'99 ശതമാനം പരാതികളും പരിഹരിച്ചു'; കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസിന് 'ഒല'യുടെ മറുപടി

തങ്ങളുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയിൽ (സി.സി.പി.എ) വന്ന 99.1 ശതമാനം പരാതികളും പരിഹരിച്ചതായി ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒല. ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അന്യായമായ വ്യാപാര രീതികൾ എന്നിവ ആരോപിച്ച് ഒലയ്ക്ക് ഒക്ടോബർ ഏഴിന് സി.സി.പി.എയിൽനിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു. 15 ദിവസത്തിനകം മറുപടി നൽകാനായിരുന്നു നിർദേശം.
'സി.സി.പി.എയുടെ കാരണം കാണിക്കൽ നോട്ടീസിന് കമ്പനി വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. ഞങ്ങളുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പരാതികൾ പരിഹരിക്കാൻ ഒല ഇലക്ട്രിക്കിന് ശക്തമായ സംവിധാനമുണ്ട്. സി.സി.പി.എയിൽനിന്ന് ലഭിച്ച 10644 പരാതികളിൽ 99.1 ശതമാനവും ഉപഭോക്താവിന് സംതൃപ്തി നൽകുന്ന രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞു'-കമ്പനി അറിയിച്ചു.
അതേസമയം, വർധിച്ചുവരുന്ന ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനായി, പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ഇ.വൈയുമായി ഒല സഹകരിക്കുന്നുവെന്ന റിപ്പോർട്ടുമുണ്ട്. ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനു പുറമെ, സ്പെയർപാർട്സ് കൈകാര്യം ചെയ്യുന്നതിനും വിൽപ്പനാനന്തര പിന്തുണ മെച്ചപ്പെടുത്തുന്നതിനും ഈ കൈകോർക്കൽ ലക്ഷ്യമിടുന്നു. ഒലയിൽ ഉപഭോക്തൃ പരാതികൾ പ്രതിമാസം 80000 കടക്കുന്നതായുള്ള വിവിധ റിപ്പോർട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു.
S1 X (2kWh, 3kWh,4kWh), S1 Air, S1 PRO എന്നീ മോഡലുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്.
മോഡലുകളുടെ എക്സ് ഷോറൂം വില
- S1 X 2kWh- 74,999
- S1 X 3kWh- 87,999
- S1 X 4kWh- 1,01,999
- S1 Air - 1,07,499
- S1 Pro - 1,34,999
Content Highlights: Ola says Resolved 99.1 percentage of complaints