'ഇന്നസെന്റേ, മേലിൽ ഇമ്മാതിരി തമാശ പറയരുത്, അത് കൊലക്കേസ് പ്രതിയൊന്നുമല്ല, ഗവര്‍ണറാ'

പി.കെ. ശ്രീമതി, ഇന്നസെന്റ് | ഫോട്ടോ: മാതൃഭൂമി
പി.കെ. ശ്രീമതി, ഇന്നസെന്റ് | ഫോട്ടോ: മാതൃഭൂമി

ഇന്നസെന്റിന്റെ ഓര്‍മ്മപ്പുസ്തകമാണ് 'ഈ ലോകം അതിലൊരു ഇന്നസെന്റ്'. പ്രസ്തുത പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം. 

പാര്‍ലമെന്റിലെ ഒരു യുവ എം.പി. ആള് എല്ലാവരോടും നല്ല പെരുമാറ്റമാണ്. ഒരു ദിവസം കാന്റീനിലിരുന്ന് ഞാനും ശ്രീമതി ടീച്ചറും പി.കെ. ബിജുവും എം.ബി. രാജേഷുമടക്കമുള്ള കേരള എം.പിമാര്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴൊക്കെ ഞാന്‍ ശ്രദ്ധിക്കുന്നത് അവിടത്തെ നേരമ്പോക്കുകള്‍ എന്തൊക്കെയാണ് എന്നതായിരുന്നു. ഈ യുവ എം.പി പലപ്പോഴും മറ്റൊരു യുവ സ്ത്രീ എം.പിയുടെ പിറകേയാണ്. ഇത് ഞാന്‍ കുറച്ചധികം ദിവസം ശ്രദ്ധിച്ചിരുന്നു. ഞാന്‍ ഈ കാര്യം രാജേഷിനോടും ബിജുവിനോടും പറഞ്ഞു,
'ആ എം.പി, അവനില്ലേ ആ പെണ്ണിനെ വളയ്ക്കാന്‍ നോക്കുകയാണ് കേട്ടോ'.
'ചേട്ടാ, എന്ത് വൃത്തികേടാണ് ഈ പറയുന്നത്. ചേട്ടന്‍ വെറുതെ ആവശ്യമില്ലാത്തത് പറയരുത്. നമ്മളിവിടെ വന്നിരിക്കുന്നത് അതിനല്ലല്ലോ. ചേട്ടന്‍ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ലേ? കാരണം അങ്ങനെയുള്ള ഒരാളല്ല അയാള്‍. അയാളുടെ അച്ഛനാരാണെന്ന് അറിയുമോ? അത്രയും വലിയ ആളുടെ മോനാ. അങ്ങനെ പറയരുത്,' അവര്‍ എന്നെ ഉപദേശിച്ചു.

'മോനേ ഇത്തരം പല നമ്പറുകളും ഞാന്‍ കണ്ടിട്ടുണ്ട്. ആര് ആരെ വളയ്ക്കാന്‍ നോക്കുന്നു എന്ന് ഞാന്‍ ഒറ്റനോട്ടത്തില്‍ പറയും. ഈ പറഞ്ഞത് ഉറപ്പാണ്, അവന്‍ അവളെ വളയ്ക്കാന്‍ നോക്കുകയാണ്' ഞാന്‍ പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു, ഞാന്‍ പറഞ്ഞത് കേട്ടുനിന്ന എം.പിമാരില്‍ ഒരാള്‍ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു:
'ചേട്ടന്‍ അന്ന് പറഞ്ഞത് സത്യമാണ് കേട്ടാ. അവന്‍ അവളെയും കൂട്ടി ഇന്നലെ ഹോട്ടലില്‍ വന്നിട്ടുണ്ടായിരുന്നു!' അതിനുശേഷം അവര്‍ക്കെല്ലാം എന്നെ ഒരു പ്രത്യേക ബഹുമാനമായിരുന്നു.

