ആരാണ് പ്രൊഫസര്‍ ചാലഞ്ചര്‍...? ആര്‍തര്‍ കോനന്‍ ഡോയ്ല്‍ എഴുതിയ ലോസ്റ്റ് വേള്‍ഡ്

മനുഷ്യന്റെ പാദസ്പര്‍ശമേല്‍ക്കാത്ത തെക്കേ അമേരിക്കയിലെ ആമസോണ്‍ വനാന്തരങ്ങള്‍ പശ്ചാത്തലമാക്കി, ഷെര്‍ലക് ഹോംസിന്റെ സ്രഷ്ടാവായ ആര്‍തര്‍ കോനന്‍ ഡോയല്‍ രചിച്ച ശാസ്ത്ര നോവലാണ് ലോസ്റ്റ് വേള്‍ഡ്. ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറം, മനുഷ്യന്‍ ഭൂമിയില്‍ പിറവിയെടുക്കുന്നതിനു മുന്‍പുണ്ടായിരുന്ന ജീവജാലങ്ങളും സസ്യങ്ങളും നിറഞ്ഞ മായാലോകത്തേക്കുള്ള സാഹസികയാത്രയാണ് പ്രതിപാദ്യം. അജ്ഞാത ലോകം എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ലോസ്റ്റ് വേള്‍ഡിന്റെ പുനരാഖ്യാനത്തില്‍ നിന്നും ആദ്യഭാഗം വായിക്കാം.
'എന്തെങ്കിലും അപകടകരമായ ഒരു ജോലി എനിക്കു തരൂ സര്‍! എത്ര ആപത്കരമാണോ, അത്രയ്ക്കും നല്ലത്.'
വിചിത്രമായ ഈ അപേക്ഷയുമായി മുന്‍പില്‍ നില്ക്കുന്ന യുവാവിനെ പത്രാധിപര്‍ കുറച്ചു നേരം ഉറ്റുനോക്കി.
ഇയാള്‍ക്ക് അടുത്ത ദിവസംവരെ ഒരു തകരാറുമുണ്ടായിരുന്നില്ലല്ലോ. പിന്നെ ഇപ്പോള്‍ എന്തുപറ്റി? തലയുടെ ആണിക്കല്ലിളകിയോ? അതോ എന്തെങ്കിലും ജീവിതനൈരാശ്യം വന്നുപെട്ടുവോ?
'എന്തുപറ്റി നെഡ്മലോണ്‍?' പത്രാധിപര്‍ ചോദിച്ചു, 'നിങ്ങളുടെ നാളിതുവരെയുള്ള പ്രവൃത്തി തൃപ്തികരമാണ്. ഇപ്പോള്‍പ്പിന്നെ വിശേഷിച്ചിങ്ങനെയൊരാവശ്യം?'
'ഒരു മോഹം സാര്‍, ആപത്കരമായി എന്തെങ്കിലും ചെയ്യാനൊരാഗ്രഹം, അടക്കാനാവാത്ത ഒരാഗ്രഹം. അല്ലാതൊന്നുമില്ല.'
'ഈ ചെറുപ്പക്കാരുടെ കാര്യം...' പത്രാധിപര്‍ ഒരുനിമിഷം ചിന്തയിലാണ്ടു. പിന്നെ തുടര്‍ന്നു: 'നിങ്ങള്‍ പ്രൊഫസര്‍ ചാലഞ്ചറെപ്പറ്റി കേട്ടിട്ടില്ലേ?'
'കേട്ടിട്ടുണ്ട്.'
'ഒരു കാര്യം ചെയ്യൂ... ചാലഞ്ചറെച്ചെന്നു കാണൂ. ഒരഭിമുഖസംഭാഷണം നടത്തിയിട്ടു വരൂ.'
'പക്ഷേ, സര്‍, ഞാനുദ്ദേശിച്ചത് ഇത്തരമൊരു ജോലിയല്ല. കൂടുതല്‍ അപകടസാധ്യതയുള്ള, വീരസാഹസത്തിനു വകയുള്ള...'
'തത്കാലം ഇതു ചെയ്യൂ, കൂടുതല്‍ നല്ല ജോലി വരുമ്പോള്‍ ഞാനോര്‍മിക്കാം...'
