'ദക്ഷിണേന്ത്യ മുഴുവനും മധ്യേന്ത്യയും അന്ന് കടലായിരുന്നു'| ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ

പണ്ഡിറ്റ് നെഹ്റുവിന്റെ ജന്മദിനമായി ആചരിക്കുന്ന ശിശുദിനത്തിൽ 'ഒരച്ഛൻ മകൾക്ക് അയച്ച കത്തുകളിലെ' ഒരു ഭാഗം വായിക്കാം.
ഈ ഭൂമിയില്‍ ആദ്യം എങ്ങനെ അവയവവ്യക്തതയില്ലാത്ത രൂപങ്ങളില്‍ ജീവികള്‍ ഉണ്ടായി എന്നും, ലക്ഷോപലക്ഷം വര്‍ഷകാലത്തെ പരിണാമം കൊണ്ട് അവ എങ്ങനെ ഇന്നത്തെ സ്ഥിതിയില്‍ എത്തിയെന്നും കഴിഞ്ഞ കത്തില്‍ കണ്ടുവല്ലോ. ഈ ജീവവികാസത്തില് രസകരവും പ്രധാനവുമായ ഒരു നിയമമുണ്ടെന്നു നമുക്കു മനസ്സിലായി. അതെന്തെന്നാല്‍, ജന്തുക്കള്‍ എപ്പോഴും അവയുടെ പരിസരങ്ങള്‍ക്കു യോജിക്കുന്ന വിധത്തില്‍ ജീവിക്കാന്‍ ശ്രമിക്കുന്നു എന്നതുതന്നെ. ഇപ്രകാരം ചെയ്യാനുള്ള ശ്രമത്താല്‍ അവയ്ക്കു പല ഗുണവിശേഷങ്ങളും ഉണ്ടാവുകയും അവ അധികം അവയവവിധാനത്തോടുകൂടിയ ജന്തുക്കളായിത്തീരുകയും ചെയ്തിട്ടുണ്ട്. ഈ പരിണാമം, അല്ലെങ്കില്‍ വളര്‍ച്ച പല പ്രകാരത്തിലുമായിരുന്നു എന്നു നമുക്കു കാണാം. ഉദാഹരണമായി, ആദ്യം എല്ലില്ലാത്ത ജന്തുക്കള്‍ ഉണ്ടായി; എന്നാല്‍, അവയ്ക്ക് അധികകാലം ജീവിച്ചിരിക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ എല്ലുള്ളവ ഉണ്ടായിത്തീര്‍ന്നു. അവയ്ക്ക് ആദ്യമായി ഉണ്ടായ എല്ല് നട്ടെല്ലാണ്. അങ്ങനെ ജന്തുക്കള്‍ രണ്ടു തരത്തിലായി - (1) എല്ലുള്ളവ, (2) എല്ലില്ലാത്തവ. മനുഷ്യനും, നാം സാധാരണ കാണുന്ന മൃഗങ്ങളും എല്ലുള്ളവയത്രേ.
ഇതിനു പുറമേ മത്സ്യങ്ങളെപ്പോലെയുള്ള ചില താഴ്ന്നതരം ജീവികള്‍ മുട്ടയിടുകയും അവയെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നതായി നാം കാണുന്നു. അവ ഓരോ പ്രാവശ്യവും അനേകായിരം മുട്ടയിടുന്നു; എന്നാല്‍ അവയെ കാത്തു രക്ഷിക്കുന്നില്ല. തള്ള കുഞ്ഞുങ്ങളെപ്പറ്റി ശ്രദ്ധ വെക്കുന്നതേയില്ല. തള്ള ഒരിടത്ത് മുട്ടയിട്ട് അവിടെനിന്നുപോകുന്നു. പിന്നെ അവിടേക്ക് തിരിച്ചുവരുന്നതേയില്ല. മുട്ടകള്‍ സൂക്ഷിക്കുന്നതിന് ആരുമില്ലാത്തതുകൊണ്ട്, അവ മിക്കതും നശിച്ചുപോകുന്നു. കുറച്ചെണ്ണം മാത്രമേ മത്സ്യമായിത്തീരുന്നുള്ളൂ. ഇത് ഭയങ്കരമായ ഒരു ദുര്വ്യയമല്ലേ? ജീവപരിണാമത്തില്‍ കുറേ മേല്പോട്ടു ചെന്ന് ഉയര്‍ന്നതരം ജന്തുക്കളെ പരിശോധിക്കുമ്പോള്‍, അവയുടെ മുട്ടകളോ കുട്ടികളോ എണ്ണത്തില്‍ കുറവാണെന്നും എന്നാല്‍ അവയെ ആ ജന്തുക്കള്‍ സംരക്ഷിക്കുന്നുണ്ടെന്നും കാണാം.
