വിദ്യാർഥി കൺസെഷൻ ഓൺലൈനാവുന്നു; സ്വകാര്യ ബസുകളിലെ തർക്കം ഒഴിവാകും

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുറമേ സ്വകാര്യബസുകളിലും വിദ്യാർഥി കൺസെഷൻ ഓൺലൈനാകും. മോട്ടോർവാഹനവകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പ് വഴിയാണ് യാത്രാസൗജന്യം. കൺസെഷൻ സംബന്ധിച്ചുള്ള തർക്കം ഒഴിവാക്കാമെന്നതാണ് നേട്ടം. പഠനാവശ്യത്തിന് മാത്രമായി യാത്ര നിയന്ത്രിക്കാൻ പുതിയസംവിധാനത്തിൽ കഴിയും.
കൺസെഷൻ ആവശ്യമുള്ള വിദ്യാർഥികൾ മൊബൈൽ ആപ്പിൽ രജിസ്റ്റർചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും വേണം. യാത്രചെയ്യേണ്ട പാതസഹിതം വിദ്യാലയ അധികൃതർ കൺസെഷന് ശുപാർശ നൽകണം. ഇതു പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോർവാഹനവകുപ്പ് ഓഫീസുകൾ കൺസെഷൻ അനുവദിക്കും.
ക്യുആർ കോഡുള്ള കൺസെഷൻ കാർഡാണ് ഓൺലൈനിൽ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈൽഫോണിൽ ഇത് സ്കാൻചെയ്യുമ്പോൾ ഏതുപാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിക്കാം.
സ്വകാര്യബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദവിവരങ്ങൾ ഇതിലൂടെ സർക്കാരിന് ലഭ്യമാകും.സർക്കാർ അംഗീകൃത വിദ്യാലയങ്ങൾക്കേ കൺസെഷന് ശുപാർശചെയ്യാൻ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാർഥികളും ആപ്പിൽ രജിസ്റ്റർചെയ്യണം.
Content Highlights: Student bus concessions now online via MVD LEADS app. Avoid disputes on private buses & ensure travel for study purposes. Apply now!