Audi Q3 എസ്‌യുവി ഓടയിലേക്ക് വീണ സംഭവത്തിൽ വിശദീകരണവുമായി Google

photo: The New Indian/X
photo: The New Indian/X

മുംബൈയിൽ അടുത്തിടെയാണ് ഒരു യുവതി ഓടിച്ച ഓഡി ക്യു3 എസ്‌യുവി വെള്ളം നിറഞ്ഞ ഓടയിലേക്ക് വീണത്. സംഭവത്തിന് തൊട്ടുപിന്നാലെ, താൻ ഗൂഗിൾ മാപ്‌സ് ആപ്പിലെ ഓൺ-സ്‌ക്രീൻ നിർദേശങ്ങൾ പാലിക്കുകയായിരുന്നുവെന്നും ബേലാപ്പുരിലെ ബേ ബ്രിഡ്ജിലേക്ക് പ്രവേശിക്കരുതെന്ന് ആപ്പ് ആവശ്യപ്പെട്ടെന്നും ഡ്രൈവറായ യുവതി പറഞ്ഞിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്നായിരുന്നു അവരുടെ വാ​ദം.  

സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം, ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഗൂഗിൾ. ഡ്രൈവറായ യുവതി പരാമർശിക്കുന്ന റൂട്ട് 'നാവിഗേഷനായി മാപ്പ് ചെയ്തിട്ടില്ല' എന്നും അപകടമുണ്ടായ വഴിയിലൂടെ വാഹനം ഓടിക്കാൻ ആപ്പ് നിർദേശിച്ചിട്ടില്ലെന്നുമാണ് ​ഗൂ​ഗിൽ വ്യക്തമാക്കുന്നത്.'പാലത്തിനടിയിലൂടെയുള്ള റോഡ് ഗൂഗിൾ മാപ്‌സിൽ നാവിഗേഷനായി മാപ്പ് ചെയ്തിട്ടില്ല. അതിലൂടെ റൂട്ട്, ഗൂഗിൾ മാപ്‌സ് ശുപാർശ ചെയ്തിട്ടില്ലെന്ന് ഞങ്ങളുടെ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്', ഗൂഗിൾ വക്താവ് ദി ടെലിഗ്രാഫിനോട് പറഞ്ഞു.

'പൻവേൽ ക്രീക്കിന് മുകളിലുള്ള ബേലാപ്പുർ പാലം വഴിയാണ് ഈ പ്രദേശത്ത് ഗൂഗിൾ മാപ്‌സ് നൽകുന്ന ഏക റൂട്ട്. സുരക്ഷയും വിശ്വാസ്യതയും മനസ്സിൽ വെച്ചാണ് ഞങ്ങൾ ഗൂഗിൾ മാപ്‌സ് നിർമിച്ചത്. എല്ലായിടത്തുമുള്ള ആളുകൾക്ക് ഉയർന്ന നിലവാരമുള്ള നാവിഗേഷൻ അനുഭവം നൽകുന്നതിൽ ഞങ്ങൾ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കും', വക്താവ് കൂട്ടിച്ചേർത്തു. 

മാപ്‌സിലെ പിഴവിനുള്ള സാധ്യത ടെക് ഭീമൻ മുഴുവനായി തള്ളിക്കളഞ്ഞു. ഇത് മനുഷ്യസഹജമായ പിഴവാകാനാണ് സാധ്യത. പ്രതികൂല കാലാവസ്ഥയിൽ വേഗത്തിൽ വാഹനമോടിക്കരുതെന്നും കമ്പനി നിർദേശിച്ചു. ഒരു വളവ് തിരിയുന്നതിന് മുൻപ് രണ്ടുതവണ പരിശോധിക്കണമെന്നും ​ഉപയോക്താക്കളോട് ഗൂ​ഗിൾ ആവശ്യപ്പെടുന്നു. മാപ്‌സ് ആപ്പിന്റെ കഴിവിനെയും വിശ്വാസ്യതയേയും കുറിച്ച് ഉറപ്പുനൽകുന്നതാണ് ഗൂഗിളിന്റെ വിശദീകരണം. അതേസമയം, അപകടത്തിന്റെ യഥാർഥ കാരണം ഇപ്പോഴും അജ്ഞാതമാണ്.  

ഖാർഘർ നിവാസിയായ ശ്വേത ശർമയായിരുന്നു വിവാദങ്ങൾക്ക് കാരണമായ അപകടത്തിൽപ്പെട്ടത്. രാത്രിയിൽ ബേലാപ്പുർ ഭാഗത്തുനിന്ന് ഉൽവേയിലേക്ക് തനിച്ച് ഡ്രൈവ് ചെയ്ത് പോകുമ്പോഴായിരുന്നു അപകടം. കനത്ത മഴയും ഈ സമയത്തുണ്ടായിരുന്നു. ബേലാപ്പുർ ബേ ബ്രിഡ്ജിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ഗൂഗിൾ മാപ്‌സ് നിർദേശിച്ചിരുന്നതായി അപകടത്തിന് ശേഷം സ്ത്രീ അവകാശപ്പെട്ടു. 

ഓൺ-സ്‌ക്രീൻ നിർദേശങ്ങൾ പാലിച്ചതിനെ തുടർന്ന് താനും വാഹനവും ഓടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് അവർ പറഞ്ഞത്. കനത്ത മഴ പെയ്തതിനാൽ ഓടയിൽ ഉയർന്ന തോതിൽ വെള്ളമുണ്ടായിരുന്നു. എന്നാൽ, സമീപത്തുണ്ടായിരുന്ന മറൈൻ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ ഉടൻ എസ്‌യുവിയിൽ നിന്ന് പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിൽ പ്രാദേശിക പോലീസും പങ്കാളികളായി. പിന്നീട്, ക്രെയിൻ ഉപയോഗിച്ചാണ് മുങ്ങിക്കൊണ്ടിരുന്ന എസ്‌യുവി പുറത്തെടുത്തത്.

Content Highlights: woman-drives-audi-into-ditch-blames-google-maps