പിടക്കോഴി മുട്ടയിട്ടതിനുശേഷം അവയുടെ മീതെ ഇരുന്ന് അവയെ വിരിയിക്കുന്നു. കോഴിക്കുഞ്ഞുങ്ങള്‍ പുറത്തുവന്നാല്‍ കുറച്ചു ദിവസം അവയ്ക്ക് തീറ്റ കൊടുക്കുകയും ചെയ്യുന്നു. അവ വളര്‍ന്നാല്‍പ്പിന്നെ തള്ള അവയെപ്പറ്റി ശ്രദ്ധിക്കാറില്ല. ജരായുജങ്ങളാകുന്ന ഉയര്‍ന്ന തരം ജന്തുക്കളാകുമ്പോള് ഈ കാര്യത്തില്‍ വലിയ വ്യത്യാസം വരുന്നു. ഇതിനെപ്പറ്റി ഞാന്‍ കഴിഞ്ഞ കത്തില്‍ എഴുതിയിട്ടുണ്ടല്ലോ. ഈ ജന്തുക്കള്‍ മുട്ടയിടുന്നില്ല; എന്നാല്‍, തള്ള മുട്ട ഉള്ളില്‍വെച്ച് അംഗവികാസം പൂര്‍ത്തിയായിട്ടുള്ള കുഞ്ഞിനെ പ്രസവിക്കുന്നു - നായ്ക്കള്‍, പൂച്ചകള്‍, മുയലുകള്‍ മുതലായവ ഇങ്ങനെ ഉണ്ടാകുന്നവയാണ് - അതിനുശേഷം തള്ള കുഞ്ഞിനു മുലകൊടുക്കുന്നു. ഇങ്ങനെ തള്ള കുഞ്ഞിനെ ഒട്ടുവളരെ ശ്രദ്ധിച്ചു പരിപാലിക്കുന്നു. എന്നാല്‍ ഇവിടെ ഒട്ടേറെ അനാവശ്യമായ നാശം വരുന്നുണ്ട്. കുറച്ചുമാസം കൂടുമ്പോഴെല്ലാം മുയല് അനവധി കുഞ്ഞുങ്ങളെ പ്രസവിക്കുന്നുണ്ടെങ്കിലും ഇവയില്‍ അധികവും ചത്തുപോകുന്നു. എന്നാല്‍ ആനയെപ്പോലുള്ള ഉയര്‍ന്നതരം ജന്തു ഒരിക്കല്‍ ഒരു കുഞ്ഞിനെമാത്രം പ്രസവിക്കുകയും അതിനെ നല്ലവണ്ണം നോക്കി രക്ഷിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ജന്തുക്കള്‍ക്ക് സംസ്കാരം കൂടിവരുമ്പോള്‍ അവ മുട്ടയിടുകയില്ല, അവയെപ്പോലെത്തന്നെ അംഗവികാസമുള്ള ജന്തുക്കളെ ഗര്‍ഭധാരണം ചെയ്യുകയാണ് പതിവ് എന്നും ഉയര്‍ന്നതരം ജന്തുക്കള്‍ ഒരിക്കല്‍ ഒരു കുഞ്ഞിനെ മാത്രമേ പ്രസവിക്കുന്നുള്ളൂ എന്നും നമുക്ക് മനസ്സിലാക്കാം. ഉയര്‍ന്നതരം ജന്തുക്കള്‍ക്ക് കുഞ്ഞുങ്ങളോട് കൂടുതല്‍ വാത്സല്യമുണ്ടെന്ന് നാം കാണുന്നു. സംസ്കാരം ഏറ്റവും അധികമുള്ള ജന്തു മനുഷ്യനാണ്. അതുകൊണ്ട് അച്ഛനമ്മമാര്‍ അവരുടെ കുട്ടികളെ സ്നേഹിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്നു.
