വാഹന ഫിറ്റ്നസ് പരിശോധനയിലെ നെയ്യാറ്റിൻകര പ്രിയം; ജില്ലയ്ക്ക് പുറത്തുനിന്നു വാഹനങ്ങൾ, അടിമുടി ദുരൂഹം

തിരുവനന്തപുരം: മറ്റ് ഓഫീസുകളിൽ ഫിറ്റ്നസ് പരിശോധന നടത്തേണ്ട 3316 വാഹനങ്ങൾ ക്രമവിരുദ്ധമായി നെയ്യാറ്റിൻകര മോട്ടോർവാഹന ഓഫീസിൽനിന്ന് ഫിറ്റ്നസ് നേടി. ഇതിൽ 287 എണ്ണം ജില്ലയ്ക്ക് പുറത്തുനിന്നുള്ളതാണ്. മുൻകൂർ ടൈം സ്ലോട്ട് നേടണമെന്ന നിബന്ധനയും ലംഘിച്ചിട്ടുണ്ട്.
താരതമ്യേന തിരക്കുകുറഞ്ഞ നെയ്യാറ്റിൻകര ഓഫീസിലേക്ക് വാഹനങ്ങൾ കൂട്ടത്തോടെ എത്തിയതിലും ദുരൂഹതയുണ്ട്. സമീപ ഓഫീസുകളിലെ വാഹനങ്ങൾപോലും അവ ഒഴിവാക്കി നെയ്യാറ്റിൻകരയിൽ എത്തിയിട്ടുണ്ട്. ഫിറ്റ്നസ് ടെസ്റ്റിന് സൗകര്യപ്രദമായ ഓഫീസ് തിരഞ്ഞെടുക്കാൻ വാഹന ഉടമകൾക്ക് അനുമതി നൽകാനുള്ള നീക്കം നടക്കുന്നതിനിടെയാണ് മുൻകാലങ്ങളിൽ ഈ സംവിധാനം ദുരുപയോഗം ചെയ്തതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.
കൈക്കൂലിവാങ്ങി ഫിറ്റ്നസ് നൽകുന്ന ഉദ്യോഗസ്ഥരുള്ള ഓഫീസുകളിലേക്ക് കൂടുതൽ വാഹനങ്ങൾ പരിശോധനയ്ക്ക് എത്തുന്നത് ഒഴിവാക്കാൻ 2025 മാർച്ചിൽ ഫിറ്റ്നസ് ടെസ്റ്റിന് കർശനവ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ഫിറ്റ്നസ് പരിശോധനയ്ക്ക് മുൻകൂർ ബുക്ക്‌ചെയ്യണം. ഒരു ഓഫീസിൽ ടൈം സ്ലോട്ട് ലഭിച്ചില്ലെങ്കിൽ അതേ ജില്ലയിൽ സമയം ഒഴിവുള്ള മറ്റൊരു ഓഫീസിൽ പരിശോധനയ്ക്ക് ഹാജരാകാം. എന്നാൽ, നെയ്യാറ്റിൻകരയിൽ ഇത് പാലിച്ചിട്ടില്ല.
ജില്ലയ്ക്കുപുറത്തുള്ള വാഹനങ്ങൾ പരിശോധിക്കണമെങ്കിൽ അവ രജിസ്റ്റർചെയ്ത ഓഫീസ് മേധാവിയുടെ അനുമതി തേടണം. ഇവിടെ ഇത് വ്യാപകമായി ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ കൊല്ലം ആർ.ടി. ഓഫീസിൽനടന്ന വിജിലൻസ് പരിശോധനയിൽ 512 വാഹനങ്ങളുടെ ഫിറ്റ്നസ് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ക്രമക്കേടിന്റെ വഴി
അസി. വെഹിക്കിൾ ഇൻസ്‌പെക്ടറും വെഹിക്കിൾ ഇൻസ്‌പെക്ടറുമാണ് വാഹനങ്ങൾ പരിശോധിക്കുന്നത്. കൈക്കൂലി വാങ്ങി ഇവർ കണ്ണടച്ചാൽ ഫിറ്റ്നസ് ലഭിക്കും. വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്നുമില്ല. ഇടനിലക്കാർവഴി ഫയൽ എത്തും. ഡ്രൈവിങ് ടെസ്റ്റ് ക്യാമറയിൽ പകർത്തണമെന്ന് നിർദേശമുള്ളപ്പോൾ ഫിറ്റ്നസിൽ അതില്ല.
Content Highlights: 3,316 vehicles received fitness certificates at Neyyattinkara RTO violating standard norms., 287 vehicles were from outside the district, bypassing mandatory permissions., Pre-booked time slots were ignored, violating the March 2025 strict guidelines., Middlemen facilitate certificates without physical vehicle inspection., Comparison to similar irregularities found in Kollam RTO.