അല്പം കടുപ്പിച്ച സ്വരത്തില്‍ അല്പം ക്ഷമകേടോടെയാണ് പത്രാധിപര്‍ ഇത്രയും പറഞ്ഞത്.
പത്രാധിപരുടെ സ്വരം യുവാവ് ശ്രദ്ധിച്ചു. ഇനി അധികം ചോദിക്കാന്‍ നില്ക്കുന്നത് നല്ലതിനല്ല. പത്രാധിപരുടെ ഭാവം മാറുകയാണെന്ന് യുവാവ് മനസ്സിലാക്കി. അയാള്‍ വേഗം പുറത്തിറങ്ങി.
ഒരു കൂട്ടുകാരനെ കണ്ടുപിടിച്ച് പ്രൊഫസര്‍ ചാലഞ്ചറെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. മനസ്സിലായതില്‍ ശ്രദ്ധേയമായ കാര്യം: ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ച ഡെയിലി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകന്‍ എല്ലുകളൊടിഞ്ഞ് ഇപ്പോഴും ആശുപത്രിയിലാണ്.
ചാലഞ്ചറെക്കുറിച്ചുള്ള ഫയലുമായി അയാള്‍ മേശയ്ക്കരികിലേക്കു നടന്നു. ഫയല്‍ തുറന്ന് സശ്രദ്ധം പഠിച്ചു.
വിചിത്രസ്വഭാവത്തോടുകൂടിയ ഒരു മനുഷ്യനാണ് പ്രൊഫസര്‍ ചാലഞ്ചര്‍. പ്രകൃതിശാസ്ത്രജ്ഞന്‍. ചരിത്രാതീതകാലത്തെ ജീവിതത്തിലാണധികം താത്പര്യം. പല പല ഘട്ടങ്ങളിലൂടെ കടന്നുവന്ന മനുഷ്യന്റെ പരിണാമകഥകള്‍, നിലനില്പിനുവേണ്ടി അവനു മത്സരിക്കേണ്ടിവന്നിട്ടുള്ള ജീവജാലങ്ങള്‍, അവനു സഹായകമായിരുന്നിട്ടുള്ള ജീവികള്‍, ആ കാലഘട്ടങ്ങളിലെ സസ്യങ്ങള്‍, ഇവയ്‌ക്കെല്ലാം സംഭവിച്ചിട്ടുള്ള പരിണാമങ്ങള്‍ വംശനാശങ്ങള്‍, വികാസങ്ങള്‍ ഇവയിലെല്ലാമാണ് ചാലഞ്ചറുടെ ശ്രദ്ധ സഞ്ചരിക്കുന്നത്.
അടുത്തകാലത്ത് അദ്ദേഹം ഒരു പഠനപര്യടനം നടത്തി; തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീതടത്തിലെ കാടുകളിലേക്ക്. ആമസോണ്‍തീരത്തെ വനപ്രദേശം ഹിമാലയത്തിന്റെ ഉന്നതശൃംഗങ്ങള്‍പോലെയോ ധ്രുവപ്രദേശംപോലെയോ മനുഷ്യര്‍ക്ക് അപ്രാപ്യമാണ് ഇന്നും. അവിടേക്കാണ് ചാലഞ്ചര്‍ ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചത്. അദ്ദേഹം മടങ്ങിവന്നത് വിചിത്രമായൊരു കഥയുമായിട്ടാണ്. ആ ഭീകരമായ വനഭൂമിയുടെ അന്തരാളങ്ങളിലൊരിടത്ത് നമ്മുടെ ലോകവുമായി ഒരുതരത്തിലും ബന്ധപ്പെടാതെ കിടക്കുന്ന ഒരു വിചിത്രലോകം. ചുറ്റും സംഭവിച്ച മാറ്റങ്ങളൊന്നും ആ ഭാഗത്തുണ്ടായില്ല. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് വംശനാശം വന്നുപോയെന്ന് മനുഷ്യര്‍ കരുതിയ പല ജീവികളുമുണ്ട്. ഭീമാകാരങ്ങളായ, പൈശാചികരൂപികളായ പലതരം ദിനോസറുകള്‍, പറക്കുന്ന ചെകുത്താന്മാര്‍ എന്നു പറയാവുന്ന ടെറാഡക്‌ടൈല്‍ പക്ഷികള്‍! മനുഷ്യന് അവയെയൊന്നും കാണുകയോ ഏറ്റുമുട്ടുകയോ ചെയ്യേണ്ടിവന്നിട്ടില്ല. ചരിത്രത്തിന്റെ വഴിയില്‍ അവയെല്ലാം വീണു മണ്ണടിഞ്ഞുപോയി. അഗ്‌നിപര്‍വതങ്ങളൊരുക്കിയ, ലാവയുറച്ചുണ്ടായ പാറപ്പരപ്പുകള്‍ക്കടിയില്‍പ്പെട്ടുപോയ അവയുടെ അസ്ഥികൂടാവശിഷ്ടങ്ങളും ശരീരമുദ്രകളുമൊക്കെയാണ് ശാസ്ത്രഗവേഷകര്‍ക്കു കിട്ടിയത്. അതെല്ലാംകൂടി വെച്ചാണ് അവര്‍ ആ ഭയാനകസ്വരൂപികളുടെ ഏകദേശചിത്രം വരച്ചെടുത്തത്.
