റെയിന്‍ ഫോറസ്റ്റ് ചലഞ്ചില്‍ ചാമ്പ്യന്‍മാരായി മുഹമ്മദ് ഫഹദ്-രാജീവ് ലാല്‍ ടീം- കേരളത്തിലേക്ക് ആദ്യം

ഗോവയില്‍ നടന്ന റെയിന്‍ ഫോറസ്റ്റ് ചലഞ്ച് (ആര്‍.എഫ്.സി) ഓഫ് റോഡ് ഡ്രൈവിങില്‍ ഒന്നാമതെത്തിയ ഡോ. വിപി.മുഹമ്മദ് ഫഹദ്, രാജീവ് ലാല്‍ ടീം
ഗോവയില്‍ നടന്ന റെയിന്‍ ഫോറസ്റ്റ് ചലഞ്ച് (ആര്‍.എഫ്.സി) ഓഫ് റോഡ് ഡ്രൈവിങില്‍ ഒന്നാമതെത്തിയ ഡോ. വിപി.മുഹമ്മദ് ഫഹദ്, രാജീവ് ലാല്‍ ടീം

പെരിന്തല്‍മണ്ണ: അപകടം പതിയിരിക്കുന്ന കടുപ്പമേറിയ ട്രാക്കിനെ നിശ്ചയദാര്‍ഢ്യവും അതിസാഹസികതയും കൊണ്ട് കീഴടക്കി മലയാളി ടീം ഗോവയിലെ ആര്‍.എഫ്.സി. (റെയിന്‍ ഫോറസ്റ്റ് ചലഞ്ച്) ഓഫ്‌റോഡ് ഡ്രൈവിങ്ങില്‍ ചാമ്പ്യന്‍മാരായി. കല്‍പ്പകഞ്ചേരി മലപ്പുറം ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറായ പെരിന്തല്‍മണ്ണ അരക്കുപറമ്പ് പുത്തൂര്‍ സ്വദേശി വി.പി. മുഹമ്മദ് ഫഹദും സഹ ഡ്രൈവര്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി രാജീവ് ലാലുമാണ് സ്വപ്നനേട്ടം കൈവരിച്ചത്. കേരളത്തിലേക്ക് ആദ്യമായാണ് ഒന്നാംസ്ഥാനം എത്തുന്നത്.

ആര്‍.എഫ്.സി.യുടെ പത്താം പതിപ്പിലാണ് ഇവരുടെ നേട്ടം. തുടര്‍ച്ചയായി നാലാംതവണയാണ് ഈ ടീം പങ്കെടുക്കുന്നത്. ഓഫ്‌റോഡ് ഡ്രൈവിങ്, കോ-ഡ്രൈവിങ് കഴിവുകള്‍, ടീം കോഡിനേഷന്‍, വാഹനത്തിന്റെ കഴിവുകള്‍ എന്നിവ പരീക്ഷിച്ച 26 പ്രത്യേകഘട്ടങ്ങളില്‍ മത്സരിച്ചാണ് 2600-ല്‍ 2165 പോയിന്റുമായി ഒന്നാംസ്ഥാനത്തെത്തിയത്. അരുണാചല്‍പ്രദേശിലെ ഉജ്ജല്‍ നംഷും, സഹഡ്രൈവര്‍ ചേതന്‍ ചെങ്കപ്പ എന്നിവരുടെ ടീം 2039 പോയിന്റുമായി രണ്ടാംസ്ഥാനവും കേരളത്തില്‍നിന്നുള്ള ആനന്ദ് വി. മാഞ്ഞൂരാനും സഹഡ്രൈവര്‍ വിഷ്ണുരാജും അടങ്ങുന്ന ടീം 1874 പോയിന്റുമായി മൂന്നാംസ്ഥാനവും നേടി.

എന്‍. അഭിനവ് റെഡ്ഡി-വിഷുതി വരുണ്‍ ചക്രവര്‍ത്തി, സെഡ്രിക് ജോര്‍ദാന്‍ ഡ സില്‍വ-മാക്വിന്‍ ഡയസ് എന്നീ ടീമുകള്‍ ആദ്യ അഞ്ചില്‍ ഇടംനേടി. മലേഷ്യയിലെ റെയിന്‍ ഫോറസ്റ്റ് ചലഞ്ചിന്റെ ഇന്ത്യന്‍ പതിപ്പായി 2014-കൂഗര്‍ മോട്ടോര്‍ സ്പോര്‍ട്ടാണ് ആര്‍.എഫ്.സി. ഇന്ത്യ ചലഞ്ച് തുടങ്ങിയത്. ഗോവ ടൂറിസത്തിന്റെ അംഗീകാരത്തോടെ ഗോവയില്‍ വര്‍ഷംതോറും നടത്താറുള്ള മത്സരം ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അന്താരാഷ്ട്ര ഓഫ്‌റോഡ് മോട്ടോര്‍ സ്പോര്‍ട്ട് മത്സരമാണ്. ഒരാഴ്ച നീണ്ട മത്സരത്തില്‍ രാജ്യത്തെ മികച്ച ഓഫ്‌റോഡര്‍മാര്‍ അടങ്ങുന്ന 26 ടീമുകളാണു പങ്കെടുത്തത്.

ആര്‍.എഫ്.സി. ഇന്ത്യ 2024-ലെ മികച്ച മൂന്നു ഡ്രൈവര്‍മാര്‍ മലേഷ്യയില്‍ നടക്കുന്ന ഗ്ലോബല്‍ സീരീസ് ഫൈനലിലേക്ക് നേരിട്ട് പ്രവേശനംനേടി. 2021-ല്‍ ഇതേ മത്സരത്തില്‍ ടീം മൂന്നാംസ്ഥാനം നേടിയിരുന്നു. പ്രത്യേകം രൂപകല്പനചെയ്ത വാഹനവുമായി ഏറെ സജ്ജീകരണങ്ങളോടെയാണ് ദുഷ്‌കരമായ പാതയിലൂടെയുള്ള മത്സരത്തില്‍ ടീം പങ്കെടുക്കുന്നത്. രാജീവ് ലാല്‍ ദ ഡേവിഡ് മെറ്റ്കാള്‍ഫ് ജംഗിള്‍മാന്‍ അവാര്‍ഡ് നേടി. മികച്ച സര്‍വീസ് ടീം അവാര്‍ഡ് കേരളത്തില്‍നിന്നുള്ള എന്‍സി ഗാരേജും നേടി. മുന്‍പും ദേശീയ മത്സരങ്ങളില്‍ മികവുതെളിയിച്ചിട്ടുള്ളവരാണ് ഈ ടീം.

സ്വപ്‌ന സാക്ഷാത്കാരം
ഇത് സ്വപ്‌ന സാക്ഷാത്കാരമാണ്. രാജ്യത്തെ ഏറ്റവും ദുഷ്‌കരമായ ഓഫ്‌റോഡ് ഇവന്റാണ്. മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് മത്സരത്തിലുടനീളം സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. ഓരോ വെല്ലുവിളിയും എങ്ങനെ നേരിടാമെന്ന് കണ്ടെത്തി നടപ്പാക്കണം. മുന്‍വര്‍ഷങ്ങളിലെ പാകപ്പിഴവുകള്‍ തീര്‍ത്ത് പൂര്‍ണസജ്ജരായാണ് ഇത്തവണ മത്സരത്തിനിറങ്ങിയത്. - ഡോ. വിപി. മുഹമ്മദ് ഫഹദ്

Content Highlights: rain forest challenge off road driving winners muhammed fahad rajiv lal team