സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു

‘ഇപ്പോൾ സമയം രാവിലെ ഒമ്പത് പതിനേഴ്. പുറത്തെ താപനില 12 ഡിഗ്രി സെൽഷ്യസ്...’
വിമാനം റൺവേയിലൂടെയുള്ള ഓട്ടം പൂർത്തിയാക്കി, ഒരു കിതപ്പോടെ നിൽക്കുമ്പോൾ എയർ ഹോസ്റ്റസ് വിളിച്ചുപറയുന്നതു കേട്ടാണ് ഉറക്കവും ഓർമ്മകളും ഇടപഴകിക്കിടന്ന പാതിമയക്കത്തിൽനിന്ന് ഞാനുണർന്നത്. വസന്തകാലത്തിന്റെ ചെറിയ തണുപ്പും ഉടുപ്പണിഞ്ഞുതുടങ്ങിയ മരങ്ങളും ചെടികളും പുതിയ ഇലകളും വിടർന്നുതുടങ്ങിയ പൂക്കളും കാർമേഘം മൂടിക്കിടന്ന എന്റെെ ആകാശസ്വപ്നങ്ങൾക്ക് അകമ്പടിനിന്നു. എന്റെ പാശ്ചാത്യപ്രവാസം അന്നു തുടങ്ങി.
കൊളേത്ത് മാത്രമായിരുന്നു ഫ്രാൻസിൽ നങ്കൂരമിടാൻ എന്നെ പ്രേരിപ്പിച്ച ഏകഘടകം. പാരീസ് നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ചാൾസ് ദ ഗോൾ ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 2D യിലാണ് ഞാൻ വിമാനമിറങ്ങിയത്. തലേവർഷത്തെ യാത്രയ്ക്കിടയിൽ അപേക്ഷയൊന്നും നൽകാതെത്തന്നെ അനുഗ്രഹമായിക്കിട്ടിയ സ്റ്റുഡന്റ് റെസിഡന്റ് കാർഡിലൂടെ ഒന്നുരണ്ടുവട്ടം കണ്ണോടിച്ചിട്ട് അതിർത്തിപ്പോലീസ് ഒരു ചെറുചിരിയോടെ പാസ്പോർട്ട് മടക്കിത്തന്നു.
ട്രോളിയിൽ പെട്ടിയും ഹാൻഡ്ബാഗുമെടുത്തുവെച്ച് മുന്നോട്ടു നീങ്ങി. എയർ ഫ്രാൻസ് ഷട്ടിൽ ബസിന്റെ ടിക്കറ്റു വാങ്ങി പുറത്തേക്കിറങ്ങി. ലൂർദിലേക്കുള്ള വിമാനം പാരീസ് നഗരത്തിന്റെ തെക്കുള്ള ഓർളി എയർപോർട്ടിൽനിന്നാണ്. ഒരു മണിക്കൂറോളമെടുത്ത ബസ് യാത്രയിൽ കണ്ണുകൾ പുറത്തെ വിസ്മയങ്ങളിൽ ചാഞ്ചാടിനടന്നെങ്കിലും, അവയൊന്നും മനസ്സിൽ കയറിക്കൂടിയില്ല. ഓർളിയിൽ എത്തിയപ്പോൾ ബോഡിങ് തുടങ്ങിയിരുന്നു.
ഒന്നരമണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ലൂർദ് എയർപോർട്ടിൽ വിമാനമിറങ്ങി. പെട്ടിയുമെടുത്ത് പുറത്തേക്കുള്ള വാതിൽ തിരയുമ്പോൾ ചില്ലുഭിത്തിക്കപ്പുറം നിറഞ്ഞ ചിരിയുമായി കൊളേത്ത് കൈവീശി.
‘‘ബോൺഴൂർ ബാബു.’’
എന്റെ മുഖം ചേർത്തുപിടിച്ച് ഇരുകവിളിലും ഉമ്മവെക്കുമ്പോൾ കൊളേത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നോ? അറിയില്ലെനിക്ക്...
