'ഒരു വിരലടയാളംപോലും പതിഞ്ഞില്ല, മാവോയിസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ തെലുങ്ക് പത്രം ഉപേക്ഷിച്ചു'

ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ചേലേമ്പ്ര ബാങ്ക് കവര്‍ച്ച. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ നടന്ന ബാങ്കുകൊള്ളയുടെ സൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന കേസന്വേഷണത്തിന്റെ കഥയാണിത്. പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം...
മോഹനചന്ദ്രനും സംഘവും ഹൈദരാബാദില്‍നിന്നു മടങ്ങിയെത്തി.
ഹൈദരാബാദിലെ ടെലിഫോണ്‍ ബൂത്തില്‍നിന്നും ശേഖരിച്ച വിശദാംശങ്ങള്‍ വിശദമായി അവര്‍ പരിശോധിച്ചു. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ മറ്റു നമ്പറുകള്‍, അവര്‍ അന്വേഷിക്കുന്ന കുറ്റകൃത്യങ്ങളുമായി ഒരു നിലയ്ക്കും ബന്ധപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തലായിരുന്നു ലക്ഷ്യം. ബാബു മലപ്പുറത്തേക്കു വിളിച്ചതിനു പത്തു മിനിറ്റ് മുമ്പും പത്തു മിനിറ്റിനു ശേഷവും എസ്.ടി.ഡി. ബൂത്തില്‍നിന്നു ഫോണ്‍ വിളിച്ച ആളുകളെ അവര്‍ കണ്ടെത്തി, വിവരങ്ങള്‍ ശേഖരിച്ചു. ബാബു വീണ്ടും ആ ബൂത്തിലേക്കു മടങ്ങിയെത്താനുള്ള വിദൂര സാദ്ധ്യത കണക്കിലെടുത്ത് എസ്.ടി.ഡി. ബൂത്ത് നിരീക്ഷിക്കാന്‍ അവര്‍ ഒരു നിരീക്ഷണസംഘത്തെ സജ്ജമാക്കിയിരുന്നു.
വിരലടയാളങ്ങള്‍ക്കും ഷൂ പ്രിന്റുകള്‍ക്കുമായി 413-ാം നമ്പര്‍ മുറിയുടെ ഓരോ ഇഞ്ചും വിശദമായി പരിശോധിച്ചു. മുറിയില്‍നിന്നു ലഭിക്കുന്ന അടയാളങ്ങളുമായി ഒത്തുനോക്കുന്നതിനുവേണ്ടി ലോഡ്ജിലെ റൂം സര്‍വീസ് സ്റ്റാഫിന്റെ വിരലടയാളങ്ങളും അവര്‍ ശേഖരിച്ചിരുന്നു. എന്നാല്‍, ബാങ്ക് കവര്‍ച്ച നടന്ന സ്ഥലത്തെപ്പോലെതന്നെ ഒരു വിരലടയാളംപോലും ആ മുറിയില്‍ പതിയാതിരിക്കാന്‍ കുറ്റവാളികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മോഹനചന്ദ്രന്‍ 413-ാം നമ്പര്‍ മുറിയില്‍നിന്നും പിടിച്ചെടുത്ത സാധനങ്ങളിലേക്കു കണ്ണുംനട്ട് ഇരുന്നു. കൂട്ടത്തിലുണ്ടായിരുന്ന തെലുങ്കു ദിനപത്രം കൈയിലെടുത്തു സൂക്ഷിച്ചു നോക്കി. ബാബു പയറ്റിയ മറ്റൊരടവായിരുന്നല്ലോ ആ പത്രവും എന്നാലോചിച്ച് അദ്ദേഹം ഒന്നു മന്ദഹസിച്ചു. തെലങ്കാനയില്‍നിന്നുള്ള മാവോയിസ്റ്റുകളാണ് കവര്‍ച്ചയ്ക്കു പിന്നില്‍ എന്നു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം!
വിജയനു തന്റെ പുറം വലിഞ്ഞുമുറുകുന്നതായി തോന്നി. അദ്ദേഹം ഭാര്യയെ ഫോണില്‍ വിളിച്ചു. അവര്‍ പരസ്പരം സംസാരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.
വിജയന്റെ മനസ്സു മുഴുവന്‍ കേസിനെക്കുറിച്ചുള്ള ചിന്തയാണെന്ന് അറിയാവുന്ന ബീന മനഃപൂര്‍വ്വം ഫോണ്‍ വിളി ഒഴിവാക്കിയതായിരുന്നു. പതിവില്ലാതെ വിജയന്റെ നമ്പര്‍ കണ്ടതും ബീന ഒന്നു ഞെട്ടി. ശനിയാഴ്ചകളില്‍ വീട്ടിലെത്താന്‍ വിചാരിക്കുന്നപക്ഷം വിജയന്‍ ബീനയെ വെള്ളിയാഴ്ച വിളിക്കുക പതിവാണ്.
ചില ശനിയാഴ്ചകളില്‍ വിളിച്ചു ഞായറാഴ്ച അവിടെ എത്താന്‍ ഉദ്ദേശിക്കുന്ന കാര്യം അറിയിക്കും.
