻ തുടങ്ങിയ ചുരുക്കപ്രയോഗങ്ങളിലൂടെയായിരിക്കണം. ഇത്തരം തെറികളിലൂടെ അസഭ്യക്കാരുടെ ഉപബോധമനസ്സ് പറയാതെ പറയുന്നത് അവരുടെ വിഷലിപ്തമായ അധികാര പ്രഖ്യാപനങ്ങളാണ്.
തൂക്കിലേറ്റപ്പെട്ട നായകൾ
സമകാലികകേരളത്തിൽ തെരുവുനായശല്യം ശക്തമായ സാഹചര്യത്തിൽ തെരുവുനായകളോട് മലയാളികൾ എടുത്ത പല സമീപനങ്ങളും കൊളോണിയൽ പശ്ചാത്തലങ്ങളിലും അതിനും എത്രയോമുൻപ് മധ്യകാലങ്ങളിലും പാശ്ചാത്യർ സ്വീകരിച്ച സമീപനങ്ങൾക്ക് സമാനമായിരുന്നു.
തെരുവുനായശല്യത്തിന്റെ പാരമ്യത്തിൽ ചില മലയാളികൾ തെരുവുനായകളെ കൊന്ന് കെട്ടിത്തൂക്കിയിരുന്നല്ലോ. മനുഷ്യരെ കടിക്കുകയോ ഭക്ഷണം മോഷ്ടിക്കുകയോ മറ്റെന്തെങ്കിലും കുറ്റങ്ങൾ ചെയ്യുകയോ ചെയ്തിരുന്ന നായകളെ ഇത്തരത്തിൽ കൊന്ന് കെട്ടിത്തൂക്കുന്ന ശിക്ഷാനടപടി മധ്യകാലങ്ങളിൽ യൂറോപ്പിൽ നിലനിന്നിരുന്നു. ഇംഗ്ലീഷിൽ ഹാംഗ്ഡോഗ് (hangdog) എന്ന പ്രയോഗം തന്നെ പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നിലവിൽ വന്നത് ഈ പ്രാകൃത ശിക്ഷാരീതിയിൽ നിന്നാണ്.
തൂക്കിലേറ്റപ്പെട്ട നായകളുടെ മുഖത്തെ ദയനീയാവസ്ഥ സൂചിപ്പിക്കാനോ അല്ലെങ്കിൽ നായകളെ തൂക്കിലേറ്റുന്നത് ജോലിയായി സ്വീകരിച്ചവരുടെ കീഴാളത്തം സൂചിപ്പിക്കാനോ ആണ് ഈ പദം ആദ്യകാലങ്ങളിൽ ഉപയോഗിച്ചതെന്നത് പല നിഘണ്ടുക്കളും രേഖപ്പെടുത്തുന്നു. മലബാർ സമരങ്ങളിൽ മാപ്പിളമാരുടെ ദയനീയാവസ്ഥ സൂചിപ്പിക്കാൻ ഏതാനും പ്രാദേശിക രാഷ്ട്രീയനേതാക്കൾ ഈ പദം പ്രയോഗിച്ചതായി കാണാം. കലാപാനന്തരം അന്തമാനിലേക്ക് നാടുകടത്തപ്പെട്ട മാപ്പിളമാരെ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലെയും ലെജിസ്ലേറ്റീവ് കൗൺസിലിലെയും അംഗങ്ങളായിരുന്ന മഹ്മൂദ് ഷംനാട്, സയ്യിദ് മുർതസാ, മീർ അബ്ബാസ് അലി എന്നിവർ അവിടങ്ങളിലെ മാപ്പിള സ്ത്രീകളും പുരുഷന്മാരും കുട്ടികളും ആവശ്യത്തിന് ഭക്ഷണം കിട്ടാതെ എല്ലുംതോലുമായി വിറങ്ങലിച്ച് തൂക്കിലേറ്റപ്പെട്ട പട്ടികളുടെ ദയനീയ ഭാവത്തോടെയാണ് (emaciated with an hang-dog look about them) തങ്ങളുടെ മുമ്പിലെത്തിയതെന്നാണ് എഴുതുന്നത്.
തൂക്കിലേറ്റപ്പെട്ട മധ്യകാല യൂറോപ്പിലെയും സമകാലിക കേരളത്തിലെയും പട്ടികൾക്കിടയിലുള്ള ചരിത്രപരമായ ദീർഘദൂരത്തിനിടയിൽ കുറ്റക്കാരെന്ന് കരുതുന്ന മൃഗങ്ങളോട് മനുഷ്യർ കാണിക്കുന്ന സമീപനങ്ങളിൽ അധികം മാറ്റം വന്നിട്ടില്ലെന്ന് മനസ്സിലാക്കാം. മനുഷ്യർ പരസ്പരം പോരടിച്ച് നൂറ്റാണ്ടുകളിലൂടെ നടന്നുതീർത്ത ദൈന്യതകളുടെ ഓർമ്മപ്പെടുത്തൽ കൂടെയാണ് സമരകാലങ്ങളിൽനിന്നുള്ള മനുഷ്യരും നായകളും തമ്മിലുള്ള ബാന്ധവങ്ങളുടെ വർത്തമാനങ്ങൾ.
Content Highlights: excerpt from mrigakalapangal by mahmood kooria