കള്ള് കുടിച്ചിട്ടുണ്ടേല്‍ ഒരടി മുന്നോട്ട് പോകില്ല, ഹെല്‍മറ്റ് മസ്റ്റാണ്; സ്മാര്‍ട്ടാണ് പത്താം ക്ലാസുകാരുടെ ഇ-സ്‌കൂട്ടര്‍

ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പി. അദ്രാഷ്, എസ്. നീരജ്കൃഷ്ണ എന്നിവർ വികസിപ്പിച്ചെടുത്ത ഇലക്‌ട്രിക് സ്‌കൂട്ടർ.
ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പി. അദ്രാഷ്, എസ്. നീരജ്കൃഷ്ണ എന്നിവർ വികസിപ്പിച്ചെടുത്ത ഇലക്‌ട്രിക് സ്‌കൂട്ടർ.

ഷൊര്‍ണൂര്‍: ബൈക്കപകടങ്ങളിലെ മരണംതടയാന്‍ ഉപാധി കണ്ടെത്താനുള്ള അന്വേഷണമാണ് പി. അദ്രാഷിനെയും എസ്. നീരജ്കൃഷ്ണയെയും ഈ സ്മാര്‍ട്ട് സ്‌കൂട്ടറിലേക്ക് നയിച്ചത്. ഇവര്‍ വികസിപ്പിച്ചെടുത്ത വൈദ്യുത സ്‌കൂട്ടറിലെ സംവിധാനങ്ങള്‍, മദ്യപിച്ചവരെയും ഹൈല്‍മെറ്റ് ധരിക്കാത്തവരെയും മൊബൈല്‍ ഫോണുപയോഗിക്കുന്നവരെയും തിരിച്ചറിയും. പിന്നീട് സ്‌കൂട്ടര്‍ മുന്നോട്ട് നീങ്ങില്ല.

സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്രമേളയില്‍ ഇവരുടെ കണ്ടുപിടിത്തത്തിന് എ ഗ്രേഡ് ലഭിച്ചു. ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് പി. അദ്രാഷ്. ഒമ്പതാംക്ലാസിലാണ് എസ്. നീരജ്കൃഷ്ണ.

സ്മാര്‍ട്ട് സേവിങ് സിസ്റ്റമാണ് സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണം. സൈന്‍വേവ് കണ്‍ട്രോളര്‍ നല്‍കുന്ന നിശ്ശബ്ദവും സുഖപ്രദവുമായ യാത്രയാണ് മറ്റൊരു പ്രത്യേകത. കുറഞ്ഞ വൈബ്രേഷനും മെച്ചപ്പെട്ട ടോര്‍ക്ക് നിയന്ത്രണവും യാത്ര സുഗമമാക്കുമെന്നും അദ്രാഷും നീരജ് കൃഷ്ണയും പറഞ്ഞു.

കുത്തനെയുള്ള റോഡുകള്‍ നിഷ്പ്രയാസം കയറാന്‍ സാധിക്കുന്ന സ്‌കൂട്ടറിന് മണിക്കൂറില്‍ 70-80 കി. മീറ്റര്‍ വേഗവും ലഭിക്കും. റിവേഴ്സ് ഡിസ്പ്ലേ ക്യാമറ, പാര്‍ക്കിങ് അസിസ്റ്റന്‍സ് എന്നിവയുമുണ്ടെന്ന് ഇരുവരും പറഞ്ഞു.

Content Highlights: Kerala 10th graders invent an e-scooter that detects drunk driving, no helmet, and mobile use. Stops the vehicle for safety. Earned A grade at state science fair.