'ഇതിപ്പോള്‍ ബുധനാഴ്ചയാണല്ലോ, എന്താണാവോ പതിവില്ലാതെ!' ബീന ആശ്ചര്യപ്പെട്ടു. 'ഓകെയാണല്ലോ അല്ലേ? കുഴപ്പമൊന്നും ഇല്ലല്ലോ,' ബീന ഉത്കണ്ഠയോടെ അന്വേഷിച്ചു.
'കുഴപ്പമൊന്നും ഇല്ലെടോ. രാത്രി എന്താ കഴിക്കാന്‍?' വിജയന്റെ ശബ്ദത്തിലെ വ്യത്യാസം ബീന തിരിച്ചറിഞ്ഞു.
'വീട്ടിലേക്കു വരൂ കഴിയുമെങ്കില്‍. കുട്ടികള്‍ക്കും അതൊരു സര്‍പ്രൈസ് ആകും,' ബീന സൗമ്യമായി പറഞ്ഞു.
വിജയന്‍ തന്റെ കാറില്‍ കയറി. ഷക്കീര്‍, എവിടേക്കാണു പോകേണ്ടതെന്നറിയാന്‍ വിജയനെ തിരിഞ്ഞുനോക്കി.
'വീട്ടിലേക്ക്...' വിജയന്‍ തന്റെ സീറ്റിന്റെ പിന്നിലേക്കു ചാഞ്ഞ്, കണ്ണുകളടച്ച് പറഞ്ഞു. വിജയന്‍ തന്റെ ഔദ്യോഗിക ബംഗ്ലാവിനെ 'ക്വാര്‍ട്ടേഴ്‌സ്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 'വീട്' എന്നു പറയുന്നത് തൃശ്ശൂരില്‍ ബീനയും കുട്ടികളും താമസിക്കുന്ന വസതിയും.
ഷക്കീര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു, മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തു. യാത്രയില്‍ വിജയന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ടുകളെക്കുറിച്ച് കൃത്യമായ ധാരണ ഷക്കീറിനുണ്ടായിരുന്നു. 'പാടുക, സൈഗാള്‍, പാടുക...' ഗായകനും നടനുമായ സൈഗാളിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് ഉമ്പായി മധുരമായി പാടിക്കൊണ്ടിരുന്നു.
വിഷ്ണുപ്രിയയും വിഘ്‌നേഷും വിജയനെ കണ്ടതും ആവേശത്തോടെ കാറിനടുത്തേക്ക് ഓടി. വിഷ്ണുപ്രിയ പതിവുപോലെ അച്ഛന്റെ കൈകളിലേക്കു കുതിച്ചു. വിജയന്‍ ചിരിച്ചുകൊണ്ട് അവളെ കോരിയെടുത്തു. ബീന അവളെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ വിജയനെ മുറുകെ പിടിച്ചു. വിഘ്‌നേഷ് വിജയന്റെ വിരല്‍ത്തുമ്പില്‍ പിടുത്തമിട്ടിരുന്നു. ഡൈനിങ് ടേബിളില്‍ വിജയന്‍ ഭക്ഷണം കഴിക്കുന്നതും നോക്കി വിഷ്ണുപ്രിയ താടിക്കു കൈയും കൊടുത്തു നോക്കിയിരുന്നു.
രാത്രിഭക്ഷണത്തിനു മുമ്പ്, കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങും മുമ്പ് വിജയന്‍ അവരോടൊപ്പം അല്‍പ്പസമയം കളിചിരികളില്‍ മുഴുകി. കുട്ടികളെ ഉറക്കിയതിനുശേഷം ജില്ലാ കലക്ടറുടെ ബംഗ്ലാവിന്റെ വരാന്തയില്‍ ബീനയും വിജയനും ഇരിപ്പുറപ്പിച്ചു. ബീന ഭര്‍ത്താവിന്റെ കൈ തന്റെ ഉള്ളംകൈയില്‍ അമര്‍ത്തി ഒരു മൃദുചുംബനം നല്‍കി. വിജയന്‍ ബീനയെ നോക്കി
പുഞ്ചിരിച്ചു.
പ്രണയവിവാഹമായിരുന്നു അവരുടേത്. വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'പാര്‍ഷ്യലി അറേഞ്ച്ഡ്.'1999-ല്‍ യു.പി.എസ്.സി. പരീക്ഷയെഴുതി വിജയിച്ചശേഷം വിജയന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണറായി ജോലിചെയ്തിരുന്നു. ജോലിയുടെ ഭാഗമായി ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം. പത്തു മാസത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കി വിജയന്‍ ഒരിക്കല്‍ക്കൂടി യു.പി.എസ്.സി. പരീക്ഷയെഴുതി.
ഇത്തവണ മികച്ച റാങ്ക് കരസ്ഥമാക്കി, ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ എത്തി. ഐ.പി.എസ്. പരിശീലനത്തിന്റെ ഭാഗമായി വിജയന്‍ മസ്സൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്കു പോയി. 1997-ല്‍, എം.ബി.ബി.എസ്. പഠനത്തിന്റെ അവസാനവര്‍ഷത്തിലാണ് ബീന സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. സിവില്‍ സര്‍വീസിനെക്കുറിച്ച് കേട്ടറിഞ്ഞതില്‍നിന്നുണ്ടായ ആകാംക്ഷയായിരുന്നു അത്തരം ഒരു പരീക്ഷണത്തിനു പിന്നില്‍.