ഫ്രാൻസിൽ അടുത്ത ബന്ധമുള്ളവർ കവിളുകൾ പരസ്പരം ചേർത്ത് ഉമ്മവെച്ചുകൊണ്ടാണ് അഭിവാദ്യം ചെയ്യുക. ഔപചാരികസാഹചര്യങ്ങളിൽ മാത്രമാണ് കൈകൊടുക്കുന്നത്.
‘‘നമുക്കൊന്നിച്ചു ലൂർദിൽ പോയി പ്രാർത്ഥിച്ചശേഷം എന്റെ ഫ്രാൻസിലെ ജീവിതം ആരംഭിക്കാമെന്നു കരുതിയാണ് ഞാൻ വന്നത്.’’
ഡിക്കിയിലേക്ക് പെട്ടി എടുത്തുവെച്ചുകൊണ്ട് ഞാൻ പറഞ്ഞു.
‘‘അതിനെന്താ വീട്ടിലേക്കു പോകുന്നതിനുമുമ്പ് നമുക്ക് ഗ്രോട്ടോയിൽ പോയി പ്രാർത്ഥിക്കാം. ഇന്നെനിക്ക് വേറെ പരിപാടികളൊന്നുമില്ല.’’
ലൂർദിലെ തീർത്ഥാടനകേന്ദ്രത്തിന്റെ മെയിൻ ഗേറ്റ് കടന്ന്, സുവനീർക്കടകളുടെ മുന്നിലൂടെ വണ്ടി നീങ്ങി. ആറുമാസം മുമ്പ് കൊളേത്ത് പഠിപ്പിച്ച ഫ്രഞ്ചുഭാഷ മടങ്ങിവരാൻ അധികം വൈകിയില്ല.
‘‘ബാബു ബേസിക് കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ പറയുന്നുണ്ട്. മൂന്നുനാലു മാസം കൂടി പഠിച്ചാൽ നന്നായി കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കും.’’
ലൂർദിലെ മരിയൻ തീർത്ഥാടനകേന്ദ്രത്തിന്റെ മതിലിനു പുറത്ത്, വഴിയരികിൽ വണ്ടി പാർക്ക് ചെയ്തശേഷം ഞങ്ങൾ ഗ്രോട്ടോയിലേക്ക് നടന്നു. പതിവു തീർത്ഥാടകരുടെ തിരക്കൊന്നുമുണ്ടായിരുന്നില്ല. ഗ്രോട്ടോയുടെ അകത്തു കയറി, അദ്ഭുതയുറവയുടെ മുകളിലെ പാറക്കെട്ടിൽനിന്ന് പനച്ചിറങ്ങിയ വെള്ളത്തിൽത്തൊട്ടു പ്രാർത്ഥിച്ചു. ഗ്രോട്ടോയുടെ മുകൾഭാഗത്ത്, ഒരു ചെറിയ പാറയിടുക്കിൽ ഹിമവസ്ത്രധാരിണിയായ കന്യകാമാതാവ് അത്യുന്നതന്റെ അരികിലേക്ക് എന്റെ പ്രാർത്ഥനകൾ എത്തിച്ചിട്ടുണ്ടാവണം.
കൃഷിക്കാരിയായിരുന്ന കൊളേത്ത് തലേവർഷമാണ് ജോലിയിൽനിന്നു വിരമിച്ചത്. രാവിലെ അഞ്ചരയാകുമ്പോൾ അവർ ഉണരും. കടുപ്പമേറിയ ഫിൽറ്റർ കാപ്പിയും പ്രഭാതഭക്ഷണവും കഴിഞ്ഞ് എല്ലാ ദിവസവും രണ്ടുമൂന്നു കിലോമീറ്ററകലെയുള്ള പള്ളിയിൽ കുർബാനയ്ക്കു പോകും. മടങ്ങിവന്നുകഴിഞ്ഞാൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ജോലികൾ കൊളേത്തിനെ കാത്തിരിക്കുന്നുണ്ടാവും.
