ഗതാഗതനിയമലംഘനം റിപ്പോര്‍ട്ട് ചെയ്ത് ജനങ്ങളും; പിഴയിടല്‍ തുടങ്ങി, പരാതിയേറെ വഴിതടഞ്ഞുള്ള പാര്‍ക്കിങ്

ഗതാഗതനിയമലംഘനങ്ങളില്‍ ജാഗ്രതയോടെ പൊതുജനങ്ങളും. പരിവാഹന്‍ ആപ്പിലെ 'സിറ്റിസണ്‍ സെന്റിനല്‍' സംവിധാനത്തില്‍ ഒന്നര മാസത്തിനിടെ ലഭിച്ചത് 4098 പരാതികള്‍. ഇതില്‍ 1942 എണ്ണത്തില്‍ പിഴയീടാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിച്ചുകഴിഞ്ഞു.
ബാക്കിയുള്ള 2156 പരാതികളില്‍ ചിലതില്‍ കഴമ്പില്ലെന്നും മറ്റു ചിലതില്‍ നിയമലംഘനം വ്യക്തമല്ലെന്നും ചിലതില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലെന്നും കണ്ട് തള്ളി. ഇ-ചലാന്‍ നല്‍കിയാണ് പിഴയീടാക്കുന്നത്. ചിത്രങ്ങളായും വീഡിയോകളായുമാണ് പരാതി ലഭിച്ചിട്ടുള്ളത്.
അനധികൃത പാര്‍ക്കിങ്, ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, അശ്രദ്ധമായ ഡ്രൈവിങ്, അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ വാഹനത്തില്‍ കയറ്റല്‍, ഫോണ്‍ ഉപയോഗം തുടങ്ങിയ പരാതികളാണ് സിറ്റിസണ്‍ സെന്റിനലില്‍ എത്തിയിട്ടുള്ളത്. 75 ശതമാനം പരാതികളും വഴിതടഞ്ഞുള്ളതും അപകടസാധ്യതയുള്ളതുമായ പാര്‍ക്കിങ്ങിനെച്ചൊല്ലിയാണ്.
ഒക്ടോബര്‍ പകുതിയോടെയാണ് സിറ്റിസണ്‍ സെന്റിനല്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളത്തുനിന്നാണ് ഏറ്റവും കൂടുതല്‍ പരാതികളെത്തിയിട്ടുള്ളത്- 842. തിരുവനന്തപുരം-724, പാലക്കാട്-486, തൃശ്ശൂര്‍-360, മലപ്പുറം-332, കൊല്ലം-309 എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം. കാസര്‍കോടാണ് ഏറ്റവും കുറവ്-67. വയനാട്ടില്‍ നിന്ന് 81 പരാതികളും ലഭിച്ചു.
പരാതി നല്‍കേണ്ടത് ഇങ്ങനെ
എം പരിവാഹന്‍ ആപ്പ് തുറക്കുക. അതില്‍ സിറ്റിസണ്‍ സെന്റിനല്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതില്‍ റിപ്പോര്‍ട്ട് ട്രാഫിക് വയലേഷന്‍ എന്നത് തിരഞ്ഞെടുത്ത് പരാതി നല്‍കാം. ചിത്രമായും വിഡിയോയായും അയയ്ക്കാനാകും. വാഹനത്തിന്റെ നമ്പര്‍ നല്‍കാനായാല്‍ നടപടി വേഗത്തിലാക്കാമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. പരാതിയുടെ നിലവിലെ സ്ഥിതിയറിയാനും ഇതില്‍ സംവിധാനമുണ്ട്.
Content Highlights: Over 4000 traffic violations reported in Kerala via Parivahan Citizen Sentinel.