സമ്പന്നർക്ക് ഇലക്ട്രിക് കാറുകളിലേക്ക് മാറിക്കൂടേ; മലിനീകരണ വിഷയത്തിൽ ചോദ്യവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഇന്നത്തെക്കാലത്ത് ആളുകൾക്ക് കാർ ആഡംബരചിഹ്നമായി മാറിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സൈക്കിളുകൾ ഉപയോഗിക്കുന്നത് നിർത്തിയിട്ട് കാർ വാങ്ങാൻ ആളുകൾ പണം സ്വരുക്കൂട്ടുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഡൽഹി രാജ്യതലസ്ഥാന മേഖലയിലെ വായുമലിനീകരണ വിഷയം പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഒന്നിലേറെ കാറുകൾ വാങ്ങുന്നത് വെട്ടിക്കുറയ്ക്കുന്നത് വായുമലിനീകരണത്തിന് പരിഹാരമായി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി നിർദേശിച്ചപ്പോളാണ് കോടതിയുടെ പരാമർശം.
സമ്പന്നരും വിട്ടുവീഴ്ചചെയ്യണമെന്നും വിലകൂടിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം മികച്ച വൈദ്യുതിവാഹനങ്ങൾ വാങ്ങാൻ അവർ തയ്യറാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. മലിനീകരണപ്രശ്‌നത്തിൽ കേന്ദ്ര ഏജൻസിയായ സിഎക്യുഎമ്മിന് ആത്മാർഥതയില്ലെന്ന് കോടതി വിമർശിച്ചു.
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അതിർത്തികളിലെ ടോൾ പ്ലാസകൾ തത്കാലത്തേക്ക് അടച്ചിടുന്ന വിഷയം രണ്ടുമാസത്തേക്ക് നീട്ടിവെക്കണമെന്ന് സിഎക്യുഎം ആവശ്യപ്പെട്ടതോടെയായിരുന്നു വിമർശനം. ഗൗരവത്തോടെയുള്ള സമീപനമല്ലെന്നും ദീർഘകാല പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയുമടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തി.
Content Highlights: Chief Justice emphasizes cars as status symbols over practicality, urging shift to EVs. Court criticizes pollution control agency`s inaction.