ഇൻഷുറൻസില്ലെങ്കിൽ ഒരുതുള്ളി പെട്രോൾ പോലും കിട്ടില്ല; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി. തേഡ്പാർട്ടി ഇൻഷുറൻസില്ലാത്ത ഒട്ടേറെ വാഹനങ്ങൾ രാജ്യത്ത് ഓടുന്നുണ്ടെന്ന് വിലയിരുത്തി ഓഗസ്റ്റ് നാലിനാണ് സുപ്രീംകോടതി ഇതുൾപ്പെടെ വിവിധ നിർദേശങ്ങൾ ഇറക്കിയത്.
ഇക്കാര്യത്തിൽ പെട്രോളിയം മന്ത്രാലയത്തിന് ചില ആശങ്കകളുണ്ടെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച അറിയിച്ചപ്പോഴാണ്, പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കോടതി ആവശ്യപ്പെട്ടത്. കേസ് ഓഗസ്റ്റ് 21-ന് വീണ്ടും പരിഗണിക്കും.
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ എടുക്കേണ്ട തേഡ്പാർട്ടി ഇൻഷുറൻസിന്റെ കാലയളവും ഓഗസ്റ്റ് നാലിന് സുപ്രീംകോടതി വർധിപ്പിച്ചിരുന്നു. കാറുകളുടേത് മൂന്നിൽനിന്ന് നാലുവർഷമായും ഇരുചക്രവാഹനങ്ങളുടേത് അഞ്ചിൽനിന്ന് ആറുവർഷമായും വർധിപ്പിച്ചു.
നേരത്തേ, 2018-ൽ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് ഇവയ്ക്ക് യഥാക്രമം മൂന്നും അഞ്ചും വർഷങ്ങളാക്കി നിശ്ചയിച്ചിരുന്നത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക്, അത് പുതുക്കുംവരെ ഇന്ധനം നൽകരുതെന്നാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്.
ഗതാഗതലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ചുമത്തുന്നതുപോലെ, ഇൻഷുറൻസില്ലാത്തവയ്ക്ക് ഓട്ടോമാറ്റിക്കായി ഇ-ചലാൻ നൽകുന്നതും പരിഗണിക്കണം. ഇന്ത്യയിലോടുന്ന വാഹനങ്ങളിൽ 56 ശതമാനത്തിനും ഇൻഷുറൻസില്ലെന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വാഹൻ പോർട്ടലിൽനിന്ന് ഇൻഷുറൻസ് വിവരങ്ങൾ ശേഖരിച്ച് പരിശോധിക്കാനുള്ള ഉപകരണങ്ങൾ പോലീസുകാർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
Content Highlights: Supreme Court suggests a trial run for denying fuel to vehicles without third-party insurance., Insurance duration for new cars increased from 3 to 4 years, and for two-wheelers from 5 to 6 years., Court highlights report showing 56 percent of vehicles in India lack insurance., Proposal to issue automated e-challans for uninsured vehicles and equip police with verification tools via the Vahan portal.