ഇത്തിരിക്കുഞ്ഞൻ ഇലക്ട്രിക് കാർ; ബാറ്ററി തീര്‍ന്നാലും സോളാറിൽ ഓടും; ഒരു കിലോമീറ്ററിന് ചെലവ് 50 പൈസ!

#ഷൈന്‍ മോഹന്‍
ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പുറത്തിറക്കിയ ഈവ എന്ന ഇലക്ട്രിക് കാര്‍ | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍/ മാതൃഭൂമി
ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പുറത്തിറക്കിയ ഈവ എന്ന ഇലക്ട്രിക് കാര്‍ | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍/ മാതൃഭൂമി

ന്യൂഡല്‍ഹി: ഇലക്ട്രിക് കാറുകള്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലും അതുതന്നെ കാണാം. എന്നാല്‍, അത്യാഢംബര ഇലക്ട്രിക് കാറുകളുമായി ആഗോള ഭീമന്‍മാര്‍ മത്സരിക്കുന്നതിനിടെ ഭാരത് മൊബിലിറ്റി എക്സ്പോയിലെത്തുന്നവരുടെ ശ്രദ്ധനേടുകയാണ് ഒരു ഇത്തിരിക്കുഞ്ഞന്‍ കാര്‍. പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേവ് മൊബിലിറ്റിയാണ് ഈവ എന്ന പേരില്‍ കുഞ്ഞന്‍ ഇലക്ട്രിക് കാറുമായെത്തിയത്. വെറും ഇലക്ട്രിക്കല്ല, ബാറ്ററി തീര്‍ന്നാല്‍ കുറേ ദൂരം സൗരോര്‍ജം ഉപയോഗിച്ചും ഓടുമെന്നതാണ് ഇതിന്റെ ആകര്‍ഷണം. 

ഇന്ത്യയിലെ ആദ്യ സോളാര്‍ ഇലക്ട്രിക് കാര്‍ എന്ന വിശേഷണവുമായാണ് ഈവ വിപണിയിലിറങ്ങുന്നത്. തിരക്കിട്ട നഗരജീവിതം നയിക്കുന്നവര്‍ക്ക് രണ്ടാം കാറായി ഈവ കേമം. രണ്ട് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും സുഖമായി സഞ്ചരിക്കാം. മുന്നില്‍ ഡ്രൈവര്‍ സീറ്റ് മാത്രമേയുള്ളു. ഡ്രൈവറുടെ ഇടതുവശത്ത് ചെറിയൊരു ഫ്രിഡ്ജാണ് (മിനി ചില്‍ ബോക്സ്) വെച്ചിരിക്കുന്നത്. ഇത്രയും ചെറിയ വാഹനത്തില്‍ മുന്നില്‍ രണ്ട് സീറ്റുവെച്ചാല്‍ ഇടുക്കം അനുഭവിക്കേണ്ടിവരുന്നത്  ഒഴിവാക്കാനാണിത്. പിന്‍സീറ്റില്‍ ഒരു മുതിര്‍ന്നയാള്‍ക്കും ഒരു കുട്ടിക്കും സുഖമായിരിക്കാം. പ്രാരംഭ വില 3.25 ലക്ഷം. 

അഞ്ച് സെക്കന്‍ഡില്‍ 40 കീ.മി. 

ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന ബാറ്ററിയാണ് ഈവയുടെ കരുത്ത്. വീട്ടില്‍വെച്ചാണെങ്കില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജാവും. അഞ്ച് സെക്കന്‍ഡില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാം. ഇരുപത് മിനിറ്റ് കൊണ്ട് ഡി.സി.യില്‍ പത്ത് മുതല്‍ 70 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പുറത്തിറക്കിയ ഈവ എന്ന ഇലക്ട്രിക് കാര്‍ | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍/ മാതൃഭൂമി

അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ അമ്പത് കിലോമാറ്റര്‍ ഓടും. ചെലവ് ഒരു കിലോമീറ്ററിന് വെറും അമ്പത് പൈസ മാത്രം. ബാറ്ററി തീര്‍ന്നാലും പത്തോ പന്ത്രണ്ടോ കിലോമീറ്റര്‍ സോളാറില്‍ ഓടും. വാഹനത്തിന് എട്ട് വര്‍ഷം അല്ലെങ്കില്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വരെ എകസ്റ്റന്‍ഡഡ് വാറണ്ടിയും നേടാം. 

കുഞ്ഞെനെങ്കിലും ഫീച്ചര്‍ റിച്ച്

ചെറിയ കാറാണെന്നുകരുതി ആഢംബരത്തില്‍ കുറവ് വരുത്തിയിട്ടില്ല. വലിയ കാറിലുള്ള ഫീച്ചറുകള്‍ ഇതിലും നിറച്ചിരിക്കുന്നു.

ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പുറത്തിറക്കിയ ഈവ എന്ന ഇലക്ട്രിക് കാര്‍ | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍/ മാതൃഭൂമി

ആപ് ഇനേബിള്‍ഡ് കണക്ടിവിറ്റി, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ഡ്രൈവര്‍ എയര്‍ബാഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ലാപ്ടോപ് ചാര്‍ജിങ് പോയിന്റ്, എ.സി., പവര്‍ വിന്‍ഡോ, അഡ്ജസ്റ്റബിള്‍ ടില്‍റ്റ് സ്റ്റിയറിങ്, ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് ഗ്ലാസ് റൂഫ്, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്് തുടങ്ങിയവയെല്ലാം ഈവയില്‍ കാണാം. 

അടിതട്ടുമെന്ന പേടിവേണ്ട

ചെറിയ കാറാണെങ്കിലും 170 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ളതിനാല്‍ ഹംപില്‍ കയറുമ്പോഴോ മോശം റോഡിലൂടെ പോകുമ്പോഴോ അടിതട്ടുമെന്ന പേടിവേണ്ട. വാഹനത്തിന്റെ വീല്‍ബേസ് 2100 എം.എം., ഉയരം 1590 എം.എം., വീതി 1200 എം.എം., ആകെ നീളം 2950 എം.എം. എന്നിങ്ങനെയാണ്.

Content Highlights: bharat mobility expo 2025: vayve mobility launched eva electric car