‘കെട്ടിറങ്ങിക്കാണും’ എന്ന് കരുതി വണ്ടിയെടുക്കേണ്ട; പരിശോധനകൾ ശക്തമാക്കും, ലൈസൻസ് തെറിക്കും

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കാക്കനാട്: 'രാത്രിയല്ലേ കഴിച്ചത്, രാവിലെ കെട്ടിറങ്ങിക്കാണും' എന്ന വിശ്വാസത്തിൽ വണ്ടിയെടുക്കുന്ന ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ലൈസൻസ് തെറിക്കാൻ ആ ഒരു 'വിശ്വാസം' മാത്രം മതി. കൊച്ചി നഗരത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം ഇത്തരത്തിൽ പിടിയിലായി ലൈസൻസ് നഷ്ടപ്പെട്ടത് നൂറുകണക്കിന് ഡ്രൈവർമാർക്കാണ്. എറണാകുളം ആർ.ടി. ഓഫീസിനുമുന്നിൽ എല്ലാ ബുധനാഴ്ചയും മദ്യപൻമാരുടെ നീണ്ട ക്യൂ കാണാം. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവർക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുന്നോടിയായുള്ള ഹിയറിങ്ങിന് എത്തുന്നവരാണിവർ. മിക്കവരും പറയുന്നത് ഒരേന്യായം:

'സാറേ, തലേദിവസം രാത്രി കഴിച്ചതാണ്, രാവിലെ വണ്ടിയോടിക്കുമ്പോൾ കുഴപ്പമുണ്ടാകുമെന്ന് കരുതിയില്ല.' എന്നാൽ വൈദ്യപരിശോധനയിൽ മദ്യത്തിന്റെ അളവ് പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തുന്നതോടെ ആർ.ടി.ഒ. കർശന നടപടിയിലേക്ക് കടക്കും. 2025-ൽ എറണാകുളം ആർ.ടി. ഓഫീസിൽ മാത്രം ആകെ 1374 ഡ്രൈവിങ് ലൈസൻസുകളാണ് സസ്‌പെൻഡ് ചെയ്തത്.

ഇതിൽ മദ്യപിച്ച് വണ്ടിയോടിച്ചതിനുമാത്രം പിടിയിലായത് 520 പേർ. മറ്റു നിയമലംഘനങ്ങളായ അമിതവേഗം, അപകടങ്ങൾ, ആവർത്തിച്ചുള്ള ട്രാഫിക് നിയമ ലംഘനങ്ങൾ എന്നിവയ്ക്ക് 854 പേരുടെയും ലൈസൻസ് താത്കാലികമായി റദ്ദാക്കി. സെപ്റ്റംബർ (216), ഫെബ്രുവരി (210) മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് ലൈസൻസ് നഷ്ടപ്പെട്ടത്.

ശിക്ഷ ക്ലാസ് മുറിയിൽനിന്ന് തുടങ്ങും
പിടിയിലാകുന്നവർക്ക് വെറുതേ വീട്ടിൽപോകാൻ കഴിയില്ല. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുൻപായി മോട്ടോർ വാഹനവകുപ്പിന്റെ ഒരു ദിവസത്തെ നിർബന്ധിത ബോധവത്കരണ ക്ലാസിൽ ഇരിക്കണം. ബസ്, ലോറി ഡ്രൈവർമാരാണ് ഇത്തരത്തിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും എന്നത് ആശങ്കാജനകമാണ്.

എറണാകുളം ആർ.ടി.ഒ. കെ.ആർ. സുരേഷ്, ജോയിന്റ് ആർ.ടി.ഒ. സി.ഡി. അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഹിയറിങ് വേഗത്തിലാക്കിയാണ് കർശനമായ ഈ നടപടികൾ സ്വീകരിക്കുന്നത്.

പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

Content Highlights: 520 licenses suspended in Kochi for drunk driving in 2025., Total of 1374 licenses suspended including overspeeding and traffic violations., Mandatory one-day awareness class for all offenders., High frequency of offenses among commercial vehicle drivers., Kochi RTO intensifying enforcement and hearing processes.