തലയെടുപ്പോടെ റെനോ ഡസ്റ്റർ ഇന്ത്യയിൽ വീണ്ടും; ഹൈബ്രിഡ് കരുത്തോടെയുള്ള തിരിച്ചുവരവിൽ സവിശേഷതകൾ ഏറെ

#Automobile Desk
പുതിയ റെനോ ഡസ്റ്റർ
പുതിയ റെനോ ഡസ്റ്റർ

ന്ത്യയിൽ തരംഗമായിരുന്ന റെനോയുടെ കോംപാക്ട് എസ്‌യുവി ഡസ്റ്റർ വീണ്ടുമെത്തുന്നു. ഡസ്റ്ററിന്റെ മൂന്നാം തലമുറയാണ് റിപ്പബ്ലിക് ദിനത്തിൽ റെനോ പുറത്തിറക്കിയത്. 2012-ൽ ഇന്ത്യയിൽ അവതരിച്ച ഡസ്റ്റർ പത്ത് വർഷങ്ങൾക്കുശേഷം 2022-ലാണ് വിപണിയിൽനിന്ന് പിൻവാങ്ങിയത്. കരുത്തും സ്റ്റൈലും ഒത്തിണങ്ങിയ ഡസ്റ്റർ വീണ്ടുമെത്തുന്നുവെന്ന വാർത്ത വാഹനപ്രേമികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. മിഡ് സൈസ് എസ്‌യുവികളായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹ്യൂണ്ടായ് ക്രെറ്റ എന്നിവയോടാണ് വിപണിയിൽ ഡസ്റ്റർ മത്സരിക്കുക.

ഈ വിഭാഗത്തിൽ പെട്ട ഏറ്റവും മികച്ച വാഹനമാകും പുതിയ ഡസ്റ്റർ എന്നാണ് റെനോ അവകാശപ്പെടുന്നത്. മെയ്ഡ് ഇൻ ഇന്ത്യ പ്രൊഡക്ടായ ഡസ്റ്ററിന്റെ 90 ശതമാനവും ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. ബുള്ളറ്റ് പ്രൂഫായ റെനോ ഗ്രൂപ്പ് മൊഡ്യുലാർ പ്ലാറ്റ്‌ഫോമാണ് ഇതിലുള്ളത്. കാർബൺ ഫൈബർ ഘടകങ്ങൾ ഉപയോഗിച്ചാണ് ഡാഷ് ബോർഡ് നിർമിച്ചത്.

ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഡസ്റ്ററിലുള്ളത്. 163 എച്ച്പികരുത്തും 280 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള എഞ്ചിൻ, ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനോടുകൂടിയ ആറ് സ്പീഡ് ഗിയർബോക്‌സ്, വെറ്റ് ക്ലച്ച്, ഇ-ഷിഫ്റ്റർ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഹൈബ്രിഡ് വിഭാഗത്തിൽ റെനോയുടെ 1.8 ലിറ്റർ ഇ-ടെക് 160 എൻജിനാണ് കരുത്തേകുക. ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനോടുകൂടിയ എട്ട് സ്പീഡ് ഗിയർബോക്‌സും രണ്ട് ഇലക്ട്രിക് മോട്ടോറും 1.4 കിലോവാട്ട് അവർ ബാറ്ററിയും പുതിയ ഡസ്റ്ററിലുണ്ടാകും. ഇതുവഴി നഗരവീഥികളിൽ 80 ശതമാനവും 'ഇവി മോഡി'ലാക്കാം.

പനോരമിക് സൺറൂഫ്, ഗൂഗിൾ കരുത്തേകുന്ന ഇൻഫോടെയിൻമെന്റ് സംവിധാനം, ഇലക്ട്രിക് പവറിൽ പ്രവർത്തിക്കുന്ന ടെയിൽഗേറ്റ്, 360 ഡിഗ്രി ക്യാമറ, ആറ് തരത്തിൽ ക്രമീകരിക്കാവുന്ന മുൻസീറ്റ്, 17 ആധുനിക ഡ്രൈവർ അസിസ്റ്റന്റ് സംവിധാനങ്ങൾ, ഏഴ് വർഷത്തെ വാറന്റി എന്നിവയാണ് ഡസ്റ്ററിന്റെ മറ്റ് സവിശേഷതകൾ.

പുതിയ ഡസ്റ്റർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ 21,000 രൂപ നൽകി ബുക്ക് ചെയ്യാവുന്നതാണ്. വില മാർച്ചിലാണ് പ്രഖ്യാപിക്കുക.

Content Highlights: Renault unveiled the 3rd-gen Duster in India with a 1.8L strong hybrid and 1.3L turbo engine. It features a panoramic sunroof, ADAS, and Google-powered infotainment. Pre-bookings are open at ₹21,000, with prices to be revealed in March.