പിറ്റേന്നുമുതൽ വെളുപ്പിനേ ഉണർന്ന് ഞാനും കൊളേത്തിനോടൊപ്പം പള്ളിയിൽ പോകാൻതുടങ്ങി. അരമണിക്കൂർ നീണ്ടുനിൽക്കുന്ന കുർബാനയ്ക്ക് ദിവസവും പോയത് പ്രാർത്ഥിക്കാൻവേണ്ടി മാത്രമായിരുന്നില്ല. ഫ്രഞ്ചുഭാഷ പഠിക്കാനുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു എനിക്ക് കുർബാനകൾ. ജീവിതരീതിയും ഭക്ഷണാഭിരുചികളുമെല്ലാം പരിപൂർണ്ണമായും ഫ്രഞ്ചുരീതിയിലാകാൻ പിന്നെയും മാസങ്ങൾ വേണ്ടിവന്നു.
ആ ജൂലായ് മാസത്തിലെ ചൂടുകൂടിയ ഒരു വൈകുന്നേരം കൊളേത്തും ഞാനും വീടിനു പുറകിലുള്ള ചെറിമരത്തിന്റെ ചുവട്ടിലുള്ള കസേരകളിലിരുന്ന് കാറ്റുകൊള്ളുകയായിരുന്നു. കുറച്ചകലെ മഞ്ഞുരുകി, പച്ചപൊതിഞ്ഞ പിരനീയൻ മലനിരകൾ സ്പെയിനിൽ ലയിച്ചുപോകാതിരിക്കാനെന്നവണ്ണം ഫ്രാൻസിനെ അടക്കിപ്പിടിച്ചു. പീക്ക് ദ മിദി എന്ന ഏറ്റവും ഉയരം കൂടിയ മല ആ വേനൽച്ചൂടിലും നെറ്റിയിൽ വെളുത്ത പൊട്ടുകുത്തിത്തന്നെ നിന്നു.
‘‘നീ എന്നെ ഇതുവരെയും ഒന്നും വിളിച്ചില്ലല്ലോ ബാബൂ. നിനക്കെന്നെ പേരു വിളിക്കാം.’’
കൊളേത്ത് എന്റെ നേരേ തിരിഞ്ഞു.
‘‘നിങ്ങൾക്ക് എന്റെ അമ്മയെക്കാൾക്കൂടുതൽ പ്രായമുണ്ട്. ഞങ്ങളുടെ സംസ്കാരത്തിൽ മുതിർന്നവരെ പേരു വിളിക്കാറില്ല.’’
തുടക്കംമുതൽ ‘താങ്കൾ’ ‘നിങ്ങൾ’ എന്നൊക്കെപ്പറഞ്ഞുമാത്രം സംസാരിച്ചിരുന്ന ഞാൻ, അവരെ പേരു വിളിക്കാൻ മടിച്ചു.
‘‘നീ ഇപ്പോൾ ഇന്ത്യയിലല്ലല്ലോ. ഫ്രാൻസിൽ ജീവിക്കാൻ ഫ്രഞ്ചുഭാഷമാത്രം പോര, ഞങ്ങളുടെ സംസ്കാരമനുസരിച്ച് പെരുമാറാനും നീ പഠിക്കണം.’’
കൊളേത്ത് ഒഴിഞ്ഞ കാപ്പിക്കപ്പ് പ്ലാസ്റ്റിക് മേശയിലേക്ക് വെച്ചു.
‘‘അതിനൊക്കെ കുറേ സമയമെടുക്കില്ലേ...’’
ഒരു വാചകം പൂർണ്ണമായി ഫ്രഞ്ചിൽ പറഞ്ഞുപിടിപ്പിക്കാൻ അറിയില്ലെങ്കിലും, മനസ്സിലുള്ള കാര്യങ്ങളെ അർത്ഥമാക്കുന്ന വാക്കുകൾ വ്യാകരണനിയമങ്ങളൊന്നും നോക്കാതെ ഞാനങ്ങു നിരത്തിവെക്കുമായിരുന്നു. തെറ്റുകൾ ഒത്തിരിയുണ്ടാകുമെങ്കിലും കേൾക്കുന്നവർക്ക് കാര്യം മനസ്സിലാകുമല്ലോ എന്നായിരുന്നു എന്റെ പക്ഷം.
‘‘എന്നെ ഒരു മകനെപ്പോലെ കാണാനും സ്നേഹിക്കാനും എന്തെങ്കിലും കാരണമുണ്ടോ..?’’ കുറേകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.