പാര്‍ലമെന്റില്‍ എന്റെ നേരെ പിറകില്‍ ഇരുന്നത് ബിഹാറില്‍ നിന്നുള്ള എം.പിയായ പപ്പു യാദവായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രഞ്ജിത് രഞ്ജനും പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ എം.പിയായി ഉണ്ടായിരുന്നു. ബുള്ളറ്റൊക്കെ എടുത്താണ് രഞ്ജിത് രഞ്ജന്‍ പാര്‍ലമെന്റിലേക്ക് ഇടയ്ക്ക് വരിക. അവരെ ഒന്ന് പരിചയപ്പെടണം എന്നെനിക്ക് തോന്നി. അങ്ങനെ ഞാനവരെ പരിചയപ്പെട്ടു. സിനിമാ നടനാണെന്ന് അറിഞ്ഞതോടെ അവര്‍ക്ക് എന്നോട് അല്‍പം ബഹുമാനം കൂടിയോ എന്നൊരു സംശയം. അങ്ങനെ ഇടയ്ക്ക് പാര്‍ലമെന്റില്‍ അവരെ കാണുമ്പോള്‍ ഞാന്‍ ഹായ് പറയുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. 

ഒരു ദിവസം ഞാനവരുടെയടുത്ത് നില്‍ക്കുമ്പോള്‍ പി.കെ. ബിജുവും ഉണ്ടായിരുന്നു. ഇത് കണ്ട ബിജു എന്നോട് പറഞ്ഞു,
'ഇന്നസെന്റേട്ടാ, നിങ്ങളുടെ പിറകിലിരിക്കുന്ന എം.പിയെ ശ്രദ്ധിച്ചിട്ടുണ്ടോ?'
'ഇല്ല, ആരാത്?' ഞാന്‍ ചോദിച്ചു.
'പപ്പു യാദവ് എന്നാണ് അയാളുടെ പേര്. ബിഹാറില്‍ നിന്നുള്ള എം.പിയാണ്. അവരുടെ ഭാര്യയാണ് നിങ്ങളിപ്പോ ഹായ് കാണിച്ച രഞ്ജിത് രഞ്ജന്‍.'

പുസ്തകത്തിന്റെ കവര്‍ പേജ്

'ഓ.., ഈ പപ്പു യാദവ് എങ്ങനെയാ ആള്, പാവമാണോ?'
'ഓ, കുഴപ്പമൊന്നും ഇല്ല. ബിഹാറില്‍ നമ്മുടെ നേതാവായ ചന്ദ്രശേഖര്‍ പ്രസാദിനെ ഒറ്റവെടിയ്ക്ക് തീര്‍ത്തിട്ടുണ്ട്. കൊലക്കേസില്‍ പ്രതിയാണ്. അയാളുടെ കൈയില്‍ എപ്പോഴും തോക്കുണ്ടാകും.'

ബിജു ഇത് എന്നോട് പറയുന്ന സമയം പാര്‍ലമെന്റില്‍ മോദി പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. പപ്പു യാദവ് കൊലക്കേസ് പ്രതിയാണെന്ന് ബിജു പറഞ്ഞതും പിന്നെ ഞാന്‍ മോദിയുടെ പ്രസംഗമൊന്നും കേട്ടില്ല. കുറേ കിളികള്‍ എന്റെ തലയില്‍നിന്നു പറന്നുപോകുന്നതുപോലെ തോന്നി. കാരണം ഇനി എന്താണ് സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ലല്ലോ. പിറ്റേന്ന് മുതല്‍ ഇരിപ്പിടം മാറിയാലോ എന്ന് വിചാരിച്ചെങ്കിലും അങ്ങനെ ഇരിപ്പിടം മാറാനുള്ള സൗകര്യമൊന്നും പാര്‍ലമെന്റിലില്ല. നമുക്ക് അനുവദിച്ച നമ്പറിലുള്ള ഇരിപ്പിടത്തില്‍ത്തന്നെ ഇരിക്കണം. 

ഒരു ഉള്‍ഭയത്തോടെ അയാളിരിക്കുന്ന ഭാഗത്തേക്ക് നോക്കാതെയാണ് പിന്നീടുള്ള കുറച്ച് ദിവസങ്ങളില്‍ ഞാന്‍ അവിടെയിരുന്നത്. കാരണം പാര്‍ലമെന്റില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ചിലപ്പോള്‍ ഇയാള്‍ അരയിലിരിക്കുന്ന തോക്കെടുത്തങ്ങ് കാച്ചിയാലോ? ഉന്നം പിഴച്ചാല്‍ നേരെ എന്റെ നെഞ്ചത്തേക്ക് തുളച്ചുകയറില്ലേ! പണ്ട് നാട്ടിലെ ജോര്‍ജേട്ടന്‍ കൊക്കിനെ വെടിവച്ചിട്ട് മരിച്ചുവീണത് പ്രാവാണ്, അതുപോലെ എം.ഐ തോമസ് വക്കീല്‍ അതിവിദഗ്ധമായി പ്രാവിനെ വെടിവെക്കാന്‍ പോയിട്ട് തോക്കിന്റെ അറ്റം തട്ടി പ്രാവ് പറന്നുപോയിട്ടുണ്ട്. ഇങ്ങനെയൊക്കെയുള്ള തോക്ക് ചരിത്രം എന്റെ മനസ്സില്‍ കിടക്കുന്നുണ്ട്. 