പ്രിലിമിനറി പരീക്ഷ എളുപ്പത്തില്‍ വിജയിച്ചെങ്കിലും ഡിഗ്രി പഠനം പൂര്‍ത്തിയാവാത്തതുകൊണ്ട് അടുത്ത ഘട്ടമായ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത ലഭിച്ചില്ല. എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി, ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കെ, സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒന്നുകൂടി എഴുതിനോക്കിയെങ്കിലും അപ്രതീക്ഷിതമായ നിരാശയായിരുന്നു ഫലം. വെല്ലുവിളികള്‍ക്കു മുമ്പില്‍ തോറ്റു പിന്മാറാന്‍ തയ്യാറാവാത്ത ബീന വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തു.
തൊട്ടടുത്ത വര്‍ഷം ബീന പ്രിലിമിനറിയും മെയിന്‍സും ഇന്റര്‍വ്യൂവും വിജയിച്ചു. അതോടെ ചുരുക്കം ചിലര്‍ക്കുമാത്രം ലഭിക്കുന്ന ഒരു സവിശേഷത ബീനയെ തേടിയെത്തി-'എം.ബി.ബി.എസ്., എം.ഡി., ഐ.എ.എസ്.' സിവില്‍ സര്‍വീസ് പരിശീലനത്തിനായി ബീന എത്തിയതും മസ്സൂറിയില്‍ത്തന്നെ.
വിജയനും ബീനയും മൂന്നു മാസത്തിലേറെയായി ഒരേ സ്ഥാപനത്തില്‍ പരിശീലനം നേടുന്നവരായിരുന്നെങ്കിലും 1999 സെപ്റ്റംബര്‍ 19നു വൈകുന്നേരമാണ് അവര്‍ ആദ്യമായി കണ്ടുമുട്ടുന്നത്. തമിഴ്‌നാട്ടില്‍ വേരുകളുള്ള, അറിയപ്പെട്ട ഒരു വംശപരമ്പരയില്‍ പിറന്ന ബീന മഹാദേവനും കോഴിക്കോട്ടുകാരന്‍ വിജയനും കണ്ടുമുട്ടാന്‍ മസ്സൂറിയില്‍ വേദിയൊരുങ്ങുകയായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ ചന്ദന്‍പട്ടി എന്ന ചെറിയ ഗ്രാമത്തിലേക്ക് അവര്‍ യാത്രതിരിച്ചു. മൂന്നു മാസം അവര്‍ക്ക് അവിടെ ചെലവിടേണ്ടിവന്നു.
ഒരു ഐ.പി.എസ്. പരിശീലനാര്‍ത്ഥിയും ഒരു ഐ.എ.എസ്. പരിശീലനാര്‍ത്ഥിയും ചേര്‍ന്ന് ടീമുകളായി തിരിഞ്ഞ്, ഇന്ത്യയിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ യാത്ര ചെയ്തു പഠനം നടത്തുകയെന്നത് സിവില്‍ സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായിരുന്നു.
ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ബീന സിവില്‍ സര്‍വീസിലേക്കു തിരഞ്ഞെടുക്കപ്പെടും മുമ്പ് ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. അസാമാന്യബുദ്ധിക്ഷമത അവരുടെ പ്രത്യേകതയാണ്.
ഗ്രാമീണ ഇന്ത്യയിലെ ചൂടിലും പൊടിയിലും ഒരുമിച്ചു ചെലവഴിച്ച മൂന്നു മാസങ്ങളില്‍ വിജയനെ ബീന പലപ്പോഴും തന്റെ ബുദ്ധിസാമര്‍ത്ഥ്യംകൊണ്ട് അതിശയിപ്പിച്ചു. പറയത്തക്ക സമാനതകളൊന്നും വിജയനും ബീനയും തമ്മില്‍ ഉണ്ടായിരുന്നില്ല. പുസ്തകങ്ങളെ ആര്‍ത്തിയോടെ വായിച്ചുതീര്‍ക്കുന്നതില്‍ ആവേശം കണ്ടെത്തിയിരുന്നു ബീന. വിജയനാകട്ടെ പരന്ന വായനയോട് അല്‍പ്പസ്വല്‍പ്പം മടിയുള്ള കൂട്ടത്തിലും. ക്ലാസിക്കുകളും ക്രൈം ത്രില്ലറുകളും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു ബീന. ആര്‍തര്‍ കോനന്‍ ഡോയലിന്റെ എല്ലാ കൃതികളും ബീന വായിച്ചുതീര്‍ത്തത് വെറും രണ്ടു മാസംകൊണ്ടാണ്! അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ തന്റെ ഭര്‍ത്താവിനെക്കാള്‍ ഒരല്‍പ്പം സാമര്‍ത്ഥ്യം തനിക്കായിരിക്കും കൂടുതലെന്നാണ് ബീനയുടെ ഭാഷ്യം!
