പാലിയേക്കരയിൽ പതിന്നാലര വർഷത്തിനിടെ പിരിച്ചെടുത്തത് 1620 കോടി; കോടതി വിധി ചോദിച്ചുവാങ്ങിയത്

തൃശ്ശൂർ: ഗതാഗതക്കുരുക്കിന് പരിഹാരംകാണാൻ സാധിച്ചില്ലെന്നുകാട്ടി തൃശ്ശൂർ പാലിയേക്കരയിലെ ടോൾപിരിവ് നാലാഴ്ചത്തേക്ക് വിലക്കിയ ഹൈക്കോടതി വിധി ശരിവെച്ചിരിക്കുകയാണ് സുപ്രീംകോടതി. ദേശീയപാതാ അതോറിറ്റിയും കരാർക്കമ്പനിയും നൽകിയ അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ മൂന്നംഗബെഞ്ച് വിധിപറഞ്ഞത്.
സുരക്ഷിതമായി യാത്രചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തെ തകർത്ത് തരിപ്പണമാക്കിയ ദേശീയപാത അതോറിറ്റിക്കും നിർമാണക്കമ്പനിക്കും കിട്ടിയ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിവിധി. ദേശീയപാത 544-ൽ മണ്ണുത്തി-ഇടപ്പള്ളി മേഖലയിൽ ചെയ്തുകൂട്ടിയിരിക്കുന്നത് കോടതിക്ക് ബോധ്യമായതോടെ കരാർ കമ്പനിയുടെ വാദങ്ങളെല്ലാം അസ്ഥാനത്തായി.
ഘട്ടംഘട്ടമായി അടിപ്പാത/മേൽപ്പാലങ്ങളുടെ നിർമാണം നടത്തണമെന്ന പ്രാഥമിക ധാരണപോലും ദേശീയപാത അതോറിറ്റി പാലിച്ചില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കിലോമീറ്ററുകൾ പിന്നിടുന്ന ഗതാഗതക്കുരുക്കിന് എന്ത് ചെയ്തെന്ന ചോദ്യത്തിന് ആർക്കും ഉത്തരവുമില്ല. എന്നിട്ടും ഗതാഗതക്കുരുക്കില്ലെന്ന് സ്ഥാപിക്കാനും വീഴ്ചകൾ മറയ്ക്കാനുമാണ് ദേശീയപാത അതോറിറ്റി ശ്രമിച്ചത്.
ദേശീയപാതയിൽ പണി തുടങ്ങിയപ്പോൾത്തന്നെ നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം പങ്കുവെച്ച ആശങ്കകളെല്ലാം വെള്ളത്തിലായി. എല്ലാം പരിഗണിക്കാമെന്നു പറഞ്ഞ് ദേശീയപാത അതോറിറ്റിയും നിർമാണക്കമ്പനിയും പണി തുടങ്ങി. ബാക്കിയൊക്കെ നാട്ടുകാർ അനുഭവിക്കുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് യോഗങ്ങൾ നടത്തി.
നിർമാണ പുരോഗതി കളക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി. പരാതി പരിഗണിക്കുമെന്ന ഉറപ്പ് ഓരോ യോഗത്തിലും ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. നിർദേശങ്ങൾ പാലിച്ച് ദേശീയപാത അതോറിറ്റി ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാത്തപക്ഷം പാലിയേക്കര ടോൾപ്ലാസയിലെ ടോൾപിരിവ് നിർത്തിവെക്കുമെന്നും പലവട്ടം താക്കീത് ചെയ്തു. പരാതി ശക്തമായതോടെ കളക്ടർ ടോൾ നിർത്തിവെക്കാൻ ഉത്തരവിട്ടു. എന്നാൽ, 24 മണിക്കൂറിനുള്ളിൽത്തന്നെ ഉത്തരവ് പിൻവലിച്ചു.
വീഴ്ചകളുടെ പട്ടികകൾ
- തട്ടിക്കൂട്ടി നിർമിച്ച സർവീസ്‌റോഡുകൾ
- വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സമാന്തരറോഡുകൾ നവീകരിച്ചില്ല
- പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര തുടങ്ങിയ അടിപ്പാത നിർമാണമേഖലകളിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ല.
- സർവീസ് റോഡിൽ നിലവിലുള്ള വൈദ്യുതിത്തൂണുകൾ എല്ലാം മാറ്റിയിട്ടില്ല
- മെയിൻ റോഡുകളിൽനിന്ന് സർവീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ വീതികൂട്ടി റോഡിന്റെ ഉയരം ക്രമീകരിച്ചിട്ടില്ല
- വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാനസംവിധാനം പൂർത്തിയാക്കിയിട്ടില്ല
- വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ നീക്കം ചെയ്യുന്നതിനാവശ്യമായ ക്രെയിൻ സൗകര്യം പരിമിതം
- ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ ഡീപ് എസ്‌കവേഷൻ നടക്കുന്ന ഭാഗങ്ങളിൽ സർവീസ് റോഡിന്റെ വശങ്ങളിൽ സംരക്ഷണ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ല.
പതിന്നാലരവർഷത്തിനിടെ പിരിച്ചെടുത്തത് 1620 കോടി രൂപ
സുഗമയാത്രയും മതിയായ സുരക്ഷയും ഒരുക്കാതെ പതിന്നാലരവർഷത്തിനിടെ പാലിയേക്കര ടോൾ കമ്പനി പിരിച്ചെടുത്തത് 1620 കോടി രൂപ. 721 കോടി രൂപ ചെലവിലാണ് മണ്ണുത്തി-ഇടപ്പള്ളി പാതയുടെ ആദ്യഘട്ടം പണി പൂർത്തിയാക്കിയത്.കരാർവ്യവസ്ഥകൾ പലതും പാലിച്ചില്ലെങ്കിലും ഈ വർഷത്തിനിടെ ഇരട്ടിയിലധികം തുകയാണ് പിരിച്ചെടുത്തത്.
2011 ഫെബ്രുവരി മുതൽ 2024 ഡിസംബർ 31 വരെ 1506.28 കോടി രൂപയാണ് ടോൾ ഇനത്തിൽ കമ്പനി സ്വന്തമാക്കിയത്. 15 കോടി രൂപയാണ് 2024-ലെ ശരാശരി മാസവരുമാനം. 2028 വരെയാണ് ടോൾപ്പിരിവ് കാലാവധി.കരാർലംഘനത്തിന്റെ പേരിൽ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ നോട്ടീസ് നൽകിയ ദേശീയപാതാ അതോറിറ്റി 2243.53 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതിനെതിരേ കമ്പനി കോടതിയെ സമീപിച്ചിരിക്കുകയാണ്.
Content Highlights: Supreme Court criticizes NHAI and construction company for neglecting safety and causing traffic jam