അകലെ മലനിരകളിലേക്ക് കണ്ണുംനട്ടിരുന്ന കൊളേത്ത് ഒന്നും മിണ്ടിയില്ല. ചോദിച്ചത് അബദ്ധമായിപ്പോയെന്നു തോന്നി.
‘‘ഞാൻ അങ്ങനെ ചോദിച്ചത് ഇഷ്ടമായില്ലേ..?’’
‘‘നിനക്ക് പേരു വിളിക്കാൻ മടിയാണെങ്കിൽ എന്നെ മമ്മ എന്നു വിളിക്കാം. എന്റ നാലു മക്കളെയുംപോലെ.’’
എനിക്കവരുടെ വാക്കുകൾ പെട്ടെന്ന് വിശ്വസിക്കാനായില്ല. അഞ്ചു മാസം മുമ്പ് മാലാഖ വന്നു പിടിച്ചുകൊണ്ടുപോയ അമ്മയ്ക്കു പകരമാകാൻ മറ്റാർക്കെങ്കിലും കഴിയുമോ? എങ്കിലും ഞാനത് അനുസരിച്ചു. അന്നുമുതൽ കൊളേത്ത് എന്റെ മമ്മയായി.
വിശാലമായ ഊണുമുറിക്കപ്പുറമുള്ള പിന്മുറ്റത്ത് മണിക്കൂറുകളോളം ഞങ്ങളിരുന്നു.
മകനെപ്പോലെ എന്നെ സ്നേഹിക്കാൻ കാരണമായത് അവരുടെ വ്യക്തിത്വവും ജീവിതമൂല്യങ്ങളും ആത്മീയതയും ആ ആത്മീയതയിൽ നിറഞ്ഞുനിന്ന മാനവികതയുമാകാം.
യൂറോപ്പിലെ വേനലിൽ, നേരമിരുളാൻ രാത്രി വൈകും. ജൂലായ് മാസത്തിലെ ആ രാത്രി, പത്തരയൊക്കെക്കഴിഞ്ഞാണ് ഇരുൾ വീണുതുടങ്ങിയത്. അപ്പോഴും കൊളേത്ത് അവരുടെ ജീവിതകഥ പറയുന്നത് തുടർന്നു. രണ്ടാം ലോകയുദ്ധം ആരംഭിക്കുന്നതിനും മൂന്നുവർഷം മുമ്പ്, പാരീസ് സിറ്റിയിലെ അവരുടെ ജനനവും, യുദ്ധകാലത്തെ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളും, അവരുടെ അപ്പൻ ക്ഷയം ബാധിച്ച് അകാലത്തിൽ മരിക്കുന്നതും, അമ്മ വേറെ വിവാഹം കഴിക്കാതെ കൊളേത്തിനെ വളർത്തുന്നതുമെല്ലാം പറഞ്ഞു.
അവരെ കേട്ടിരിക്കുമ്പോൾ മാലാഖയുടെ വാക്കുകൾ വീണ്ടും മുഴങ്ങിയതുപോലെ ഒരു തോന്നൽ:
‘‘സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു.’’
ഒരിക്കലും ഉണങ്ങാത്ത
ആണിപ്പഴുതുകൾ
ഇന്ത്യയിൽനിന്നും പഠനത്തിനായി പാരീസ് യൂണിവേഴ്സിറ്റിയിലെത്തിയ ബോംബെക്കാരനായ ഒരു ബ്രാഹ്മണയുവാവുമായി കൊളേത്ത് പ്രണയത്തിലായി. ഒരു വർഷംമാത്രം നീണ്ടുനിന്ന ആ പ്രണയത്തെക്കുറിച്ചു പറയുമ്പോൾ അവർ വാചാലയായി.
‘‘നിങ്ങളുടെ ജാതിസമ്പ്രദായങ്ങളൊക്കെ വെച്ച്, നമുക്ക് വിവാഹം കഴിച്ചു ജീവിക്കാനാവുമോ സൂര്യ?’’
അയാൾ പഠനം പൂർത്തിയാക്കി മടങ്ങിപ്പോകുന്നതിനും ഏതാനും മാസങ്ങൾക്കുമുമ്പ് കൊളേത്ത് ചോദിച്ചുവത്രേ.