ബിഹാറില്‍നിന്നു തിരിച്ചെത്തിയപ്പോഴേക്കും അവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടുകഴിഞ്ഞിരുന്നു. എന്നിരുന്നാലും, യാഥാസ്ഥിതിക കുടുംബങ്ങളില്‍നിന്നുള്ളവരായതിനാല്‍, മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ വിവാഹം കഴിക്കൂ എന്ന് അവര്‍ തീരുമാനിച്ചിരുന്നു. അധികം വൈകാതെ പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസ്സുകളോടെ 2000-ല്‍ അവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായി.
പൂമുഖത്തിരുന്ന് വിജയന്‍ ബീനയോടു ഹൈദരാബാദിലെ സംഭവവികാസങ്ങള്‍ വിശദീകരിച്ചു.
'ഇതുവരെയുള്ള സൂചനകള്‍വെച്ച് ഞാന്‍ ഒന്ന് ഇറങ്ങി പരിശ്രമിച്ചാല്‍ നിങ്ങള്‍ക്കു മുമ്പേ ബാബുവിനെ പിടികൂടാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്,' വിജയനെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ ബീന കളിയാക്കി.
'ഈ കേസിന്റെ മുമ്പില്‍ നിന്റെ ക്രൈം ത്രില്ലറുകളെന്നല്ല, സാക്ഷാല്‍ ഷെര്‍ലക്ക് ഹോംസ് വരെ പതറിപ്പോയേനേ,' വിജയന്‍ ബീനയെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
'ഈ കേസ് ഞാന്‍ തെളിയിക്കുമെടോ! അതിനി എന്തു വിലകൊടുത്താണെങ്കിലും ശരി! പിന്നെ നിന്റെ ഈ ജാഡ വര്‍ത്തമാനം ഞാന്‍ കേള്‍ക്കണ്ടല്ലോ!' ബീനയുടെ കൈയില്‍ മൃദുവായി ചുംബിച്ചുകൊണ്ട് വിജയന്‍ പറഞ്ഞു. വിജയന്റെ കണ്ണുകള്‍ ഈറനണിയുന്നത് ബീന കണ്ടു. ബാബുവിന്റെ സാമര്‍ത്ഥ്യത്തിനു മുമ്പില്‍ അടിക്കടി പതറിപ്പോവുന്നതിന്റെ നിരാശയും പരാജയങ്ങള്‍ തുടര്‍ക്കഥയാവുന്നതിന്റെ സമ്മര്‍ദ്ദവുമാണ് ആ കണ്ണുനീരിനു പിന്നില്‍ എന്നു ബീനയ്ക്കറിയാമായിരുന്നു.
ബീന വിജയനെ പതുക്കെ ആശ്ലേഷിച്ചു. വിജയന്‍ ബീനയെ ചേര്‍ത്തുപിടിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങിയിരുന്നു. ബീനയ്ക്കു മാത്രമാണ് യഥാര്‍ത്ഥ വിജയനെ കാണാന്‍ അനുമതിയുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കു മുന്നില്‍ വിജയന്‍ കര്‍ക്കശക്കാരനായ നിയമസംരക്ഷകനായിരുന്നു, ബീനയ്ക്കു മുന്നിലാവട്ടെ ഒരു പച്ചമനുഷ്യനും.
മലപ്പുറം പോലീസ് സ്റ്റേഷനില്‍ സ്ഥിതിഗതികള്‍ ഉത്കണ്ഠാജനകമായിരുന്നു. അന്വേഷണസംഘം കോണ്‍ഫറന്‍സ് റൂം ടേബിളിനു ചുറ്റും വിജയനു നേരെ നോക്കിക്കൊണ്ട് ഒരക്ഷരം മിണ്ടാതെ ഇരുന്നു. വിജയന്‍ തനിക്കു മുമ്പില്‍ ഇരുന്ന ഗ്ലാസില്‍നിന്ന് അല്‍പ്പം വെള്ളമെടുത്തു കുടിച്ചുകൊണ്ടു സംസാരിച്ചുതുടങ്ങി.
'പതിവുപോലെതന്നെ നമ്മള്‍ വീണ്ടും പറ്റിക്കപ്പെട്ടിരിക്കുന്നു. കവര്‍ച്ച ചെയ്ത വസ്തുക്കളില്‍നിന്ന് ചിലത് നമുക്കു പിടിച്ചെടുക്കാനായി എന്നതു ശരിതന്നെ. അതിസമര്‍ത്ഥനായ ഒരു ക്രിമിനല്‍ മാസ്റ്റര്‍മൈന്‍ഡിനെയാണ് നമ്മള്‍ നേരിടുന്നതെന്ന വസ്തുത ഹൈദരാബാദ് സംഭവത്തോടെ നമുക്ക് ഒന്നുകൂടി വ്യക്തമായിരിക്കുന്നു.' വിജയന്‍ ഒരു നിമിഷം നിര്‍ത്തിക്കൊണ്ട് തന്റെ ടീമംഗങ്ങളെ ഒന്നു നോക്കി, 'നിങ്ങള്‍ ഇത്രയും നിരാശരായി ഇരിക്കേണ്ട ആവശ്യമില്ല. ഈ തിരിച്ചടികള്‍ക്കിടയിലും നമ്മള്‍ കേസന്വേഷണത്തില്‍ ചെറുതല്ലാത്ത പുരോഗതി കൈവരിച്ചിട്ടുണ്ട്.'
