ഒറ്റ ക്ലിക്കിൽ അക്കൗണ്ട് കാലിയാകും; 'വാഹനത്തിന്റെ പിഴയിലൂടെയുള്ള തട്ടിപ്പ് വീണ്ടും പെരുകുന്നു

ആലപ്പുഴ: വാഹനങ്ങൾ സ്വന്തമായുള്ളവർ കരുതിയിരിക്കുക. അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ സൈബർ കള്ളന്മാർ കൊണ്ടുപോകും. പരിവാഹൻ ആപ്പിന്റെ പേരിലുള്ള തട്ടിപ്പ് പെരുകുകയാണ്. രണ്ടു ദിവസത്തിനിടെ ഏഴു കേസുകളാണ് ആലപ്പുഴ ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത്. ചേർത്തല, പൂച്ചാക്കൽ, ആലപ്പുഴ സൗത്ത്, കായംകുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേസുണ്ടായത്. നിയമംലംഘിച്ചതായി കാണിച്ച് വാട്‌സാപ്പിൽ എത്തിയ ലിങ്കിൽ ക്ലിക്ക് ചെയ്തവർക്കാണ് പണം നഷ്ടമായത്.
തട്ടിപ്പ് ഇങ്ങനെ
നിങ്ങളുടെ വാഹനം നിയമലംഘനത്തിൽപ്പെട്ടിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നും സൂചിപ്പിച്ചുള്ള വാട്‌സാപ്പ് സന്ദേശമാണ് വാഹന ഉടമകൾക്ക് ലഭിക്കുക. വാഹനത്തിന്റെ നമ്പർ, നിയമലംഘനം നടത്തിയ തീയതി, ഇതിനുള്ള പിഴ, ചെലാൻ നമ്പർ എന്നിവ ഉൾപ്പെടുത്തിയാണ് സന്ദേശം വരുന്നത്. നിയമലംഘനത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും തെളിവുകൾ കാണുന്നതിനും താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ടാകും. ലിങ്ക് ക്ലിക്ക് ചെയ്താൽ പണം പോകും.
പണം പോകുന്ന വഴി
ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി വാഹന ഉടമയുടെ ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ആകും. സാധാരണ പുറമേ നിന്നുള്ള ആപ്പുകൾ ഫോണിൽ ഡൗൺലോഡാകാറില്ല. അങ്ങനെ വന്നാൽ മൊബൈൽഫോൺ മുന്നറിയിപ്പു നൽകും.
എന്നാൽ, ചിലർ സുഹൃത്തുക്കൾ അയച്ചു നൽകുന്ന സിനിമകൾ ഡൗൺലോഡ് ചെയ്യുന്നതിനും ഗെയിമുകളും മറ്റു വീഡിയോകളും ലഭിക്കുന്നതിനുമായി ഫോണിന്റെ സെറ്റിങ്‌സിൽ മാറ്റം വരുത്താറുണ്ട്. അതിനുശേഷം ഫോൺ സെറ്റിങ്‌സ് പൂർവസ്ഥിതിയിലാക്കുകയില്ല. ഇത്തരം ഫോണുകളിൽ സൈബർ കള്ളന്മാർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ആപ്പുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡാകും.
പിന്നീട്, ഈ ആപ്പിന്റെ സഹായത്തോടെ ഫോണിന്റെ നിയന്ത്രണം സൈബർ കള്ളന്മാരുടെ കൈകളിലായിരിക്കും. പിന്നീട് ബാങ്ക് നൽകുന്ന ഒ.ടി.പി.പോലും വേണ്ടാതെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം ചോർത്താൻ കള്ളന്മാർക്കു സാധിക്കും.
പോലീസ് പറയുന്നത്
വാഹനം നിയമലംഘനം നടത്തിയാൽ പിഴ ഈടാക്കാൻ കാണിച്ച് വാട്‌സാപ്പിൽ സന്ദേശം വരില്ലെന്ന് സൈബർ പോലീസ് അറിയിച്ചു. ഈ വിവരം സാധാരണ സന്ദേശമായിട്ടായിരിക്കും ഫോണിൽ വരുന്നത്. സന്ദേശങ്ങളിൽ സംശയം തോന്നിയാൽ പോലീസുമായോ മോട്ടോർ വാഹന വകുപ്പുമായോ ബന്ധപ്പെടണം. കൂടാതെ ഫോണിലെ സെറ്റിങ്‌സുകൾ ഏതുതരം ആപ്പുകളെയും സ്വീകരിക്കുന്ന രീതിയിൽനിന്ന് മാറ്റി ക്രമീകരിക്കുകയും വേണം.
Content Highlights: Beware of the Parivahan app scam! Cyber thieves are targeting vehicle owners in Alappuzha, draining bank accounts. Learn how the scam works and how to stay safe.