ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒല, കാരണം വ്യക്തമാക്കി കമ്പനി

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ | Photo: Ola Electric
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ | Photo: Ola Electric

ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഒരുങ്ങുന്നതായി ബ്ലൂംബെർ​ഗ് റിപ്പോർട്ട്. നാലുമാസത്തിനുള്ളിൽ  ഒലയിൽ നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. കഴിഞ്ഞ നവംബറിൽ 500 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.  ബ്ലൂംബെർ​ഗ് റിപ്പോർട്ട് പ്രകാരം, പിരിച്ചുവിടുന്നവരിൽ കരാർ തെഴിലാളികളുമുണ്ട്. പിരിച്ചുവിടുന്നവരെ കുറിച്ചുള്ള കമ്പനിയുടെ കണക്കുകളിൽ ഉൾപ്പെടാത്തവരാണ് കരാർ തൊഴിലാളികൾ. 

ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ കൊണ്ടുവരുന്നതിന്റെ ഭാ​ഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് എന്നാണ് റിപ്പോർട്ട്. ഫ്രണ്ട് എൻഡ് സെയിൽസ്, സർവ്വീസ്, ഷോറൂമുകളിലെയും സർവ്വീസ് സെന്ററുകളിലേയും വെയർഹൗസ് ജീവനക്കാർ എന്നിവരെ ചെലവ് ചുരുക്കലിന്റെ ഭാ​ഗമായുള്ള പുതിയ തീരുമാനം ബാധിക്കുമെന്നാണ് വിവരം. 

കുറഞ്ഞ ചെലവ്, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം എന്നിവയ്ക്കായി ഫ്രണ്ട് എൻഡ് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയും ഓട്ടോമേറ്റഡ് ചെയ്യുകയാണെന്നും ഒല വക്താവ് ബ്ലൂംബർഗിനോട് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.  
 
നഷ്ടത്തിന്റെ കണക്കെടുത്താൽ, ഭവിഷ് അ​ഗർവാളിന്റെ കീഴിലുള്ള കമ്പനിക്ക് 2024 ഡിസംബറിൽ 50 ശതമാനം വർധനയാണ് ഉണ്ടായത്. 2024 ഓ​ഗസ്റ്റിൽ ഓഹരികൾ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽനിന്ന് ഇടിഞ്ഞു. വർധിക്കുന്ന ഉപഭോക്തൃ പരാതികൾ, സാമൂഹിക മാധ്യമങ്ങളിലെ വിമർശനം, വിപണിയിലെ കടുത്ത മത്സരം എന്നിവ മേഖലയിലെ ആധിപത്യം കുറയാൻ കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. 


 


 

Content Highlights: Ola Lays Off Over 1000 Employees