'എന്തു പുരോഗതി, സാര്‍? നമ്മളെ വിഡ്ഢികളാക്കിക്കൊണ്ടു കടന്നുകളയാന്‍ ആ ബാബുവിനു സാധിച്ചില്ലേ!' മോഹനചന്ദ്രന്‍ നിരാശ മറച്ചുവെച്ചില്ല.
'അവന്‍ എന്തായാലും രക്ഷപ്പെട്ടേനെ. കാരണം, അവന്‍ പ്ലാന്‍ ചെയ്ത ഗെയിം ആണിത്. ഫോണ്‍ വിളിച്ചറിയിച്ച അന്നുതന്നെ അവന്‍ മുങ്ങി. അവനറിയാമായിരുന്നു നമ്മള്‍ അവിടെയെത്തിയാലും അവനെ പിടിക്കാന്‍ സാധിക്കില്ലെന്ന്. പ്ലാനിങ് എല്ലാം അവന്റേതായതുകൊണ്ടുതന്നെ നമ്മളെക്കാള്‍ പത്തടി മുന്നിലാണവന്‍. അവനോടൊപ്പം ഓടിയെത്തുക എന്നതാണ് നമുക്കു മുന്നിലെ വെല്ലുവിളി,' വിജയന്‍ ശുഭാപ്തിവിശ്വാസം കൈവിടാന്‍ തയ്യാറായിരുന്നില്ല.
'ഹൈദരാബാദില്‍നിന്നുള്ള പാഠങ്ങള്‍ നമുക്ക് ഒന്നു വിശകലനം ചെയ്തു നോക്കാം. നമ്മള്‍ ഒരു സിനിമയോ നാടകമോ കാണുന്നുവെന്നു സങ്കല്‍പ്പിക്കുക. അതിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സെറ്റ് ഗംഭീരമാണെങ്കില്‍ നമ്മുടെ ശ്രദ്ധ ഇടയ്ക്കു കഥാപാത്രങ്ങളെ വിട്ടു നാടകത്തിന്റെ, അല്ലെങ്കില്‍ സിനിമയുടെ സെറ്റിലേക്കു പോകും. ചില സിനിമകള്‍ കാണുമ്പോള്‍ നമ്മള്‍ പറയും, സാബു സിറിള്‍! ഒരു രക്ഷയും ഇല്ല! എത്ര ഗംഭീരമായാണ് അയാള്‍ സെറ്റിട്ടിരിക്കുന്നത്! ഇതുപോലെതന്നെ വളരെ സസൂക്ഷ്മം ആസൂത്രണം ചെയ്താണ് ബാബു ഹൈദരാബാദിലെ പശ്ചാത്തലം തയ്യാറാക്കിയത്. അതുകൊണ്ടാണ് ലോഡ്ജിലേക്കു പോകുന്നതിനുമുമ്പ് അയാള്‍ കടയില്‍ പോയി വസ്ത്രങ്ങള്‍ വാങ്ങിയത്. ലോഡ്ജില്‍നിന്നു പോയ ശേഷം തിരികെ വരാതിരുന്നത്. ഷര്‍ട്ടും ജീന്‍സും മുറിയില്‍ ഉപേക്ഷിക്കാന്‍ കാരണം അയാള്‍ അവിടെനിന്നും നമ്മള്‍ എത്തുന്നതറിഞ്ഞ് ഓടിപ്പോയതാണെന്ന പ്രതീതി ജനിപ്പിക്കാനാണ്,' വിജയന്‍ വിശദീകരിച്ചു.
'എന്നുവെച്ചാല്‍ അവര്‍ വസ്ത്രങ്ങളും മറ്റു സാധനങ്ങളുമായല്ല അവിടെ എത്തിയത് എന്നു വേണം അനുമാനിക്കാന്‍, അല്ലേ സര്‍?' വിക്രമന്‍ മറുപടി പറഞ്ഞു.
'കറക്റ്റ്! ആഭരണങ്ങളടങ്ങിയ ബാഗും, വെയിങ് മെഷീനും നമ്മളെ തെറ്റിദ്ധരിപ്പിക്കാനുള്ള മറ്റു സാധനങ്ങളും മാത്രമാണ് അവര്‍ കൈയില്‍ കരുതിയിരുന്നത്. നമ്മള്‍ കണ്ടെടുക്കണം എന്ന് അവര്‍ തീരുമാനിച്ച സാധനങ്ങള്‍ അവിടെ ഉപേക്ഷിച്ചു, ഫോണില്‍ നമ്മളെ വിവരമറിയിച്ച് അവര്‍ മുങ്ങി!'
വിജയന്റെ വാക്കുകള്‍ അവരുടെ മസ്തിഷ്‌കത്തില്‍ ഓളങ്ങള്‍ സൃഷ്ടിച്ചു.