‘‘ആരൊക്കെ എതിർത്താലും ഞാൻ നിന്നെ മാത്രമേ വിവാഹം കഴിക്കൂ. എന്റെ അച്ഛൻ തുറന്ന മനസ്സുള്ളയാളാണ്. അച്ഛൻ എന്റെ ഇഷ്ടം മാത്രമേ നോക്കൂ... കൊളേത്ത്, നിനക്കെന്നെ വിശ്വാസമില്ലേ..?’’
തന്റെ തോളിൽ ചാരിയിരുന്ന്, മണിക്കൂറുകളോളം മൗനം മുറിക്കാതിരുന്ന കൊളേത്തിനോട് മടങ്ങിപ്പോകുന്നതിന്റെ തലേന്ന് സൂര്യ ചോദിച്ചു.
‘‘നിന്റെ നാടിനെക്കുറിച്ചുള്ള എന്റെ അറിവുകളെല്ലാം വായനയിലൂടെയുള്ളതാണ്. ഞാൻ നേരിൽക്കാണുകയും സംസാരിക്കുകയും ചെയ്ത ആദ്യ ഇന്ത്യക്കാരനാണ് നീ. നിന്നെ എനിക്ക് വിശ്വാസമുണ്ട്. പക്ഷേ, നീ ബോംബെയിൽ മടങ്ങിച്ചെല്ലുമ്പോൾ, നിന്റെ കുടുംബക്കാർ നിന്നെ നിർബ്ബന്ധിച്ചു വിവാഹം കഴിപ്പിക്കുമോ എന്നാണെന്റെ പേടി...’’
സൂര്യ മറുപടി പറഞ്ഞില്ല. അയാളുടെ മൗനത്തിന് കൊളേത്തിന്റെ ഉള്ളിലെരിഞ്ഞ അസ്വസ്ഥതകളുമായി സാമ്യമുണ്ടായിരുന്നു. അയാൾ ബോംബെയ്ക്ക് വിമാനം കയറിയപ്പോൾ വിരഹത്തിന്റെയും വേർപാടിന്റെയും മുറിവുകളുമായി കൊളേത്ത് അവളിലേക്കുതന്നെ ഒതുങ്ങിക്കൂടി...
മുറിയിൽ കയറി ജനാലകളിലൂടെ അകലേക്ക് കണ്ണുംനട്ട് സമയം തള്ളിനീക്കിയ മകളെയോർത്ത് മനസ്സു പിടഞ്ഞ അമ്മയുടെ ചോദ്യങ്ങൾക്കെല്ലാം മൗനം മാത്രമായിരുന്നു മറുപടി.
മൂന്നാഴ്ച കഴിഞ്ഞാണ് സൂര്യയുടെ കത്തുവന്നത്. പ്രണയം നിറഞ്ഞുനിന്ന ഒരു കത്ത്. കടലാസിന്റെ ഇരുപുറവും നിറച്ചെഴുതിയ ആ കത്തിൽ ഒരു വർഷത്തിനകം കൊളേത്തിനെ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്നും വിവാഹം കഴിക്കുമെന്നുമൊക്കെയുണ്ടായിരുന്നു.
സൂര്യയുടെ കത്തുകൾ വരാൻതുടങ്ങിയതോടെ കൊളേത്ത് ഉത്സാഹവതിയായി. ചിരിയും കളിയുമെല്ലാം തിരിച്ചുവന്നു. അധികം വൈകാതെ കൊളേത്ത് തൊട്ടടുത്തുള്ള സ്വകാര്യ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചറായി ജോലിയിൽ പ്രവേശിച്ചു.
ഇന്ത്യക്കാരനുമായുള്ള മകളുടെ പ്രണയം കൊളേത്തിന്റെ അമ്മയെ ഏറെ അസ്വസ്ഥയാക്കി. തികച്ചും അപരിചിതമായ ഒരു സംസ്കാരത്തിൽനിന്നും വന്ന ഒരു ചെറുപ്പക്കാരനുമായി മകൾ പ്രണയത്തിലായതിൽ ചെറുതല്ലാത്തൊരു ദുഃഖം അവരെ പിടികൂടി. മകൾക്കുവേണ്ടിമാത്രം ജീവിച്ച ഒരമ്മയുടെ ഭയമായിരുന്നു അവർക്ക്.
