ഒറ്റച്ചാർജിൽ 438 കിലോമീറ്റർ; വിൻഫാസ്റ്റിന്റെ പുതിയ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കി പൂർണിമ

#Auto Desk
Photo: www.instagram.com/coastlinevinfast
Photo: www.instagram.com/coastlinevinfast

നടി പൂർണിമ ഇന്ദ്രജിത്തിന്റെ വാഹനശേഖരത്തിലേക്ക് അതിനൂതനമായൊരു പുത്തൻ അതിഥിയെത്തിയിരിക്കുകയാണ്. വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ 'വിൻഫാസ്റ്റ് വിഎഫ് 7' (VinFast VF 7) ആണ് താരം സ്വന്തമാക്കിയത്. കൊച്ചിയിലെ വിൻഫാസ്റ്റ് വിതരണക്കാരായ കോസ്റ്റലൈൻ വിൻഫാസ്റ്റിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം വാഹനം ഏറ്റുവാങ്ങുന്നതിന്റെ ഡെലിവറി വീഡിയോ പുറത്തുവന്നത്.

ഇറ്റാലിയൻ ഡിസൈൻ ഹൗസായ 'പിനിൻഫരിന'യുടെ കരവിരുതിൽ പിറന്ന ഈ വാഹനം അതിമനോഹരവും ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ അവകാശപ്പെടുന്നതുമാണ്. വിൻഫാസ്റ്റിന്റെ സിഗ്നേച്ചറായ 'വി ഫേസ്' ഡിസൈനും, എയറോഡൈനാമിക് രൂപവും വാഹനത്തിന് മികച്ച സ്പോർട്ടി ലുക്ക് നൽകുന്നു. മുൻവശത്ത് ലോഗോയ്ക്ക് ഇരുവശത്തുമായി നൽകിയിട്ടുള്ള ഐബ്രോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും മികച്ച എയറോഡൈനാമിക്സ് നൽകുന്ന ബോഡി ലൈനുകളും ഇതിനെ വേറിട്ടതാക്കുന്നു.

ഉൾഭാഗം ലളിതവും ആധുനികവുമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം ഹെഡ്-അപ്പ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. വേരിയന്റുകൾക്കനുസരിച്ച് 12.9-ഇഞ്ച് അല്ലെങ്കിൽ 15.6-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹാർമൻ കാർഡൺ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് ഗ്ലാസ് റൂഫ് എന്നീ ആഡംബര ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

59.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററി കരുത്തുമായി എത്തുന്ന ഈ വാഹനം ഒറ്റത്തവണ ചാർജ് ചെയ്താൽ 438 കിലോമീറ്ററിലധികം ദൂരം അനായാസം പിന്നിടുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിലെ ഇലക്ട്രിക് മോട്ടർ 130 കിലോവാട്ട് കരുത്തും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതിനാൽ ഡ്രൈവിംഗ് അനുഭവം കൂടുതൽ മികച്ചതാകുന്നു. 70.8 kWh-ന്റെ മറ്റൊരു ബാറ്ററി ഓപ്ഷനും ഇതിനുണ്ട്.

വിഎഫ് 7 വാഹനനിരയിലെ ഏറ്റവും ഉയർന്ന മോഡലായ 'സ്കൈ ഇൻഫിനിറ്റി' (Sky Infinity) ആണ് പൂർണിമ ഇന്ദ്രജിത്ത് തിരഞ്ഞെടുത്തിരിക്കുന്നത്. വിഎഫ് 7-ന്റെ വിവിധ മോഡലുകൾക്ക് 22.99 ലക്ഷം രൂപ മുതൽ 28.09 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. ഇതിൽ താരം സ്വന്തമാക്കിയ ഉയർന്ന വേരിയന്റിന് 28.09 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

Content Highlights: Malayalam actress Poornima Indrajith has expanded her impressive car collection by purchasing the top-end 'Sky Infinity' variant of the newly launched VinFast VF 7 electric SUV, which is valued at an ex-showroom price of Rs 28.09 lakhs.