ആമപ്പാറയിൽ വേണ്ടാ അഭ്യാസം; ജീപ്പുസവാരി നിയന്ത്രിക്കാൻ മോട്ടോർവാഹനവകുപ്പ്

തൂക്കുപാലം(ഇടുക്കി) : ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ആമപ്പാറയിലെ ഓഫ് റോഡ് ജീപ്പുസവാരി നിയന്ത്രിക്കാൻ ഒരുങ്ങി മോട്ടോർവാഹന വകുപ്പ്. പ്രദേശത്ത് മോട്ടോർവാഹന വകുപ്പ് നടത്തിയ പരിശോധനയുടെയും രഹസ്യമായി നടത്തിയ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
റിപ്പോർട്ടിൽ പറയുന്നത്
ആമപ്പാറയിൽ പ്രവർത്തിക്കുന്ന ടൂറിസം സെന്ററിലേക്ക് അനുവദിച്ചതിൽ കൂടുതൽ വിനോദസഞ്ചാരികളെ വാഹനത്തിൽ കയറ്റുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നു. സഞ്ചാരികളുടെ സുരക്ഷിതത്വത്തിന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷിതമായ ജീപ്പുയാത്ര സജ്ജമാകുന്നതുവരെ ജീപ്പുസവാരി നിർത്തിവെക്കണം എന്നതാണ് മോട്ടോർ വകുപ്പിന്റെ ആവശ്യം.
വകുപ്പുകളുടെ കൂട്ടായപ്രവർത്തനമില്ല
മുൻവർഷങ്ങളിൽ ഡി.ടി.പി.സി, പോലീസ്, പഞ്ചായത്ത്, മോട്ടോർവാഹനം, റവന്യൂ എന്നീ വകുപ്പുകളുടെ മേൽനോട്ടത്തിലാണ് ജീപ്പുസവാരിയുടെ പ്രവർത്തനം നടന്നത്. തിരിച്ചറിയൽ കാർഡുള്ളവർക്കേ ആമപ്പാറയിൽ ഓഫ് റോഡ് സവാരി നടത്താൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. അമിതവേഗം, മത്സരയോട്ടം എന്നിവ പാടില്ല. ജീപ്പുകൾ തമ്മിൽ രണ്ട് മീറ്ററിൽ കുറയാതെ അകലം പാലിക്കണം. ഓരോ ട്രിപ്പും രണ്ട് മണിക്കൂറിൽ കുറയാൻ പാടില്ല. പൊതുജനങ്ങൾക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ വാഹനം ഓടിക്കരുത്. ആമപ്പാറയിലെ രജിസ്റ്ററിൽ ജീപ്പ് നമ്പർ, ഐ.ഡി. കാർഡ് നമ്പർ, വാഹനം വരുന്നതും പോകുന്നതുമായ സമയം എന്നിവ രേഖപ്പെടുത്തണം. വാഹന സംബന്ധമായ എല്ലാ രേഖകളും യഥാസമയം പുതുക്കി സൂക്ഷിക്കണം.
മൊബൈൽ ഫോൺ ഉപയോഗിച്ചോ മദ്യപിച്ചോ ലഹരിവസ്തുക്കൾ ഉപയോഗിച്ചോ വാഹനം ഓടിക്കാൻ പാടില്ല എന്നിങ്ങനെ നിർദേശങ്ങളനുസരിച്ചായിരുന്നു സർവീസ്. എന്നാൽ ഇപ്പോൾ ജീപ്പുസവാരി സ്വന്തം നിലയിലാണ് പ്രവർത്തിക്കുന്നത്. 80 ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ മേഖലയിൽ പ്രവർത്തിക്കുന്നു. അഞ്ചു വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. മുൻകാലങ്ങളിലെ പോലെ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണം എന്നാണ് ഓഫ് റോഡ് മേഖലയിൽ ബന്ധപ്പെട്ട തൊഴിലാളികൾ പറയുന്നത്.
Content Highlights: mvd To regulate off road jeep savari at amappara