‘‘നീ എന്ത് ഭാവിച്ചുകൊണ്ടാ ആ ഇന്ത്യക്കാരനെ ഇപ്പോഴും പ്രേമിക്കുന്നത്..?’’
സൂര്യ മടങ്ങിപ്പോയി മൂന്നുനാലു മാസം കഴിഞ്ഞ ഒരു വൈകുന്നേരം, അത്താഴസമയത്താണ് അമ്മ വിഷയമെടുത്തിട്ടത്.
ഒരു ചിരിയായിരുന്നു കൊളേത്തിന്റെ മറുപടി.
‘‘നീ ചിരി നിർത്തൂ. എനിക്കാണേൽ ഓർത്തിട്ട് ഒരു സമാധാനവുമില്ല...’’
ഒന്നു നിർത്തിയിട്ട് അവർ തുടർന്നു:
‘‘ഞാനിതിനു സമ്മതിക്കില്ല. ആരാ എന്താ എന്നൊന്നുമറിയാത്ത ഒരുത്തനെ കെട്ടുക. എന്നിട്ട് ഒരിക്കൽപ്പോലും പോയിട്ടില്ലാത്ത ഒരു നാട്ടിൽപ്പോയി താമസിക്കുക. അവിടുത്തെ ഭാഷപോലും നിനക്കറിയില്ല. ഒരു ഫ്രഞ്ചുകാരിയായ നിനക്കൊരിക്കലും ഇന്ത്യയിലെ രീതികളുമായി അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല.’’
ഉള്ളിലുള്ളതെല്ലാം തുറന്നുപറഞ്ഞപ്പോൾ മകൾ തീരുമാനം മാറ്റുമെന്നാണ് അവർ ചിന്തിച്ചത്.
‘‘എനിക്ക് സൂര്യയെ അറിയാം. അവന് എന്നെയും... പാരീസിൽ അവൻ ജീവിച്ചത് ഫ്രഞ്ചുകാരെപ്പോലെത്തന്നെയല്ലേ? അപ്പോൾ എനിക്ക് ബോംബെയിൽപ്പോയി ഇന്ത്യക്കാരെപ്പോലെ ജീവിച്ചാലെന്താ..? അമ്മ വെറുതേ വിഷമിക്കാതെ...’’
അതൊന്നും കേട്ട് അമ്മ അടങ്ങിയില്ല.
‘‘നിനക്ക് ഏഴു വയസ്സുള്ളപ്പോൾ നിന്റെ അപ്പൻ മരിച്ചതാ. നാലു വർഷക്കാലം കിടന്ന കിടപ്പിലായിരുന്ന ആ മനുഷ്യനെ നോക്കിയത് ഞാനാ. അന്നും പിന്നീടും ഒരു ബന്ധുക്കളും നമ്മളെ തിരിഞ്ഞുനോക്കിയിട്ടില്ല. അദ്ദേഹം മരിച്ചപ്പോൾ യുദ്ധം കഴിഞ്ഞിരുന്നില്ല. ജർമൻ ബോംബുകളെ ഭയന്ന് ഞാനെവിടെയെല്ലാം ഓടിനടന്നു. ഇരുപത്തിനാലു വയസ്സുവരെ തന്നെയങ്ങ് വളർന്നുവെന്നാണോ നീ കരുതുന്നത്? വേറൊരു വിവാഹം കഴിക്കാതെ ഞാൻ ഇക്കാലമത്രയും ജീവിച്ചത് നിനക്കു വേണ്ടിയല്ലേ..? എന്നിട്ടിപ്പോൾ എവിടെനിന്നോ വന്ന ഒരുത്തന്റെകൂടെ പോകാൻ നീയങ്ങു തീരുമാനിച്ചു അല്ലേ...’’
അപ്പോഴും കൊളേത്തിനു മറുപടിയുണ്ടായിരുന്നു.
‘‘അമ്മ ത്യാഗങ്ങൾ സഹിച്ചു എന്നത് സത്യം തന്നെ. പക്ഷേ, അതിന്റെ പേരിൽ എന്റെ ഇഷ്ടങ്ങളെ ഞാൻ മാറ്റിവെക്കണോ? കല്യാണം കഴിക്കുകയെന്നാൽ അമ്മയെ ഉപേക്ഷിക്കുക എന്നാണോ അർഥം?’’
