ജലപാളിയിൽ പണി പാളും; റോഡിൽ പതിയിരിപ്പുണ്ട് അക്വാ പ്ലെയ്‌നിങ്

വഴിയിലെ ജലപാളി പ്രവര്‍ത്തനം വാഹന അപകടങ്ങളില്‍ മുഖ്യഘടകം. വെള്ളമുള്ള ടാര്‍ റോഡില്‍ സംഭവിക്കുന്ന ജലപാളി പ്രവര്‍ത്തനം മരണംവരെ സംഭവിക്കാവുന്ന വാഹനാപകടങ്ങള്‍ക്ക് കാരണമാകും. അക്വാ പ്ലെയ്‌നിങ് അഥവാ ഹൈഡ്രോ പ്ലെയ്‌നിങ് എന്നാണ് ഓട്ടത്തിനിടെ വാഹനങ്ങള്‍ക്കുണ്ടാകുന്ന ഈ പ്രതിഭാസം അറിയപ്പെടുക.
എത്ര വിദഗ്ധ പരിശീലനം ലഭിച്ച ഡ്രൈവര്‍മാരാണെങ്കിലും ജലപാളി പ്രവര്‍ത്തനത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകും. വാഹനത്തിന്റെ കുതിപ്പും ബ്രേക്കുചെയ്യുന്നതും സ്റ്റിയറിങിന്റെ പ്രവര്‍ത്തനവുമെല്ലാം അന്തിമ ഘട്ടത്തിലേക്കെത്തുന്നത് ടയറും റോഡും തമ്മിലുള്ള ഘര്‍ഷണത്തിലാണ്. വെള്ളം കെട്ടിനില്‍ക്കുന്ന റോഡില്‍ അതിവേഗം വാഹനം ഓടിക്കുമ്പോള്‍ ടയറിന്റെ പമ്പിങ് പ്രവര്‍ത്തനംമൂലം ടയറിനും റോഡിനുമിടയില്‍ ഒരു ജലപാളി രൂപപ്പെടുന്നു.
സാധാരണ അവസ്ഥയില്‍ ടയറിന്റെ കട്ടകള്‍ക്കിടയിലൂടെ വെള്ളം തള്ളിക്കളഞ്ഞ് ടയറും റോഡും തമ്മില്‍ ബന്ധം നിലനിര്‍ത്തുകയാണ്. ടയറിന്റെ കറക്കം അതിവേഗത്തിലാകുന്നതോടെ വെള്ളം പുറന്തള്ളാനാകാതെ വരുകയും അതിമര്‍ദമുണ്ടാകുകയും ടയര്‍ റോഡില്‍നിന്ന് നേരിയ തോതില്‍ ഉയര്‍ന്നുപൊങ്ങുകയും ചെയ്യും.
ഇങ്ങനെ ടയറും റോഡും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുമ്പോഴുണ്ടാകുന്ന ഏറ്റവും അപകടകരമായ പ്രതിഭാസമാണ് ജലപാളി പ്രവര്‍ത്തനം. ടയറിന്റെ ത്രെഡ് ഡിസൈന്‍, ടയര്‍ വലുപ്പം, വായുമര്‍ദം, വാഹനത്തിന്റെ തൂക്കം, ജലപാളിയുടെ ഘനം, റോഡ് പ്രതലത്തിന്റെ സ്വഭാവം എന്നിവയാണ് ജലപാളി പ്രവര്‍ത്തനത്തിന്റെ മറ്റ് ഘടകങ്ങള്‍.
Content Highlights: What is hydroplaning or Aquaplaning and why is it so dangerous