അതിനാല്‍ സീറ്റിന്റെ ഒരറ്റത്തേക്ക് ഞാന്‍ മാറിയിരിക്കാന്‍ തുടങ്ങി. തൃശ്ശൂരില്‍ നിന്നുള്ള എം.പിയായിരുന്ന ജയദേവന്‍ ഇത് കണ്ടിട്ട് എന്നോട് ചോദിച്ചു,
'ഇവിടെ ഇത്രയും സ്ഥലമുണ്ടായിട്ട് എന്തിനാ, ആ അറ്റത്ത് പോയിരിക്കുന്നത്. വഴിയെ പോകുന്നവര്‍ക്ക് അത് ബുദ്ധിമുട്ടാകില്ലേ?'
ജയദേവനറിയില്ല, പിറകിലൊരു വെടിപൊട്ടാനുള്ള വകുപ്പുണ്ടെന്ന്. ഞാന്‍ മെല്ലെ ജയദേവനോട് ചോദിച്ചു,
'ഇപ്പോള്‍ പപ്പുയാദവ് എങ്ങനെയാ?'
'ഏയ് ഇപ്പോ പ്രശ്നമൊന്നുമില്ല. അന്നങ്ങനെ ചെയ്തെന്നു വിചാരിച്ച് എന്നും അങ്ങനെ ചെയ്യണമെന്നില്ലല്ലോ?.' എന്നും ചെയ്തില്ലെങ്കിലും ഏതെങ്കിലും ഒരുദിവസം ചിലപ്പോള്‍ എടുത്തു കാച്ചാം എന്ന് ജയദേവന്റെ സംസാരത്തില്‍ നിന്നെനിക്ക് മനസ്സിലായി. മെല്ലെ ഞാന്‍ പപ്പുയാദവുമായി സൗഹൃദം സ്ഥാപിച്ചു. ചുരുക്കം പറഞ്ഞാല്‍ വെടികൊള്ളാതെ രക്ഷപ്പെട്ടു!

മറ്റൊരു ദിവസം, ഞാനും ശ്രീമതി ടീച്ചറും പി. കരുണാകരനും പി.കെ. ബിജുവും എം.ബി. രാജേഷും റിച്ചാര്‍ഡ് ഹേയും കൂടി പാര്‍ലമെന്റിലെ ഇന്ത്യന്‍ കോഫീഹൗസിലിരുന്ന് കാപ്പി കുടിക്കുകയാണ്.
'അന്ന്, നമ്മുടെ എ.കെ.ജി മുന്‍കൈയെടുത്ത് ഉണ്ടാക്കിയതാണ് ഇന്ത്യന്‍ കോഫീഹൗസ്. ഇന്നത് ആലോചിക്കുമ്പോള്‍ അഭിമാനം തോന്നുന്നു. കാരണം കാപ്പി കഴിക്കാന്‍ ഇത്രയും നല്ലൊരു സ്ഥാപന ശൃംഖല ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞല്ലോ.' ശ്രീമതി ടീച്ചര്‍ പറഞ്ഞു. 

'കറക്ട്. എ.കെ.ജി ഈസ് എ ഗ്രേറ്റ് മാന്‍' റിച്ചാര്‍ഡ് ഹേ പറഞ്ഞു.
അപ്പോള്‍ വീണ്ടും ടീച്ചര്‍, 
'എ.കെ.ജി ആരായിരുന്നു! അദ്ദേഹം എല്ലാ കാര്യങ്ങളും മുന്നില്‍ കണ്ടു മാത്രമേ ചെയ്യുകയുള്ളൂ. അതുകൊണ്ടല്ലേ ഇന്നിപ്പോള്‍ ഇവിടെ ഇങ്ങനെയൊരു ഇന്ത്യന്‍ കോഫി ഹൗസ് നിലനില്‍ക്കുന്നതും. നമ്മളിവിടെ നിന്ന് കാപ്പികുടിക്കുന്നതും' അങ്ങനെ ഓരോരുത്തരായി പറഞ്ഞപ്പോള്‍ അവിടെയിരുന്ന എ.കെ.ജിയുടെ മരുമകന്‍ കൂടിയായ പി. കരുണാകരന്‍ അഭിമാനത്തോടെ ഒന്നു നിവര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടു. ഇവര്‍ ഈ സംസാരം നിര്‍ത്തുന്ന മട്ടില്ല എന്ന് എനിക്ക് തോന്നി.

