പരിവാഹൻ പണിമുടക്ക്, പഴയ വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും കാലതാമസം; പരിഹാര മാർഗം നിർദേശിച്ച് MVD

#Auto Desk
പ്രതീകാത്മക ചിത്രം | Photo: MVD Kerala
പ്രതീകാത്മക ചിത്രം | Photo: MVD Kerala

ഒറ്റപ്പാലം: പരിവാഹനിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷകൾ സാങ്കേതികപ്രശ്‌നംമൂലം തടസ്സപ്പെട്ടുകിടക്കുന്നത് പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം. രേഖകൾ അപ്‌ലോഡ് ആവാത്ത പ്രശ്‌നം പരിഹരിക്കാൻ രേഖകൾ അപേക്ഷകനിൽനിന്ന് നേരിട്ട് സ്വീകരിക്കാനാണ് നിർദേശം.

അപേക്ഷകളിൽ സ്വയമേവ അംഗീകാരം (ഓട്ടോ അപ്രൂവൽ) നൽകുന്ന സംവിധാനത്തിലെ സാങ്കേതികപ്രശ്‌നംമൂലമാണ് തടസ്സം നേരിടുന്നത്. ഇതുകാരണം ഓൺലൈനായി ചെയ്യാമായിരുന്ന സേവനത്തിന് ഓഫീസുകളിൽ അപേക്ഷകർ കയറിയിറങ്ങണമെന്നതാണ് സ്ഥിതി.

ഇ-സൈൻ ചെയ്ത രേഖകളിൽ മാറ്റങ്ങൾ വരുത്താനാകാത്ത പ്രശ്‌നവുമുണ്ട്. അപേക്ഷകൾ പൂർത്തീകരിക്കാനാവശ്യമായ രേഖകൾ ഓഫീസിൽ നേരിട്ട് എത്തിക്കാനാണ് നിർദേശം.

എത്താനാകാത്തവർക്ക് ഇ-മെയിൽ മുഖാന്തരവും അയയ്ക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇതിലെ തുടർനടപടികളും വൈകുമോയെന്നതാണ് അപേക്ഷകരുടെ ആശങ്ക. ഇങ്ങനെ സ്വീകരിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർ ഓൺലൈൻ രേഖയാക്കിമാറ്റണം.

സോഫ്റ്റ്‌വെയറിൽ അപേക്ഷ പരിശോധിക്കുമ്പോൾ ഈ രേഖകൾകൂടി ഉൾപ്പെടുത്തി അപേക്ഷ പൂർത്തിയാക്കാനാണ് നിർദേശം. എന്തായിരുന്നു തടസ്സമെന്ന് രേഖപ്പെടുത്തുകയും വേണം. ഉടമസ്ഥാവകാശം മാറ്റുന്ന അപേക്ഷകളിലെ മന്ദഗതിമൂലം പഴയ വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും കാലതാമസമുണ്ടാകുന്നുണ്ട്.

Content Highlights: Technical glitches in Parivahan portal causing delays in vehicle ownership transfers., MVD instructs officials to accept documents directly from applicants or via email., Officers must convert offline documents to digital format and complete pending requests., Aims to speed up the buying and selling process of used vehicles.