ഡ്രൈവിങ് കൈവിട്ടാൽ വണ്ടി തന്നെ വണ്ടിയെ നിയന്ത്രിക്കും; കിടിലൻ കണ്ടുപിടിത്തവുമായി വിദ്യാർഥികൾ

പത്തനംതിട്ട: അപകടകരമായി വണ്ടി ഓടിച്ചാൽ വണ്ടിയെ നിയന്ത്രിക്കാനുള്ള സംവിധാനവുമായി എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ. സ്റ്റിയറിങ് വെട്ടിത്തിരിക്കുക, അമിതവേഗത്തിൽ ഓടിച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്യുക തുടങ്ങി അപകടത്തിലേക്ക് നയിക്കുന്ന ഡ്രൈവിങ്ങുണ്ടായാൽ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന കൺട്രോളർ വാഹനം നിയന്ത്രിക്കും.
അമിതവേഗമോ അപകടത്തിലേക്ക് നയിക്കുന്ന മറ്റ് സംവിധാനങ്ങളോ കണ്ടാൽ വാഹനത്തെ സ്വയം നിയന്ത്രിക്കുന്നതാണ് ഈ പുതിയ സുരക്ഷാ പ്രോജക്ട്. മണിക്കൂറിൽ വാഹനം 80 കിലോമീറ്റർ പരിധി ലംഘിക്കുമ്പോഴാണ് സിസ്റ്റം വേഗനിയന്ത്രണം ഏറ്റെടുക്കുന്നത്. അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മെക്കാനിക്കൽ എൻജിനീയറിങ് (ഓട്ടോമൊബൈൽ) വിഭാഗത്തിലെ വിദ്യാർഥികളാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ഇതിന്റെ വർക്കിങ് മോഡൽ തയ്യാറാക്കി പ്രദർശിപ്പിച്ചു.
ആക്‌സിലറേറ്റർ, ബ്രേക്ക്, സ്റ്റിയറിങ് എന്നിവയിലെ ഡ്രൈവറുടെ പ്രവർത്തനം സെൻസറുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്ന രീതിയിലാണ് പ്രവർത്തനം. പെട്ടെന്നുള്ള ആക്‌സിലറേഷൻ, കടുത്ത ബ്രേക്കിങ്, അപകടകരമായ സ്റ്റിയറിങ് മാറ്റങ്ങൾ എന്നിവ കണ്ടെത്തുമ്പോൾ ഡ്രൈവറെ ബസർ ശബ്ദവും ലെഡ് ലൈറ്റ് മുന്നറിയിപ്പും നൽകി ജാഗ്രതപ്പെടുത്തും.
അപകടകരമായ രീതിയിൽ ഡ്രൈവിങ് തുടരുകയാണെങ്കിൽ വാഹനത്തിൽ ഘടിപ്പിക്കുന്ന ഇ.എസ്.പി. മൈക്രോകൺട്രോളർ ഉടൻ സ്പീഡ് സെൻസറിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. തുടർന്നാണ് നിയന്ത്രണം. വേഗം സ്വയംനിയന്ത്രിച്ച് സുരക്ഷിതമായ നിലയിലേക്ക് എത്തിക്കും. പി.ഡബ്‌ള്യു.എം.സിഗ്‌നൽ കുറയ്കുന്നതിലൂടെയോ ത്രോട്ടിൽ ഇൻപുട്ട് നിയന്ത്രിക്കുന്നതിലൂടെയോ വാഹനത്തിന്റെ അമിതവേഗം നിയന്ത്രിക്കാൻ കഴിയുമെന്ന് വിദ്യാർഥികൾ പറയുന്നു.
സാധാരണ ഡ്രൈവിങ് തുടങ്ങിയാൽ നിയന്ത്രണം പൂർണമായി ഡ്രൈവറിലേക്ക് മാറുകയും ചെയ്യും. ഈ സംവിധാനം വാഹനത്തിൽ ഘടിപ്പിക്കാൻ നാലായിരം മുതൽ 15,000 രൂപവരെ ചെലവാകും. എ.െഎ. സാങ്കേതികവിദ്യ ഉൾപ്പെടുത്തി പദ്ധതി കൂടുതൽ വികസിപ്പിക്കാമെന്ന് വിദ്യാർഥികൾ പറയുന്നു. അഖിൽ രാജീവ്, കെവിൻ മാമ്മൻമൂത്തേടം, അനന്തകൃഷ്ണൻ, ശ്രാവൺ വി.കുമാർ എന്നിവർ ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. അസിസ്റ്റന്റ് പ്രൊഫസർമാരായ ജൂബിത്ത് ബാനർജി, അക്ഷര അനിൽ, ആനന്ദ് വിഷ്ണു തുടങ്ങിയവർ നിർദേശം നൽകി.
Content Highlights: Automatic speed control when exceeding 80 km/h., Real-time monitoring of steering, braking, and acceleration via sensors., Buzzer and LED alerts for driver warnings., Affordable implementation cost ranging from ₹4,000 to ₹15,000., Developed by Sree Narayana Institute of Technology students.