‘അമിത ശബ്ദവും വെളിച്ചവും അംഗീകരിക്കില്ല’; മോഡിഫിക്കേഷനിൽ കേന്ദ്രനിയമം ബാധകമെന്ന് ഗതാഗത മന്ത്രി

വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യുന്നതിൽ കേന്ദ്രത്തിന്റെ നിയമങ്ങൾ ബാധകമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. അമിതമായ വെളിച്ചവും ശബ്ദവും പുറത്തുവരുന്ന തരം മോഡിഫിക്കേഷനുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കളർ കോഡ് പോലുള്ള ചില മോഡിഫിക്കേഷനുകളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിൽ സജി ചെറിയാൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'യുവാക്കൾ ആഗ്രഹിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ? നിയമം അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഏതെല്ലാം തരത്തിലുള്ള മോഡിഫിക്കേഷനുകൾക്കാണ് അംഗീകാരം നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്?' -ഇതായിരുന്നു സജി ചെറിയാന്റെ ചോദ്യം.
'മോഡിഫിക്കേഷനുകൾ അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണ്. എങ്കിലും അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കും. അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷൻ അംഗീകരിക്കാൻ സാധ്യമല്ല. എന്നാൽ കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്‌സ്, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനിൽക്കാത്ത തരത്തിലുള്ള കാര്യങ്ങൾ പിടിപ്പിക്കുന്നതുൾപ്പെടെയുള്ള മോഡിഫിക്കേഷനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.' -ഇതാണ് ചോദ്യത്തിന് മറുപടിയായി സി.പി. ജോൺ നിയമസഭയിൽ പറഞ്ഞത്.
നേരത്തേ, മുഖ്യമന്ത്രിയായ ഉടൻ വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തിന് 'പറഞ്ഞതൊക്കെ നടത്തും' എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഈ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് വി.ഡി. സതീശന്റെ അടുത്തിടെ വൈറലായ ചിരിയും 'പൂക്കി സിഎം' എന്ന പ്രയോഗവുമുണ്ടായത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്നാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വി.ഡി. സതീശൻ റീലിലൂടെ പറയുകയും ചെയ്തിരുന്നു.
പിന്നീട് ഗതാഗത കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ 18 തരം മോഡിഫിക്കേഷനുകൾ അനുമതി കൂടാതെയും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മറ്റുചില മോഡിഫിക്കേഷനുകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ അനുമതിയില്ലാതെ ചെയ്യാൻ കഴിയുന്നത് എന്ന് പറഞ്ഞ മോഡിഫിക്കേഷനുകളിൽ പലതും നിലവിൽ തന്നെ വാഹനങ്ങളിൽ ഉള്ളവയാണ്. അധിക സ്പീക്കറുകൾ, ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫ്‌ളോർ മാറ്റുകൾ, സ്റ്റിയറിങ് വീൽ കവർ തുടങ്ങിയവ അനുമതിയില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളിൽ ചിലതാണ്.
വാഹനങ്ങളുടെ നിറം മാറ്റം, എൽപിജി/സിഎൻജി കിറ്റ് ഘടിപ്പിക്കുന്നത്, ഭിന്നശേഷി സൗഹൃദമാക്കുന്നത്, ഇലക്ട്രിക് ആക്കി മാറ്റുന്നത്, എൻജിൻ, ഷാസി ഫ്രെയിം എന്നിവ മാറ്റുന്നത് തുടങ്ങിയവയാണ് പ്രത്യേക അനുമതിയോടെ ചെയ്യാൻ കഴിയുന്ന മോഡിഫിക്കേഷനുകൾ.
Content Highlights: Transport Minister C.P. John clarified that central laws apply to vehicle modifications in Kerala. While excessive sound and lights are strictly banned, discussions are ongoing regarding safer changes like vehicle color codes and non-hazardous fittings.