ഞാന്‍ പറഞ്ഞു,
'ഇനി ഞാന്‍ ഒരു കാര്യം പറയട്ടെ, എ.കെ.ജി ഈ സ്ഥാപനം ഉണ്ടാക്കിയത് കൊണ്ടാണോ നമുക്ക് ഈ കാപ്പി കുടിക്കാന്‍ പറ്റിയത് എന്നതല്ല കാര്യം, മറിച്ച് എന്റെ അപ്പന്‍ എന്നെ ഉണ്ടാക്കിയതുകൊണ്ടാണ് ഇന്ന് എനിക്ക് ഈ കാപ്പി കുടിക്കാന്‍ പറ്റിയത്. അതില്ലെങ്കില്‍ എ.കെ.ജി അല്ല ആര് എന്ത് ഉണ്ടാക്കിയിട്ട് എന്ത് കാര്യം? അപ്പോള്‍ അതിലും വലുതല്ലേ എന്റെ അപ്പന്‍!' ഞാന്‍ ഇത് പറഞ്ഞ് തീര്‍ന്നതും എല്ലാവരും കൂടി കൂട്ടച്ചിരിയായി.

മറ്റൊരു ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ ഞാനും ശ്രീമതി ടീച്ചറുമൊക്കെ വിമാനം കയറാന്‍ പോകുകയാണ്. അപ്പോള്‍ ഞങ്ങളുടെ കുറച്ച് ദൂരത്തായി കുറച്ച് പൊലീസുകാര്‍ ഒരാളെയും കൊണ്ട് പോകുന്നുണ്ട്. അത് കണ്ടയുടന്‍ ഞാന്‍ ടീച്ചറോടു പറഞ്ഞു:
'ടീച്ചറെ, ദാ ആ പൊലീസിനൊപ്പം പോണവനില്ലേ, വയനാട്ടില്‍ ഇപ്പോള്‍ ഒരു കൊലപാതകം നടന്നില്ലേ? ഒരു ഹിന്ദിക്കാരന്‍ ഒരാളെ കൊന്നത്. ആ കൊലയാളിയാണ് ആ പോണത്. അവനെയും കൊണ്ട് പൊലീസ് പോകുന്നതാണ്. ഞാന്‍ ഇന്നലെ പത്രത്തില്‍ കണ്ടതാണ്,' ഞാന്‍ പറഞ്ഞു.

'അതെയോ, എന്നാല്‍ അവനെയൊന്ന് കാണണമല്ലോ. ഞാന്‍ ഒന്ന് പോയിട്ട് നോക്കിയിട്ട് വരാം' എന്ന് പറഞ്ഞ് ടീച്ചര്‍ നേരെ ആ പൊലീസുകാരുടെ അടുത്തേക്ക് പോയി. പോയതിനേക്കാള്‍ വേഗത്തില്‍ ടീച്ചര്‍ മടങ്ങിവന്നു, എന്നിട്ട് പറഞ്ഞു,
'ഇന്നസെന്റേ, തമാശയും കോമഡിയും ഓക്കെ നല്ലതാണ്. പക്ഷേ, ഇമ്മാതിരി തമാശ പറയരുത്. ഇനി മേലില്‍ ഇത്തരം തമാശ പറഞ്ഞാല്‍ എന്റെ സ്വഭാവം മാറും.'

'എന്താ, ടീച്ചറേ, എന്ത് പറ്റി?'
'അതേയ്. അത് കൊലക്കേസ് പ്രതിയൊന്നുമല്ല, കേരള ഗവര്‍ണറാ'
സംഭവം പൊലീസിന്റെ സുരക്ഷയില്‍ അന്നത്തെ കേരള ഗവര്‍ണര്‍ പി. സദാശിവം നടന്നുപോകുന്നതായിരുന്നു. അയാളെയാണ് ഞാന്‍ ഹിന്ദിക്കാരനായ കൊലക്കേസ് പ്രതിയാക്കി പറഞ്ഞത്! 

