ഒറ്റ ചാർജിൽ 543 കിലോമീറ്റർ; ടൊയോട്ടയുടെ അർബൻ ക്രൂയിസർ ഇബെല്ല ഇന്ത്യയിൽ, സവിശേഷതകൾ അറിയാം

ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാർ അർബൻ ക്രൂയിസർ ഇബെല്ല പുറത്തിറങ്ങി. ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി ഇസഡ്എസ് ഇവി, ടാറ്റാ കർവ് ഇവി എന്നീ മോഡലുകളോടാണ് മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവിയായ ഇബെല്ല ഇന്ത്യൻ വിപണിയിൽ മത്സരിക്കുക. ഇബെല്ല ഇ3 എന്ന ടോപ്പ് വേരിയന്റിന് 23.60 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
മാരുതി സുസുക്കിയുടെ ഇ-വിത്താരയുടെ പ്ലാറ്റ്‌ഫോമിലാണ് ഇബെല്ല എത്തുന്നത്. ഒറ്റ ചാർജിൽ 543 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള റെയ്ഞ്ച് അർബൻ ക്രൂയിസർ ഇബെല്ല ഇ3 പതിപ്പിനുണ്ട്. 61 കിലോ വാട്ട് അവർ ബാറ്ററിപാക്കിൽ നിന്ന് 171 എച്ച്പി പവറാണ് ലഭിക്കുക. 193 ന്യൂട്ടൺമീറ്ററാണ് പീക്ക് ടോർക്ക്. സുരക്ഷയ്ക്കായി ഏഴ് എയർബാഗുകളാണുള്ളത്. 360 ഡിഗ്രി ക്യാമറ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്) എന്നിവയുമുണ്ട്.
2700 മില്ലിമീറ്റർ വീൽബേസുള്ള അർബൻ ക്രൂയിസർ ഇബെല്ല ഇ3-യ്ക്ക് 4285 മില്ലിമീറ്റർ നീളവും ഏകദേശം 1800 മില്ലിമീറ്റർ വീതിയും 1640 മില്ലിമീറ്റർ ഉയരവുമാണുള്ളത്. കഫെ വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, ഗെയിമിങ് ഗ്രേ, സ്‌പോർട്ടിൻ റെഡ്, എൻടിസിങ് സിൽവർ എന്ന നിറങ്ങളിലാണ് ഇബെല്ല ലഭ്യമാകുക. കൂടാതെ കഫെ വൈറ്റ്, ലാൻഡ് ബ്രീസ് ഗ്രീൻ, സ്‌പോർട്ടിൻ റെഡ്, എൻടിസിങ് സിൽവർ എന്നീ നിറങ്ങൾക്കൊപ്പം കറുത്ത റൂഫ് ഉള്ള ഡ്യുവൽ ടോൺ പതിപ്പുകളും ഉണ്ടാകും.
കറുപ്പ്, ബ്രൗൺ നിറങ്ങളിലുള്ള ഡ്യുവൽ ടോൺ ഇന്റീരിയറാണ് ഇബെല്ലയ്ക്കുള്ളത്. മാരുതി സുസുക്കി ഇ-വിത്താരയുടേതിന് സമാനമാണ് ഡാഷ് ബോർഡിന്റെ ഡിസൈൻ. പനോരമിക് സൺറൂഫ്, 10.1 ഇഞ്ച് ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിങ് പാഡ്, ജെബിഎൽ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്, ഡയൽ ടൈപ്പ് ഗിയർ ഷിഫ്റ്റ് നോബ്, എയർ പ്യൂരിഫയർ, ക്ലൈമറ്റ് കൺട്രോൾ എന്നിവയും അർബൻ ക്രൂയിസർ ഇബെല്ലയിൽ ഒരുക്കിയിട്ടുണ്ട്.
Content Highlights: Toyota has launched its first electric SUV in India, the Urban Cruiser Ebella EV. Built on Maruti Suzuki's e-Vitara platform, the top E3 variant is priced at Rs 23.60 lakh, delivering a range of 543 km on a single charge.