'നെല്ലൂരിലെ ഇന്‍സ്‌പെക്ടറുമായി മോഹനചന്ദ്രന്‍ നടത്തിയ സംഭാഷണത്തില്‍നിന്നും ഇതിനു പിന്നില്‍ മാവോയിസ്റ്റുകളല്ലെന്നു നമുക്ക് ഉറപ്പിക്കാം. ബാബു മാവോയിസ്റ്റാണെന്ന സിദ്ധാന്തം നമുക്ക് ഇനി ഉപേക്ഷിക്കാം. പക്ഷേ, ആ തെലുങ്കുപത്രം ഉപയോഗിക്കാനുള്ള ബുദ്ധി! അത് അപാരമായിരുന്നു. ആ ഫോണ്‍ ബൂത്ത് ഉടമ ബാബുവിനെ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കില്‍, അവിടത്തെ ഇന്‍സ്‌പെക്ടര്‍ നമ്മളെ തെളിവുകള്‍സഹിതം ബോദ്ധ്യപ്പെടുത്തിയിരുന്നില്ലെങ്കില്‍ നമ്മള്‍ ഇപ്പോഴും മാവോയിസ്റ്റുകള്‍ക്കു പിന്നാലെ പോയേനെ,' വേദന വിട്ടുമാറാത്ത മുതുകു തടവിക്കൊണ്ട് വിജയന്‍ പറഞ്ഞു.
ക്രൈം നമ്പര്‍ 10/2008 എന്നു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ ഭാഗമായി പിടിച്ചെടുത്ത സാധനങ്ങള്‍ കൈപ്പറ്റാനായി സബ് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ ഹൈദരാബാദിലെ നാമ്പള്ളി പോലീസ് സ്റ്റേഷനിലെത്തി. അവ ജപ്തി മഹസറില്‍ ഇപ്രകാരം രേഖപ്പെടുത്തിവെച്ചിരുന്നു:
എം.ഒ. 1 മുതല്‍ എം.ഒ. 71 വരെ: സ്വര്‍ണ്ണാഭരണങ്ങള്‍.
ആഭരണങ്ങള്‍ക്കൊപ്പം പിടിച്ചെടുത്ത മറ്റു വസ്തുക്കള്‍ ഇപ്രകാരം ക്രമപ്പെടുത്തി വെച്ചിരുന്നു:
എം.ഒ. 347 - കീ സെറ്റ് (11 എണ്ണം) രാമനാട്ടുകര ബ്രാഞ്ച്.
എം.ഒ. 348 - കീ സെറ്റ് (15 എണ്ണം) ചേളാരി ശാഖ.
എം.ഒ. 349 - കത്രിക.
എം.ഒ. 350 - സിറ്റിസണ്‍ കാല്‍ക്കുലേറ്റര്‍.
എം.ഒ. 351 - കൈയുറകള്‍.
എം.ഒ. 352 - സിഗററ്റ് കുറ്റികള്‍.
എം.ഒ. 353 - ഷര്‍ട്ട്.
എം.ഒ. 354 - ഷര്‍ട്ട്.
എം.ഒ. 355 - പാന്റ്‌സ്, ജീന്‍സ്.
എം.ഒ. 356 - ഷര്‍ട്ട്.
എം.ഒ. 357 - കറുത്ത തൊപ്പി.
എം.ഒ. 358 - തെലുങ്ക് വാര്‍ത്താദിനപത്രം സൂര്യപ്രത്‌നം.
എം.ഒ. 362 - വെയിങ് മെഷീന്‍ (ചുവപ്പ് നിറം).
'ഹൈദരാബാദ് യാത്ര തീര്‍ത്തും പരാജയമാണെന്നു കരുതുന്നുവെങ്കില്‍ നമുക്കു തെറ്റിപ്പോയി. ബാബു നമുക്കായി, അറിയാതെ ഒരു ക്ലൂ ഉപേക്ഷിച്ചിട്ടാണ് പോയത്,' വിജയന്‍ വിശദീകരിക്കുന്നതിനിടയില്‍ അന്‍വറിനെ നോക്കി. അന്‍വര്‍ ലാപ്‌ടോപ്പില്‍ ക്ലിക്ക് ചെയ്തതും ചുവരില്‍ ഒരു ചിത്രം തെളിഞ്ഞു. ഹൈദരാബാദില്‍നിന്നും പിടിച്ചെടുത്ത എ ഫോര്‍ ഷീറ്റ് പേപ്പറിന്റെ ചിത്രം. നാലു കോളങ്ങളിലായി അതില്‍ അക്കങ്ങള്‍ എഴുതിയിരുന്നു.
'കൊള്ളമുതല്‍ എങ്ങനെയാണ് പങ്കിടുന്നത് എന്ന് ഒരു ഏകദേശധാരണ നമുക്കിവിടെ കിട്ടും. ആ കോളത്തില്‍ കാണുന്നത് സ്വര്‍ണ്ണത്തിന്റെ തൂക്കവും മൂല്യവും,' പ്രൊജക്ടര്‍ ചുമരില്‍ തെളിയിച്ച ചിത്രത്തിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് വിജയന്‍ വിശദീകരിച്ചു, 'ഇതെല്ലാം ബാബു എഴുതിയ തിരക്കഥയുടെ ഭാഗമാണെന്ന് ഓര്‍ക്കുക. വെയിങ് മെഷീനിന്റെ സാന്നിദ്ധ്യവും കരുതിക്കൂട്ടിത്തന്നെ. കണക്കുകൂട്ടി വെച്ചിരിക്കുന്ന ആ കോളത്തില്‍ നമുക്കൊരു വലിയ ക്ലൂ ഉണ്ടെന്നു ഞാന്‍ കരുതുന്നു.
