നമ്പര്‍ കിട്ടാതിരിക്കാനുള്ള നമ്പറുകള്‍; പോലീസിനെയും എം.വി.ഡിയേയും വട്ടംകറക്കി ബൈക്കുകളും ലോറിക്കാരും

ഇടപ്പള്ളി: ക്യാമറകളില്‍ പിടിവീഴാതെ രക്ഷപ്പെടാനുള്ള ചില ബൈക്കുകാരുടെയും ലോറിക്കാരുടെയുമെല്ലാം കുറുക്കുവഴികള്‍ ചില്ലറയൊന്നുമല്ല ഉദ്യോഗസ്ഥര്‍ക്ക് കഷ്ടപ്പാട് സമ്മാനിക്കുന്നത്. നമ്പര്‍പ്ലേറ്റ് മടക്കിവെച്ചും പിന്നിലത്തേത് ഊരിമാറ്റിയുമുള്ള ന്യൂജനറേഷന്‍ ബൈക്കുകള്‍, നമ്പര്‍പ്ലേറ്റ് വായിക്കാന്‍ കഴിയാത്ത വിധം ക്രാഷ് ഗാര്‍ഡ് വെച്ചുമറച്ച ചരക്ക് ലോറികള്‍, നമ്പര്‍പ്ലേറ്റില്‍ ചെളിയും മണ്ണും പുരട്ടി അവ്യക്തമാക്കിയ ടിപ്പര്‍, ടോറസ് ലോറികള്‍, നമ്പര്‍ ചുരണ്ടിമാറ്റിയ മറ്റു ചില വാഹനങ്ങള്‍... നമ്പര്‍ കാണാതിരിക്കാനുള്ള തന്ത്രങ്ങള്‍ ഇങ്ങനെ നീളുന്നു.
ഇവയെല്ലാം വാഹനാപകടങ്ങളില്‍ പെടുമ്പോഴും നിയമലംഘനത്തിന് ക്യാമറയില്‍ കുടുങ്ങുമ്പോഴുമാണ് ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടുന്നത്. നമ്പര്‍പ്ലേറ്റ് 'ഇല്ലാത്ത' ഈ വാഹനങ്ങളെ ക്യാമറകളുടെ സഹായത്താല്‍ പോലും പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ്. സൈഡ് നമ്പര്‍ ഉണ്ടെങ്കില്‍ അത് ടര്‍പ്പായകൊണ്ട് മറച്ച നിലയിലായിരിക്കും. പിക്കപ്പ് വാനുകളില്‍ ഉള്‍പ്പെടെ ഇതാണ് സ്ഥിതി.
മോട്ടോര്‍വാഹന വകുപ്പും പോലീസും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വഴിയും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കൈവശമുള്ള ക്യാമറകള്‍ വഴിയും നിയമലംഘനങ്ങള്‍ ൈകയോടെ പതിയുന്നുണ്ടെങ്കിലും വാഹന ഉടമയെ കണ്ടെത്താനോ, നിയമനടപടി സ്വീകരിക്കാനോ സാധിക്കാതെ വെട്ടിലായിരിക്കുകയാണ് അധികൃതര്‍. നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് അപകടങ്ങള്‍ക്കിടയാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങളെ മഫ്തിയില്‍ പിന്തുടര്‍ന്ന് എവിടെയെങ്കിലും നിര്‍ത്തിയിടുന്ന സമയത്ത് ൈകയോടെ പിടികൂടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട് കോടതിയിലേക്കു കൈമാറും. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനൊപ്പം നമ്പര്‍പ്ലേറ്റ് വികലമാക്കുന്നവര്‍ക്ക് 5,000 രൂപ വരെ പിഴ ചുമത്തും. യാത്രാവാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും ഉള്‍പ്പെടെ ഇടിച്ചിട്ട് കടന്നുപോകുന്നതും നിയമവിരുദ്ധ പ്രവര്‍ത്തനവും തടയാന്‍ എല്ലാ വാഹനങ്ങളുടെയും മുന്നിലും പിന്നിലും കൃത്യമായി നിശ്ചിത വലുപ്പത്തില്‍ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് നിയമം.
Content Highlights: Vehicle owners are using various tricks to hide their number plate to escape from camera checking