ഏത് മലയുംകാടും കീഴടക്കുന്ന കരുത്തൻ, നിലമ്പൂരിലെ ആർആർടിക്ക് പ്രിയങ്ക ഗാന്ധി വക ടൊയോട്ട ഹൈലക്‌സ്

നിലമ്പൂർ: നിലമ്പൂർ സൗത്ത് വനം ഡിവിഷനു കീഴിലെ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി.) പ്രിയങ്കാ ഗാന്ധി എം.പി. സി.എസ്.ആർ. ഫണ്ടുപയോഗിച്ച് വാഹനം ലഭ്യമാക്കി. ഏത് ഭൂപ്രദേശത്തും അതിവേഗത്തിൽ എത്താൻ കഴിയുന്ന ഓഫ്‌റോഡ് വാഹനമാണിത്. നിലമ്പൂർ വനം ഡിവിഷൻ ഓഫീസിന് മുൻപിൽനടന്ന ചടങ്ങിൽ പ്രിയങ്കാ ഗാന്ധി എം.പി. ഫ്‌ലാഗ്ഓഫ് ചെയ്തു.
വനമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരുമായിച്ചേർന്ന് വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് എം.പി. പറഞ്ഞു. വനംവകുപ്പിന് ഡ്രോണുകൾ ഉൾപ്പെടെ കൂടുതൽ ഉപകരണങ്ങൾ നൽകിവരുന്നതായും അവർ പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 53 ലക്ഷത്തിലധികം രൂപ വില വരുന്ന ഈ വാഹനത്തിൽ വനത്തിൽ അഞ്ചുപേർക്ക് യാത്രചെയ്യാം. വനത്തിനകത്ത് ഉപയോഗിക്കാനുള്ള അത്യാവശ്യ ചരക്കുകൾ കയറ്റാം. വാഹനവകുപ്പിന്റെ അനുമതിയോടെ പുതിയ ലൈറ്റുകൾ അടക്കം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
നിലവിൽ നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിലായി ഓരോ യൂണിറ്റ്വീതം ആർ.ആർ.ടി. ടീമുകളാണുള്ളത്. ചടങ്ങിൽ മന്ത്രി എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ., നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ജി. ധനിക്ലാൽ, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. പി. ധനേഷ്‌കുമാർ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അനീഷ സിദ്ദിഖ്, വനം റെയ്ഞ്ച് ഓഫീസർമാർ, ഉദ്യോഗസ്ഥർ, ആർ.ആർ.ടി. ടീമംഗങ്ങൾ, പ്രൈമറി റെസ്പോൺസ് ടീം (പി.ആർ.ടി.) അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ടൊയോട്ട ഹൈലെക്‌സ്
ഇന്ത്യൻ നിരത്തുകളിൽ 2022-ലാണ് എത്തിയതെങ്കിലും ആഗോളതലത്തിൽ അഞ്ച് പതിറ്റാണ്ടിന്റെയും എട്ട് തലമുറകളുടെയും പാരമ്പര്യമുള്ള വാഹനമാണ് ടൊയോട്ടയുടെ ഹൈലക്‌സ് ലൈഫ് സ്റ്റൈൽ ട്രക്ക്. 20 മില്ല്യണിൽ അധികം യൂണിറ്റിന്റെ വിൽപ്പനയും നേടിയിട്ടുണ്ടെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. ആഗോള നിലവാരമുള്ള എൻജിനിയറിങ്ങ്, ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങൾ, പുതുതലമുറ ഫീച്ചറുകൾ നൽകുന്ന സൗകര്യം തുടങ്ങിയ ഘടകങ്ങളാണ് ഈ വാഹനത്തിന് ലോകമെമ്പാടും ജനപ്രീതി നൽകുന്നത്.
ടൊയോട്ടയുടെ ഐ.എം.വി.2 പ്ലാറ്റ്ഫോമിലാണ് ഹൈലക്സ് ഒരുങ്ങിയിട്ടുള്ളത്. 5285 എം.എം. നീളവും 3080 എം.എം. വീൽബേസുമാണ് ഹൈലക്സ് പിക്ക്അപ്പിനുള്ളത്. ഹെക്സഗണൽ ഗ്രില്ല്, സ്വപ്റ്റ്ബാക്ക് എൽ.ഇ.ഡി. ഹെഡ്ലാമ്പ്, എൽ.ഇ.ഡി. ഡി.ആർ.എൽ, മസ്‌കുലർ ബമ്പർ, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീൽ, സൈഡ് ഫുട്ട് സ്റ്റെപ്പ്, ബോഡി ക്ലാഡിങ്ങ്, എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള ടെയ്ൽലാമ്പ്, എന്നിവയാണ് ഹൈലക്സിന്റെ ഡിസൈൻ ഹൈലൈറ്റ്.
ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും സമാനമായ അകത്തളവുമാണ് ഹൈലക്സിന്. തുകലിൽ പൊതിഞ്ഞിട്ടുള്ള അപ്പ്ഹോൾസ്റ്ററി, എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്ടഡ് കാർ ഫീച്ചറുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന മുൻനിര സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ തുടങ്ങിയവ ഇന്റീരിയറിനെ ഫീച്ചർ സമ്പന്നമാക്കും. അകത്തളത്തിലും ഏതാനും മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ടൊയോട്ടയുടെ പ്രീമിയം എസ്.യു.വി. മോഡലായ ഫോർച്യൂണറിൽ നൽകിയിട്ടുള്ള 2.8 ലിറ്റർ ഡീസൽ എൻജിനാണ് ഹൈലക്സിനും കരുത്തേകുന്നത്. ഈ എൻജിൻ 201 ബി.എച്ച്.പി. പവറും 420 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുകളിൽ ഹൈലക്‌സ് എത്തുന്നുണ്ട്. ഇതിലെ ഓട്ടോമാറ്റിക് വേരിയന്റ് 500 എൻ.എം. ടോർക്ക് ഉത്പാദിപ്പിക്കും. 4x4 പതിപ്പിൽ മാത്രമാണ് ഹൈലക്സ് ഇന്ത്യൻ എത്തിയിരിക്കുന്നത്.
Content Highlights: Priyanka Gandhi MP donated a Toyota Hilux to Nilambur Forest RRT using CSR funds., The vehicle is equipped for off-road operations and challenging forest terrains., The Hilux features a 2.8L diesel engine with 201 BHP and 4x4 capabilities., The donation aims to enhance the rapid response efficiency of forest teams., Government initiatives include providing drones and modern equipment to forest departments.