വിമർശിച്ച കുനാൽ കമ്രയ്ക്ക് മറുപടിയുമായി ഒല സിഇഒ; പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലെന്ന് വിശദീകരണം

ഇന്ത്യയില് 2017 മുതല് സജീവമാണ് ഒല ഇലക്ട്രിക്. എസ് 1 എന്ന് പേരിട്ടിരിക്കുന്ന സ്കൂട്ടര് ശ്രേണി വളരെ പെട്ടെന്നാണ് വിപണിയിൽ സ്ഥാനം പിടിച്ചത്. ഇപ്പോഴിതാ മോശം സര്വീസിന്റെ പേരില് പഴി കേള്ക്കുകയാണ് കമ്പനി. സാമൂഹികമാധ്യമങ്ങളില് ഇതുസംബന്ധിച്ച് ചർച്ചകളും സജീവമാണ്. വിഷയത്തിൽ ഒലയെ വിമർശിച്ച് സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയും രംഗത്തെത്തിയിരുന്നു. ഒല ഇലക്ട്രിക് സ്കൂട്ടറില് സംതൃപ്തിയില്ലാത്തവര്ക്ക് പണം മടക്കി നല്കണമെന്നാണ് കുനാൽ കമ്ര ആവശ്യപ്പെട്ടത്.
ഇപ്പോൾ കുനാൽ കമ്രയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒല സി.ഇ.ഒ ഭാവിഷ് അഗര്വാൾ. "നിങ്ങള് ഞങ്ങളുടെ വിഷയത്തില് അത്രയും വേവലാതിപ്പെടുന്നെങ്കില് വന്ന് ഞങ്ങളെ സഹായിക്കൂ. ഞാന് ഈ പണം നല്കിയുള്ള ട്വീറ്റിനോ അല്ലെങ്കില് തകര്ന്ന നിങ്ങളുടെ കോമഡി കരിയറിനോ മുകളിലുള്ള തുക നല്കാം. ഞങ്ങളുടെ യഥാര്ത്ഥ ഉപഭോക്താക്കളുടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്, മിണ്ടാതെയിരിക്കൂ", ഇങ്ങനെയാണ് ഭാവിഷ് സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സില് കുറിച്ചത്.
2021-ല് എസ് 1 സീരിസിലുള്ള സ്കൂട്ടറുകള് രംഗത്തിറക്കിയപ്പോൾ മുതല് വൈകിയുള്ള ഡെലിവറിക്കും മോശം സര്വീസിനും പരാതി കേള്ക്കുകയാണ് ഒല ഇല്ക്ട്രിക്. കുറഞ്ഞ ബുക്കിങ് തുക മാത്രമാണ് ഒല ഇലക്ട്രിക് ഈടാക്കിയിരുന്നത്. 500 രൂപയായിരുന്നു ബുക്കിങ് തുക. എന്നിട്ടും വൈകിയുള്ള ഡെലിവറികള് മൂലം വിൽപന താളംതെറ്റി.
ഒലയുടെ ഉത്പാദനം നടത്തുന്ന തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഫ്യൂച്ചര് ഫാക്ടറിയിൽ നിർമാണം വേഗതയിലാക്കിയിട്ടും അത് പ്രയോജനംചെയ്തില്ല. എസ് 1 എക്സ് എന്ന മോഡലിന്റെ എക്സ്ഷോറൂം വില 75,000 രൂപയാണ്. വിലയിൽ വിട്ടുവീഴ്ച ചെയ്തത് പുതിയ ഉപഭോക്താക്കളെ നല്കിയെങ്കിലും ഗുണനിലവാരം സംബന്ധിച്ച പരാതികൾ എന്നും കമ്പനിക്ക് തലവേദനയായിരുന്നു. മാര്ച്ച് 2023-ലെ എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളില് വ്യാപകമായി പരാതി ഉയര്ന്നു. ഫ്രെണ്ട് സസ്പെന്ഷനിലായിരുന്നു പ്രശ്നം. ഇതോടൊപ്പം പാനല് ഗ്യാപ്പ്, ബാറ്ററി ക്ഷമത തുടങ്ങിയവ സംബന്ധിച്ചും പരാതികളുണ്ടായിരുന്നു.
ഈ വര്ഷം ജൂലായ് വരെ പ്രതിമാസം 37,000 യൂണിറ്റ് ഒല ഇലക്ട്രിക് സ്കൂട്ടറുകളാണ് വിറ്റുപോയത്. ഓഗസ്റ്റ് മാസത്തില് ഇത് 26,928 യൂണിറ്റായും ഓഗസ്റ്റില് 23,965 യൂണിറ്റായും ചുരുങ്ങി. അതേസമയം, ബജാജിന്റെ ഇലക്ട്രിക് ചേതക്കിന്റെയും ടി.വി.എസിന്റെ ഐക്യൂബിന്റെയും വില്പ്പന നല്ല രീതിയില് വര്ധിക്കുകയും ചെയ്തു.
സര്വീസ് മെച്ചപ്പെടുത്തുക, ബാക്കിയുള്ള സര്വീസുകള് കാലതാമസമില്ലാതെ ചെയ്തുതീര്ക്കുക തുടങ്ങിയവയ്ക്കാണ് ഒല ഇപ്പോൾ ശ്രദ്ധനൽകുന്നത്. ഒക്ടോബര് പത്ത് മുതല് വേഗത്തില് സര്വീസ് തീര്ക്കുമെന്ന ഗ്യാരണ്ടിയാണ് കമ്പനി നല്കുന്നത്. ഒരുദിവസം കൊണ്ട് റിപ്പയറുകള് തീര്ക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒല കെയര് പ്ലസ് ഉപഭോക്താക്കള്ക്ക് ഒല കാബ് കൂപ്പണുകള് സര്വീസ് റിക്വസ്റ്റ് പൂര്ത്തിയാക്കുന്നതുവരെ ഉപയോഗിക്കാന് അനുവദിക്കും.
570 സര്വീസ് സെന്ററുകളെന്നത് ഡിസംബര് 2024 ഓടെ ആയിരം സെന്ററുകളാക്കി മാറ്റുമെന്നും ഒല പ്രഖ്യാപിക്കുന്നു. നിര്മിത ബുദ്ധിയുടെകൂടി സഹായത്തോടെ മെയിന്റെയിനന്സും മറ്റും നടത്താനും കമ്പനി പദ്ധതിയിടുന്നു.
Content Highlights: ola electric scooter service complaints ceo bhavish aggarwal