കേരള എംവിഡി തമിഴ്നാടിനെ കണ്ടുപഠിക്കണം; ഓൾ ഇന്ത്യാ പെർമിറ്റിലുള്ള ലോക്കൽ വിലസലിന് പൂട്ടിട്ടു

#ബി. അജിത് രാജ്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ക്ക് ഭീഷണിയായ ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് (എഐടിപി) ദുരുപയോഗം തടയാനാകാതെ കേരളാ സര്‍ക്കാര്‍ വലയുമ്പോള്‍ കര്‍ശന നടപടിയുമായി തമിഴ്നാട്.

ഗൂഡല്ലൂരില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് ഓടിയ എഐടിപി സ്വകാര്യ ബസ് രണ്ടാഴ്ചയായി തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചിട്ടിരിക്കുകയാണ്. റൂട്ട് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ വ്യക്തമായ തെളിവുകളോടെയാണ് നടപടി.

തമിഴ്നാട് ആര്‍ടിസി ഉദ്യോഗസ്ഥര്‍ ടിക്കറ്റെടുത്ത് ബസില്‍ കയറുകയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കുമ്പോള്‍ സമാന്തര സര്‍വീസാണെന്ന് തെളിവ് സഹിതം മൊഴി കൊടുക്കുകയുമാണ് ചെയ്യുന്നത്.

തമിഴ്നാട്ടില്‍ ഉള്ളതുപോലൊരു ഏകോപനം ഇവിടെ കെഎസ്ആര്‍ടിസിയും മോട്ടോര്‍വാഹന വകുപ്പും തമ്മിലില്ല. എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ സ്വകാര്യബസ് ജീവനക്കാരുടെ ഭീഷണികേട്ട് യാത്രക്കാര്‍ തെളിവ് നല്‍കാന്‍ തയ്യാറാകാറില്ല. ഇതോടെ, തെളിവില്ലെന്ന് പറഞ്ഞ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങും.

അന്തഃസംസ്ഥാന പാതകളില്‍ മാത്രം ഓടിയിരുന്ന സ്വകാര്യബസുകള്‍ ഇപ്പോള്‍ സംസ്ഥാനത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയുടെ പാതകളിലും സജീവമായതോടെ കോര്‍പറേഷന്റെ വരുമാനം ഇടിഞ്ഞിട്ടുണ്ട്. എന്നാല്‍, തമിഴ്‌നാട് മോഡല്‍ ഇടപെടലിന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍ തയ്യാറല്ല. സ്വകാര്യ ബസുകള്‍ക്ക് അനുകൂല നിലപാടാണ് സര്‍ക്കാരിന്റേതെന്ന ആക്ഷേപവും ശക്തമാണ്.

ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൂട്ടത്തോടെ കൊണ്ടുപോകാനുള്ളതാണ് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ്. റൂട്ട്, യാത്രാസമയം, എന്നിവ പ്രദര്‍ശിപ്പിച്ച് യാത്രക്കാര്‍ക്ക് പ്രത്യേകം ടിക്കറ്റ് നല്‍കി റൂട്ട് സര്‍വീസ് പോലെ ഓടുന്നത് നിയമലംഘനമാണെന്ന് ഹൈക്കോടതി വിധിയുമുണ്ട്.

Content Highlights: Tamil Nadu takes strict action against private buses misusing All India Tourist Permits