ഇപ്രകാരം, മനുഷ്യന് താഴ്ന്നതരം ജന്തുക്കളില്‍ നിന്നു സംസ്കരിച്ചു വന്നതായിരിക്കണം. ആദിമനുഷ്യര്‍ ഒരിക്കലും നാം ഇപ്പോള്‍ കാണുന്നവരെപ്പോലെ ആയിരുന്നിരിക്കില്ല. പകുതി കുരങ്ങും പകുതി മനുഷ്യനുമായിരുന്ന അവര്‍ ഏതാണ്ട് കുരങ്ങനെപ്പോലെത്തന്നെ ജീവിച്ചിരിക്കണം. ജര്‍മനിയില്‍ ഹീഡില് ബര്‍ഗ് എന്ന പട്ടണത്തില്‍ ഒരു പ്രൊഫസ്സറെ കാണാന്‍ നമ്മള് പോയത് നിനക്കോര്മയുണ്ടോ? ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ഒരു കാഴ്ചബംഗ്ലാവ് അദ്ദേഹം നമുക്ക് കാണിച്ചുതന്നു. അതില്‍ വിശേഷിച്ച് ഒരു തലയോട് അദ്ദേഹം ഒരു ഇരുമ്പുപെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നുവല്ലോ. അത് ഒരു ആദിമനുഷ്യന്റെ തലയോടാണത്രേ. ആ ആദിമനുഷ്യനെ ഇപ്പോള്‍ 'ഹീഡിബര്ഗ് മനുഷ്യന്' എന്നാണ് പറഞ്ഞുവരുന്നത്. ആ തലയോട് ഹീഡില്ബര്ഗ് എന്ന പട്ടണത്തിനുസമീപം ഒരിടത്ത് കുഴിച്ചപ്പോള്‍ കണ്ടുകിട്ടിയതായതുകൊണ്ടാണ് ആ പേര് വന്നത്. എന്നാല്‍ ഹീഡില്ബര്ഗോ മറ്റേതെങ്കിലും പട്ടണമോ ആ കാലത്ത് ഉണ്ടായിരുന്നില്ലെന്നതു തീര്‍ച്ചതന്നെ.
ആദിമനുഷ്യന് ഭൂമിയില്‍ അലഞ്ഞു നടന്നിരുന്ന പ്രാചീനകാലത്തു തണുപ്പ് വളരെ കഠിനമായിരുന്നു. അന്നു ഹിമം വളരെയധികം ഉണ്ടായിരുന്നതുകൊണ്ട് ആ യുഗത്തിനു 'ഹിമയുഗം' എന്നു പേര് പറയുന്നു. ഇന്ന് ഉത്തരധ്രുവപ്രദേശങ്ങളില്‍ കാണുന്നതുപോലെയുള്ള ഹിമസംഹതികള് അന്ന്, ഇപ്പോള്‍ ഇംഗ്ലണ്ടും ജര്‍മനിയും കിടക്കുന്ന ദിക്കുവരെയുണ്ടായിരുന്നു. അന്നത്തെ മനുഷ്യര്‍ക്ക് ജീവിക്കുന്നതിനു വളരെ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവും. അവര്‍ വളരെയധികം കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടാവും. ഹിമസംഹതികള് ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ അവര്‍ക്ക് പാര്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. ആ കാലത്ത് 'മധ്യധരണിക്കടല്‍' എന്ന ഒരു കടല്‍തന്നെ ഉണ്ടായിരുന്നില്ലെന്നും, അവിടെ ഒന്നുരണ്ടു തടാകങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പ്രകൃതിശാസ്ത്രജ്ഞന്മാര് പറയുന്നു. ചെങ്കടലും അന്നുണ്ടായിരുന്നില്ല. അവിടമെല്ലാം കരയായിരുന്നു. ഒരു പക്ഷേ, ഇന്ത്യയുടെ അധികഭാഗവും അന്ന് ഒരു ദ്വീപായിരുന്നു. പഞ്ചാബും നമ്മുടെ ഐക്യസംസ്ഥാനത്തിലെ ചില ഭാഗങ്ങളും അന്നു കടലായിരുന്നു. ദക്ഷിണേന്ത്യ മുഴുവനും മധ്യേന്ത്യയും, ഹിമാലയത്തില്‍ നിന്നു കടല്കൊണ്ട് വേര്‍തിരിക്കപ്പെട്ട ഒരു വലിയ ദ്വീപായി സങ്കല്പ്പിച്ചുനോക്കുക! അപ്പോള്‍ നിനക്കു മുസ്സൂറിയിലേക്കു പോകണമെങ്കില്‍ കുറെ കപ്പല്‍യാത്ര വേണ്ടിവരും.