അമ്മ പിന്നെ ഒന്നും മിണ്ടിയില്ല. മാസങ്ങളോളം തുടർന്ന ഒരു നിശ്ശബ്ദത. സ്കൂളിലെ ജോലിയിൽ കൊളേത്ത് സന്തോഷവതിയായിരുന്നു. മുടങ്ങാതെവന്നുകൊണ്ടിരുന്ന സൂര്യയുടെ കത്തുകൾ അവരുടെ പ്രണയം ആളിക്കത്തിച്ചു. ആഴ്ചയുടെ അവസാനം എഴുതുന്ന നീണ്ട മറുപടിക്കത്തുകൾ രാവിലെ അമ്മയെ ഏൽപ്പിച്ച് സ്കൂളിലേക്ക് പോകുമ്പോഴും സൂര്യയോടൊപ്പമുള്ള ജീവിതം മാത്രമായിരുന്നു അവളുടെ മനസ്സിൽ.
നാളുകൾ കഴിയവെ, സൂര്യയുടെ കത്തുകൾ തമ്മിലുള്ള അകലം ആഴ്ചകൾക്കും മാസങ്ങൾക്കും വഴിമാറി. ആ കത്തുകളിലും അയാളുടെ പ്രണയത്തിന്റെ തീവ്രത കുറഞ്ഞിരുന്നില്ല. സൂര്യയുടെ മറുപടിക്ക് കാലതാമസം വന്നെങ്കിലും കൊളേത്ത് ഓരോ ആഴ്ചയും കത്തുകളെഴുതി. ഫെബ്രുവരി മാസം മുതൽ അഞ്ചു മാസക്കാലം സൂര്യയുടെ കത്തുകളൊന്നും വന്നില്ല. സൂര്യയ്ക്ക് അരുതാത്തതെന്തെങ്കിലും സംഭവിച്ചോ എന്ന് കൊളേത്ത് ഭയന്നു. ജൂൺ മാസം അവസാനം, സ്കൂളവധി തുടങ്ങിയപ്പോൾ അവൾ ബോംബെയിലേക്ക് വിമാനം കയറി.
‘‘അയാൾ വേറെ കല്യാണം കഴിച്ചുകാണും... നീ ഇന്ത്യയ്ക്ക് പോകണ്ടന്നാ എന്റെ അഭിപ്രായം...’’ യാത്രയുടെ തലേന്ന് അമ്മ കൂടക്കൂടെ പറഞ്ഞു.
‘‘ഇക്കാര്യത്തിൽ അമ്മയുടെ അഭിപ്രായമല്ല ഞാൻ നോക്കുന്നത്. എന്റെ ഇഷ്ടമനുസരിച്ചാണ് ഞാൻ തീരുമാനമെടുക്കുന്നത്...’’
ഒരു മാസത്തെ റിട്ടേൺ ടിക്കറ്റിൽ ബോംബെയിലേക്ക് പോയ കൊളേത്ത് മൂന്നുദിവസം കഴിഞ്ഞപ്പോൾ പാരീസിൽ മടങ്ങിവന്നു. ബോംബെയിലെത്തി, സൂര്യയുടെ തറവാടുവീടു കണ്ടെത്തിയ കൊളേത്തിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ചില സത്യങ്ങളായിരുന്നു. അതിനും രണ്ടു മാസത്തിനുമുമ്പ്, 1961 മേയ് മാസത്തിൽ സൂര്യ വിവാഹിതനായിരുന്നു. മാസങ്ങളായി കൊളേത്തിന്റെ കത്തുകളൊന്നും അയാൾക്ക് ലഭിച്ചിരുന്നില്ല. അവസാനമായി അയാൾക്ക് കിട്ടിയത് ടൈപ്പ് റൈറ്ററിൽ കുറിച്ച അരപ്പുറം മാത്രമുള്ള ഒരു കത്തായിരുന്നു.
