വാഹൻ ശരിയാകുമ്പോൾ കംപ്യൂട്ടർ പണിമുടക്കും; ലേണേഴ്‌സ് ടെസ്റ്റ് ഉൾപ്പെടെയുള്ള എംവിഡി സേവനങ്ങൾ തടസ്സപ്പെടുന്നു

#ജിനോ സി. മൈക്കിള്‍
പ്രതീകാത്മക ചിത്രം | AI Generated Image
പ്രതീകാത്മക ചിത്രം | AI Generated Image

ആലപ്പുഴ: സോഫ്റ്റ്വേർ അപ്‌ഡേഷൻ പഴയ കംപ്യൂട്ടറുകൾക്കു താങ്ങാനാകാതായതോടെ മോട്ടോർവാഹന വകുപ്പിലെ സേവനങ്ങൾ സ്തംഭിക്കുന്നു. കാലപ്പഴക്കംമൂലം പ്രവർത്തനക്ഷമമല്ലാത്ത കംപ്യൂട്ടറുകൾ കാരണം ലേണേഴ്‌സ് ടെസ്റ്റുവരെ മുടങ്ങുന്ന സ്ഥിതിയാണ്.

കേന്ദ്രീകൃത ലേണേഴ്സ് ടെസ്റ്റ് സോഫ്റ്റ്വേറിൽ കഴിഞ്ഞദിവസമാണ് നിർണായക അപ്‌ഡേഷൻ എത്തിയത്. എം.വി.ഡി. ഓഫീസുകളിലെ മിക്ക കംപ്യൂട്ടറുകളിലെയും ഒ.എസ്. (ഓപ്പറേറ്റിങ് സിസ്റ്റം) ഇപ്പോഴും വിൻഡോസ് സെവനാണ്. വിൻഡോസ് ടെൻ ഒ.എസിൽമാത്രം പ്രവർത്തിക്കുന്ന സോഫ്റ്റ്വേർ അപ്‌ഡേഷൻ നടന്നതോടെയാണ് ലേണേഴ്‌സ് ടെസ്റ്റ് നടത്താനാകാതിരുന്നത്.

അതിനാൽ, ടെസ്റ്റ് വീണ്ടും പഴയ മാതൃകയിൽ നടത്തി. ഡ്രൈവിങ് ടെസ്റ്റ്, ഫീസ് അടയ്ക്കൽ, ആർ.സി. സംബന്ധമായ സേവനങ്ങൾ എന്നിവയ്ക്കും താമസം നേരിടുന്നുണ്ട്. കംപ്യൂട്ടറുകൾ അടിയന്തരമായി അപ്‌ഗ്രേഡ് ചെയ്തില്ലെങ്കിൽ സേവനങ്ങൾ പൂർണമായും നിലച്ചേക്കും. സുരക്ഷാ അപ്‌ഡേറ്റ് പോലും ലഭിക്കാത്ത പഴയ കംപ്യൂട്ടറുകൾ ഉപയോഗിച്ചാണ് ലൈസൻസ്, രജിസ്‌ട്രേഷൻ പോലുള്ള നിർണായക സേവനങ്ങൾ നൽകുന്നത്. പല കംപ്യൂട്ടറുകളും 15-19 വർഷം പഴക്കമുള്ളവയാണ്.

ഓഫീസ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന അതേ കംപ്യൂട്ടറുകളാണ് ലേണേഴ്‌സ് ടെസ്റ്റിനും ഉപയോഗിക്കുന്നത്. ഒരു ഓഫീസിൽ ഒരുദിവസം 80 പേർക്കാണ് ലേണേഴ്‌സ് ടെസ്റ്റ്. രാവിലെ എട്ടിനു തുടങ്ങിയാലും ഓഫീസ് പ്രവർത്തിച്ചുതുടങ്ങുന്ന 10 മണിക്കുമുൻപേ ടെസ്റ്റ് പൂർത്തിയാക്കാനാകുന്നില്ല. കംപ്യൂട്ടറുകളുടെ കാലപ്പഴക്കംമൂലം ഏറെ നേരമെടുത്തേ നടപടി പൂർത്തിയാക്കാനാകൂ.

കംപ്യൂട്ടർ നന്നാക്കാനും പരിപാലനത്തിനും മുൻപ് സി-ഡിറ്റുമായി കരാറുണ്ടായിരുന്നു. ഓഫീസുകളിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ സേവനവും ലഭിച്ചിരുന്നു. എന്നാൽ സി-ഡിറ്റുമായുള്ള കരാർ അവസാനിച്ചതോടെ പ്രശ്‌നം സങ്കീർണമായി. കംപ്യൂട്ടറുമായോ ഇന്റർനെറ്റുമായോ ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായാൽ ഉദ്യോഗസ്ഥർ പരിഹരിക്കേണ്ട സ്ഥിതിയാണ്. ഉദ്യോഗസ്ഥർക്ക് വേണ്ടത്ര സാങ്കേതിക വൈദഗ്ധ്യമില്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷമാണ്. പുതിയ കംപ്യൂട്ടറുകൾ അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല.

Content Highlights: Software updates on central learners test systems failing on outdated computers running Windows 7., MVD services like driving tests, fee payments, and RC services facing major delays., Computers are 15-19 years old and lack technical support after the C-DIT contract ended.