കല്ല്യാണം ഒന്ന് അടിപൊളി ആക്കീതാ, പക്ഷെ കൈയിന്ന് പോയി; രണ്ട് ലക്ഷം രൂപ പിഴയിട്ട് പോലീസ് | Video

റോഡില്‍ നടന്ന വാഹനാഭ്യാസത്തില്‍ നിന്ന് | Photo: Twitter
റോഡില്‍ നടന്ന വാഹനാഭ്യാസത്തില്‍ നിന്ന് | Photo: Twitter

റീല്‍സും ഷോട്ട് വീഡിയോയും ഒക്കെ വന്നതോടെ ആഘോഷങ്ങള്‍ ഒക്കെ വേറെ ലെവലാണ്. വൈറലാകാനുള്ള അവസരങ്ങളാണ് പല ആഘോഷങ്ങളും. ഇത്തരത്തില്‍ ഒരു കല്ല്യാണത്തിന്റെ ഭാഗമായി നടത്തിയ ആഘോഷം അതിര് കടന്നതോടെ കല്ല്യാണ ചെക്കനും കൂട്ടുകാരും കുടുങ്ങിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹത്തിന്റെ ഭാഗമായി വാഹനം ഉപയോഗിച്ചുള്ള അഭ്യാസം കുറച്ച് കൂടി പോയതോടെയാണ് പോലീസ് ഇടപ്പെട്ട് ബ്രേക്കിട്ടത്. 

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. ഔഡി എ3, എ4, എ6, ജാഗ്വാര്‍ എക്‌സ്.എഫ്. മഹീന്ദ്ര സ്‌കോര്‍പിയോ തുടങ്ങി ഒമ്പത് ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ചായിരുന്നു വരന്റെയും കൂട്ടുകാരുടേയും നടുറോഡിലെ അഭ്യാസം. വാഹനത്തിന്റെ പുറത്ത് കയറിയിരുന്നും, വശങ്ങളിലൂടെ തല പുറത്തിട്ട് അഭ്യാസം കാണിച്ചും സൈഡില്‍ നിന്നുമൊക്കെയാണ് വിവാഹാഘോഷം പൊടിപൊടിച്ചത്. എന്നാല്‍, ഈ അഭ്യാസങ്ങളെല്ലാം പിന്നിലെത്തിയ ആളുടെ മൊബൈലില്‍ പതിഞ്ഞതോടെയാണ് കളി കാര്യമായത്. 

അന്‍കിത് കുമാര്‍ എന്നയാളാണ് വാഹനമുപയോഗിച്ചുള്ള ഈ അഭ്യാസത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹരിദ്വാറില്‍ നിന്ന് നോയിഡയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ ദൃശ്യം അദ്ദേഹത്തിന്റെ കണ്ണില്‍പെടുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ ദൃശ്യം കണ്ട മുസഫര്‍നഗര്‍ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും ഈ വാഹന വ്യൂഹത്തിലുണ്ടായിരുന്ന വാഹനങ്ങളെ എല്ലാം ചേര്‍ത്ത് രണ്ട് ലക്ഷം രൂപ പിഴയിടുകയുമായിരുന്നു. വീഡിയോ ദൃശ്യവും പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

വാഹനത്തിലെ അഭ്യാസത്തിന് പുറമെ, മറ്റുള്ളവരുടെ യാത്ര പോലും തടസപ്പെടുത്തുന്ന തരത്തില്‍ ഈ സംഘത്തിലുള്ളവര്‍ നിരത്തുകളില്‍ ഡാന്‍സ് ചെയ്യുകയും ചെയ്തിരുന്നു. വാഹനം ഉപയോഗിച്ച് അഭ്യാസം നടത്തിയിരുന്ന സംഘത്തിനൊപ്പം സെല്‍ഫിയെടുക്കാനും നിരവധി ആളുകള്‍ കൂടിയിരുന്നു. നിരത്തുകളില്‍ വാഹനമുപയോഗിച്ച് നടത്തുന്ന അഭ്യാസങ്ങള്‍ ഗുരുതര നിയമലംഘനമായാണ് കണക്കാക്കുന്നത്. വലിയ പിഴ ഈടാക്കാവുന്ന കുറ്റമായും ഇത് പരിഗണിച്ചിട്ടുണ്ട്. പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.

Content Highlights: wedding celebration on road, police fined 2 lakhs penalty for groom and friends