ആദികാലത്തെ മനുഷ്യര്‍ക്കു വലിയ ജന്തുകളുടെ ഇടയില്‍ അവയെ ഭയപ്പെട്ടു ജീവിക്കേണ്ടിവന്നിട്ടുണ്ടാവണം. ഇന്നു മനുഷ്യന് ലോകത്തിന്റെ അധിപതിയാണ്. അവന് മൃഗങ്ങളെ പറഞ്ഞ പടി നടത്തുന്നു! കുതിര, പശു, ആന, നായ, പൂച്ച ഇങ്ങനെ ചിലതിനെയെല്ലാം ഇണക്കുന്നു. ചില മൃഗങ്ങളെ ഭക്ഷിക്കുന്നു. സിംഹം, പുലി മുതലായവയെ അവന് വിനോദത്തിനായി വെടിവെക്കുന്നു. എന്നാല്‍ ആ കാലത്തു മനുഷ്യനായിരുന്നില്ല യജമാനന്; അവന് ഘോരമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നു രക്ഷതേടിക്കൊണ്ടിരുന്ന ഒരു സാധുജീവി മാത്രമായിരുന്നു. എങ്കിലും ക്രമേണ മനുഷ്യന് ഉന്നതി പ്രാപിക്കുകയും, അധികമധികം ബലവാനായിത്തീരുകയും, ഒടുവില്‍ മറ്റു മൃഗങ്ങളെക്കാള്‍ ശക്തനാവുകയും ചെയ്തു. മനുഷ്യന് ഇത് എങ്ങനെ സാധിച്ചു? ശരീരശക്തികൊണ്ടല്ല; എന്തെന്നാല്‍ ആനയ്ക്ക് മനുഷ്യനേക്കാള്‍ വളരെയധികം ദേഹബലമുണ്ട്. ബുദ്ധിശക്തികൊണ്ടും പഠിപ്പുകൊണ്ടുമാണ് മനുഷ്യന് അതു സാധിച്ചത്. മനുഷ്യന്റെ ബുദ്ധിശക്തി ആദിമകാലം മുതല്‍ ഇന്നുവരെ എങ്ങനെ വളര്‍ന്നുവന്നു എന്നു നമുക്കു കണ്ടുപിടിക്കുവാന്‍ കഴിയും. തീര്‍ച്ചയായും ഈ ബുദ്ധിശക്തിയാണ് മനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നത്. ബുദ്ധിശൂന്യനായ ഒരു മനുഷ്യനും ഒരു മൃഗവും തമ്മില്‍ യഥാര്‍ഥത്തില്‍ യാതൊരു വ്യത്യാസവുമില്ല.
മനുഷ്യന്റെ ഒന്നാമത്തെ വലിയ കണ്ടുപിടിത്തം അഗ്നിയായിരിക്കണം. ഇപ്പോള്‍ നാം തീപ്പിടിപ്പിക്കുന്നത് തീപ്പെട്ടിക്കോല് ഉരച്ചിട്ടാണ്. എന്നാല്‍ തീപ്പെട്ടി അടുത്തകാലത്തുണ്ടായ ഒരു സാധനമാണല്ലോ. പഴയ കാലത്തു തീയുണ്ടാക്കിയിരുന്നത് രണ്ടു കഷണം കല്ലോ മരമോ കൂട്ടി ഉരസി തീപ്പൊരി പറപ്പിച്ച് അത് ഉണക്കപ്പുല്ലിന്മേലോ മറ്റോ പിടിപ്പിച്ചിട്ടായിരുന്നു. കല്ലുകളോ മറ്റോ തമ്മില്‍ ഉരസി ചിലപ്പോള്‍ കാട്ടുതീ താനേ ഉണ്ടാകാറുണ്ട്. ഇതില്‍ നിന്ന് എന്തെങ്കിലും മനസ്സിലാക്കാനുള്ള സാമര്‍ഥ്യം മൃഗങ്ങള്ക്കുണ്ടായില്ല. എന്നാല്‍ മൃഗങ്ങളേക്കാള്‍ കൂടുതല്‍ സമര്‍ഥനായ മനുഷ്യന് അഗ്നികൊണ്ടുള്ള പ്രയോജനം മനസ്സിലാക്കി. അഗ്നി ശീതകാലത്ത് അവന്റെ തണുപ്പു മാറ്റുകയും ശത്രുക്കളായ മൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു. അതുകൊണ്ട് അഗ്നിബാധയുണ്ടായാല്‍ ജനങ്ങള്‍ കരിയിലകള്‍ ഇട്ടുകൊടുത്തു തീ കെടാതെ സൂക്ഷിക്കുവാന്‍ ശ്രമിച്ചിരുന്നിരിക്കണം. ആ തീ കെടരുതെന്നായിരുന്നു അവരുടെ ആഗ്രഹം; തീക്കല്ലുകള്‍ കൂട്ടിയുരസിയാല്‍ തങ്ങള്‍ക്കു തന്നെ തീയുണ്ടാക്കാന്‍ കഴിയുമെന്ന് കാലക്രമേണ അവര്‍ കണ്ടുപിടിച്ചിരിക്കണം. ഇത് അവരുടെ ഒരു വലിയ കണ്ടുപിടിത്തമായിത്തീര്ന്നു. എന്തെന്നാല്‍, ഇതുകൊണ്ടു മനുഷ്യര്‍ മറ്റു ജീവികളേക്കാള്‍ ബലവാന്മാരായിത്തീര്ന്നു. അങ്ങനെ മനുഷ്യര്‍ ലോകത്തിന്റെ ആധിപത്യം കൈക്കലാക്കുവാനുള്ള നേര്‍വഴിയില്‍ എത്തിച്ചേര്‍ന്നു.
Content Highlights: A chapter from Letters from a Father to His Daughter; on childrens day