അക്കങ്ങളെ നാലു നിരകളായാണ് തിരിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍ കൊള്ളമുതല്‍ നാലുപേര്‍ക്കിടയില്‍ പങ്കുവെച്ചപോലെയാണ് കാണിച്ചിരിക്കുന്നത്. ഇതില്‍നിന്നും കവര്‍ച്ചയില്‍ പങ്കെടുത്തിരിക്കുന്നത് നാലുപേരാണെന്നു നമുക്ക് അനുമാനിക്കാം. ഇതുവരെ, രണ്ടുപേര്‍ കവര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു മാത്രമേ നമ്മള്‍ സ്ഥിരീകരിച്ചിരുന്നുള്ളൂ. ബാങ്കു നോട്ടുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ ഒരു സ്ത്രീയുടെ സാന്നിദ്ധ്യം നമ്മള്‍ കണക്കാക്കിയിരുന്നു. ആ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ ഇതില്‍ പങ്കാളികളാണെന്നു നമുക്ക് ഉറപ്പിക്കാം. ഓസ്‌കാര്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ ബാബു തയ്യാറാക്കിയ തിരക്കഥയില്‍ അതിസാമര്‍ത്ഥ്യം മൂലം സംഭവിച്ച തെറ്റ് നമുക്കു നല്‍കിയ തുമ്പ്!'
വിജയന്റെ വിശദീകരണം ടീം അംഗങ്ങള്‍ക്കിടയില്‍ ചലനം സൃഷ്ടിക്കാതിരുന്നില്ല. ചെറുതെങ്കിലും കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായ ഒരു പുരോഗതി കൈവരിച്ചതായി അവര്‍ക്കും അനുഭവപ്പെട്ടു.
'ഹൈദരാബാദ് യാത്രയില്‍നിന്ന് ഒരു കാര്യം വ്യക്തമായി. കവര്‍ച്ച നടത്തിയതിനുശേഷം കാണാമറയത്ത് ഒളിച്ചിരിക്കാന്‍ ബാബുവിന് ഉദ്ദേശ്യമില്ലായിരുന്നു. കേരളത്തിനു പുറത്തുവരെ സഞ്ചരിക്കാനും പോലീസിനെ കുഴക്കുന്ന കെണികള്‍ ഒരുക്കാനും അയാള്‍ ധൈര്യം കാട്ടി. രേഖാചിത്രമുള്ള പോസ്റ്ററുകളും മറ്റും പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടും പത്രങ്ങളില്‍ അച്ചടിച്ചുവന്നിട്ടും എത്ര എളുപ്പത്തിലാണ് അയാള്‍ക്കും സംഘത്തിനും ചെക്ക്‌പോസ്റ്റുകള്‍ കടന്നു പോകാനായത്! ഹൈദരാബാദില്‍ എത്താന്‍ കഴിഞ്ഞെങ്കില്‍, രാജ്യത്ത് എവിടെ വേണമെങ്കിലും അവര്‍ക്കു യാത്ര ചെയ്യാനാവുമെന്നു സാരം. അതു പോലീസിനു വലിയ വെല്ലുവിളിയായിരിക്കും.
'ഇനി അവര്‍ സ്വര്‍ണ്ണം ചെറിയ അളവുകളിലായി വില്‍ക്കാന്‍ ശ്രമിക്കും. കേരളത്തിനകത്തും പുറത്തുമുള്ള നമ്മുടെ എല്ലാ പോലീസ് സുഹൃത്തുക്കള്‍ക്കും ഉടന്‍ മുന്നറിയിപ്പ് നല്‍കണം,' വിജയന്‍ പറഞ്ഞു, 'മാത്രമല്ല, കവര്‍ച്ചാസംഘത്തിന്റെ ഒരു ഏകദേശ ഘടനയും നമുക്കിപ്പോള്‍ അറിയാം. അവര്‍ നാലുപേരാണെന്നുവേണം അനുമാനിക്കാന്‍. ബാബു തന്നെയാണ് തലവന്‍ എന്നതില്‍ സംശയമില്ല. അയാള്‍ക്കൊരു വലംകൈയുള്ളതായി നമുക്കു നേരത്തേ സൂചനയുണ്ട്. കവര്‍ച്ചയ്ക്കായി ബാബു ചേലേമ്പ്ര ബാങ്ക് തിരഞ്ഞെടുത്തതു മുതല്‍ അയാളുടെ സാന്നിദ്ധ്യം കാണാം. മറ്റു രണ്ടുപേരും ഒരുപക്ഷേ, സഹായികള്‍ മാത്രമായിരിക്കാം,' വിജയന്‍ വിശദീകരണം തുടര്‍ന്നു.
'ബാബുവിന്റെ ധൈര്യം അപാരമാണെന്നതില്‍ സംശയമില്ല. പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും അവന്റെ രേഖാചിത്രം കാണിച്ചിട്ടും ഒളിവില്‍ കഴിയാനല്ല അവന്‍ പദ്ധതിയിട്ടത്. ആളുകള്‍ അവനെ തിരിച്ചറിഞ്ഞാലും നമുക്കു പിടിക്കാന്‍ സാധിക്കില്ല എന്ന വെല്ലുവിളി! അയാള്‍ ശരിക്കും ഈ കള്ളനും പോലീസും കളി ആസ്വദിക്കുന്നുണ്ട്.'
