10 ദിവസങ്ങള്‍ക്ക് ശേഷം മനസുതുറന്ന് ചിരിച്ചു;UK യിൽ നിന്ന് ബൈക്ക് മോഷണംപോയ ഇന്ത്യക്കാരന് പുതിയ ബൈക്ക്

മോട്ടോര്‍ സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരനായ യോഗേഷ് അലേകരിയുടെ ബൈക്ക് യുകെയില്‍ വെച്ച് മോഷണം പോയത് വലിയ വാര്‍ത്തയായിരുന്നു. കെടിഎം ഡ്യൂക്ക് 390 അഡ്വഞ്ചര്‍ ബൈക്കും അതില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളുമാണ് യോഗേഷിന് നഷ്ടമായത്. ലോകത്താകമാനമുള്ള ഇന്ത്യക്കാര്‍ ഏറ്റെടുത്ത ഈ വിഷയത്തില്‍ ഒടുവില്‍ പരിഹാരം ആയിരിക്കുകയാണ്. നഷ്ടപ്പെട്ടതിനെക്കാള്‍ മികച്ച ബൈക്കാണ് യോഗേഷിനെ തേടി എത്തിയിരിക്കുന്നത്.
യുകെയിലെ മാന്‍സ്ഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഡീലര്‍ഷിപ്പായ ദി ഓഫ് റോഡ് സെന്റര്‍ ആണ് യോഗേഷിന് പുതിയ ബൈക്ക് സമ്മാനിച്ചിരിക്കുന്നത്. യോഗേഷിന്റെ പക്കല്‍ നിന്നും മോഷണം പോയ ബൈക്കിന്റെ പരിഷ്‌കരിച്ച മോഡലാണ് അദ്ദേഹത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് യോഗേഷിന് ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-നാണ് യുകെയിലെ നോട്ടിങ്ഹാമില്‍ വെച്ച് യോഗേഷിന്റെ ബൈക്ക് മോഷണം പോയത്.
പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസ്സ് തുറന്ന് ചിരിക്കുന്നത്. ഇത്തരത്തിലൊരു പിന്തുണ ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ലെന്നാണ് യോഗേഷ് ബിബിസിയോട് പറഞ്ഞത്. ഞാന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത കാര്യമാണ് ദി ഓഫ് റോഡ് സെന്റര്‍ ചെയ്തിരിക്കുന്നത്. ഇവരോട് എന്റെ ഹൃദയം നിറഞ്ഞുള്ള നന്ദി അറിയിക്കുന്നതായും യോഗേഷ് അലേക്കറി അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ കൈയടിയാണ് ദ ഓഫ് റോഡ് സെന്ററിന് ലഭിക്കുന്നത്.
നോട്ടിങ്ഹാമിലുള്ള സുഹൃത്തിനെ സന്ദര്‍ശിക്കുന്നതിനിടെ വോളാറ്റണ്‍ പാര്‍ക്കില്‍ വാഹനം നിര്‍ത്തിയതിന് പിന്നാലെയാണ് മോഷണം നടക്കുന്നത്. അദ്ദേഹം 17 രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടും ഇത്തരത്തിലുള്ള ഒരു അവസ്ഥയുണ്ടായിട്ടില്ല. ഇത് കേവലം നോട്ടിങ്ഹാമിന് മാത്രമല്ല, രാജ്യത്തിന്റെ തന്നെ സല്‍പ്പേര് നഷ്ടപ്പെടുത്തുന്ന സംഭവമാണ്. അത്തരമൊരു ബൈക്ക് ഞങ്ങളുടെ കൈവശം ഉള്ളതിനാലാണ് അദ്ദേഹത്തിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ തീരുമാനിച്ചതെന്നാണ് ഓഫ് റോഡ് സെന്റര്‍ മേധാവികളായ ബെന്‍ ലെഡ്വിഡ്ജും ഡാനിയല്‍ വാട്ട്സും അറിയിച്ചത്.
24,000 കിലോമീറ്ററും 17 രാജ്യങ്ങളും പിന്നിട്ട് ബ്രിട്ടനില്‍ എത്തിയതോടെയാണ് അദ്ദേഹത്തിന്റെ ബൈക്ക് മോഷണം പോയത്. ബൈക്കിന് പുറമെ, ഇതില്‍ സൂക്ഷിച്ചിരുന്ന പാസ്പോര്‍ട്ട്, പണം, മറ്റ് രേഖകള്‍, യാത്രയ്ക്ക് ആവശ്യമായ സാധന സാമഗ്രികള്‍, സ്റ്റോറേജ് ബോക്സില്‍ സൂക്ഷിച്ചിരുന്ന മാക്ബുക്ക്, ഫോണ്‍, രണ്ട് ക്യാമറകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും ബൈക്കിനൊപ്പം മോഷണം പോയിട്ടുണ്ട്.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അനുസരിച്ച് നാലുപേര്‍ ചേര്‍ന്ന് വാഹനത്തിന്റെ ഹാന്‍ഡില്‍ ലോക്ക് ചുറ്റിക ഉപയോഗിച്ച് തകര്‍ത്ത ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ വാഹന ഉടമ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. നടപടികള്‍ വേഗത്തിലാകുന്നതിനായി ഈ വീഡിയോ ഷെയര്‍ ചെയ്യണമെന്നാണ് യോഗേഷ് അഭ്യര്‍ഥിച്ചിരുന്നു. യുകെയിലെ യാത്രയ്ക്ക് ശേഷം ആഫ്രിക്കയിലേക്ക് പോകാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ബൈക്കും മറ്റ് വസ്തുകളും മോഷണം പോയത്.
Content Highlights: Yogesh Alekari, whose bike was stolen in UK, receives a new, upgraded model from a dealership.