'ഫൈവ് സ്റ്റാറുകാര്‍' കൂട്ടിയിടിച്ചു, ആര്‍ക്കാണ് കൂടുതല്‍ പരിക്ക്; ചര്‍ച്ചയായി നെക്‌സോണ്‍-വിക്ടോറിസ് അപകടം

അപകടത്തില്‍ കേടുപാട് സംഭവിച്ച വാഹനങ്ങൾ | Photo: Instagram/dehradun_wale_official
അപകടത്തില്‍ കേടുപാട് സംഭവിച്ച വാഹനങ്ങൾ | Photo: Instagram/dehradun_wale_official

വാഹനങ്ങളുടെ സുരക്ഷയെന്നത് ഇന്ത്യയിലെ ഉപയോക്താക്കളുടെ പ്രധാന പരിഗണന ആകുന്നതിന് മുന്നെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് എത്തിച്ചിരുന്നത്. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത വാഹനം പോലും ടാറ്റയില്‍ നിന്നായിരുന്നു. അല്‍പ്പം വൈകിയാണെങ്കിലും മാരുതി സുസുക്കിയും സുരക്ഷയ്ക്ക് ഉയര്‍ന്ന പ്രാധാന്യം നല്‍കി തുടങ്ങിയിട്ടുണ്ട്. ഒന്നിന് പുറകെ ഒന്നായി നാല് മോഡലുകളാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിരിക്കുന്നത്.

സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുള്ള രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഒരു ചുരം റോഡില്‍ വെച്ചാണ് ടാറ്റ നെക്‌സോണും മാരുതി സുസുക്കി വിക്ടോറിസും കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങള്‍ക്കും കാര്യമായ പരിക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കാണ് പരിക്ക് കൂടുതല്‍ എന്ന ചര്‍ച്ചയാണ് നടക്കുന്നത്‌.

 
 
 
 
 
 
 
 
 
 
 
 
 
 
 

നെക്‌സോണിന്റെ മുന്നിലെ ബമ്പര്‍, ഹെഡ്‌ലാമ്പ്, ഫെന്‍ഡര്‍, മെക്കാനിക്കല്‍ പാര്‍ട്‌സുകള്‍ എന്നിവയ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടയര്‍ ഉള്‍പ്പെടെ പൊട്ടിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ഏകദേശം ഇത്രത്തോളം തന്നെ കേടുപാടുകള്‍ വിക്ടോറിസിലും ഉണ്ടായിട്ടുണ്ട്. മുന്നിലെ ബമ്പര്‍, ഹെഡ്‌ലാമ്പ്, ഫെന്‍ഡര്‍ എന്നിവയ്ക്കാണ് കേട് സംഭവിച്ചിരിക്കുന്നത്. ടയര്‍ റിമ്മിലേക്ക് ഇടിയുടെ ആഘാതം എത്തിയിട്ടില്ല. വാഹനത്തിന്റെ ഫ്രെയിമിനും കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് വീഡിയോ നല്‍കുന്ന സൂചന.

നെക്‌സോണിന്റെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റ്, ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് എന്നിവയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുള്ള വാഹനമാണിത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മാരുതി സുസുക്കി വിക്ടോറിസ് നിരത്തുകളില്‍ എത്തുന്നത്. ഈ വാഹനവും ഭാരത് എന്‍ക്യാപ്, ഗ്ലോബല്‍ എന്‍ക്യാപ് എന്നീ ക്രാഷ് ടെസ്റ്റുകളെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ അതിജീവിച്ച വാഹനമാണ്. സുരക്ഷയില്‍ കരുത്ത് തെളിയിച്ച വാഹനങ്ങളാണ് ഇവ രണ്ടും.

Content Highlights: Two 5-star safety rated SUVs, Tata Nexon and Maruti Vitara, collide. See which vehicle sustained more damage and what it means for car safety in India.