വിജയന്‍ ഒന്നുനിര്‍ത്തി, തന്റെ ചുറ്റും നോക്കി. മുറിയിലാകെ നിശ്ശബ്ദത തളംകെട്ടിനിന്നു.
'പക്ഷേ, ഒരു കാര്യമുണ്ട്. ഇതിന്റെ പിന്നില്‍ ബാബുവാണെന്നും മാവോയിസ്റ്റുകളല്ലെന്നും നമ്മള്‍ തിരിച്ചറിഞ്ഞ കാര്യം അയാള്‍ക്കറിയില്ല. തത്കാലം അത് അങ്ങനെതന്നെ ഇരിക്കട്ടെ. നമ്മള്‍ മാവോയിസ്റ്റുകള്‍ക്കു പിന്നാലെയാണെന്നുള്ള സൂചന അവനു നല്‍കിക്കൊണ്ടിരിക്കണം. അവന്‍ വിരിച്ച വലയില്‍ നമ്മള്‍ വീണു എന്ന തെറ്റിദ്ധാരണയില്‍ അവന്‍ എന്തെങ്കിലും അബദ്ധം കാണിക്കാതിരിക്കില്ല. അതോടെ നമുക്കവനെ പൂട്ടാനുള്ള വഴി എളുപ്പമാകും.'
ടീമംഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് വിജയന്‍ യോഗം അവസാനിപ്പിച്ചു.
പിറ്റേന്നു രാവിലെ വിജയന്‍ പതിവു വ്യായാമത്തിനിറങ്ങിയപ്പോള്‍ പരിചിതമായ രണ്ടു മുഖങ്ങള്‍ അദ്ദേഹത്തെ വരവേറ്റു. 'വണ്ണം കുറഞ്ഞിട്ടുണ്ടല്ലോ! വ്യായാമം കൊണ്ടാണോ അതോ സ്‌ട്രെസ്സോ?' ബാബുരാജ് വിജയനെ കളിയാക്കി. 'കേസില്‍ എന്തെങ്കിലും പുതിയ ലീഡ് ഉണ്ടോ?' അശോക് ശ്രീനിവാസ് അന്വേഷിച്ചു. വിജയന്‍ ഓട്ടത്തിന്റെ വേഗത കുറച്ചു.
അവരെ രണ്ടുപേരെയും നോക്കി ഒന്നു പുഞ്ചിരിച്ചു.
'ഈ കേസില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഞങ്ങള്‍ തുടക്കത്തിലേ സംശയിച്ചിരുന്നല്ലോ. ഈയിടെ ഹൈദരാബാദില്‍നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. കവര്‍ച്ചക്കാരില്‍ രണ്ടുപേരെ അവിടെ കണ്ട കാര്യം അറിയിച്ചുകൊണ്ട്. ഞങ്ങളുടെ ടീം അവിടെ പോയി ലോക്കല്‍ പോലീസിനൊപ്പം ലോഡ്ജ് റെയ്ഡ് ചെയ്തിരുന്നു.' ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയെക്കുറിച്ച് നല്ലൊരു വാര്‍ത്ത തരപ്പെടുത്തിയെടുക്കാം എന്ന ഉദ്ദേശ്യത്തോടെ എത്തിയ രണ്ടു മാധ്യമപ്രവര്‍ത്തകരുടെയും കണ്ണുകളില്‍ കണ്ട തിളക്കം ശ്രദ്ധിച്ചുകൊണ്ട് വിജയന്‍ തുടര്‍ന്നു, 'മോഷ്ടിച്ച സ്വര്‍ണ്ണത്തില്‍ കുറച്ച് ഞങ്ങള്‍ അവിടെനിന്നും കണ്ടെടുത്തു. കൂട്ടത്തില്‍ 'ജയ് മാവോ' എന്ന് എഴുതിയ ഒരു പത്രവുമുണ്ടായിരുന്നു. ആ തുമ്പ് പിടിച്ചുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.'
'ഇതൊരു ഗംഭീര വാര്‍ത്തയാണല്ലോ! ഇത് ഞങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാമോ?'
വിജയന്‍ സമ്മതിക്കുമെന്ന പ്രതീക്ഷയില്‍ അശോകന്‍ ചോദിച്ചു. വിജയന്‍ സമ്മതം മൂളി.
അടുത്ത ദിവസത്തെ മലയാള മനോരമയുടെയും മാതൃഭൂമിയുടെയും പേജുകളില്‍ ഹൈദരാബാദിലെ റെയ്ഡിനെക്കുറിച്ചും, ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയില്‍ സംശയിക്കുന്ന മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചും നിറംപിടിപ്പിച്ച കഥകള്‍ നിറഞ്ഞു. തങ്ങള്‍ ഒരുക്കിയ ചൂണ്ടയില്‍ ബാബു കൊത്തുമെന്നതായിരുന്നു വിജയന്റെ പ്രതീക്ഷ.
Content Highlights: Book excerpt of Chelembra bank kavarcha