ഓടും ഓട്ടോ, ചെലവില്ലാതെ പറക്കും ഓട്ടോ, ആളെ കണ്ടാൽ നിക്കും ഓട്ടോ

സോനു സുനില്‍ താന്‍ രൂപകല്പന ചെയ്ത സോളാര്‍ ഓട്ടോയുമായി കോളേജ് അധികൃതര്‍ക്കൊപ്പം | ഫോട്ടോ; മാതൃഭൂമി
സോനു സുനില്‍ താന്‍ രൂപകല്പന ചെയ്ത സോളാര്‍ ഓട്ടോയുമായി കോളേജ് അധികൃതര്‍ക്കൊപ്പം | ഫോട്ടോ; മാതൃഭൂമി

ചെലവുകുറഞ്ഞ സോളാര്‍ ഓട്ടോ നിര്‍മിക്കുന്ന ടെക്നോളജിയുമായി ഇലഞ്ഞി വിസാറ്റ് എന്‍ജിനീയറിങ് കോളേജിലെ നോനു സുനില്‍. നിലവിലുള്ള സോളാര്‍ ഓട്ടോകളെല്ലാം പരന്ന മുകള്‍ഭാഗം ഉള്ളതാണ്. സോനുവിന്റെ ഓട്ടോയില്‍ 27 ഡിഗ്രി ചരിവ് ഉണ്ടാക്കിയാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. സോളാര്‍ പാനലിന്റെ പ്രവര്‍ത്തനം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഇതുമൂലം കഴിയുമെന്ന് സോനു പറഞ്ഞു.

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. സുരക്ഷിതത്വ പ്രത്യേകതകള്‍ ഉള്ളതിനാല്‍ ഉടമയ്ക്കല്ലാതെ മറ്റൊരാള്‍ക്കും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ചെലവുകുറഞ്ഞ മൈക്രോ കണ്‍ട്രോളറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മഴയത്ത് വൈപ്പര്‍ തനിയെ പ്രവര്‍ത്തിക്കും. 

ആളുകള്‍, മൃഗങ്ങള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ നേരേ മുന്നിലെത്തിയാല്‍ മോട്ടോര്‍ പ്രവര്‍ത്തനം നിലയ്ക്കും. ആറു മണിക്കൂര്‍കൊണ്ട് ഫുള്‍ ചാര്‍ജാകും. ഒറ്റ ചാര്‍ജിങ്ങില്‍ 98 കി.മീ. വരെ സഞ്ചരിക്കാം. അംഗവൈകല്യമുള്ള ആളുകള്‍ക്കും വണ്ടി ഓടിക്കാന്‍കഴിയുന്ന വിധത്തില്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഹാന്‍ഡിലില്‍ തന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്. 

നാലാംവര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അടിമാലി സ്വദേശിയായ സോനു സുനില്‍. കോളേജിലെ അധ്യാപകവിഭാഗ മേധാവിയും ആര്‍ ആന്‍ഡ് ഡി ഡീനുമായ ഡോ. ടി.ഡി. സുഭാഷ്, അസി. പ്രൊഫ. ഹിമ, രജിസ്ട്രാര്‍ സുബിന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. അനൂപ്, ഡയറക്ടര്‍ പ്രമോദ് നായര്‍, ചെയര്‍മാന്‍ രാജു കുര്യന്‍ എന്നിവരാണ് വേണ്ട സഹായങ്ങള്‍ നല്‍കിയത്.

Content Highlights: Solar auto technology developed by engineering college student Sonu Sunil