റോബിൻ ഗിരീഷിന്റെ ബസ് വീണ്ടും പിടിച്ചെടുത്തു; സാധുവായ പെർമിറ്റ് ഇല്ലെന്ന് എം.വി.ഡി.

ഈരാറ്റുപേട്ട: പെർമിറ്റ് ഇല്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓടുന്ന വജ്ര ബസാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഈരാറ്റുപേട്ടയിലാണ് സംഭവം. ബസിന് സാധുവായ പെർമിറ്റ് ഇല്ലെന്നായിരുന്നു എം.വി.ഡി. ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ കാരണം.
ബസ് കസ്റ്റഡിയിൽ എടുക്കുകയും സ്റ്റേഷനിൽകയറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതോടെ ഉദ്യോഗസ്ഥരും ബസ്സുടമയായ റോബിൻ ഗിരീഷും തമ്മിൽ വാക്കേറ്റമായി. കസ്റ്റഡിയിലെടുത്ത വാഹനം പാർക്ക് ചെയ്യേണ്ട ഉത്തരവാദിത്വം തന്റെ ഡ്രൈവർക്ക് ഇല്ലെന്നും എം.വി.ഡി.തന്നെ ബസ് പാർക്ക് ചെയ്യാനും ഗിരീഷ് ആവശ്യപ്പെട്ടു.
ഓൾ ഇന്ത്യ ബസ് പെർമിറ്റ് വിഷയവുമായി ബന്ധപ്പെട്ട് കാലങ്ങളായി റോബിൻ ഗിരീഷുമായി മോട്ടോർ വാഹന വകുപ്പ് തർക്കത്തിലാണ്. ഓഗസ്റ്റുവരെ വാഹനത്തിന് പെർമിറ്റ് ലഭിച്ചിട്ടുള്ളതായും നിയമാനുസൃതമായാണ് സർവീസ് നടത്തുന്നതെന്നും അനാവശ്യമായാണ് ബസ് തടഞ്ഞതെന്നും ഗിരീഷ് പറഞ്ഞു.
അതേസമയം ബസിന്റെ യഥാർഥ താക്കോൽ മോട്ടോർ വാഹനവകുപ്പ് നഷ്ടപ്പെടുത്തിയെന്നുകാണിച്ച് ഗിരീഷ് പോലീസിൽ പരാതി നൽകി. ബസിൽ ആവശ്യമായ രേഖകൾ ഇല്ലാത്തതിനും കണ്ടക്ടർക്ക് ലൈസൻസ് ഇല്ലാതിരുന്നതിനും പിഴയീടാക്കി ബസ് വിട്ടുനൽകി.
ഉദ്യോഗസ്ഥർ തുടരുന്ന പകപോക്കലിന്റെ ഭാഗമാണ് ഈ നടപടിയെന്നാണ് ഗിരീഷ് പറയുന്നത്. അതേസമയം കോടതി ഉത്തരവുണ്ടെങ്കിലും ഇത് മോട്ടോർ വാഹനവകുപ്പിൽ ഹാജരാക്കി വണ്ടി ഓടുന്നതിനുള്ള പെർമിറ്റ് എടുത്തിട്ടില്ലെന്ന് അധികൃതർ പറയുന്നു.
Content Highlights: MVD seized Vajra bus in Erattupetta citing lack of valid permit., Owner Robin Girish claims the bus has a valid permit until August., Dispute escalated with allegations of lost bus keys and police complaints., MVD claims permit was not updated despite court orders., Bus released after fines were paid for missing documents and conductor license.