പ്രിയപ്പെട്ട സൂര്യ,
ഏറെ ചിന്തിച്ചതിനുശേഷം ഞാനൊരു തീരുമാനമെടുത്തു. നമ്മൾ തമ്മിലുള്ളത് പ്രണയമൊന്നുമല്ല. ഇത് വെറും ഇൻഫാച്ചുവേഷൻ മാത്രമാണ്. നമ്മൾ തമ്മിൽ ഒരിക്കലും ചേർന്നുപോകില്ല. അമ്മയെ ഇവിടെ തനിച്ചാക്കി, നിങ്ങളെ വിവാഹംകഴിച്ച്, ഇന്ത്യയിൽ വന്നു ജീവിക്കാൻ എനിക്കൊരിക്കലുമാവില്ല. നിങ്ങൾ നിങ്ങളുടെ നാട്ടുകാരിയായ ഒരാളെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കൂ.
എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്. ഇനി എനിക്ക് കത്തുകൾ അയയ്ക്കരുത്.
ബൈ
കൊളേത്ത്.
ബോംബെയിൽനിന്നു മടങ്ങുമ്പോൾ കൊളേത്ത് കൈയിൽ കരുതിയത് ആ കത്തു മാത്രമായിരുന്നു. ഒരു വഞ്ചനയുടെ അച്ചാരം പോലെ!
അവൾ സൂര്യയ്ക്കെഴുതിയ കത്തുകളൊന്നും അമ്മ ഇന്ത്യയിലേക്ക് അയച്ചിരുന്നില്ല. സൂര്യ അയച്ച കത്തുകൾ അവർ നശിപ്പിച്ചുകളഞ്ഞു. ഫെബ്രുവരി മാസത്തിൽ കൊളേത്തിന്റെ പേരിൽ തന്റെ ജോലിസ്ഥലത്തുനിന്ന് സൂര്യയ്ക്ക് കത്തയച്ചതും അമ്മയായിരുന്നു.
തൊട്ടടുത്ത ആഴ്ച കൊളേത്ത് ജോലി രാജിവെച്ചു. ഒരു ചെറിയ ട്രങ്ക് പെട്ടിയിൽ തന്റെ വസ്ത്രങ്ങളും ഒരു തോൾസഞ്ചിയുമെടുത്ത് വീട്ടിൽനിന്നിറങ്ങുമ്പോൾ അമ്മയോട് യാത്ര പറയാൻ പോലും അവൾ കൂട്ടാക്കിയില്ല. ആ ബന്ധത്തിന്റെ ഇടനാഴിയിലേക്കുള്ള വാതിൽ താഴിട്ടു പൂട്ടിയിട്ടാണ് കൊളേത്ത് ലൂർദിലേക്ക് ട്രെയിൻ കയറിയത്. ഒറ്റയ്ക്കു ജീവിക്കാനുള്ള സ്വപ്നമായിരുന്നു ഉള്ളിൽ. തന്റെ സ്വപ്നങ്ങളും, ജീവിതം തന്നെയും തല്ലിത്തകർത്ത അമ്മയെ ഇനിയൊരിക്കലും കാണുകയില്ല എന്നു പ്രതിജ്ഞ ചെയ്തിട്ടാണ് കൊളേത്ത് 1961-ലെ വേനൽച്ചൂടിൽ പാരീസ് നഗരം വിട്ടത്.
രണ്ടായിരാമാണ്ടിലെ ജൂലായ് മാസത്തിൽ പിരനീസ് മലനിരകളിലേക്ക് നോക്കിയിരിക്കുമ്പോൾ മമ്മ പറഞ്ഞുതന്നതാണ് അവർ ജീവിച്ച ആ പ്രണയകഥ. സൂര്യയെക്കുറിച്ചുള്ള ഓർമ്മകൾ കാലങ്ങൾക്കിപ്പുറവും ഒരിക്കലും ഉണങ്ങാത്ത ആണിപ്പഴുതുകൾ പോലെ അവരുടെയുള്ളിൽ വിങ്ങലുണ്ടാക്കി.
Content Highlights: An Indian student's migration to France and his bond with a retired French woman named Collette., Collette's untold past involving a tragic romance with an Indian student named Surya in Paris in 1961., The emotional betrayal by Collette's mother who sabotaged their relationship., Collette's relocation to Lourdes and her life of solitude, spirituality, and resilience.