ലേലം മുറുകിവരുമ്പോൾ സോഫ്റ്റ്‌വെയർ അടിച്ചുപോകും; ഫാൻസി നമ്പറിൽ സർക്കാരിന് നഷ്ടം ലക്ഷങ്ങൾ

#Auto Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഒന്നരലക്ഷം രൂപവരെ മുടക്കാനാളുള്ള വാഹന ഫാൻസി നമ്പർ ലേലത്തിൽപ്പോയത് 43,000 രൂപയ്ക്ക്. ലേലം പുരോഗമിക്കുന്നതിനിടെ 'വാഹൻ' സോഫ്റ്റ്വെയർ പണിമുടക്കുന്നതാണ് ഇതിനിടയാക്കുന്നത്. ഇതുകാരണം ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്ക് തുക ഉയർത്താൻ അവസരം നഷ്ടപ്പെടുകയാണ്. ഇതോടെ രേഖപ്പെടുത്തിയ കുറഞ്ഞ തുകയ്ക്ക് 'വാഹൻ' ലേലം ഉറപ്പിക്കുകയും ചെയ്യും.

ഒരുമാസത്തിലേറെയായി ഈ തകരാർ തുടങ്ങിയിട്ട്. ഇതിലൂടെ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നതെങ്കിലും പരിഹരിക്കാൻ മോട്ടോർവാഹനവകുപ്പോ, സാങ്കേതികസഹായം നൽകുന്ന നാഷണൽ ഇൻഫോർമാറ്റിക് സെന്ററോ തയ്യാറായിട്ടില്ല.

ഫാൻസിനമ്പർ ബുക്കിങ്ങിലാണ് പിഴവുള്ളത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമുതൽ തിങ്കൾ രാവിലെ 10.30 വരെയാണ് ലേലസമയം. ലേലംവിളി കടുക്കുന്നത് രാവിലെ 9.30-ന് ശേഷമാകും. ഈ സമയം 'വാഹൻ' സ്ഥിരമായി പണിമുടക്കും. തുക ഉയർത്താൻ ശ്രമിക്കുമ്പോൾ ബന്ധം വിച്ഛേദിക്കപ്പെടും. പുനഃസ്ഥാപിക്കാനും വൈകും. കണക്ഷൻ കിട്ടിയാലും ലേലത്തിൽ പങ്കെടുക്കാൻ കഴിഞ്ഞെന്നുവരില്ല, ചിലപ്പോൾ സോഫ്റ്റ്വേർ ഹാങ്ങാകും. ഇതോടെ അതുവരെ രേഖപ്പെടുത്തിയ തുകയിൽനിന്നു ലേലം ഉറപ്പിക്കേണ്ടിവരും.

ലേലസമയം മാറ്റിയാൽ പരിഹരിക്കാം

സോഫ്റ്റ്വേർ സാങ്കേതികസംവിധാനങ്ങൾക്ക് കൂടുതൽ ഉപഭോക്താക്കളെ ഉൾക്കൊള്ളാൻശേഷിയില്ലാത്തതാണ് പ്രശ്‌നം. ഓഫീസ് സമയം ആരംഭിക്കുന്ന രാവിലെ പത്തുമുതൽ തിരക്കുള്ള ഒന്നോ രണ്ടോ മണിക്കൂർ എപ്പോൾവേണമെങ്കിലും 'വാഹൻ' പണിമുടക്കാം. ഈ സമയം തന്നെയാണ് ലേലം അവസാനിപ്പിക്കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

ഇതിനുപകരം മറ്റേതെങ്കിലുംസമയത്ത് ലേലം നിർത്തുകയാണെങ്കിൽ സാങ്കേതികതകരാർ ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഞായറാഴ്ച രാത്രി 12 വരെയോ, തിങ്കൾ രാവിലെ ഒൻപതുവരെയോ ലേലം അവസാനിപ്പിക്കുന്നവിധത്തിൽ ക്രമീകരിച്ചാൽ സോഫ്റ്റ്വേറിലെ തിരക്ക് ഒഴിവാക്കാനാകും. എന്നാൽ, ആ വഴിക്ക് മോട്ടോർവാഹനവകുപ്പ് ചിന്തിച്ചിട്ടില്ല.

പിഴയടയ്ക്കാൻ വഴിയൊരുക്കുമോ

ഗതാഗതനിയമലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാനുള്ള ഓൺലൈൻ സംവിധാനമായ ഇ-ചെലാൻ തകരാറിലായിട്ട് ഒരാഴ്ചയിലേറെയായി. എല്ലാം ശരിയാക്കാമെന്ന മറുപടി മാത്രമാണ് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽനിന്ന് ലഭിക്കുന്നത്.

Content Highlights: Fancy vehicle number plate auctions are losing millions due to `Vahan` software malfunctions, preventing bidders from raising prices. Find out more.