വാഹനങ്ങള്‍ക്ക് നീല, ഓറഞ്ച് സ്റ്റിക്കറുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്; നിര്‍ദേശവുമായി സുപ്രീംകോടതി

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ന്യൂഡല്‍ഹി: വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയതലസ്ഥാന മേഖലയില്‍ വാഹനങ്ങള്‍ക്ക് വിവിധനിറത്തിലുള്ള ഹോളോഗ്രാം സ്റ്റിക്കറുകള്‍ നടപ്പാക്കിയത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതാണെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു. 

ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. വാഹനത്തിലെ ഇന്ധനം, മോഡല്‍ തുടങ്ങിയവ വ്യക്തമാക്കുന്ന സ്റ്റിക്കര്‍ 2018 മുതലാണ് ഡല്‍ഹിയില്‍ നിര്‍ബന്ധമാക്കിയത്.

പെട്രോള്‍, സി.എന്‍.ജി. വാഹനങ്ങള്‍ക്ക് നീലയും ഡീസല്‍ വാഹനങ്ങള്‍ക്ക് ഓറഞ്ചും നിറത്തിലുള്ള സ്റ്റിക്കറുകളാണ് മുന്‍ഭാഗത്തെ ചില്ലില്‍ പതിക്കുന്നത്. ഇതുവഴി പരിശോധന നടത്തുന്നവര്‍ക്ക് വാഹനത്തിന്റെ ഇന്ധനം, പഴക്കം, ബാക്കിയുള്ള കാലാവധി എന്നിവ വ്യക്തമാകും.

2001-ലെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഉത്തരവ്, 1989-ലെ കേന്ദ്ര മോട്ടോര്‍വാഹന ചട്ടത്തിലെ 50-ാം വകുപ്പ് എന്നിവയില്‍ ഭേദഗതിവരുത്തിയാണ് 2018-ല്‍ ഡല്‍ഹിയില്‍ ഇത് നടപ്പാക്കിയത്. ഡല്‍ഹിക്കുപുറത്തും ഇത് നടപ്പാക്കുന്നതിനെക്കുറിച്ച് കേസ് ഇനി പരിഗണിക്കുന്ന ജനുവരി 15-ന് വാദം നടക്കും.

Content Highlights: Supreme Court Suggests Nationwide Color-Coded Stickers for Vehicles