ഇതിന് സമാനമായ മറ്റൊരു സംഭവം വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രിയദര്‍ശന്റെ ഒരു സിനിമാസെറ്റില്‍ ഉണ്ടായിട്ടുണ്ട്. പ്രിയദര്‍ശന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ആലപ്പുഴയിലായിരുന്നു ഷൂട്ടിങ്ങ്. മിക്കവാറും ദിവസങ്ങളില്‍ രാവിലെ അവിടേക്ക് വയോധികനായ ഒരാള്‍ പ്രിയനെ കാണാന്‍ നടന്നുവരും. കൈയില്‍ ഒരു കുടയും ഒരുവിശറിയുമൊക്കെയായാണ് അയാളുടെ വരവ്. പ്രിയനോട് ദിവസവും കുറച്ചുനേരം സംസാരിച്ച ശേഷം അയാള്‍ തിരിച്ചുപോകും-ഇതായിരുന്നു രീതി. 

ദിവസവും ഈ കാഴ്ച ഞങ്ങളെല്ലാവരും കാണുമായിരുന്നു. ഒരുദിവസം ഇതുപോലെ അയാള്‍ വന്ന് മടങ്ങുന്നത് കണ്ടപ്പോള്‍ സുകുമാരിച്ചേച്ചി എന്നോട് ചോദിച്ചു:
'അത് ആരാ? എല്ലാ ദിവസവും പ്രിയനെ കാണാന്‍ വരുന്നുണ്ടല്ലോ.'
'ഈ സിനിമയില്‍ റഹ്‌മാന്റെ ഒരു മുത്തച്ഛന്‍ കഥാപാത്രത്തിന്റെ റോളുണ്ട്. അത് അയാള്‍ക്ക് വേണം. അതിനുവേണ്ടി നടക്കുകയാണ്. ആ റോള്‍ കിട്ടില്ലെന്ന് പ്രിയന്‍ അയാളോട് പറഞ്ഞു. എന്നിട്ടും ദിവസവും നടന്ന് വന്ന് ചോദിക്കുകയാണ്. എന്താ ചെയ്യാ, പാവം.' ഞാന്‍ പറഞ്ഞു.

'ശ്ശോ, എന്നാല്‍ പ്രിയന് മുഖത്ത് നോക്കി പറഞ്ഞുകൂടെ, റോള്‍ ഇല്ലായെന്ന്,' ചേച്ചി ചോദിച്ചു.
'അയാളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി പ്രിയനതു പറഞ്ഞിട്ടില്ല,' ഞാന്‍ പറഞ്ഞു, 'ഇഷ്ടം പോലെ നടന്മാരെ നമുക്ക് കിട്ടും. പിന്നെ എന്തിനാ ആ പാവത്തിനെ ഇങ്ങനെ ദിവസവും നടത്തിച്ച് കഷ്ടപ്പെടുത്തുന്നത്.'

സുകുമാരി ചേച്ചി നേരെ പ്രിയന്റെ അടുത്തേക്ക് പോയി, എന്നിട്ട് ഇങ്ങനെ പറഞ്ഞു: 'പ്രിയാ, കഷ്ടമുണ്ട്. ഇത്രയും പ്രായമായ മനുഷ്യനല്ലേ. റോള്‍ ഇല്ലെങ്കില്‍ ഇല്ല എന്ന് പറയണം. ചെറുപ്പക്കാരോട് പറയുന്നത് പോലെയല്ല വയസ്സായവരോട് പറയുന്നത്. ഇതെല്ലാം ഈശ്വരന്‍ കാണുന്നുണ്ട്. മേലില്‍ അയാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്,' സുകുമാരി ശകാരിക്കുംപോലെയാണ് പ്രിയനോട് പറഞ്ഞത്.

'ചേച്ചീ, അത് തകഴി ശിവശങ്കരപ്പിള്ളയാണ്,' പ്രിയന്റെ മറുപടി കേട്ടതും ചേച്ചി ആകെ തകര്‍ന്നു പോയി. ദേഷ്യം പിടിച്ച് ചേച്ചി നേരെ എന്നെ ചീത്തപറയാനായി മുറിയുടെ നേര്‍ക്ക് വന്നു. ഞാന്‍ ഒന്നുമറിയാത്തതുപോലെ നിലത്ത് നോക്കിയിരുന്നു. തകഴി ദിവസവും പോസ്റ്റ് ഓഫീസിലേക്ക് പോകുന്നതാണ്. ആ വഴിക്ക് പ്രിയനെ കാണാന്‍ കേറുന്നതായിരുന്നു. 

Content Highlights: Book excerpt from 'Eee lokam athiloru innocent'