വാഹനങ്ങളിൽ കണ്ണടിച്ച് പോകുന്ന ഹെഡ്‌ലൈറ്റ്; ശബരിമല പാതയിൽ ചെക്കിങ് കർശനമാക്കാൻ എംവിഡി

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ശബരിമല: ശബരിമലയിലേക്ക് അയ്യപ്പദർശനത്തിനായി തീർഥാടകരെത്തുന്ന വാഹനങ്ങളിൽ അതിത്രീവ്ര വെളിച്ചം നൽകുന്ന ലൈറ്റ് ഘടിപ്പിക്കുന്നത് വർധിക്കുന്നതുമൂലം അപകടസാധ്യതയേറുന്നു. ഇലവുങ്കൽ സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്തുന്നുണ്ട്.

അന്യസംസ്ഥാനത്തുനിന്നെത്തുന്ന വാഹനങ്ങളിലാണ് കൂടുതലായും അതിതീവ്രവെളിച്ചമുള്ള ലൈറ്റുകളുള്ളത്‌. മണ്ഡല പൂജ, മകരവിളക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ കൂടുതൽ തീർഥാടകരാണ് ശബരിമലയിലേക്ക് എത്തുക. ശബരിമലയിലേക്കുള്ള റോഡുകളിൽ കൂടുതൽ ഇറക്കവും കയറ്റവും വളവുകളും ഉള്ളതിനാൽ ഇത്തരത്തിൽ വെളിച്ചം ഘടിപ്പിച്ചാൽ എതിർദിശയിൽനിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് കാണാൻ സാധിക്കില്ല. ഇത് വലിയ അപകടത്തിന് കാരണമാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.

ഈ സീസൺ തുടങ്ങിയതുമുതൽ 30-ഓളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനാലാണ് പ്രത്യേക പരിശോധന നടത്തുന്നത്. ഇലവുങ്കൽ സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ 10-ഓളം സ്‌ക്വാഡുകളാണ് ഉള്ളത്. സ്‌ക്വാഡുകൾ വാഹനങ്ങളിൽ പരിശോധന നടത്തുകയും അപകടമുണ്ടാകുന്ന സമയങ്ങളിൽ അവിടെ എത്തിച്ചേർന്ന് ആവശ്യമുള്ള നടപടികൾ സ്വീകരിക്കും. അപകടങ്ങൾക്ക് പുറമേ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാലും നീക്കാൻ ക്രെയിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.

ഇലവുങ്കൽ-പമ്പ, ഇലവുങ്കൽ-പെരുന്നാട്, ഇലവുങ്കൽ-കണമല എന്നീ ഭാഗങ്ങളിലാണ് പരിശോധന നടത്തുന്നത്. രാത്രി കാലങ്ങളിൽ ഉറക്കം ഒഴിച്ച് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ തടഞ്ഞ് നിർത്തുകയും വിശ്രമിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി നൽകുകയും ചെയ്യും. അതിനുള്ള സൗകര്യം ഇലവുങ്കലിൽ ഒരുക്കിയിട്ടുണ്ട്. വാഹനത്തിലുള്ള തീർഥാടകരെ കൃത്യമായി പമ്പയിലെത്തിക്കുകയും ചെയ്യും. ഇതിന് പുറമേ സന്നിധാനത്തേക്കുള്ള ട്രാക്ടറുകളിലും മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ഇതിനായി നാല് സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്.

Content Highlights: Motor Vehicles Dept. inspects vehicles for high-intensity lights near Sabarimala due to rising accident risks. Ensure safe travel for all pilgrims this season. Click for details!