കാണാതായിട്ട് വർഷങ്ങൾ, ‘ഡ്രെെവിങ് ലെെസൻസ്’ സ്റ്റെെലിൽ മുത്തച്ഛന്റെ ലൈസൻസ് രാഹുലിന്റെ കൈകളിൽ

#Auto Desk
രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ലൈസന്‍സ് അദ്ദേഹം പരിശോധിക്കുന്നു | Photo: PTI, ANI
രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ലൈസന്‍സ് അദ്ദേഹം പരിശോധിക്കുന്നു | Photo: PTI, ANI

റായ്ബറേലി (യുപി): ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തന്റെ മുത്തച്ഛനായ ഫിറോസ് ഗാന്ധിയുടെ ഡ്രൈവിങ് ലൈസൻസ് തിരികെ ലഭിച്ചു. രാഹുലിന്റെ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലി സന്ദർശനത്തിനിടെ ചൊവ്വാഴ്ചയാണ് സംഭവം.

ഫിറോസ് ഗാന്ധിയുടെ, ദശകങ്ങൾക്ക് മുൻപ് കാണാതായ ഡ്രൈവിങ് ലൈസൻസാണ് തിരികെ കിട്ടിയത്. റായ്ബറേലി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സംഘാടകസമിതി അംഗമായ വികാസ് സിങ്ങാണ് ഒരു കുടുംബം സൂക്ഷിച്ചുവെച്ചിരുന്ന ഈ ലൈസൻസ് രാഹുലിന് കൈമാറിയത്.

'വർഷങ്ങൾക്കുമുൻപ് റായ്ബറേലിയിലെ ഒരു പരിപാടിക്കിടെയാണ് എന്റെ ഭാര്യാപിതാവിന് ലൈസൻസ് കിട്ടിയത്. അദ്ദേഹം അത് സൂക്ഷിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അത് സംരക്ഷിച്ചുപോന്നു. രാഹുൽ ഗാന്ധി റായ്ബറേലി സന്ദർശിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് കൈമാറേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് തോന്നി' -വികാസ് സിങ് പറഞ്ഞു.

വേദിയിൽവെച്ച് ലൈസൻസ് ലഭിച്ചപ്പോൾ രാഹുൽ ഗാന്ധി അത് വളരെ ശ്രദ്ധയോടെ പരിശോധിക്കുകയും ഉടൻതന്നെ അതിന്റെ ചിത്രം വാട്‌സാപ്പ് വഴി തന്റെ അമ്മയും കോൺഗ്രസ് നേതാവുമായ സോണിയാ ഗാന്ധിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഫിറോസ് ഗാന്ധി 1952-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നാണ് വിജയിച്ചത്.

Content Highlights: Rahul Gandhi received the lost driving license of his grandfather, Feroze Gandhi, during his Rae Bareli visit. A heartwarming moment of history returned.