ഡ്രൈവര്‍ വേണമെന്നില്ല, സ്വയം നിയന്ത്രിത റോബോബസ് പരീക്ഷിച്ച് റാസല്‍ഖൈമ, അടുത്തത് എയര്‍ടാക്‌സി

റാസല്‍ഖൈമ: സ്വയംനിയന്ത്രിത ബസായ റോബോബസ് അല്‍ മര്‍ജാന്‍ ദ്വീപില്‍ പരീക്ഷണയോട്ടം നടത്തി. സുപ്രീംകൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ആദ്യഘട്ടപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും സ്വയംനിയന്ത്രിത ഡ്രൈവിങ് സാങ്കേതികവിദ്യകളില്‍ വിദഗ്ധരായ ചൈനീസ് സ്ഥാപനമായ വീറൈഡും ചേര്‍ന്നാണ് സംരംഭം നടപ്പാക്കിയത്.
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും സ്വീകരിക്കാനും സ്മാര്‍ട്ട്, സുസ്ഥിര ഗതാഗത സംവിധാനം വികസിപ്പിക്കാനുമാണ് പുതിയനീക്കത്തിലൂടെ എമിറേറ്റ് ശ്രമിക്കുന്നതെന്ന് ശൈഖ് സൗദ് പറഞ്ഞു.
ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ഗതാഗതസേവനങ്ങള്‍ വിപുലീകരിക്കാനും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. ആഗോള പ്രവണതകള്‍ക്ക് അനുസൃതമായി സ്വയംനിയന്ത്രിത ഗതാഗതത്തിലും നിര്‍മിതബുദ്ധിയിലും എമിറേറ്റ് മുന്നേറ്റം തുടരുകയാണ്. സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതസംവിധാനങ്ങള്‍, സാമ്പത്തികഅവസരങ്ങള്‍ എന്നിവയിലൂടെ ജനജീവിതനിലവാരം മെച്ചപ്പെടുത്താനാകും.
അറിവും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള സുസ്ഥിര ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും ശൈഖ് സൗദ് പറഞ്ഞു. അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള രണ്ടുകരാറുകള്‍ ഒപ്പുവയ്ക്കുന്നതിലും ശൈഖ് സൗദ് സാക്ഷ്യംവഹിച്ചു. വീറൈഡ്, മര്‍ജാന്‍ എന്നിവയുമായി റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പുതിയ കരാറുകള്‍ ഒപ്പുവച്ചത്.
അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തികൊണ്ട് സ്മാര്‍ട്ട് ഗതാഗത സംവിധാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമാണ് സ്വയംനിയന്ത്രിത ബസുകളുടെ പരീക്ഷണം. 2027-ല്‍ എമിറേറ്റില്‍ ആദ്യത്തെ എയര്‍ ടാക്‌സി സേവനം ആരംഭിക്കുന്നതിന് റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍എകെടിഎ) കഴിഞ്ഞദിവസം കരാര്‍ ഒപ്പിട്ടിരുന്നു.
എയര്‍ ടാക്‌സികള്‍ വികസിപ്പിക്കുന്നതില്‍ വിദഗ്ധരായ അമേരിക്കയിലെ ജോബി ഏവിയേഷന്‍, വ്യോമഗതാഗത സേവനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന യുകെ ആസ്ഥാനമായ സ്‌കൈപോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവരുമായാണ് ധാരണാപത്രം ഒപ്പിട്ടത്.
പറക്കും ടാക്‌സികള്‍ യാഥാര്‍ഥ്യമായാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അല്‍ മര്‍ജാന്‍ ദ്വീപിലേക്ക് 15 മിനിറ്റിനകം എത്തിച്ചേരാന്‍ കഴിയുമെന്നതാണ് സവിശേഷത. പൈലറ്റും യാത്രാക്കാരുമുള്‍പ്പടെ മൊത്തം അഞ്ചുപേര്‍ക്ക് യാത്രചെയ്യാനാകുന്ന വിധമാണ് ടാക്‌സി രൂപകല്പനചെയ്യുക.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പറക്കും ടാക്‌സി സര്‍വീസുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Ras Al Khaimah launches autonomous RoboBus trials on Al Marjan Island, a step towards smart, sustainable transport and AI integration. Infrastructure deals signed for future mobility.