പക്ഷേ, ചാലഞ്ചര്‍ പറഞ്ഞു, അവിടെ ചെന്നെത്തിയ വിചിത്രവും ഏകാന്തഭീകരവുമായ ആ വനഭൂവില്‍ ആ ജീവികളെല്ലാം ഇന്നും ജീവിച്ചിരിക്കുന്നു. ദിനോസറുകള്‍ മേഞ്ഞുനടക്കുന്ന കാടുകള്‍, ടെറാഡക്‌ടൈല്‍ പക്ഷികളുടെ ചിറകടിയേറ്റുലയുന്ന വൃക്ഷത്തലപ്പുകള്‍... ചാലഞ്ചറുടെ പ്രസ്താവന പുറത്തുവന്നതോടെ പത്രമാസികകളില്‍ കോലാഹലമിളകി. പത്രക്കാര്‍ മാത്രമല്ല, മറ്റു ശാസ്ത്രജ്ഞരും അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. ഒരു വലിയ കണ്ടുപിടിത്തം നടത്തി മഹാശാസ്ത്രജ്ഞനെന്ന പേരു സമ്പാദിക്കാന്‍ ശുദ്ധ പുളുവടിച്ചതാണെന്ന് ചിലര്‍. അങ്ങനെ ചിലതെല്ലാം കണ്ടു എന്നു തോന്നിയതാണെങ്കില്‍ തലയ്ക്ക് വട്ടിളകിയതാണെന്നു മറ്റുചിലര്‍. എന്തുപറ്റിയെന്നുവെച്ചാല്‍, കളിയാക്കല്‍ സഹിക്കാത്തയാളായിരുന്നു ചാലഞ്ചര്‍. മുറിവേറ്റ കടുവയെപ്പോലെ അദ്ദേഹം ക്രുദ്ധനായി, ഈ വിഷയത്തെപ്പറ്റി ഒരക്ഷരം സംസാരിക്കാതെയായി. അന്വേഷിച്ചു ചെന്ന പത്രലേഖകരെ ആട്ടിയോടിച്ചു. പിന്നെയും ചെന്ന ചിലരെ കഴുത്തില്‍പ്പിടിച്ചു ബഹുമാനിച്ചു വിട്ടു. അവസാനമായി ചെന്ന ആളെ ഉടലോടെ എടുത്ത് റോഡിലേക്കെറിയുകയാണുണ്ടായത്. ശരീരമാസകലം മുറിവും ഒടിവുകളുമായി അയാളിപ്പോഴും ആസ്പത്രിയിലാണ്.
അപ്പോള്‍ അതാണ് ചാലഞ്ചര്‍. ഈ ചാലഞ്ചറെ ചെന്നുകണ്ട് ഒരഭിമുഖം നടത്താനാണ് പത്രാധിപര്‍ നെഡ്മലോണിനോടു പറഞ്ഞത്. കൊള്ളാം. ഫയല്‍ അടച്ചുവെച്ച് നെഡ് ഒരു നെടുവീര്‍പ്പിട്ടു. ശരി, ഒരുകൈ നോക്കുകതന്നെ. വലിയ വീരസാഹസകൃത്യമൊന്നുമല്ലെങ്കിലും ഉള്ളതുവെച്ച് ധൈര്യമൊന്നു പരീക്ഷിച്ചുനോക്കുകതന്നെ.
Content Highlights: arthur conan doyle lost world malayalam mathrubhumi books