ഫിറ്റ്‌നസും ഇൻഷുറൻസുമില്ല, ലൈസൻസും കാലാവധി കഴിഞ്ഞു; 2017 മുതൽ ഓടിയ വണ്ടി ‘പിടിയിൽ’

മട്ടന്നൂർ: ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ മോട്ടോർ വാഹനവകുപ്പ് പിടിച്ചു. 2017 മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും 2024 മുതൽ നികുതിയും 2025 മുതൽ ഇൻഷുറൻസും അടയ്ക്കാതെയുമാണ് വാഹനം ഓടിയിരുന്നത്.
2021-ൽ കാലാവധി അവസാനിച്ച ഡ്രൈവിങ് ലൈസൻസുമായാണ് പിക്കപ്പ് വാൻ നിരത്തിലിറങ്ങിയതെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം പരിശോധനയ്ക്കിടെ നിർത്താതെ പോയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ആർ.സി. രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ ഉടമ മരിച്ചതായി കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. വാഹനം പൊളിക്കുന്നതിനായി കൈമാറിയിട്ടുണ്ടാകുമെന്നാണ് ഇതുവരെ കരുതിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
പിക്കപ്പ് വാൻ തുടർനടപടികൾക്ക് മട്ടന്നൂർ പോലീസിന് കൈമാറി. ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി. ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ പി. ധനേഷ്,പി. ജിതിൻ, ജെസിൻ മുരളി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചത്.
Content Highlights: A pickup van operating without a fitness certificate since 2017 was seized by MVD., The vehicle lacked tax payments since 2024 and insurance since 2025., The driver's license had expired in 2021, and the vehicle owner was found to be deceased., The case was handed over to Mattannur police for further legal proceedings.