പിഎം ഇ-ഡ്രൈവ്: ഇലക്ട്രിക് ആംബുലൻസുകൾക്കായി 500 കോടി, ഉടമയ്ക്ക് സബ്‌സിഡി, മാർഗനിർദേശം ഉടൻ

10,900 കോടി രൂപയുടെ പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴില്‍, ഇലക്ട്രിക് ആംബുലന്‍സുകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സബ്സിഡി മാര്‍ഗനിര്‍ദേശങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇത്തരം വാഹനങ്ങള്‍ക്ക് സബ്സിഡി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
പിഎം ഇ-ഡ്രൈവ് പദ്ധതിയിൽ ആംബുലൻസുകളെ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസ് വിഭാഗത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കാനായി 500 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ സബ്‌സിഡി എത്രയെന്നോ മാർഗനിർദേശങ്ങളോ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
“കഴിഞ്ഞ മാസം ഒരു ഇലക്ട്രിക് ആംബുലൻസിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മറ്റു കമ്പനികളും ഇലക്ട്രിക് ആംബുലൻസുകൾ നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും ഘനവ്യവസായ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഹനീഫ് ഖുറേഷി പറഞ്ഞു. ഡിസംബറിലോ ജനുവരിയിലോ ഇലക്ട്രിക് ആംബുലൻസുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷയുടെയും രോഗി പരിചരണത്തിന്റെയും കാര്യത്തിൽ ഇലക്ട്രിക് ആംബുലൻസുകൾക്കുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായും റോഡ് ഗതാഗത മന്ത്രാലയവുമായും കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. അതിനാൽ, അവ രൂപീകരണ പ്രക്രിയയിലാണ്. ഇലക്ട്രിക് ആംബുലൻസുകൾ തയ്യാറാകുമ്പോഴേക്കും മാർഗനിർദേശങ്ങൾ പുറത്തിറക്കും.
പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ആംബുലൻസുകൾ, ട്രക്കുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി 3,679 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതേസമയം ഇലക്ട്രിക് ബസുകളുടെ സ്വീകാര്യത വർധിപ്പിക്കാനും, പൊതു ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി 7,171 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും ഹനീഫ് ഖുറേഷി വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്കുള്ള പ്രോത്സാഹനങ്ങൾ കഴിഞ്ഞ വർഷം മുതൽ നിലവിലുണ്ട്. എന്നിരുന്നാലും, ഇലക്ട്രിക് ട്രക്കുകൾക്കുള്ള മാർഗനിർദേശങ്ങൾ ഇപ്പോൾ പുറത്തിറക്കിയതേയുള്ളൂ. ഇപ്പോഴും വ്യക്തമായ മാർഗനിർദ്ദേശങ്ങളില്ലാത്ത രണ്ട് വിഭാഗങ്ങളാണ് ഇ-ആംബുലൻസുകളും ചാർജിങ് അടിസ്ഥാന സൗകര്യങ്ങളും. ഇതിൽ രണ്ടാമത്തേത് ഊർജ്ജ മന്ത്രാലയമാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന സബ്‌സിഡികൾ വാഹനത്തിന്റെ പ്രാഥമിക ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യഘട്ടത്തിലെ സ്വീകാര്യതയെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഫോഴ്സ് മോട്ടോഴ്സ്, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് ഇന്ത്യയിൽ ആംബുലൻസുകൾ നിർമിക്കുന്ന പ്രധാന കമ്പനികൾ. അംഗീകാരം ലഭിച്ച ഒരു ഇലക്ട്രിക് ആംബുലൻസ് ഫോഴ്സ് മോട്ടോഴ്സിന്റേതാണ്. ഈ മോഡലിന്റെ വാണിജ്യ ഉത്പാദനം ഇതുവരെ ആരംഭിച്ചിട്ടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Release PM E-Drive Subsidy Guidelines for Electric Ambulances